Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുദർശന ക്രിയ എന്നത് ലോകോത്തര തട്ടിപ്പാണ്; നിങ്ങൾക്ക് പ്രാണവായു നിഷേധിച്ചുകൊണ്ട് ഓക്സിജന്റെ ലഭ്യത തലച്ചോറിൽ കുറച്ചുകൊണ്ട് ചെയ്യുന്ന ഒന്നാന്തരം തെമ്മാടിത്തരമാണിത്; ഓക്സിജൻ ലഭ്യത കുറയുമ്പോളുണ്ടാവുന്ന തരിപ്പും കോച്ചിപ്പിടുത്തവും വിറയലുമൊക്കെയാണ് ദിവ്യാനുഭൂതിയായി ചിത്രീകരിക്കപ്പെടുന്നത്; അമേരിക്കയിലും മറ്റും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ചോക്കിങ്ങ് ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് മാത്രമാണിത്'; അന്താരാഷ്ട്ര യോഗാദിനത്തിൽ സി രവിചന്ദ്രന്റെ വീഡിയോ വൈറലാക്കി സ്വതന്ത്ര ചിന്തകർ

'സുദർശന ക്രിയ എന്നത് ലോകോത്തര തട്ടിപ്പാണ്; നിങ്ങൾക്ക് പ്രാണവായു നിഷേധിച്ചുകൊണ്ട് ഓക്സിജന്റെ ലഭ്യത തലച്ചോറിൽ കുറച്ചുകൊണ്ട് ചെയ്യുന്ന ഒന്നാന്തരം തെമ്മാടിത്തരമാണിത്; ഓക്സിജൻ ലഭ്യത കുറയുമ്പോളുണ്ടാവുന്ന തരിപ്പും കോച്ചിപ്പിടുത്തവും വിറയലുമൊക്കെയാണ് ദിവ്യാനുഭൂതിയായി ചിത്രീകരിക്കപ്പെടുന്നത്; അമേരിക്കയിലും മറ്റും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ  ചോക്കിങ്ങ് ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് മാത്രമാണിത്'; അന്താരാഷ്ട്ര യോഗാദിനത്തിൽ സി രവിചന്ദ്രന്റെ വീഡിയോ വൈറലാക്കി സ്വതന്ത്ര ചിന്തകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒരു അന്താരാഷ്ട്ര യോഗാദിനം കൂടി കടന്നുപോകവെ എവിടെയും യോഗയുടെ പ്രകീർത്തനങ്ങളാണ് കേൾക്കാൻ കഴിയുക. എന്നാൽ യോഗ എന്നത് തീർത്തും അശാസ്ത്രീയമാണെന്നും വ്യായാമമായി പോലും ഉപയോഗിക്കാൻ കഴിയില്ലെന്നുമാണ് എഴുത്തുകാരനും ശാസ്ത്ര പ്രഭാഷകനുമായ സി രവിചന്ദ്രൻ വ്യക്തമാക്കുന്നത്. 2017 ഓഗസ്റ്റ് 27ന് കൊല്ലം വൈഎംസിഎ ഹാളിൽ സി രവിചന്ദ്രനും യോഗി ശിവനുമായി 'യോഗ ഒരു ഉത്തമ വ്യായാമമോ' എന്ന വിഷയത്തിൽ നടന്ന സംവാദത്തിലെ പ്രസക്തഭാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പണ്ഡിറ്റ് ശ്രീ ശ്രീ രവിശങ്കറൊക്കെ സുദർശന ക്രിയ എന്ന് പറഞ്ഞുകൊണ്ടുവരുന്ന സാധനങ്ങൾ ഭൂലോക തട്ടിപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നിങ്ങൾക്ക് പ്രാണവായു നിഷേധിച്ചുകൊണ്ട്, ഓക്സിജന്റെ ലഭ്യത തലച്ചോറിൽ കുറച്ചുകൊണ്ട് ചെയ്യുന്ന, ഒന്നാന്തരം തെമ്മാടിത്തരമാണിത്.

തലച്ചോറിൽ ഓക്സിജൻ ലഭ്യത കുറയുമ്പോളുണ്ടാവുന്ന തരിപ്പും, കോച്ചിപ്പിടുത്തവും വിറയലുമൊക്കെയാണ് ദിവ്യാനുഭൂതിയായി ചിത്രീകരിക്കപ്പെടുന്നത്. അമേരിക്കയിലും മറ്റും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ചോക്കിങ്ങ് ഗെയിമിന്റെ ഇന്ത്യൻ പതിപ്പ് മാത്രമാണിതെന്നും സി രവിചന്ദ്രൻ വ്യക്താമാക്കി. അന്താരാഷ്ട്ര യോഗാദിനത്തിൽ സി.രവിചന്ദ്രന്റെ ഈ വീഡിയോ സ്വതന്ത്ര ചിന്തകർ വൈറലാക്കിയതോടെ നവമാധ്യമങ്ങളിൽ സംവാദവും ഉഷാറായി നടക്കുന്നുണ്ട്. യോഗാ ആരാധകർ തള്ളുന്ന റിപ്പോർട്ടുകൾ അല്ലാതെ യോഗയെ ഒരു വ്യായമമായിപ്പോലും പരിഗണിക്കാവുന്ന ശാസ്ത്രീയ പഠനങ്ങൾ ലഭ്യമല്ലെന്നും സി രവിചന്ദ്രൻ വ്യക്തമാക്കുന്നുണ്ട്.

സി രവിചന്ദ്രന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'ബെഹനാൻ.ടി. കോവൂർ എന്ന യോഗ എക്സ്പേർട്ട് 1937ൽ അമേരിക്കയിൽ ഒരു പരീക്ഷണം നടത്തി. അദ്ദേഹം 20 ബ്രീത്തിങ്ങിന് പകരം ഒരു ബ്രീത്തിങ്ങിലേക്ക് കുറച്ചു. ഒരു മിനിട്ടിൽ ഒരു ബ്രീത്തിങ്ങ്. അപ്പോൾ സ്വാഭാവികമായിട്ടും എന്താണ് സംഭവിക്കുന്നത്. അദ്ദേഹത്തിന്റെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുകയുമാണ്. കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുന്നതിന് അനുസരിച്ചാണ് ഇദ്ദേഹത്തിന് ഇപ്പറയുന്ന രീതിയിലുള്ള അനുഭൂതിയും വിഭ്രാന്തിയും വിറയലും കോച്ചിലും ഒക്കെ ഉണ്ടാകുന്നത്. ചിലർ പറയുന്നത് യോഗയൊക്കെ നടത്തുമ്പോൾ ഓക്സിജൻ കൂടുതലായി തലച്ചോറിൽ കയറും എന്നാണ്. പക്ഷേ ഇത് ഭയങ്കര അപകടമാണ്.

ഓക്സിജൻ കൂടുതൽ ചെന്നാൽ ഇതുകണക്കിനുള്ള അപകടം വേറെയില്ല. ഇനി യഥാർഥത്തിൽ നിങ്ങൾ വലിച്ചുകയറ്റുമ്പോൾ കൂടുതൽ ഓക്സിജൻ ചെല്ലുന്നുവെന്നുള്ള വാദവും തെറ്റാണ്. കൂടുതൽ ഓക്സിജൻ ഉള്ളിലേക്ക് എടുക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്. ഓക്സിജന്റെ ഡിഫ്യൂഷൻ റേറ്റിന്റെ 20 മടങ്ങാണ് കാർബൺഡയോക്സൈഡിന്റെ ഡിഫ്യൂഷൻ റേറ്റ്. കൂടുതൽ കൂടുതൽ ഓക്സിജൻ നിങ്ങൾ എടുക്കുമ്പോൾ കാർബൺ ഡയോക്സൈഡ് നിങ്ങളുടെ രക്തത്തിൽ വളരെയധികം കുറയും. ഇത് അതിനേക്കാൾ പ്രശ്നമാണ്. കാർബൺ ഡൈഓക്സൈഡും നമ്മുടെ സിരകളും ധമനികളുമായി പരിണാമപരമായ ഒരു ബന്ധം ഉണ്ട്. അതായത് കാർബൺ ഡയോക്സൈഡിന്റെ അളവ് രക്തത്തിൽ കൂടുതൽ ആണെങ്കിൽ, രക്തക്കുഴലുകൾ വികസിക്കും. അളവ് കുറവാണെങ്കിൽ ചുരുങ്ങും. അപ്പോൾ രക്തത്തിൽ കൂടുതൽ ഓക്സിജൻ വലിച്ചുകയറ്റി കാർബൺഡയോക്സൈഡിന്റെ അളവ് ഒരുപാട് കുറച്ചാൽ, രക്തക്കുഴലുകൾ അടഞ്ഞുപോകും. കാരണം കാർബൺഡയോക്സൈഡ് കുറവാണ്. അതായത് നിങ്ങൾ എന്താണോ ചെയ്യുന്നത് അതിന്റെ വിപരീതമാണ് സംഭവിക്കുന്നത്. കാർബൺഡയോക്സൈഡ് കൂടിയാലും പ്രശ്നമാണ്, ഓക്സിജൻ കൂടിയാലും പ്രശ്നമാണ്, ഓക്സിജൻ കുറഞ്ഞാലും പ്രശ്നമാണ്. ഇതൊരു ബാലൻസാണ്. ഈയൊരു സ്പീഷീസിന്റെ ശ്വസന രീതികൾ എന്നു പറയുന്നത് ഒരു ബാലൻസാണ്. അതും കൂട്ടിയും കുറച്ചും കളിക്കാൻ കഴിയില്ല.

സുദർശന ക്രിയ എന്നൊരു ലോകോത്തര തട്ടിപ്പുണ്ട്. എന്താണ് അത്. പെട്ടെന്ന് ബ്രീത്ത് ചെയ്ത് ഓക്സിജൻ ഇങ്ങനെ കയറ്റുകയാണ്. കുറേക്കഴിയുമ്പോൾ കാർബൺ ഡയോക്സൈഡിന്റെ അളവ് വല്ലാതെ കുറയും. അപ്പോൾ രക്തക്കുഴലുകൾ ചുരുങ്ങും. തലച്ചോറിലേക്ക് ഓക്സിജൻ ലഭ്യത കുറയും. എന്തു സംഭവിക്കും. നിങ്ങൾക്ക് തരിപ്പുണ്ടാവും, കോച്ചിപ്പിടുത്തമുണ്ടാവും, വിറയൽ, അനുഭൂതി.... നിങ്ങൾ പുറകോട്ട് മലർന്നുകിടക്കും. പത്തുമിനുട്ട് കഴിയുമ്പോൾ എണീറ്റ് അത്ഭുതപ്പെടും. ഒന്നാന്തരം തട്ടിപ്പാണിത്. നിങ്ങൾക്ക് പ്രാണവായു നിഷേധിച്ചുകൊണ്ട്, ഓക്സിജന്റെ ലഭ്യത തലച്ചോറിൽ കുറച്ചുകൊണ്ട് ചെയ്യുന്ന, ഒന്നാന്തരം തെമ്മാടിത്തരമാണിത്. വേറെ ഒരു വാക്കും ഇതിനില്ല.

എന്തുകൊണ്ട് ഞാൻ തെമ്മാടിത്തരം എന്ന് വിളിക്കുന്നു. അമേരിക്കയിൽ ചോക്കിങ്ങ് എന്ന് പറയുന്ന ഒരു ഗെയിമുണ്ട്. അമേരിക്കൻ ടിവിയിലൊക്കെ ഒരു പാട് പറയുന്നുണ്ട്, ചോക്കിങ്ങ് ഒരിക്കലും ചെയ്യരുതെന്ന്. പക്ഷേ പിള്ളേർ ചെയ്യുന്നു. തലച്ചോറിലേക്കുള്ള ആർട്ടറികൾ ബ്ലോക്ക് ചെയ്യുകയാണ് ഇതിൽ സംഭവിക്കുന്നത്. ഇത് പല രീതിയിലുണ്ട്. ഒരു എക്സ്പേർട്ട് വന്ന് പിടിച്ച് ബ്ലോക്ക് ചെയ്യുക. അല്ലെങ്കിൽ സെൽഫായിട്ടും ചെയ്യാം. കഴുത്തിലെ ആർട്ടറികളിൽ അമർത്തിപ്പിടിച്ചുകൊണ്ട്. ഇങ്ങനെ ചെയ്യുന്നർ ഉടനെ പിറകോട്ടങ്ങോട്ട് വീഴും. മലേഷ്യ, ഇന്തോനേഷ്യ, സിങ്കപ്പൂർ, റഷ്യ, അമേരിക്ക, ബ്രിട്ടൻ എല്ലായിടത്തും കൊച്ചുപിള്ളാരുടെയും വലിയ ആൾക്കാരുടെയും അപകടകരമായ ഒരു വിനോദമാണിത്.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം അല്ലെങ്കിൽ ഓക്സിജനേറ്റഡ് ബ്ലഡിന്റെ ഒഴുക്ക് നിയന്ത്രിച്ചുകൊണ്ട്, അനുഭൂതികളിലേക്ക് പോവുക. ചിലർ അപ്പോഴേ മലർന്നു വീഴും. ഒരു കുട്ടി പുൽത്തകിടിയിൽ വച്ചാണ് ഇങ്ങനെ ചെയ്തത്. പിറകോട്ട് വീണ് തല പാറയിലിടച്ച് അപ്പോഴെ മരിച്ചുപോയി. ഇതു സംബന്ധിച്ച വീഡിയോയിൽ കുട്ടിയുടെ അമ്മ പറയുന്നുണ്ട്, ആ പുൽത്തകിടിക്ക് അൽപ്പം കൂടി നീളമുണ്ടായിരുന്നെങ്കിൽ എന്റെ മകന് ഇത് സംഭവിക്കുമായിരുന്നില്ല. ഇത്രയധികം മരണങ്ങൾ. എത്രയോ അപകടങ്ങൾ ഈ ചോക്കിങ്ങ് ഗെയിം മൂലം ഉണ്ടായി. ചിലർ ഈ അനുഭൂതിക്കുശേഷം തിരിച്ചുവരില്ല. ചിലർക്ക് പരാലിസിസോ മറ്റോപോലുള്ള പ്രശ്നങ്ങൾ വരും. അതുകൊണ്ടുതന്നെ അമേരിക്കയിലും മറ്റും ടെലിവിഷനുകളിൽ വളരെ വ്യാപകമായി പരസ്യം കൊടുക്കുന്നുണ്ട്. നിങ്ങളുടെ മക്കൾ ചോക്കിങ്ങ് ഗെയിം കളിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും അതിനെതിരെ നിർദ്ദേശം കൊടുക്കണമെന്നും. ഈ ചോക്കിങ്ങ് ഗെയിമിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് കിട്ടുന്ന അതേ അനുഭൂതികളാണ്, നമ്മടെ സിദ്ധന്മാർക്കും യോഗികൾക്കും കിട്ടിക്കൊണ്ടിരിക്കുന്നത്. അവർ പ്രാണവായു നിഷേധിച്ചു. തലച്ചോറിലുണ്ടാവുന്ന ഇത്തരം വികലമായ അനുഭൂതികളെ അവർ എന്തോ വലിയ സംഭവമാക്കി, ബ്രഹ്മം കണ്ടപോലെയൊക്കെ ചിത്രീകരിച്ചു. അത്രയേ ഉള്ളൂ.

സുദർശന ക്രിയ തെമ്മാടിത്തം എന്ന് ഞാൻ പറഞ്ഞത് ഒരു വ്യക്തിക്ക് എതിരെയല്ല. ആ പ്രവർത്തി എന്ന് പറയുന്നത് ഒരു വഞ്ചനയാണ്. ഇവരൊക്കെ വലിയ കോടീശ്വരന്മാരാണ്. ആരെങ്കിലും ഇവർക്കൊക്കെ എതിരെ സംസാരിക്കേണ്ടതായിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് ഇവർ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. സുദർശന ക്രിയ..എന്താണത്. ഇന്ത്യൻ ചോക്കിങ്ങ് ഗെയിം. അത്രയേ ഉള്ളൂ.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP