Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഉല്ലാസയാത്രയ്ക്കായി എവിടെ പോകണമെന്ന കൺഫ്യൂഷൻ ഇനി വേണ്ട! കണ്ണൻദേവൻ ടീ കമ്പനിയുടെ മ്യൂസിയത്തിൽ 95 വർഷമായി വിശ്രമിക്കുന്ന റെയിൽ ചക്രങ്ങൾക്ക് പഴയകഥകൾ ഒന്നുകൂടിപറയാം; 99 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മൂന്നാർ റെയിൽവെ വീണ്ടും ഉയിരെടുക്കുന്നു; മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്ക് ട്രെയിൻ ഓടിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്; ഡാർജിലിംഗിലെ കുട്ടിട്രെയിൻ മാതൃകയിൽ പദ്ധതി

ഉല്ലാസയാത്രയ്ക്കായി എവിടെ പോകണമെന്ന കൺഫ്യൂഷൻ ഇനി വേണ്ട! കണ്ണൻദേവൻ ടീ കമ്പനിയുടെ മ്യൂസിയത്തിൽ 95 വർഷമായി വിശ്രമിക്കുന്ന റെയിൽ ചക്രങ്ങൾക്ക് പഴയകഥകൾ ഒന്നുകൂടിപറയാം; 99 ലെ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ മൂന്നാർ റെയിൽവെ വീണ്ടും ഉയിരെടുക്കുന്നു; മൂന്നാറിൽ നിന്ന് ടോപ് സ്റ്റേഷനിലേക്ക് ട്രെയിൻ ഓടിക്കാൻ പദ്ധതിയുമായി ടൂറിസം വകുപ്പ്; ഡാർജിലിംഗിലെ കുട്ടിട്രെയിൻ മാതൃകയിൽ പദ്ധതി

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: ഒഴിവുകാലം വന്നാൽ, യാത്ര പോകാമെന്ന് തീരുമാനിച്ചാൽ, ആദ്യം മനസിൽ വരുന്ന സ്ഥലങ്ങളിലൊന്ന് മൂന്നാർ ആയിരിക്കും. എളുപ്പം ഓടിയെത്താം. സീസണാണെങ്കിൽ, മഞ്ഞും ആസ്വദിച്ചൊരു ഉന്മേഷകാലം. അവിടെയത്തിയാൽ, കണ്ണൻ ദേവൻ കമ്പനിയുടെ മ്യൂസിയവും, ഫാക്ടിയുമൊക്കെ കാണാം. അവിടെ നടക്കുന്ന വീഡിയോ ഷോയിൽ മൂന്നാറിന്റെ ചരിത്രം പറയുന്നുണ്ട്. അപ്പോഴാണ് പലരും അറിയുന്നത്, മൂന്നാറിൽ പണ്ട് റെയിലും ട്രെയിനും ഒക്കെയുണ്ടായിരുന്നുവെന്ന്. കേരളത്തിൽ റെയിൽവെ സംവിധാനം ഇപ്പോഴില്ലാത്ത ജില്ലകൾ ഇടുക്കിയും വയനാടുമാണ്. ഇടുക്കിയിൽ അത് മാറ്റിയെടുക്കാനുള്ള പുറപ്പാടിലാണ് ടൂറിസം വകുപ്പ്. അതെ 95 വർഷം മുമ്പ് ഒരുപ്രളയം എടുത്തുകൊണ്ടുപോയ മൂന്നാർ-മാട്ടുപ്പെട്ടി മോണോ റെയിൽവെയ്ക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. ഡാർജിലിങ്ങിലെ ഹിമാലയൻ ട്രെയിൻ സർവീസിന്റെ മാതൃകയിൽ ട്രെയിൻ ഓടിക്കാനാണു പരിപാടി.

99 ലെ വെള്ളപ്പൊക്കം കവർന്നെടുത്ത മൂന്നാർ റെയിൽവെ

1909 മുതൽ 1924വരെ മൂന്നാറിലും റെയിൽവേയുണ്ടായിരുന്നു. അതാണ് മൂന്നാർ റെയിൽവേ അല്ലെങ്കിൽ കുണ്ടല വാലി റെയിൽവേ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സിസ്റ്റം ആയിരുന്നു ഇത്. പിന്നീട് ഇത് നാരോഗേജ് ആക്കിമാറ്റി. 1924 വരെ പ്രവർത്തന ക്ഷമമായിരുന്ന മൂന്നാർ റെയിൽവേ 1924 ൽ കേരളത്തിൽ ഉണ്ടായ പ്രളയത്തിൽ തകർന്നു. 1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്. 1817ൽ ഈ പ്രദേശത്ത് സർവേയ്ക്കായി മദ്രാസ് ആർമിയിൽനിന്ന് ഉദ്യോഗസ്ഥരെത്തെി. 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷന്റെ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്നു കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിനു തുടക്കമായി. 1915ൽ മൂന്നാറിൽ ധാരാളം തേയില എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്കു നീക്കത്തിനു വേണ്ടിയാണ് റോഡുകൾ നിർമ്മിച്ചത്.

1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു. ടോപ്പ് സ്റ്റേഷനിൽനിന്ന് റോപ്വേയിലുടെ കോട്ടക്കുടിയിലും അവിടെനിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽനിന്ന് കാളവണ്ടി മാർഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാട്ടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപ്പാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളമായിരുന്ന അന്നത്തെ മൂന്നാർ അറിയപ്പെട്ടിരുന്നത് ഏഷ്യയിലെ സ്വിറ്റ്‌സർലാൻഡ് എന്നായിരുന്നു. 99ലെ വെള്ളപ്പൊക്കത്തിൽ മൂന്നാറിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് 171.2 ഇഞ്ചായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു

തീവണ്ടിപ്പാതയുടെ തകർച്ചയെ തുടർന്ന് റോപ്വേയെ ആശ്രയിച്ചാണ് തേയില ടോപ്സേ്റ്റഷനിൽ എത്തിച്ചത്. പിന്നിടാണ് റോഡുകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗമാക്കിയതും. മൂന്നാറിലെ റെയിൽവേയുടെ അവശിഷ്ടങ്ങൾ ഇന്നും പലയിടത്തായി കാണാൻ പറ്റും. പ്രളയത്തിനു ശേഷം ഇന്നു വരെ മൂന്നാറിൽ റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. പ്രളയം നശിപ്പിച്ച പഴയമൂന്നാറിന്റെ അവശിഷ്ടങ്ങൾ ഇന്നും മൂന്നാറിൽ ചരിത്രത്തിന്റെ സ്മാരകമായി അവശേഷിക്കുന്നു. ഇന്നത്തെ ടാറ്റാ ടീ ലിമിറ്റഡിന്റെ ഹൗസിങ് റീജീണൽ ഓഫീസായി ഉപയോഗിക്കുന്ന കെട്ടിടമാണ് പണ്ടത്തെ മൂന്നാർ റെയിൽവേ സ്റ്റേഷൻ. പഴയ ട്രെയിനിന്റെ ചക്രം ഇവിടുത്തെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

അന്നത്തെ മൂന്നാർ വീണ്ടും

ടാറ്റ കമ്പനിയുടെ തേയിലത്തോട്ടങ്ങൾക്കിടയിലൂടെയായിരുന്നു പഴയ റെയിൽവെ. 35 കിലോമീറ്റർ ദൂരം. പരീക്ഷണാടിസ്ഥാനത്തിൽ, 5 കിലോമീറ്റർ ആദ്യഘട്ടത്തിൽ പുതുക്കും. പദ്ധതി വിജയമായാൽ പഴയ പാത പൂർണമായും പുതുക്കിപ്പണിയും. സ്ഥലം വിട്ടുകൊടുക്കാൻ് ടാറ്റ കമ്പനി സമ്മതിച്ചിട്ടുണ്ട്. കൂടുതൽ വിനോദസഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കാൻ തന്നെയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന കാര്യത്തിൽ സംശയമില്ല. റെയിൽവേ വികസന കോർപറേഷന്റെ പ്രതിനിധികളും ടൂറിസം വകുപ്പ് അധികൃതരും സംയുക്തമായി നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് പദ്ധതിയുടെ ചെലവും മറ്റും തീരുമാനിക്കുക. മൂന്നാറിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് സഞ്ചാരികളെ എത്തിക്കാൻ ഡാർജലിങ് മാതൃകയിൽ സർവീസ് നടത്താനാണു ശ്രമം.

ഡാർജിലിംഗിലെ കുട്ടി ട്രെയിൻ

പശ്ചിമബംഗാളിലെ സിലിഗുഡി, ഡാർജിലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് ഡാർജിലിങ് ഹിമാലയൻ തീവണ്ടിപ്പാത. 2 അടി വീതിയുള്ള നാരോ ഗേജ് റെയിൽവേ കുട്ടി ട്രെയിൻ അഥവാ ടോയ് ട്രെയിൻ എന്നും അറിയപ്പെടുന്നു. ഇതിന്റെ നിർമ്മാണം കഴിഞ്ഞത് 1879 നും 1881 ഇടക്കാണ്. 87 കിലോമീറ്റർ നീളമുള്ള ഈ പാത സമുദ്ര നിരപ്പിൽ നിന്നും 100 മീ. സിൽഗുഡിയിലും 2,200 മീ ഡാർജിലിംഗിലും ഉയരമുണ്ട്. 7 സ്റ്റേഷനുകളുണ്ട്. ലോകത്തെ സവിശേഷമായ 25 ട്രെയിൻ യാത്രാ അനുഭവങ്ങളിൽ ഒന്നാണിത്.ഇതിലെ ട്രെയിനുകൾ നീരാവി എൻജിൻ ഉപയോഗിച്ചാണ് ഓടുന്നത്. ഡാർജിലിങ് മെയിൽ ട്രെയിൻ ഡീസൽ എൻജിൻ ഉപയോഗിക്കുന്നു.1999 ൽ ഇത് ലോകപൈതൃക സ്മാരകമായി യുനെസ്‌കോ അംഗീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP