Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീഹാറുകാരി യുവതിക്ക് പലതവണയായി ബിനോയ് അയച്ചു കൊടുത്തത് ലക്ഷങ്ങൾ; പാസ്പോർട്ടിന് പുറമേ ബാങ്ക് അക്കൗണ്ട് രേഖകളിലും ഭർത്താവ് 'ബിനോയ് വിനോദിനി ബാലകൃഷ്ണൻ' തന്നെ; പലപ്പോഴായി കൈമാറിയത് 50,000 മുതൽ നാലു ലക്ഷം രൂപ വരെയെന്ന് രേഖകൾ; ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസ് നിരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് 'ഊരാക്കുടുക്ക്'; ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് ബാർ ഡാൻസർ

ബീഹാറുകാരി യുവതിക്ക് പലതവണയായി ബിനോയ് അയച്ചു കൊടുത്തത് ലക്ഷങ്ങൾ; പാസ്പോർട്ടിന് പുറമേ ബാങ്ക് അക്കൗണ്ട് രേഖകളിലും ഭർത്താവ് 'ബിനോയ് വിനോദിനി ബാലകൃഷ്ണൻ' തന്നെ; പലപ്പോഴായി കൈമാറിയത് 50,000 മുതൽ നാലു ലക്ഷം രൂപ വരെയെന്ന് രേഖകൾ; ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസ് നിരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് 'ഊരാക്കുടുക്ക്'; ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറില്ലെന്ന് ബാർ ഡാൻസർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സിപിഎമ്മിനെ തന്നെ ആകമാനം ആടിയുലച്ചുകൊണ്ടിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ്‌ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ്. സംഭവത്തിൽ ലൈംഗിക പീഡനം എന്ന വാദം നിലനിന്നില്ലെങ്കിലും ജീവനാംശം നൽകാതെ വഞ്ചിച്ചുവെന്ന കേസ് നിലനിൽക്കാനുള്ള സാധ്യതകളാണ് ഇപ്പോൾ കാണുന്നത്. ഈ അവസരത്തിലാണ് തന്റെ പാസ്‌പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേരാണെന്ന് വ്യക്തമാക്കി ബിഹാറുകാരിയായ യുവതി രംഗത്തെത്തിയത്. പിന്നാലെ തന്നെ ബാങ്ക് അക്കൗണ്ട് രേഖകളും യുവതി ഇപ്പോൾ പൊലീസ് മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ്. ഇതിലും ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് 'ബിനോയ് വിനോദിനി ബാലകൃഷ്ണൻ' എന്ന് തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല ബിനോയ് പലപ്പോഴായി 50,000 രൂപ മുതൽ നാലു ലക്ഷം രൂപ വരെ തനിക്ക് അയച്ചു തന്നതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് തെളിവുകളടക്കം യുവതി പൊലീസ് മുൻപാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. യുവതിയുടെ പേരിലുള്ള ഐസിഐസിഐ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. മാത്രമല്ല ബിനോയ് യുവതിക്കൊപ്പം താമസിച്ചിരുന്നുവെന്നതിന്റെ തെളിവുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മുൻപാകെ തെളിവ് ഹാജരാക്കാൻ വേണ്ടി എത്തിയപ്പോഴാണ് യുവതി കൂടുതൽ വിവരങ്ങൾ തെളിവടക്കം സമർപ്പിച്ചത്.

വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നൽകിയാൽ മാത്രമേ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാനാവുകയുള്ളൂ. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി ബിനോയ് ബാർ ഡാൻസുകാരിയെ വിവാഹം ചെയ്തുവെന്ന് ഉറപ്പിക്കുകയാണ് പൊലീസ്. തൽകാലം ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കില്ല. ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ തീരുമാനം വന്ന ശേഷമേ ഇതുണ്ടാകും. ജാമ്യം കിട്ടിയില്ലെങ്കിൽ ബിനോയ് കീഴടങ്ങുമെന്നാണ് സൂചന.

കുട്ടിയുടെ ഡിഎൻഎ ടെസ്റ്റ് വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് യുവതി. വിഷയം സിപിഎം കേന്ദ്ര ഘടകത്തെയും ബിനോയിയുടെ കുടുംബത്തെയും മാസങ്ങൾക്കു മുൻപേ അറിയിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ഇപ്പോഴും ആവർത്തിക്കുകയാണ്. ഇത് സിപിഎമ്മിനും തലവേദനയാണ്. എന്നാൽ പാർട്ടി അംഗമല്ലാത്ത ബിനോയിക്കെതിരെ പാർട്ടിക്ക് നടപടിയെടുക്കാനാവില്ലെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്.

അതിനിടെ ബിനോയിയുടെ അമ്മയ്ക്കെതിരേയും കേസെടുക്കണമെന്ന നിലപാടിൽ യുവതിയും കുടുംബവും എത്തിയിട്ടുണ്ട്. തന്നെ ഭീഷണിപ്പെടുത്തിയത് ബിനോയിയുടെ അമ്മയാണെന്ന് പൊലീസിനോട് യുവതി പറഞ്ഞതായി സൂചനയുണ്ട്.

പേര് രേഖപ്പെടുത്തിയിരിക്കുന്നത് 2014ൽ പുതുക്കിയ പാസ്‌പോർട്ടിൽ

2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. 2004ലെ പാസ്പോർട്ടിന്റെ കാലാവധി തീർന്നു പുതുക്കിയപ്പോഴായിരുന്നു ബിനോയിയുടെ പേര് ഉൾപ്പെടുത്തിയത്. പുതുക്കിയ പാസ്പോർട്ടിൽ ആദ്യ പേരായി പരാതിക്കാരിയുടെയും രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണന്റെ പേരുമാണ് ചേർത്തിരിക്കുന്നത്. 2014ലെയാണിത്. എന്നാൽ 2004ൽ എടുത്ത പാസ്പോർട്ടിൽ യുവതിയുടെ പേരിനൊപ്പം മാതാപിതാക്കളുടെ വിവരങ്ങളാണുള്ളത്. പാസ്പോർട്ട് നമ്പർ പരിശോധിച്ച് കൃത്രിമമൊന്നു നടത്തിയിട്ടില്ലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

പാസ്പോർട്ട് നിലനിൽക്കുന്നതാണെന്നു തെളിഞ്ഞതോടെയാണ് ഇതു പ്രധാന തെളിവായി സ്വീകരിച്ച് ഓഷിവാര പൊലീസ് അന്വേഷണം തുടരുന്നതും. അതിനിടെ ബിനോയ് കോടിയേരിക്കെതിരെ നിയമ നടപടിയിലേക്കു നീങ്ങിയത് ഒത്തുതീർപ്പിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നെന്നു യുവതിയുടെ കുടുംബം വെളിപ്പെടുത്തി. ജീവിതച്ചെലവിനു പണം നൽകിയാൽ പരാതിയിൽ നിന്നു പിൻവാങ്ങാമെന്ന ആവശ്യം ബിനോയി തള്ളി. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളും പൊലീസിനു നൽകിയ പരാതിയിൽ ചേർത്തിട്ടുണ്ട്.

ഇതിനിടെയിലും കേസ് ഒഴിവാക്കാൻ അവസാന വട്ട ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുകയാണ്. ഡിഎൻഎ പരിശോധന ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. കുഞ്ഞിനെ വളർത്താനും ജീവിതച്ചെലവിനുമായി 5 കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബർ 31 ന് അഭിഭാഷകൻ മുഖേന നോട്ടിസ് അയച്ചിരുന്നു. ഏപ്രിൽ 18 നാണ് ബിനോയിയും അമ്മയും മുംബൈയിൽ യുവതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഏപ്രിൽ 28നു വീണ്ടും ബിനോയിയും യുവതിയും മുംബൈയിൽ ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിക്കാൻ ബിനോയ് വിസമ്മതിച്ചു. രണ്ടു കൂടിക്കാഴ്ചകളുടെയും വിശദാംശങ്ങൾ പരാമർശിച്ച് അഭിഭാഷകൻ മുഖേന വീണ്ടും നോട്ടിസ് അയച്ചു. ആ നോട്ടിസും ബിനോയ് അവഗണിച്ചപ്പോഴാണ് ജൂൺ 13 ന് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തി ഫോൺ സംഭാഷണങ്ങളുടെ രേഖകളും ഒപ്പമുള്ള ചിത്രങ്ങളും അടക്കമുള്ള തെളിവുകൾ കൈമാറി. വെള്ളിയാഴ്ച, ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ ദിൻഡോഷി സെഷൻസ് കോടതി പരിഗണിക്കവേ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിൽ ചെയ്തു പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകൻ ആരോപിച്ചിരുന്നു. തുടർന്നു പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി കൂടുതൽ വിവരങ്ങൾ കൈമാറുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച മുംബൈ സെഷൻസ് കോടതി പരിഗണിക്കും. അതേസമയം ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് മുംബൈ പൊലീസ്. നിലവിൽ പ്രതി ഒളിവിലായതിനാൽ രാജ്യം വിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാൽ വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണ വിധേയമായി ഇപ്പോൾ കേരളത്തിലുള്ള മുംബൈ പൊലീസിന്റെ പ്രത്യേക സംഘം ഞായറാഴ്ചയും വിവരശേഖരണത്തിനായി പരിശോധന നടത്തുമെന്നാണ് സൂചന. എന്നാൽ യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ.

വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് വിവാഹ വാഗ്ദാനം നൽകി ബിനോയ് പീഡിപ്പിച്ചെന്നാണ് ബീഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ ബന്ധത്തിൽ എട്ട് വയസ്സുള്ള ഒരു മകൻ തനിക്കുണ്ടെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്.

അറസ്റ്റ് ഒഴിവാക്കാൻ 'ഓപ്പറേഷൻ മഹാരാഷ്ട്ര'

കേരളത്തിൽ നിന്ന് ബിനോയിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹറ വഴി ചില ഓപ്പറേഷനുകൾ മഹാരാഷ്ട്ര പൊലീസിൽ നടത്തുന്നുണ്ട്. ബിനോയി മുംബയിലെത്തി പൊലീസിൽ കീഴടങ്ങുമെന്നാണ് ധാരണ. ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള കേസായതിനാൽ ബിനോയിയെ റിമാന്റ് ചെയ്യുമോ എന്ന ഭയം കുടുംബത്തിനും പാർട്ടിക്കുമുണ്ട്. ഇത് ഒഴിവാക്കാൻ ശ്രമങ്ങൾ നടക്കുകയാണ്. ബിജെപി നേതൃത്വം വഴി മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ട്. കേരളത്തിലെ ബിജെപിക്കാർ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാർഗ്ഗം മുംബൈയിൽ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്. പോത്തൻകോട്ടെ ശാന്തിഗിരി ആശ്രമത്തിലെ ആശുപത്രയിലാണ് കോടിയേരിയും ഭാര്യയും വിവാദമുണ്ടായ ശേഷം ചികിൽസ തേടി പോയത്. ഈ ആശ്രമത്തിലെ ചിലർക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ട്. ഇതുപയോഗിച്ച് ചില ശ്രമങ്ങൾ നടത്തി. ആശ്രമത്തിലെ പ്രമുഖനെതിരായ ചെക്ക് കേസ് ഒതുക്കി തീർത്തത് ഈ വഴിക്കാണെന്ന ആരോപണമുണ്ട്. എന്നാൽ ബിനോയിയെ രക്ഷിക്കാൻ ആരും ശ്രമിക്കരുതെന്ന നിർദ്ദേശം കേരളത്തിലെ ബിജെപി നേതാക്കൾക്ക് ആർഎസ്എസ് നൽകി. ഇതോടെയാണ് മഹാരാഷ്ട്രയിലെ നേതാക്കൾ വഴിയുള്ള ഓപ്പറേഷന് ശ്രമം തുടങ്ങിയത്.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമാണുള്ളത്. ഈ വഴിക്കും ബിനോയിയെ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് സൂചന. ഏതായാലും തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജിയിലെ വിധി വന്ന ശേഷമേ ബിനോയ് കീഴടങ്ങൂവെന്നാണ് സൂചന. അതുവരെ ഒളിവിൽ തുടരും. മുംബൈ പൊലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരിൽനിന്ന് ഒളിവിൽപോയത്. ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈ പൊലീസ് അന്വേഷണം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP