Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കും; ശബരിമലയ്‌ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെയോ ആരും വാ തുറക്കില്ല; സ്വന്തം നാട്ടിൽ എത്ര പേർ വോട്ട് ചെയ്യും എന്ന കണക്ക് പോലും തരാൻ പാർട്ടി പ്രാദേശിക നേതൃത്വം എങ്ങനെ പരാജയപ്പെട്ടു? ബിജെപി ഇങ്ങനെ വളരുന്നത് എങ്ങനെ കൈയും കെട്ടി നോക്കി നിൽക്കാനാവും? സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിൽ സ്വയം വിമർശനത്തിന്റെ പെരുമഴ; ബിനോയിയെ കുറിച്ചും ആന്തുരിനെ കുറിച്ചുമുള്ള ചർച്ചകൾക്ക് അനുമതി ലഭിച്ചില്ല

എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കും; ശബരിമലയ്‌ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെയോ ആരും വാ തുറക്കില്ല; സ്വന്തം നാട്ടിൽ എത്ര പേർ വോട്ട് ചെയ്യും എന്ന കണക്ക് പോലും തരാൻ പാർട്ടി പ്രാദേശിക നേതൃത്വം എങ്ങനെ പരാജയപ്പെട്ടു? ബിജെപി ഇങ്ങനെ വളരുന്നത് എങ്ങനെ കൈയും കെട്ടി നോക്കി നിൽക്കാനാവും? സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിൽ സ്വയം വിമർശനത്തിന്റെ പെരുമഴ; ബിനോയിയെ കുറിച്ചും ആന്തുരിനെ കുറിച്ചുമുള്ള ചർച്ചകൾക്ക് അനുമതി ലഭിച്ചില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ജന മനസ്സുകളെ എതിരാക്കിയത് പാർട്ടി നേതൃത്വമോ അതോ പാർട്ടി പ്രവർത്തകരോ ? ശബരിമലയിൽ നവോത്ഥാനം നടത്താൻ തീരുമാനിച്ചവർ തന്നെ ഉത്തരം പറയുകയാണ്... പ്രവർത്തകർ ജനമനസ്സറിയുന്നില്ലെന്നാണ് സിപിഎം. നേതൃത്വത്തിന്റെ കണ്ടെത്തൽ. പാർട്ടിയെ വൻ പ്രതിസന്ധിയിലേക്ക് തള്ളി വിട്ട ബിനോയ് കോടിയേരി വിഷയവും ആന്തൂരിലെ പ്രവാസിയുടെ മരണവും ചർച്ചയാക്കാൻ പോലും ആരുമില്ല. കുറ്റം പറയാനില്ലാത്ത ഭരണമുണ്ടായിട്ടും ജനങ്ങൾ പാർട്ടിക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തണമെന്നാണ് സിപിഎം. റിപ്പോർട്ട്. അതായത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്തിയും പ്രവർത്തകരെ ഇകഴ്‌ത്തിയുമാണ് ലോക്‌സഭാ തോൽവിയിലെ കാരണങ്ങൾ സിപിഎം നിരത്തുന്നത്.

ജനങ്ങളുടെ മനസ്സറിയാൻ പ്രവർത്തകർക്കാവുന്നില്ല. കേരളത്തിൽ ബിജെപി. സ്വാധീനമുറപ്പിക്കുന്നത് കാണാതിരിക്കരുത്. പ്രവർത്തനവും പ്രചാരണവും ജനങ്ങളിലെത്താത്ത വെറും ചടങ്ങ് മാത്രമാകുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും സിപിഎം. സംസ്ഥാനസമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജനമനസ്സ് അറിയാതെ തീരുമാനമെടുക്കുന്ന നേതാക്കളാണ് വിശ്വാസികളെ സിപിഎമ്മിൽ നിന്ന് അകറ്റിയതെന്ന വാദം ശക്തമായിരുന്നു. ഇത് പാർട്ടി നേതൃത്വത്തിനും അറിയാം. എന്നിട്ടും കുറ്റമെല്ലാം പ്രവർത്തകർക്കും. എന്ത് വില കൊടുത്തും ഹിന്ദു വിശ്വാസികളുടെ നഷ്ടപ്പെട്ടു പോയ പിന്തുണ തിരിച്ചു പിടിക്കുമെന്നാണ് സിപിഎം പറയുന്നത് ശബരിമലയ്‌ക്കെതിരെയോ ആചാര ലംഘനത്തിന് എതിരെ ഇനി ആരും വാ തുറക്കില്ലെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

ബൂത്തുതലത്തിലുള്ള കണക്കുകൾ പിഴയ്ക്കുകയാണ്. തിരഞ്ഞെടുപ്പിൽ വലിയ വിജയമുണ്ടാകുമെന്നു കണക്ക് നിരത്തുകയും വലിയ പരാജയം ഏറ്റുവാങ്ങുകയുമാണുണ്ടായത്. ഇതിനർഥം, ജനങ്ങളുടെ മനസ്സറിയാൻ പ്രവർത്തകർക്കു കഴിയുന്നില്ല എന്നതാണ്. തിരുത്തലുകൾ വരുത്താൻ ഒരുപാടുണ്ട്. അത് ഓരോന്നായി കണ്ടെത്തി തിരുത്തൽ നടപടിയുണ്ടാകേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്ന് എല്ലാവിഭാഗം ജനങ്ങളും സമ്മതിക്കുന്നുണ്ട്. അതു വോട്ടാക്കി മാറ്റാൻ കഴിയാത്തത് പാർട്ടി അംഗങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ചയാണ്. ആശയ-രാഷ്ട്രീയ പ്രചാരണത്തിലും സംഘടനാ പ്രവർത്തനത്തിലും വീഴ്ച സംഭവിച്ചിട്ടുണ്ട്-സിപിഎം പറയുന്നു.

ബിജെപി.യുടെ വളർച്ച ഗൗരവത്തോടെ കാണാനാകണം. ഇടതുമുന്നണിയെ എങ്ങനെയെങ്കിലും തോൽപ്പിക്കണമെന്നതായിരുന്നു ബിജെപി.യുടെ ലക്ഷ്യം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് എന്നീ അഞ്ചുമണ്ഡലങ്ങളിലൊഴികെ ബിജെപി.വോട്ടുകൾ യു.ഡി.എഫിന് ലഭിക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും 15.56 ശതമാനം വോട്ടുശതമാനം ബിജെപി.ക്ക് നിലനിർത്താനായി. ഇതിനെ നിസ്സാരവത്കരിക്കേണ്ടതല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇനി വിശ്വാസികൾക്കൊപ്പം

അകന്നുപോയ വിശ്വാസികളെ കൂടെനിർത്താനുള്ള ഇടപെടൽ വേണമെന്നാണ് ആവശ്യം. സമീപനത്തിലും പ്രവർത്തനരീതിയിലുമാണ് ഇത് വേണ്ടത്. വിശ്വാസ വിരുദ്ധരല്ല സിപിഎം. എന്ന ധാരണ ജനങ്ങൾക്കുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകമാത്രമാണ് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്. ബിജെപി.യെ കരുതിയിരിക്കണം. വൈകാരികതയെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി. ശ്രമിക്കുന്നത്. അതിലവർ കുറെ വിജയിക്കുന്നുണ്ടെന്നും ചർച്ചയിൽ സംസ്ഥാനസമിതി അംഗങ്ങൾ പറഞ്ഞു. ദേശീയതലത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതിൽ കേന്ദ്രനേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള ബന്ധത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കഴിഞ്ഞില്ല. കോൺഗ്രസ് ബന്ധത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾമാത്രമാണ് വാർത്തയായത്. കേന്ദ്രത്തിൽ കോൺഗ്രസിനുവേണ്ടിയാണ് കേരളത്തിൽ ഇടതുമുന്നണി മത്സരിക്കുന്നതെന്ന് ജനങ്ങൾ വിശ്വസിക്കുന്ന സ്ഥിതിയുണ്ടായെന്നും അംഗങ്ങൾ പറഞ്ഞു.

കേന്ദ്രനേതൃത്വത്തിനെതിരെയും സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു. ദേശീയതലത്തിൽ കോൺഗ്രസിനുള്ള സമീപനം കേരളത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കി. കേന്ദ്രനേതൃത്വത്തിന്റെ സമീപനത്തിൽ വ്യക്തതയുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. അതേസമയം ബിനോയ് കോടിയേരി, ആന്തൂർ വിഷയങ്ങൾ സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്തില്ല. സംസ്ഥാന സർക്കാരിന്റെ ശബരിമല നയത്തെ സിപിഎം കേന്ദ്ര കമ്മിറ്റിയും കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നൽകിയ വിധി നടപ്പാക്കുക മാത്രമാണു സർക്കാർ ചെയ്തതെന്നും ആ സമീപനം മാറ്റേണ്ടതില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പു ഫലം വിലയിരുത്താൻ ചേർന്ന കേന്ദ്ര കമ്മിറ്റിയുടെ നിലപാട്.

ശബരിമല സംബന്ധിച്ചു പാർട്ടിയും സർക്കാരും കൈക്കൊണ്ട നയം ശരിയായിരുന്നുവെങ്കിലും വിശ്വാസസമൂഹം അതിന്റെ പേരിൽ അകലുകയും അക്കൂട്ടത്തിൽ ഇടതുവോട്ടുകൾ തന്നെ ചോരുകയും ചെയ്തു. ഇടതിനു കിട്ടിക്കൊണ്ടിരുന്ന വോട്ടുകൾ ചില മണ്ഡലങ്ങളിൽ ബിജെപിക്കടക്കം പോയി. നിയമസഭാ ഉപതിരഞ്ഞെടുപ്പുകളടക്കം ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ താഴെത്തട്ടിലും സഹസംഘടനകളിലുമടക്കമുള്ള തെറ്റിദ്ധാരണകൾ ആദ്യം നീക്കണം. പ്രാദേശിക നേതാക്കളോടുള്ള എതിർപ്പുകളാണ് പലപ്പോഴും പാർട്ടിക്കെതിരെയുള്ള വികാരമായി മാറുന്നത്. ബ്രാഞ്ച്-ലോക്കൽതലത്തിലെ പാർട്ടി അംഗങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുന്നവരാണെന്ന തോന്നൽ ചിലയിടങ്ങളിലെങ്കിലും നഷ്ടമാകുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഇടപെടലും ഇക്കാര്യത്തിൽ പ്രധാനമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംസ്ഥാനകമ്മിറ്റി തിങ്കളാഴ്ച സമാപിക്കും. ചർച്ചയ്‌ക്കൊടുവിൽ തിരുത്തൽ നടപടികൾക്ക് സംസ്ഥാനസമിതി രൂപംനൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP