Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അച്ഛന്റെ ആഗ്രഹം നിറവേറ്റൻ ഡോക്ടർ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായം അണിഞ്ഞവൻ; സംസാരത്തേക്കാൾ പ്രവൃത്തി ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർ; പൊലീസുകാരുടെ കൈക്കൂലി തടയാൻ മിന്നൽ പരിശോധന നടത്തിയും ശ്രദ്ധേയൻ; സർക്കാർ തലയ്ക്ക് വിലയിട്ട ക്രിമിനലുകളെ പിടികൂടിയ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; ഉത്തർപ്രദേശുകാർ സ്‌നേഹത്തോടെ വിളിക്കുന്നത് സിങ്കം എന്ന്; ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് സോഷ്യൽ മീഡിയാ താരമായ അജയ്പാൽ ശർമ്മ ഐപിഎസിന്റെ കഥ

അച്ഛന്റെ ആഗ്രഹം നിറവേറ്റൻ ഡോക്ടർ ജോലി ഉപേക്ഷിച്ച് കാക്കി കുപ്പായം അണിഞ്ഞവൻ; സംസാരത്തേക്കാൾ പ്രവൃത്തി ഇഷ്ടപ്പെടുന്ന ഉദ്യോഗസ്ഥർ; പൊലീസുകാരുടെ കൈക്കൂലി തടയാൻ മിന്നൽ പരിശോധന നടത്തിയും ശ്രദ്ധേയൻ; സർക്കാർ തലയ്ക്ക് വിലയിട്ട ക്രിമിനലുകളെ പിടികൂടിയ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ്; ഉത്തർപ്രദേശുകാർ സ്‌നേഹത്തോടെ വിളിക്കുന്നത് സിങ്കം എന്ന്; ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട് സോഷ്യൽ മീഡിയാ താരമായ അജയ്പാൽ ശർമ്മ ഐപിഎസിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പൊലീസ് സൂപ്രണ്ടായ അജയ് പാൽ ശർമ്മ ഐപിഎസാണ് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ താരം. യുപിയിൽ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ കാലിന് വെടിവെച്ചിട്ട് പിടികൂടിയതോടെയാണ് അജയ്പാൽ ശർമ്മ സോഷ്യൽ മീഡിയയുടെ ഹീറോ ആയത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് ഇപ്പോൾ ദൈവതുല്യനാണ് ഈ ഐപിഎസുകാരൻ. ഉത്തർപ്രദേശുകാർ ഇതോടെ തങ്ങളുടെ പ്രിയങ്കരനായ ഉദ്യോഗസ്ഥനെ സിങ്കമെന്ന് വിളിച്ചാണ് അജയ്പാൽ ശർമ്മക്ക് കൈയടി നൽകുന്നത്.

കഴിഞ്ഞദിവസം രാംപുരിലാണ് അജയ്പാൽ ശർമ്മ ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്തുകൊന്ന കേസിലെ പ്രതിയെ പിന്തുടർന്ന് വെടിവെച്ച് കീഴ്പ്പെടുത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മുങ്ങിയ നാസിൽ എന്ന യുവാവിനെ പൊലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അജയ്പാൽ ശർമ്മ വെടിവെച്ച് കീഴ്പ്പെടുത്തി. കാലിന് താഴെ വെടിയേറ്റ ഇയാളെ അറസ്റ്റ് ചെയ്തെന്നും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിനുശേഷം നിരവധിപേരാണ് അജയ്പാൽ ശർമ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അജയ്പാലിനെ പോലെയുള്ള ഉദ്യോഗസ്ഥരെയാണ് രാജ്യത്തിന് ആവശ്യമെന്നും അജയ്പാൽ യു.പി. സിങ്കമാണെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. പ്രതിയെ പിടികൂടിയതിന് പിന്നാലെ ആയിരത്തോളംപേർ അഭിനന്ദനമറിയിച്ച് ഫോൺ ചെയ്തെന്നും ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അജയ്പാൽ ശർമ്മ ട്വിറ്ററിൽ കുറിച്ചു.

യുപിയിൽ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് അദ്ദേഹം. നേരത്തെ ദന്തഡോക്ടറായിരുന്ന അദ്ദേഹം ലുധിയാന സ്വദേശിയും 2011 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനുമാണ്. അച്ഛന്റെ ആഗ്രഹപ്രകാരം കാക്കി കുപ്പായം അണിഞ്ഞാണ് അജയ്പാൽ ശർമ്മ ശ്രദ്ധേയനായത്. നിലവിൽ രാംപുർ എസ്.എസ്‌പി.യായി സേവനമനുഷ്ടിക്കുകയാണ് അജയ്പാൽ. ഇതിന് മുമ്പ് ഗസ്സിയാബാദ്, ഹത്രാസ്, ഷാംലി, ഗൗതംബുദ്ധനഗർ, പ്രയാഗ് രാജ് എന്നിവിടങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.

കൈക്കൂലിക്കാരുടെ പേടിസ്വപ്‌നം കൂടിയാണ് ഈ സ്റ്റൈലിഷായ പൊലീസുകാരൻ. 2018-ൽ ഗൗതംബുദ്ധനഗറിലെ പൊലീസുകാർ കൈക്കൂലി വാങ്ങുന്നതിൽ മിന്നൽ പരിശോധന നടത്തിയും പിന്നീട് നോയിഡയിലെ വാഹനങ്ങളിൽ ചാടിക്കയറുന്ന ദൃശ്യങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധനേടിയിരുന്നു. അജയ്പാൽ ശർമ്മ തോക്കുമായി നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശർമ്മയെ അഭിനന്ദുച്ചു കൊണ്ട മലയാളികളും രംഗത്തുണ്ട്. ഈ മിടുക്കനായി ഐപിഎസുകാരനെ അഭിനന്ദിച്ച് സന്ദീപ് ദാസ് എന്ന വ്യക്തി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളും സൈബർ ലോകത്ത് വൈറലാണ്.

സന്ദീപ് ദാസിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

അജയ്പാൽ ശർമ്മ എന്ന ഐ.പി.എസ് ഓഫീസറുടെ ഒരു പ്രവൃത്തി ഇപ്പോൾ രാജ്യമെങ്ങും ചർച്ച ചെയ്യപ്പെടുകയാണ്. ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊല്ലുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ഒരു പ്രതിയെ അജയ് വെടിവെച്ചുവീഴ്‌ത്തി !രാംപൂരിലെ ഈ എസ്‌പി പൊതുവെ മിതഭാഷിയാണ്.സംസാരം ആവശ്യത്തിനു മാത്രം.അതും വളരെ പതിഞ്ഞ സ്വരത്തിൽ.സംസാരത്തേക്കാൾ പ്രവൃത്തിയിലാണ് അജയ് വിശ്വസിക്കുന്നത്.ഐ.പി.എസ് നേടിയെടുക്കുന്നതിനുമുമ്പ് ഒരു ഡോക്ടറായിരുന്നു അജയ്.കുറച്ചുകൂടി വലിയ സാമൂഹികസേവനങ്ങൾ ചെയ്യുന്നതിനുവേണ്ടിയാണ് അദ്ദേഹം കാക്കിക്കുപ്പായം തെരഞ്ഞെടുത്തത്.വളരെ തിളക്കമേറിയ ഒരു സർവ്വീസാണ് അജയിനുള്ളത്.

സ്വന്തം പേരിൽ പത്തും ഇരുപതും ക്രിമിനൽ കേസുകളുള്ള,ഗവൺമെന്റ് തലയ്ക്ക് വില പറഞ്ഞ ഒട്ടനവധി ക്രിമിനലുകളെ അദ്ദേഹം പിടികൂടിയിട്ടുണ്ട്.ബെറ്റിങ്ങ് മാഫിയയോട് ഏറ്റുമുട്ടിയിട്ടുണ്ട്. കിഡ്‌നാപ്പിങ്ങ് കേസുകളും റേപ്പ് കേസുകളും പലതവണ വിജയകരമായി കൈകാര്യം ചെയ്തിട്ടുമുണ്ട്. സ്വാഭാവികമായും 'സിംഹം' എന്ന ഓമനപ്പേര് ചാർത്തിക്കിട്ടുകയും ചെയ്തു.രാംപൂർ സ്വദേശിനിയായ ആറുവയസ്സുകാരിയെ കഴിഞ്ഞ മാസമാണ് കാണാതായത്.ഒടുവിൽ അവളുടെ മൃതദേഹം കണ്ടുകിട്ടി.കുട്ടിയുടെ അയൽവാസിയായ നാസിൽ ആണ് പ്രതിയെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായതോടെ പൊലീസ് അവിടേയ്ക്കു കുതിച്ചു.

പൊലീസിനെ കണ്ട പ്രതി അവരെ ആക്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.പക്ഷേ പൊലീസ് പടയുടെ മുൻഭാഗത്തുതന്നെ അജയ് ഉണ്ടായിരുന്നു.ആ എൻകൗണ്ടർ സ്‌പെഷലിസ്റ്റിന്റെ കരങ്ങൾ വിറച്ചില്ല; ഉന്നം പിഴച്ചതുമില്ല! ഇരുകാലിലും വെടിയേറ്റ് നിലത്തുവീണ പ്രതിയെ പൊലീസ് കൈയോടെ പിടികൂടി.റേപ്പ് എന്ന ക്രൈമിനോട് അല്പം പോലും സഹിഷ്ണുതയില്ല.പിഞ്ചുകുട്ടികൾ പോലും ആക്രമിക്കപ്പെടുന്ന രാജ്യമാണിത്.പെൺകുട്ടികൾ മാത്രമല്ല,ആൺകുട്ടികളും കാമവെറിയുടെ ഇരകളാകുന്നു.ദളിതർക്കുനേരെ ഐഡന്റിറ്റിയുടെ പേരിൽ അഴിച്ചുവിടുന്ന ആക്രമണങ്ങൾ ഇതിനുപുറമെയാണ്.കുറ്റവാളികളുടെ അവകാശങ്ങളെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്.പക്ഷേ കളിച്ചും ചിരിച്ചും ജീവിക്കേണ്ട പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിച്ചീന്തുന്നവരോട് സഹാനുഭൂതി കാണിക്കാൻ മാത്രം ഹൃദയവിശാലത എനിക്കില്ല.അതുകൊണ്ട് അജയ് എന്ന ഓഫീസറെ ഞാൻ അഭിനന്ദിക്കുകയേയുള്ളൂ.

അജയിന്റെ സഹോദരൻ അമിത്പാൽ ശർമ്മ ഐ.എ.എസ് ഓഫീസറാണ്.മക്കൾ ഐ.പി.എസും ഐ.എ.എസും നേടണം എന്നത് അവരുടെ അച്ഛന്റെ ആഗ്രഹമായിരുന്നു.പിതാവിന്റെ മോഹം നിറവേറ്റിയ മകനാണ് അജയ്.ഇപ്പോൾ മറ്റൊരു അച്ഛന്റെ ഹീറോയാണ് അജയ്. ക്രൂരമായ രീതിയിൽ കൊലചെയ്യപ്പെട്ട ആ പെൺകുട്ടിയുടെ പിതാവിന് ഇപ്പോൾ അജയ് ദൈവത്തിനു സമമായിരിക്കും. ഏറ്റവും പുതിയ എൻകൗണ്ടറിന്റെ പേരിൽ അജയിന് നിരവധി അവാർഡുകൾ ലഭിച്ചേക്കാം. പക്ഷേ മകൾ നഷ്ടപ്പെട്ട അച്ഛന്റെ ആദരവിനേക്കാൾ വലിയ ബഹുമതികളൊന്നും അജയിന് കിട്ടാനില്ല.ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുക എന്നതാണ് പൊലീസിന്റെ ചുമതല.

പക്ഷേ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഈ തത്വത്തിൽ വിശ്വസിക്കുന്നില്ല.അതുകൊണ്ടാണ് പലരും നീതിക്കുവേണ്ടി മറ്റുവഴികൾ തേടിപ്പോകുന്നത്. നിയമപാലകർ സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്താൽ കുറ്റകൃത്യങ്ങൾ കുറയും.ഈ നാട്ടിൽ സമാധാനമുണ്ടാകും.മനുഷ്യരുടെ പല്ലുകൾ പരിശോധിക്കുന്ന ഡെന്റിസ്റ്റായിരുന്നു അജയ്. നരാധമന്മാരുടെ ദ്രംഷ്ടകൾ പറിച്ചെടുക്കുന്ന തൊഴിലാണ് ഇപ്പോൾ ചെയ്യുന്നത് ! ഇനിയും സത്യസന്ധമായി മുന്നോട്ടുപോകാൻ സാധിക്കട്ടെ...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP