Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു; ദേവസ്വം ഭൂമി റവന്യൂ വകുപ്പ് കൈയേറിയതാണെന്നും പറയേണ്ടി വരും; പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഏതറ്റം വരെയും പോകും: പാഞ്ചാലിമേട് കുരിശ് വിഷയത്തിൽ സർക്കാരിനെ തള്ളി ഹിന്ദു ഐക്യവേദിക്കൊപ്പം നിലയുറപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു; ദേവസ്വം ഭൂമി റവന്യൂ വകുപ്പ് കൈയേറിയതാണെന്നും പറയേണ്ടി വരും; പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഏതറ്റം വരെയും പോകും: പാഞ്ചാലിമേട് കുരിശ് വിഷയത്തിൽ സർക്കാരിനെ തള്ളി ഹിന്ദു ഐക്യവേദിക്കൊപ്പം നിലയുറപ്പിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പാഞ്ചാലിമേട് ഭൂമി വിവാദത്തിൽ ഇടുക്കി കളക്ടറുടെ നിലപാടിനെതിരേ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. ഹിന്ദു ഐക്യവേദിയുടെ നിലപാടിന് ഒപ്പമാണ് ദേവസ്വം പ്രസിഡന്റും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയാണെന്ന ദേവസ്വം ബോർഡിന്റെ നിലപാട് കളക്ടർ തള്ളിയിരുന്നു. ക്ഷേത്ര ഭൂമിയിൽ നിന്ന് കുരിശുകൾ നീക്കം ചെയ്യണമെന്നതാണ് ഹിന്ദു ഐക്യവേദിയുടെ നിലപാട്. എ്ന്നാൽ കുരിശും വർഷങ്ങളായുള്ളതാണെന്ന് പള്ളിക്കാർ പറയുന്നു. കുരിശ് മാറ്റിയാൽ ക്ഷേത്രവും പൊളിക്കണമെന്നതാണ് നിലപാട്. ഇതിനിടെയാണ് ദേവസ്വം ബോർഡ് നിലപാട് കടുപ്പിക്കുന്നത്.

കൈയേറിയ റവന്യൂഭൂമിയിലാണ് ക്ഷേത്രമുള്ളതെന്ന കളക്ടറുടെ നിലപാട് അപലപനീയമാണ്. കാര്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടോ മറ്റെന്തോ ലക്ഷ്യം വെച്ചോ ആണ് ഇത്തരം അഭിപ്രായപ്രകടനങ്ങളെന്ന് പത്മകുമാർ പറഞ്ഞു. റവന്യൂവകുപ്പും ഇടുക്കി കളക്ടറേറ്റും വരുന്നതിനു മുമ്പുതന്നെ ക്ഷേത്രം അവിടെയുണ്ടായിരുന്നു. ദേവസ്വം ഭൂമി റവന്യൂവകുപ്പ് കൈയേറിയതാണെന്നും പറയേണ്ടിവരും. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ റവന്യൂവിഭാഗം തുടർച്ചയായി തെറ്റായ ഇടപെടലുകളും സമീപനവുമാണ് സ്വീകരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട 18 മലകളിലൊന്നാണ് ഈ പ്രദേശം. പാഞ്ചാലിമേട്ടിലെ ഭൂമി സംരക്ഷിക്കാൻ ദേവസ്വം ബോർഡ് ഏതറ്റംവരെയും പോകും. ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും. പാഞ്ചാലിമേട്ടിലേത് ദേവസ്വം ഭൂമിയാണെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

വിവാദ ഭൂമിയിലെ മരക്കുരിശുകൾ ചൊവ്വാഴ്ച രാവിലെ പള്ളി അധികൃതർ മാറ്റിയിരുന്നു. സർക്കാർ ഭൂമിയിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ മൂന്നുദിവസത്തിനകം മാറ്റണമെന്ൻ കണയങ്കവയൽ സെയ്ന്റ് മേരീസ് ദേവാലയ വികാരിക്ക് വെള്ളിയാഴ്ച കളക്ടർ നോട്ടീസ് നൽകിയിരുന്നു. പാഞ്ചാലിമേട്ടിൽ പുതുതായി മരക്കുരിശ് നാട്ടിയെന്ന വിശ്വഹിന്ദുപരിഷത്തിന്റെ പരാതിയിലായിരുന്നു നടപടി. എന്നാൽ, ഇവിടെയുള്ള 14 സിമന്റ് കുരിശുകൾ മാറ്റുന്നതുസംബന്ധിച്ച് തീരുമാനമായില്ല. സാമുദിയാക ഐക്യം തകർക്കാൻ ശ്രമിക്കുന്നത് പുറത്തുള്ളവരാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കുരിശിന്റെ പേരുപറഞ്ഞ് പാഞ്ചാലിമേട്ടിലെ സാമുദായിക ഐക്യം തകർക്കാൻ ശ്രമിക്കുന്നത് നാടിനുപുറത്തുള്ളവരാണെന്ൻ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിയും പറയുന്നു. ഇവിടെ അമ്പലവും കുരിശുമലയും വിനോദസഞ്ചാര പദ്ധതിയും യോജിച്ചാണ് പ്രവർത്തിക്കുന്നത്. നിരവധി പേർ ഇതുമായി ബന്ധപ്പെട്ട ടൂറിസം കൊണ്ട് ഉപജീവനം നയിക്കുന്നുണ്ട്. മേയിൽ ആരംഭിച്ച പാഞ്ചാലിമേട് ടൂറിസം പദ്ധതിക്ക് ഒരുവർഷംകൊണ്ട് സർക്കാരിലേക്ക് 20 ലക്ഷം രൂപ ലാഭവിഹിതമായി നൽകി. ഇരുപതിലേറെപ്പേർ ഇവിടെ ജോലിചെയ്യുന്നു. അതുകൊണ്ട് തന്നെ സർക്കാർ വിഷയത്തിൽ കരുതലോടെ ഇടപെട്ടതും. അപ്പോഴാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാർ സർക്കാർ നിലപാടുകളെ തള്ളി പറയുന്നത്.

'നിലയ്ക്കൽ മോഡൽ' സമരം തുടങ്ങുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കാര്യങ്ങൾ സംഘർഷഭരിതമാകുന്ന ഘട്ടമാണ് ഉള്ളത്. പുതുതായി മൂന്ന് മരക്കുരിശുകൾ സ്ഥാപിച്ചെന്ന് വിശ്വഹിന്ദു പരിഷത്ത് കളക്ടർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ പള്ളി അധികൃതർക്ക് പെരുവന്താനം വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയത്. സിമന്റ് കുരിശുകളുടെ കാര്യത്തിൽ വളരെ മുമ്പുള്ള പരാതിയിൽ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. മലയിലെ ആറാമത്തെ കുരിശിന് മുന്നിൽ പുതിയൊരു ശൂലം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സ്ഥലം കൈവശംവെച്ചിട്ടുള്ള ഡി.ടി.പി.സി. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ശൂലം വെച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഈ ശൂലം ഇപ്പോൾ മാറ്റിയിട്ടുണ്ട്. പ്രവീൺ തൊഗാഡിയയുടെ എ എച്ച് പിയും വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ഈ സംഘടനയാണ് ശൂലം വച്ചതെന്നാണ് സൂചന.

പാഞ്ചാലിമേട്ടിലാകെ 490 ഏക്കർ ഭൂമിയാണുള്ളത്. 2016-17-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 22 ഏക്കർ സ്ഥലം ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. ആ 22 ഏക്കറിനുള്ളിലാണ് കുരിശുകൾ സ്ഥാപിച്ചതെന്നാണ് ഹിന്ദു ഐക്യവേദിയുടെ ആരോപണം. ഡി.ടി.പി.സി. ഈ 22 ഏക്കറിന് ചുറ്റും വേലികെട്ടി ടൂറിസ്റ്റുകളെ ടിക്കറ്റ് വെച്ച് പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ ഡി.ടി.പി.സി.ക്ക് ഈ ഭൂമിയിൽ അവകാശമില്ലെന്നാണ് ഹിന്ദു ഐക്യവേദിയുടെ വാദം. എന്നാൽ വർഷങ്ങളായുള്ള ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് ഇതെന്നും അതുകൊണ്ട് തന്നെ വിവാദങ്ങൾ ബോധപൂർവ്വം ഉണ്ടാക്കുന്നതുമാണെന്ന് പള്ളി അധികാരികളും പറയുന്നു. സർക്കാർ ഭൂമിയിൽ ക്ഷേത്രവും ഉണ്ട്. ഈയിടെ അത് പുതുക്കി പണിയുകയും ചെയ്തു. കുരിശ് തീർത്ഥാടനത്തെ എതിർക്കുന്നവരെ പള്ളിക്കാരും അതേ നാണയത്തിലാണ് നേരിടുന്നത്.

വനവാസകാലത്ത് പഞ്ചപാണ്ഡവർ പാഞ്ചാലിമേട്ടിൽ താമസിച്ചിരുന്നെന്ന് ചിലർ വിശ്വസിക്കുന്നു. ഈ മലയിൽ താഴെ മുതൽ മുകളിൽ വരെ കുരിശുകൾ നാട്ടിയിട്ടുണ്ട്. പഞ്ചപാണ്ഡവർ വസിച്ചുവെന്ന് കരുതുന്ന സ്ഥലത്തിന്റെ അവശേഷിപ്പായ കല്ലുകൾ നശിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്. 1956-ൽത്തന്നെ ഈ കുരിശുകൾ അവിടെയുണ്ടെന്നാണ് കണയങ്കവയൽ സെന്റ് മേരീസ് പള്ളി ഭാരവാഹികൾ പറയുന്നത്. പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ടതാണ് പാഞ്ചാലിമേട് എന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത്. ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലി കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകൾ ഇപ്പോഴുമുണ്ട്.

മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. ഇവിടെ കിലോമീറ്ററുകളോളം റവന്യൂ ഭൂമി കൈയേറി ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയതെന്ന് ഹിന്ദു സംഘടനകൾ ആരോപിക്കുന്നു. എന്നാൽ കുരിശ് മാറ്റണമെങ്കിൽ ഇവിടെയുള്ള ക്ഷേത്രവും പൊളിക്കണമെന്നാണ് ക്രൈസ്തവ വിശ്വാസികളുടെ നിലപാട്. ക്ഷേത്രവും സർക്കാർ ഭൂമിയിലാണെന്ന് ഇവർ പറയുന്നു. സ്ഥലത്തേയ്ക്ക് കടക്കണമെങ്കിൽ വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക പാസ് വേണം. ഈ മേഖലയെ കുറിച്ചാണ് വിവാദം

പാഞ്ചാലിമേടിലെ കുരിശിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് ക്രൈസ്തവ വിശ്വാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ പൊളിച്ചു മാറ്റാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇത്രയും പഴക്കമുള്ള കുരിശിനെ വിവാദത്തിലാക്കുന്നവരുടെ ഉദ്ദേശശുദ്ധിയേയും പള്ളി അധികാരികൾ ചോദ്യം ചെയ്യുന്നത്. അതിനിടെ പുതുതായി വച്ച കുരിശ് മാത്രമാണ് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റവന്യൂ അധികാരികൾ പറയുന്നത്. 1956മുതൽ മരിയൻ കുരിശടി മലയിലേക്ക് തീർത്ഥാടകർ എത്താറുണ്ട്. ഇതിന് മുമ്പിലെ ബോർഡ് സ്ഥാപിച്ചത് 1956 ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു സ്ഥലത്തെ കുരിശിനെ വിവാദമാക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ഇതിനെയാണ് പള്ളിയും എതിർക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്ഷേത്രവും പൊളിക്കേണ്ടതല്ലേ എന്ന ചോദ്യം അവർ ഉയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP