Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുണ്ടകൾക്കും കള്ളവാറ്റുകാർക്കും കൊള്ളപ്പലിശക്കാർക്കുമെതിരെ ചുമത്തുന്ന നിയമം; കാപ്പ ചുമത്തിയാൽ ആറുമാസം വരെ ജാമ്യം ഇല്ലാതെ അകത്തിടാം; കരിനിയമം ചുമത്തപ്പെടുന്ന ആദ്യ വ്യവസായി

ഗുണ്ടകൾക്കും കള്ളവാറ്റുകാർക്കും കൊള്ളപ്പലിശക്കാർക്കുമെതിരെ ചുമത്തുന്ന നിയമം; കാപ്പ ചുമത്തിയാൽ ആറുമാസം വരെ ജാമ്യം ഇല്ലാതെ അകത്തിടാം; കരിനിയമം ചുമത്തപ്പെടുന്ന ആദ്യ വ്യവസായി

തൃശൂർ: സമൂഹവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ 2007ൽ രൂപം നൽകിയ നിയമമാണ് കാപ്പ അഥവാ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവെൻഷൻ) ആക്ട്. ഇതു പ്രകാരം ഒരു വമ്പൻ വ്യവസായി അറസ്റ്റിലാകുമെന്ന് ആരും കരുതിയതല്ല. ചന്ദ്രബോസ് വധക്കേസിലെ കള്ളക്കളികൾ മറുനാടൻ മലയാളിക്ക് പിന്നാലെ മറ്റ് മാദ്ധ്യമങ്ങളും ഏറ്റെടുത്തതോടെ നിസാമിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ പാളി. സാമൂഹ്യ വിരുദ്ധനെന്ന കുറ്റാരോപണവുമായി ആഡംബരക്കാറുകളിൽ ചെത്തി നടന്ന നിസാം ജയിലിനുള്ളിലായി. പഴുതകളുപയോഗിച്ച് രക്ഷപ്പെടാൻ നിസാമിന് അവസരമൊരുക്കിയില്ലെങ്കിൽ കുറഞ്ഞത് ആറുമാസം ഈ കൊലയാളിക്ക് ജയിലിൽ കിടക്കാം.

സംസ്ഥാനത്ത് ഇതുവരെയായി കാപ്പ പ്രകാരം 470 പേരെ കരുതൽ തടങ്കലിൽ വച്ചിട്ടുണ്ട്. തൃശൂരിൽ കാപ്പചുമത്തുന്ന അറുപത്തിയേഴാമത്തെ ആളാണു നിസാം. ജില്ലയിൽ 66 പേർക്കെതിരെയാണ് നേരത്തെ കാപ്പ ചുമത്തിയിട്ടുള്ളത്. സിറ്റിജില്ല പരിധിയിൽ കാപ്പ ചുമത്തിയ 22 പേരിൽ 5 പേരെ നാടുകടത്തലിനും ശിക്ഷിച്ചു. റൂറലിൽ 44 പേർക്കെതിരെ കാപ്പ ചുമത്തിയതിൽ 8 പേരെ നാടുകടത്തലിനും ശിക്ഷിച്ചിട്ടുണ്ട്.. കാപ്പപ്രകാരം അമ്പതിലധികം പേർ കരുതൽ തടങ്കലും അനുഭവിക്കുന്നു. സിറ്റി പരിധിയിൽ കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിനെയാണ് നിഷാമിനു മുമ്പ് കാപ്പ ചുമത്തിയത്. നാടുകടത്തൽ ശിക്ഷ ലംഘിച്ച് ഇയാൾ നാട്ടിൽ പ്രവേശിച്ചതിന് ജയിൽ ശിക്ഷയനുഭവിക്കുകയാണിപ്പോൾ. പീച്ചിയിൽ സിജീഷ്, ഷമീർ, സന്ദീപ് ഫസലു, നൗഷാദ് എന്നിവരെല്ലാം സമീപകാലങ്ങളിൽ കാപ്പയുടെ കീഴിൽ വന്നവരാണ്.

നിസാമിനെതിരെ കാപ്പ ചുമത്തണമെന്ന തിരിച്ചറിവിൽ പൊലീസ് എത്തിയത് ഇപ്പോഴല്ല. രണ്ട് വർഷം മുമ്പേ ഇതിനുള്ള ശ്രമം തുടങ്ങി. എന്നാൽ ഉന്നത ബന്ധങ്ങളുപയോഗിച്ച് ഇതിനെ നിസാം തടഞ്ഞു. നിലവിലുണ്ടായിരുന്ന കേസുകൾ പലതും ഒത്തുതീർത്ത് നേരത്തേ ഈ നീക്കം നിസാം പരാജയപ്പെടുത്തുകയായിരുന്നു. എന്നാൽ, ബംഗളൂരുവിൽനിന്നുള്ള രണ്ട് പുതിയ കേസുകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചതും ഒത്തുതീർന്ന കേസുകളും കാപ്പയ്ക്കു പരിഗണിക്കാമെന്ന ഹൈക്കോടതി ഉത്തരവുമാണ് നിസാമിന് വിനയായത്. കാപ്പ ചുമത്തുന്നതിനുള്ള ആദ്യപടിയായി 2013 എപ്രിൽ 26നാണ് നിഷാമിന്റെ പേരിൽ ഗുണ്ടാഹിസ്റ്ററി ഫയൽ പേരാമംഗലം സ്റ്റേഷനിൽ ആരംഭിച്ചത്. തുടർന്ന് 2013 ജൂണിൽ നല്ലനടപ്പിനായി ആർ.ഡി.ഒ. 107 ാം വകുപ്പുപ്രകാരം കേസ് എടുത്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. എന്നാൽ ഈ നീക്കത്തെ നിസാം കൃത്യമായി തടഞ്ഞു.

സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കുക, അപകടവും ഭീതിയും സൃഷ്ടിക്കുക തുടങ്ങിയവയാണ് സമൂഹവിരുദ്ധ പ്രവർത്തനങ്ങളായി കണക്കാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങൾ നിരന്തരമുണ്ടാക്കുന്ന വ്യക്തികൾക്കെതിരെയാണ് കാപ്പ ചുമത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണർ കളക്ടർക്കു നൽകുന്ന ഫയലാണ് കാപ്പ ചുമത്തുന്നതിന്റെ തുടക്കം. തൊട്ടുമുമ്പുള്ള ഏഴ് വർഷങ്ങളിലെ കേസുകളാണ് കാപ്പയ്ക്ക് പരിഗണിക്കുക. അതിൽ അഞ്ചുവർഷമോ അതിനു മുകളിലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസെങ്കിലും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒരുവർഷം മുതൽ അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകൾ. അതുമല്ലെങ്കിൽ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടായിരിക്കണം.

ഗുണ്ടകൾ, കള്ളനോട്ട് നിർമ്മാതാക്കൾ, മണൽമാഫിയ, കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്നവർ തുടങ്ങിയവർക്കെതിരെയൊക്കെയാണ് സാധാരണ കാപ്പ ചുമത്താറുള്ളത്. കാപ്പ ചുമത്തുന്നവരെ നാടുകടത്താം. ഗുണ്ടാ ലിസ്റ്റിലുള്ളവർക്കെതിരെയാണ് സാധാരണ ചുമത്തുന്നത്. ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താനായി ഇവർക്കെതിരെ ലോക്കൽ സ്റ്റേഷനുകളിൽ ഗുണ്ടാ ഹിസ്റ്ററി ഫയൽ തുറക്കും. തുടർന്ന് ആർ.ഡി.ഒ. നല്ലനടപ്പിനായി സി.ആർ.പി.സി. നൂറ്റി ഏഴാം വകുപ്പു പ്രകാരം കേസ് എടുക്കും. എന്നിട്ടും സമൂഹവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് കാപ്പ ചുമത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP