Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേ ബോധം വന്നപ്പോൾ രേവതി ചോദിച്ചത് തന്റെ പ്രിയ വിദ്യാർത്ഥികൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന്; വിവേകാനന്ദ സ്‌കൂളിലെ അദ്ധ്യാപിക ജീവിതത്തിൽ നിന്നും വിടവാങ്ങിയത് നിയന്ത്രണം വിട്ട കാറിന് മുന്നിൽപെട്ട കുട്ടികളെ രക്ഷിക്കാൻ സാധിച്ചെന്ന ചാരിതാർത്ഥ്യത്തോടെ; പ്രിയപ്പെട്ട അദ്ധ്യാപികയുടെ വിയോഗത്തിൽ തേങ്ങി വിദ്യാർത്ഥികൾ

ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേ ബോധം വന്നപ്പോൾ രേവതി ചോദിച്ചത് തന്റെ പ്രിയ വിദ്യാർത്ഥികൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന്; വിവേകാനന്ദ സ്‌കൂളിലെ അദ്ധ്യാപിക ജീവിതത്തിൽ നിന്നും വിടവാങ്ങിയത് നിയന്ത്രണം വിട്ട കാറിന് മുന്നിൽപെട്ട കുട്ടികളെ രക്ഷിക്കാൻ സാധിച്ചെന്ന ചാരിതാർത്ഥ്യത്തോടെ; പ്രിയപ്പെട്ട അദ്ധ്യാപികയുടെ വിയോഗത്തിൽ തേങ്ങി വിദ്യാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: യോഗാ ദിനാചരണത്തിനുള്ള ഒരുക്കത്തിനിടെ സ്‌കൂൾ അസംബ്ലിയിലേക്ക് പാഞ്ഞുകയറിയ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ധ്യാപികയുടെ വിയോഗത്തിൽ തേങ്ങുകയാണ് വിദ്യാർത്ഥികൾ. തന്റെ പ്രിയപ്പെട്ട കുരുന്നുകളെ അപകടത്തിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കവേയാണ് മൂവാറ്റുപുഴയിലെ വിവേകാനന്ദ സ്‌കൂൾ അദ്ധ്യാപികയായിരുന്ന ഇടുക്കി അരീക്കിഴി സ്വദേശിനി വി എം.രേവതിക്ക് പരിക്കേറ്റത്. സ്‌പെനൽ കോഡിന് പരിക്കേറ്റ അദ്ധ്യാപിക കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവേയാണ് മരിച്ചത്.

നട്ടെല്ലിനും ചെവിക്കും പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ധ്യാപിക. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ എട്ട് കുട്ടികൾക്കും പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച യോഗാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സ്‌കൂൾ അസംബ്ലിയിലേയ്ക്ക് കാർ പാഞ്ഞുകയറിയാണ് അദ്ധ്യാപികയ്ക്കും എട്ട് കുട്ടികൾക്കും പരുക്കേറ്റത്. ഇതേ സ്‌കൂളിലെ അഡ്‌മിനിസ്ട്രേറ്ററുടെ കാർ നിയന്ത്രണം വിട്ട് ഇവരെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.

കുട്ടികളെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ ഇടിയുടെ നേരിട്ടുള്ള ആഘാതം ഏറ്റത് അദ്ധ്യാപികയ്ക്കാണ്. പത്ത് വിദ്യാർത്ഥികൾക്ക് അന്ന് നിസ്സാരമായി പരിക്കേറ്റിരുന്നു. സ്‌കൂളിലേക്കു വന്ന അക്കാദമിക് ഡയറക്ടറുടെ കാർ തട്ടിയായിരുന്നു അപകടം. ഏഴാം ക്ലാസ് വിദ്യാർത്ഥികളായ അർച്ചന രാജേഷ്, ഗംഗ കെ.എസ്., ആർദ്ര വിമൽ, ദേവിക രാജേഷ്, വിസ്മയ വിനയകുമാർ, അമിത അനിൽ, അദ്വൈത് അനിരുദ്ധ്, ഹരിഗോവിന്ദ് എ., ദേവിക ജി. കാർത്തിക എന്നിവർക്ക് നിസ്സാര പരിക്കേറ്റിരുന്നു. അതേസമയം നട്ടെല്ലിന് പരിക്കേറ്റ രേവതിയുടെ ജീവൻ പൊലിയുകയായിരുന്നു.

അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ സംഘടിപ്പിച്ചിരുന്ന റൺ ഫോർ യോഗയിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടികൾ. സ്‌കൂൾ വളപ്പിൽനിന്ന് യോഗാ ദിനാചരണം നടത്താൻ നിശ്ചയിച്ചിരുന്ന വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്കുള്ള ഓട്ടം തുടങ്ങാനായി കുട്ടികളെ വരി നിർത്തിത്തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ഈ സമയത്ത് സ്‌കൂൾ മുറ്റത്തേക്ക് കയറ്റം കയറി വരികയായിരുന്നു അക്കാദമിക ഡയറക്ടർ ആർ. കൃഷ്ണകുമാർ വർമയുടെ കാർ. പെട്ടെന്ന് കുറുകെ വന്ന കുട്ടിയുടെ ദേഹത്ത് മുട്ടാതിരിക്കാൻ കാർ വെട്ടിച്ചു മാറ്റിയതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുട്ടികളെ മാറ്റാനുള്ള ശ്രമത്തിനിടെ രേവതി ടീച്ചറെയാണ് കാർ ആദ്യം തട്ടി വീഴ്‌ത്തിയത്. വീണ് തറയിലൂടെ നിരങ്ങി നീങ്ങിപ്പോയ ഇവർക്കൊപ്പം കാർ തട്ടി കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു. സംഭവത്തിൽ മന:പ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. അദ്ധ്യാപിക രണ്ട് ദിവസമായി ന്യൂറോ ഐസിയുവിൽ ചികിത്സയിലായിരുന്നു. കഴുത്തിലെ സ്പൈനൽ കോഡിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിസാര പരുക്കേറ്റ കുട്ടികളെ ചികിത്സ നൽകി വിട്ടയച്ചിരുന്നു. അരിക്കുഴ പുതുപെരിയാരം പാലക്കാട്ട് പുത്തൻപുരയിൽ ദീപുവാണ് രേവതിയുടെ ഭർത്താവ്. മകൾ അദ്വയ്ത. സംസ്‌കാരം ഇന്ന് നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP