Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎമ്മിന്റെ ക്ലീൻചിറ്റിന് പിന്നാലെ ശ്യാമളക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘവും; സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച്ചയെന്നും കണ്ടെത്തൽ; സാജന്റെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി നൽകിയില്ല; സാജന്റെ ആത്മഹത്യാ കുറിപ്പിൽ ആന്തൂർ നഗരസഭാ അധ്യക്ഷയുടെ പേരില്ലെന്ന് പറഞ്ഞ് എല്ലാം വെടിപ്പിക്കാൻ അന്വേഷണ സംഘം; നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും

സിപിഎമ്മിന്റെ ക്ലീൻചിറ്റിന് പിന്നാലെ ശ്യാമളക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘവും; സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച്ചയെന്നും കണ്ടെത്തൽ; സാജന്റെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി നൽകിയില്ല; സാജന്റെ ആത്മഹത്യാ കുറിപ്പിൽ ആന്തൂർ നഗരസഭാ അധ്യക്ഷയുടെ പേരില്ലെന്ന് പറഞ്ഞ് എല്ലാം വെടിപ്പിക്കാൻ അന്വേഷണ സംഘം;  നഗരസഭാ സെക്രട്ടറിയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പി കെ ശ്യാമളയ്ക്ക് ക്ലീൻചിറ്റ് നൽകി അന്വേഷണ സംഘം. ഉദ്യോഗസ്ഥ തലത്തൽ വീഴ്‌ച്ച സംഭവിച്ചതായി കണ്ടെത്തിയ അന്വേഷണ സംഘം സംഭവത്തിൽ എം വി ഗോവിന്ദന്റെ ഭാര്യയെ സംരക്ഷിക്കുന്ന വിധത്തിലുള്ള നടപടികളിലേക്കാണ് നീങ്ങുന്നത്. സാജന്റെ കെട്ടിടത്തിന് ലൈസൻസ് നൽകാൻ എൻജിനീയർ ശുപാർശ ചെയ്തിട്ടും സെക്രട്ടറി ലൈസൻസ് നൽകിയില്ലെന്നും ഡി.വൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി.

കഴിഞ്ഞദിവസം സാജന്റെ വീട്ടിലെത്തിയ പ്രത്യേക പൊലീസ് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. സാജന്റെ മുറിയിൽനിന്ന് ഒരു ഡയറി കണ്ടെത്തിയിരുന്നെങ്കിലും ഇതിൽ ആത്മഹത്യയുമായി ബന്ധപ്പെട്ട കുറിപ്പോ, ആരെയെങ്കിലും പേരെടുത്ത് പറയുന്ന വിവരങ്ങളോ ലഭിച്ചില്ല. വീട്ടിലെ പരിശോധനയ്ക്ക് പുറമേ സാജന്റെ ഭാര്യയിൽനിന്നും ബന്ധുക്കളിൽനിന്നും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കും വരെ അറസ്റ്റ് തടയണമെന്ന ആന്തൂർ നഗരസഭാ മുൻ സെക്രട്ടറിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. സസ്‌പെൻഷനിൽ കഴിയുന്ന എം കെ ഗിരീഷാണ് ഹർജി നൽകിയത്. സാജന്റെ ഭാര്യയെ കേസിൽ കക്ഷി ചേർക്കും. ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചതിന് പിന്നിൽ നഗരസഭാ സെക്രട്ടറിയാണെന്ന് അന്വേഷണ സംഘം പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗിരീഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമിക തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൺവെൻഷൻ സെന്ററിന് അനുമതി വൈകിപ്പിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം നടന്നുവെന്നും രേഖകളുടെ പ്രാഥമിക പരിശോധനയിൽ ഇത് വ്യക്തമായിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു.

നഗരസഭയിലെ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. മുനിസിപ്പൽ എഞ്ചിനീയർ അടക്കം ഓഡിറ്റോറിയത്തിന് അനുമതി നൽകാണമെന്ന് ശുപാർശ ചെയ്തിട്ടും നഗരസഭാ സെക്രട്ടറിയാണ് അതിന് തടസം നിന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓഡിറ്റോറിയം നിർമ്മിച്ചതിലെ അപാകതകൾ ചൂണ്ടിക്കാട്ടി പല തവണ നോട്ടീസ് അയച്ചു. അപാകതകൾ ഒറ്റ നോട്ടീസിൽ ഒതുക്കുന്നതിന് പകരം പല നോട്ടീസുകൾ നൽകിയത് ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അന്വേഷണ സംഘം കണ്ടെത്തി.

ദിവസങ്ങൾക്ക് മുൻപാണ് കൊറ്റാളി സ്വദേശി സാജൻ പാറയിലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 20 വർഷത്തോളം നൈജീരിയയിൽ ബിസിനസ് ചെയ്തിരുന്ന സാജൻ സമ്പാദ്യം മുഴുവൻ ചിലവഴിച്ചാണ് ഓഡിറ്റോറിയം നിർമ്മിച്ചത്. സാജന്റെ സ്വപ്ന പദ്ധതിയായിരുന്നു ആന്തൂരിൽ നിർമ്മിച്ച 'പാർത്ഥ കൺവെൻഷൻ സെന്റർ' എന്ന ഓഡിറ്റോറിയം. ഓഡിറ്റോറിയത്തിന് നഗരസഭ അധികൃതർ അനുമതി നിഷേധിച്ചതിൽ മനംനൊന്തായിരുന്നു സാജൻ ആത്മഹത്യ ചെയ്തത്.

ഈ വിവാദത്തിൽ നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമള രാജിവയ്ക്കേണ്ടതില്ലെന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് അവിടെ കെട്ടിടം നിർമ്മിച്ചുവെന്ന പ്രശ്നമാണ് ഉയർന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി കോടിയേരി പറഞ്ഞു. അപാകങ്ങൾ ചൂണ്ടിക്കാണിക്കുകയും തിരുത്തുകയും ചെയ്യേണ്ടിവന്നതിനു സമയമെടുത്തു. ഇക്കാര്യത്തിൽ നഗരസഭാ സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച താൻ നേരത്തെ ചൂണ്ടിക്കാണിച്ചതാണെന്നും കോടിയേരി പറഞ്ഞു.

ശ്യാമളയുടെ രാജിസന്നദ്ധത തള്ളിയെന്നോ സ്വീകരിച്ചെന്നോ പറയേണ്ട കാര്യമില്ല. ഇങ്ങനെ ഒരു പ്രശ്നം ഉയർന്നപ്പോൾ അവർ തന്റെ നിലപാട് ജില്ലാസെക്രട്ടറിയെ അറിയിച്ചിട്ടുണ്ടാകും. കോൺഗ്രസിന്റെ പ്രവർത്തനരീതിയല്ല സിപിഎമ്മിന്റേത്. ലൈസൻസ് കൊടുക്കാനുള്ള അധികാരം നഗരസഭാ അധ്യക്ഷയ്ക്കില്ല. സെക്രട്ടറിയാണ് അതു ചെയ്യേണ്ടത്. ഇതു സംബന്ധിച്ചു വിവിധ തലത്തിലുള്ള അന്വേഷണങ്ങൾ നടക്കുകയാണ്. സത്യം പുറത്തുവരട്ടെയെന്നും കോടിയേരി പറഞ്ഞു.

വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി. നസീറിനെതിരെയുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മിഷന്റെ നടപടിക്രമങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ വന്നിട്ടില്ല. സംസ്ഥാനകമ്മിറ്റി അല്ല കമ്മിഷനെ വച്ചത്. ജില്ലാകമ്മിറ്റിയുടെ ആ നടപടിയിൽ സംസ്ഥാനകമ്മിറ്റി ഇടപെടേണ്ട കാര്യമില്ലെന്നും കോടിയേരി പറഞ്ഞു. അതേസമയം ശ്യാമളക്കെതിരെ മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് സാജന്റെ കുടുംബം. താൻ അധ്യക്ഷയുടെ കസേരയിൽ ഉള്ളടത്തോളം കൺവൻഷൻ സെന്ററിന് അനുമതി നൽകില്ലെന്നു പി.കെ.ശ്യാമള സാജനോടു പറഞ്ഞതായി പ്രത്യേകാന്വേഷണ സംഘത്തിനു നൽകിയ മൊഴിയിൽ സാജന്റെ ഭാര്യ ബീന ആവർത്തിച്ചു. കണ്ണൂർ നർകോട്ടിക് സെൽ ഡിവൈഎസ്‌പി വി.എ.കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP