Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രേമചന്ദ്രനെ ഭാഗ്യം തുണച്ചില്ല; ശബരിമല ബിൽ പാർലമെന്റിൽ ഉടൻ ചർച്ചയ്‌ക്കെടുക്കില്ല; നറുക്ക് വീഴാതെ വന്നതോടെ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുന്ന ബില്ലിന്റെ സാധ്യതകൾ കുറഞ്ഞു; എംപി അവതരിപ്പിച്ച മറ്റുമൂന്നു സ്വകാര്യബില്ലുകൾക്കും നറുക്ക് വീണില്ല

പ്രേമചന്ദ്രനെ ഭാഗ്യം തുണച്ചില്ല; ശബരിമല ബിൽ പാർലമെന്റിൽ ഉടൻ ചർച്ചയ്‌ക്കെടുക്കില്ല; നറുക്ക് വീഴാതെ വന്നതോടെ ശബരിമലയിലെ യുവതീപ്രവേശനത്തെ എതിർക്കുന്ന ബില്ലിന്റെ സാധ്യതകൾ കുറഞ്ഞു; എംപി അവതരിപ്പിച്ച മറ്റുമൂന്നു സ്വകാര്യബില്ലുകൾക്കും നറുക്ക് വീണില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരായി ആചാരസംരക്ഷണം ആവശ്യപ്പെട്ടുള്ള എൻ.കെ.പ്രേമചന്ദ്രന്റെ സ്വകാര്യ ബിൽ ഉടൻ ചർച്ചയ്ക്ക് എടുക്കില്ല. ജൂലൈ 12 ന് ചർച്ചയ്ക്ക് എടുക്കേണ്ട ബില്ലുകൾ നറുക്കിട്ടെടുത്തപ്പോൾ ശബരിമല ബില്ലിന് നറുക്ക് വീണില്ല. ഒൻപത് അംഗങ്ങൾ അവതരിപ്പിച്ച മുപ്പത് സ്വകാര്യബില്ലുകളിൽ നിന്ന് മൂന്നെണ്ണമാണ് ചർച്ചയ്ക്കായി നറുക്കിട്ടെടുത്തത്. ജനാർദൻ സിങ് സിഗ്‌രിവാൾ, സുനിൽ കുമാർ സിങ്, ശ്രീരംഗ് ബർണെ എന്നിവരുടെ ബില്ലുകളാണ് ചർച്ചയ്ക്ക് വരിക. ഇനിയുള്ള നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബിൽ നറുക്കെടുപ്പിന് വരും. എന്നാൽ, ചർച്ചയ്ക്ക് എടുക്കാനുള്ള സാധ്യത കുറവാണ്.

സെപ്റ്റംബർ 28ന്റെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എൻ.കെ.പ്രേമചന്ദ്രൻ സ്വകാര്യ ബിൽ കൊണ്ടുവന്നത്. ഇതിനായുള്ള നറുക്കെടുപ്പിൽ പ്രേമചന്ദ്രന്റെ നാല് ബില്ലുകളും ഉൾപ്പെടാത്തതോടെയാണ് ചർച്ച ഒഴിവായത്. സഭയുടെ പരിഗണനയിലുള്ള 32 ബില്ലുകൾ നറുക്കിട്ട് അതിൽ പ്രഥമ പരിഗണന ലഭിക്കുന്ന മൂന്നെണ്ണമാണ് സാധാരണ ചർച്ചയ്ക്കെടുക്കുക ഇന്ന് നറുക്ക് വീണിരുന്നെങ്കിൽ പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലെന്ന നിലയിൽ ജൂലായ് 12ന് ബിൽ പരിഗണിക്കുമായിരുന്നു.

നിയമത്തിലൂടെ 2018 സെപ്റ്റംബർ ഒന്നിന് മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നും ഒരു കോടതി വിധിയും ബാധകമാക്കരുതെന്നും പ്രേമചന്ദ്രൻ ബില്ലിൽ ആവശ്യപ്പെട്ടിരുന്നു. കോടതി, ട്രിബ്യൂണൽ, അഥോറിറ്റി എന്നിവയുടെ വിധി, അപ്പീൽ, നിയമം എന്നിവ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾക്ക് തടസമാകരുത്. തടസമാകുന്ന വിധികളും നിയമങ്ങളും റദ്ദാക്കണം. ആചാരാനുഷ്ഠാനങ്ങൾ നടപ്പാകുന്നുവെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് എതിരെയുള്ള ബില്ലിനു പുറമെ എൻ.കെ. പ്രേമചന്ദ്രന്റെ മൂന്നു സ്വകാര്യ ബില്ലുകൾക്കു കൂടി ലോക്സഭാ സെക്രട്ടേറിയറ്റ് അവതരണാനുമതി നൽകിയിരുന്നു. തൊഴിലുറപ്പ് നിയമത്തിനു കീഴിൽ 200 തൊഴിൽ ദിനങ്ങളും കുറഞ്ഞ വേതനം 800 രൂപയാക്കാനും ഇ.എസ്‌ഐ ആനുകൂല്യം ഉറപ്പാക്കാനും നിർദ്ദേശിക്കുന്ന ബിൽ, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഇ.എസ്‌ഐ ആനുകൂല്യം വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ, സാധാരണക്കാരെയും രോഗികളെയും സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ നിർദ്ദേശിക്കുന്ന ബിൽ എന്നിവയാണ് സഭയിൽ അവതരിപ്പിച്ചത്.

ബി്ല്ലിനോട് ബിജെപിക്ക് അനുകൂല പ്രതികരണമായിരുന്നില്ല. അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നിയമനിർമ്മാണം വേണമെന്ന് ബിജെപി നിലപാടെടുത്തിട്ടുണ്ടെങ്കിലും പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിനെ തുണയ്ക്കാൻ തയ്യാറായില്ല. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ള ബില്ലല്ലെന്നും മാധ്യമവാർത്തകളിൽ ഇടം നേടാനാണ് ബില്ലമായി വരുന്നതെന്നുമായിരുന്നു മീനാക്ഷി ലേഖിയുടെ ആരോപണം. ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണ്. ഒരു ഭാഗത്ത് യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയുമാണ് മീനാക്ഷി ലേഖിയുടെ നിലപാടിന് പിന്നിലുള്ളതെന്നും പ്രേമചന്ദ്രൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബിൽ ആണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂർണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസ്സവാദങ്ങൾ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവർ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവർ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാൻ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാർഥതയില്ലായ്മ തെളിക്കുകയാണ് അവർ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP