Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ദബുദ്ധിയെന്ന് ട്രംപിനെ വിളിച്ച് ഇറാൻ പ്രസിഡന്റ്; അമേരിക്കയെ തൊടുന്നത് സ്വപ്‌നം കണ്ടാൽ തീർത്തുകളയുമെന്ന് ട്രംപ്; ഇറാനിൽ കയറിയാൽ പിന്നെ പുറത്തു കടക്കുന്നതിനെ കുറിച്ച് ആലോചിക്കുക കൂടിയില്ലെന്നും ട്രംപ്; ഇറാനും അമേരിക്കയും വാക്കുകൾ കൊണ്ടുള്ള യുദ്ധം തുടരുമ്പോൾ

മന്ദബുദ്ധിയെന്ന് ട്രംപിനെ വിളിച്ച് ഇറാൻ പ്രസിഡന്റ്; അമേരിക്കയെ തൊടുന്നത് സ്വപ്‌നം കണ്ടാൽ തീർത്തുകളയുമെന്ന് ട്രംപ്; ഇറാനിൽ കയറിയാൽ പിന്നെ പുറത്തു കടക്കുന്നതിനെ കുറിച്ച് ആലോചിക്കുക കൂടിയില്ലെന്നും ട്രംപ്; ഇറാനും അമേരിക്കയും വാക്കുകൾ കൊണ്ടുള്ള യുദ്ധം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ ഓരോദിവസവും കൂടുന്നത് ആയുധങ്ങൾകൊണ്ടുള്ള പോരിൽ മാത്രമല്ല. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെയും വാക്കുകൾ കൊണ്ടുള്ള യുദ്ധവും മുറുകുകയാണ്. പ്രകോപനത്തിന്റെ അങ്ങേത്തലയ്ക്കൽ നിന്നുകൊണ്ടാണ് ഇരുവരും പ്രസ്താവനകളിറക്കുന്നത്. ഡൊണാൾഡ് ട്രംപ് ഒരു മന്ദബുദ്ധിയാണെന്നാണ് ഏറ്റവുമൊടുവിൽ റൂഹാനി വിളിച്ചത്. ഇറാനിൽ കടന്നാൽ, പിന്നെ തിരിച്ചുപോകുന്നതെങ്ങനെയെന്നതിനെ കുറിച്ചുപോലും അമേരിക്ക ആലോചിക്കില്ലെന്നും സർവം നശിപ്പിക്കുമെന്നും ട്രംപ് തിരിച്ചടിക്കുകയും ചെയ്തു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ ലക്ഷ്യമിട്ട് പുതിയ സാമ്പത്തിക നിയന്ത്രണങ്ങൾ അമേരിക്ക പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് റൂഹാനി ട്രംപിനെ നിശിതമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇറാന്റെ നേതൃത്വത്തിലുള്ള്ളവർ മുരടന്മാരും അപഹസിക്കുന്നവരുമാണെന്ന് ട്രംപ് മറുപടി നൽകി. യാഥാർഥ്യമെന്തെന്ന് മനസ്സിലാക്കാതെയാണ് ഇവർ മുന്നേറുന്നത്. അമേരിക്കയുടേതായിട്ടുള്ള ഏതിനെയെങ്കിലും ഇറാൻ ആക്രമിക്കുകയാണെങ്കിൽ അതവരുടെ സർവനാശത്തിന്റെ തുടക്കമാകും. തുടച്ചുനീക്കാതെ പിന്നെ പിന്നോട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ഇറാന് നൽകാൻ പുതിയ സന്ദേശമൊന്നുമില്ലെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോടായി ട്രംപ് പറഞ്ഞു. അവർ എപ്പോൾ യുദ്ധത്തിന് സജ്ജമാണോ അപ്പോൾ അറിയിച്ചാൽ മാത്രം മതി. ഇവിടെ ഭരിക്കുന്നത് ബരാക് ഒബാമയോ സ്‌റ്റേറ്റ് സെക്രട്ടറി ജോൺ കെറിയോ അല്ലെന്ന് ഓർമവേണമെന്നും ട്ര്ംപ് പറഞ്ഞു. നേരത്തെ. നിരീക്ഷണ ഡ്രോണിനെ വെടിവെച്ചിട്ടതിനെത്തുടർന്ന് ഇറാനെ ആക്രമിക്കാൻ ട്രംപ് നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഈ നിർദ്ദേശം പിൻവലിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ, അമേരിക്കയുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളില്ലെന്നാണ് റൂഹാനിയുടെ നിലപാട്. വഴികളൊക്കെ അടയുന്നതിനാൽ, ചർച്ചയെന്ന ഉപാധിയുമായി രംഗത്തെത്തുകയാണ് അമേരിക്കയെന്നും റൂഹാനി ആരോപിച്ചിരുന്നു. വിദേശത്ത് യാതൊരു സ്വത്തുവകകളുമില്ലാത്ത ഖമേനിയെ ലക്ഷ്യമിട്ട് നടത്തിയ പുതിയ നിയന്ത്രണങ്ങൾ വിഡ്ഢിത്തം നിറഞ്ഞതാണെന്നും ടെഹ്‌റാനിൽ മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെ, റൂഹാനി പറഞ്ഞു.

യു.എസ്. ഡ്രോൺ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഖമേനിയെ ലക്ഷ്യമിട്ട് പുതിയ നടപടികൾ ട്രംപ് പ്രഖ്യാപിച്ചത്. തങ്ങളുടെ വ്യോമപരിധി ലംഘിച്ചതിന്റെ പേരിലാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് ഇറാനും ആരോപിച്ചിരുന്നു. എന്നാൽ, ഡ്രോൺ അന്താരാഷ്ട്ര വ്യോമപരിധിക്കുള്ളിലായിരുന്നുവെന്നും ഇറാന്റെ നടപടി പ്രകോപനപരമാണെന്നും അമേരിക്കയും വ്യക്തമാക്കി.

ചർച്ചകൾക്ക് തയ്യാറാണെന്ന അമേരിക്കയുടെ നിലപാടിൽ യാതൊരു ആത്മാർഥതയുമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിയെന്ന് റൂഹാനി പറഞ്ഞു. ഇറാന്റെ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സെയ്ഫിനും അമേരിക്ക നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചർച്ചകൾക്ക് തയ്യാറാണാണെങ്കിൽ ആ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയ്‌ക്കെതിരേ നടപടികൾ പ്രഖ്യാപിക്കുമോ എന്നും റൂഹാനി ചോദിക്കുന്നു. എന്നാൽ, അമേരിക്ക ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാന്റെ മൗനമാണ് എല്ലാത്തിനും തടസ്സമെന്നുമായിരുന്നു യുഎസ് ദേശീയ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പ്രതികരണം.
രാജ്യത്തെ പരമോന്നത നേതൃത്വത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ പ്രതികരിച്ചു. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ് പ്രതികരിച്ചപ്പോൾ, സ്വയം നിയന്ത്രണം പാലിക്കാൻ ചൈന ഇരുരാജ്യങ്ങളോടും അഭ്യർത്ഥിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും വിദേശകാര്യമന്ത്രി ജവാദ് ഷെരീഫും ഉൾപ്പെടെയുള്ള ഉന്നതരെ രാജ്യാന്തര ധനഇടപാടുകൾ നടത്തുന്നതിൽ നിന്നു വിലക്കുന്നതാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവച്ച പുതിയ ഉത്തരവ്. യുഎസ് സൈന്യത്തിന്റെ ചാരവിമാനം ഇറാൻ വെടിവച്ചിട്ടതിനെ തുടർന്നായിരുന്നു നടപടി.

ഇതേസമയം, തുറന്ന ചർച്ചയ്ക്ക് യുഎസ് വാതിൽ തുറന്നിട്ടിരിക്കയാണെന്നും ഇറാൻ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ ജറുസലമിൽ കുറ്റപ്പെടുത്തി. എന്നാൽ പുതിയ ഉപരോധം ഏർപ്പെടുത്തിയ ശേഷം ചർച്ചയ്ക്കു തയ്യാറെന്നു പറയുന്നതു കാപട്യമാണെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ടിവിയിലൂടെ പരിഹസിച്ചു. ''ഖമനയിക്ക് വിദേശത്ത് സ്വത്തുക്കളൊന്നുമില്ല. അതിനാൽ യുഎസ് നടപടി കൊണ്ട് അദ്ദേഹത്തിനു പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനുമില്ല. യുഎസ് ഭരണകൂടത്തിന്റെ മാനസിക വളർച്ചയില്ലായ്മയുടെ ഉദാഹരണമാണ് ഉപരോധം-'' റൂഹാനി പറഞ്ഞു.

ഇതിനിടെ, ഇറാനെതിരെ യുദ്ധമുണ്ടായാൽ അതിൽ പങ്കാളിയാകാൻ യുഎസ് ആവശ്യപ്പെടുമെന്നു കരുതുന്നില്ലെന്ന് ബ്രിട്ടൻ പ്രതികരിച്ചു. ഇറാൻ പ്രതിസന്ധി സംബന്ധിച്ച് സൗദിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും റഷ്യയും ഇസ്രയേലുമായി ജോൺ ബോൾട്ടനും ചർച്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP