Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെക്കും ചെറോട് നാലാം വാർഡിൽ ഞാനോ എന്റെ കുടുംബമോ ഒരിക്കലും സിപിഎമ്മിനെതിരെ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് ഉണ്ടാവില്ല; ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നൽകുമെന്നും കരാർ; സ്വന്തം ക്വാറിയിൽ ഖനനം നടത്താൻ ലീഗുകാരനായ സംരംഭകൻ സിപിഎമ്മുമായി ഒപ്പു വച്ചത് പാർട്ടി വിരുദ്ധ കരാർ; മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചപ്പോൾ സ്ഥാനം രാജിവച്ച് ഷൗക്കത്തലി; പിണറായിയുടെ വ്യവസായ സൗഹൃദ നാട്ടിൽ വ്യവസായം നടത്താൻ ഒത്തുതീർപ്പിനിറങ്ങിയ നേതാവിന് പണി കിട്ടുമ്പോൾ

തെക്കും ചെറോട് നാലാം വാർഡിൽ ഞാനോ എന്റെ കുടുംബമോ ഒരിക്കലും സിപിഎമ്മിനെതിരെ തിരഞ്ഞെടുപ്പ് മത്സര രംഗത്ത് ഉണ്ടാവില്ല; ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നൽകുമെന്നും കരാർ; സ്വന്തം ക്വാറിയിൽ ഖനനം നടത്താൻ ലീഗുകാരനായ സംരംഭകൻ സിപിഎമ്മുമായി ഒപ്പു വച്ചത് പാർട്ടി വിരുദ്ധ കരാർ; മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചപ്പോൾ സ്ഥാനം രാജിവച്ച് ഷൗക്കത്തലി; പിണറായിയുടെ വ്യവസായ സൗഹൃദ നാട്ടിൽ വ്യവസായം നടത്താൻ ഒത്തുതീർപ്പിനിറങ്ങിയ നേതാവിന് പണി കിട്ടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഒറ്റപ്പാലം:ആന്തൂരിലെ സാജൻ പാറയിലിന്റെ ആത്മഹത്യ കേരളത്തിലെ നിക്ഷേപ സൗഹൃദ സാഹചര്യം ചർച്ചയാക്കുകയാണ്. പല വിചിത്ര ഇടപാടുകളും നടക്കുന്നു. സിപിഎമ്മിനെ പിണക്കി ആർക്കും മുമ്പോട്ട് പോകാൻ കഴിയില്ല. പരമാവധി സഹകരിക്കണം. ഇത് മനസ്സിലാക്കിയ ഒരു വ്യവസായി ഉണ്ട്. ലക്കിടി തെക്കുംചെറോഡ് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന്റെ 3 ഉടമസ്ഥരിൽ ഒരാളാണു ഷൗക്കത്തലി. മുസ്ലിം ലീഗ് പാർട്ടിക്കാരനാണ് ഷൗക്കത്തലി. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇതുകൊണ്ട് തന്നെ സിപിഎമ്മുമായി ഷൗക്കത്തലി കരാറുണ്ടാക്കി. ഈ കരാർ ഷൗക്കത്തലിക്ക് ഇപ്പോൾ വിനയാകുകയാണ്.

ബിസിനസ് പങ്കാളിത്തമുള്ള കരിങ്കൽ ക്വാറിയുടെ സുഗമമായ നടത്തിപ്പിനു പ്രാദേശിക സിപിഎം നേതാക്കൾ നിർദ്ദേശിച്ച വ്യവസ്ഥകൾക്കു വഴങ്ങിയെന്ന വിവാദത്തിൽ മുസ്ലിം ലീദിന്റെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം ഷൗക്കത്തലി രാജിവച്ചു. ലീഗ് നേതൃത്വതം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്. നിയോജക മണ്ഡലം പ്രസിഡന്റിനു രാജിക്കത്തു നൽകിയതായി ലക്കിടി പേരൂർ പഞ്ചായത്ത് അംഗവും തെക്കുംചെറോട്ടെ ക്രഷർ യൂണിറ്റ് പങ്കാളിയുമായ പി. എ. ഷൗക്കത്തലി അറിയിച്ചു. ബിസിനസിനു തടസ്സം വരാതിരിക്കാൻ താൻ എഴുതി ഒപ്പിട്ടുകൊടുത്ത വ്യവസ്ഥകൾ മുസ്ലിം ലീഗ് അച്ചടക്കത്തിനു നിരക്കാത്തതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണു നേതൃസ്ഥാനത്തുനിന്നുള്ള രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവാദ വ്യവസ്ഥകളെക്കുറിച്ചു മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം കഴിഞ്ഞ ദിവസം ഷൗക്കത്തലിയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിൽ പാർട്ടി അച്ചടക്ക സമിതി ചേരാനിരിക്കെയാണു രാജി. ലീഗ് നേതാവുമായി കരാറിലോ വ്യവസ്ഥകളിലോ ഏർപ്പെട്ടിട്ടില്ലെന്നാണു സിപിഎം നിലപാട്. എന്നാൽ കരാർ പുറത്തു വന്നത് ഷൗക്കത്തലിക്ക് തിരിച്ചടിയായിരുന്നു. 'തെക്കുംചെറോട് നാലാം വാർഡിൽ ഞാനോ എന്റെ കുടുംബമോ ഒരിക്കലും പാർട്ടിക്കെതിരെ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടാവില്ല' - എന്ന കരാർ വ്യവസ്ഥയാണ് വിനയായത്.

ഏറെ വിചിത്രമാണ് കരാറിലെ കാര്യങ്ങൾ. ''ക്രഷർ വ്യവസായിയോടു കരാർ എഴുതി വാങ്ങിയ കാര്യം അറിയില്ലെന്നും പാർട്ടി ലോക്കൽ കമ്മിറ്റി ഇങ്ങനെയൊരു കാര്യം അറിഞ്ഞിട്ടില്ലെന്നും സിപിഎം ലക്കിടി ലോക്കൽ സെക്രട്ടറി ടി. ഷിബു പറയുന്നു. കേട്ട വിവരത്തെ കുറിച്ച് അന്വേഷിക്കുമെന്നാണ് വിശദീകരിക്കുന്നത്. ഏതായാലും സോഷ്യൽ മീഡിയയിൽ ഈ കരാറും വാർത്തയും സജീവ ചർച്ചയായി. ഇതോടെയാണ് ലീഗ് നേതൃത്വം സംഭവത്തെ ഗൗരവത്തോടെ കണ്ടത്. എഴുതിക്കൊടുക്കേണ്ടിവന്ന കരാറാണിത്. പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഷൗക്കത്തലി.

പാർട്ടിയുടെ പ്രാദേശിക സിപിഎം നേതാക്കൾക്ക് ഒപ്പിട്ടു കൊടുത്ത കരാർ ആന്തൂർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണു പുറത്തുവന്നത്. ഇതോടെ ചർച്ചകൾ തുടങ്ങി. കഴിഞ്ഞ വർഷം ജൂലൈ 26നു 'സിപിഎം ലോക്കൽ കമ്മിറ്റിക്ക് എഴുതിക്കൊടുത്ത കരാർ' എന്ന പേരിൽ 100 രൂപയുടെ മുദ്രപത്രത്തിലും ഇതിന്റെ തുടർച്ചയായി വെള്ളക്കടലാസിലും അക്കമിട്ടെഴുതിയ 6 വ്യവസ്ഥകളാണ് ഉള്ളത്. 'ബിജെപി, ആർഎസ്എസ് എന്നിവരുമായി രാഷ്ട്രീയസൗഹൃദങ്ങൾ ഉണ്ടാവുന്നതല്ല' എന്നതും കരാറിന്റെ ഭാഗമാണ്. ലക്കിടി തെക്കുംചെറോഡ് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിന്റെ 3 ഉടമസ്ഥരിൽ ഒരാളാണു ഷൗക്കത്തലി. ക്രഷർ യൂണിറ്റിനും കരിങ്കൽ ഖനനത്തിനുമുള്ള തടസ്സങ്ങൾ മാറ്റാൻ ചെയ്യുന്ന സഹായങ്ങൾ എന്ന പേരിലുള്ള കരാറിലെ മറ്റു വ്യവസ്ഥകളും വിചിത്രമാണ്.

പ്രദേശവാസികൾക്കു നഷ്ടമോ അപകടമോ സംഭവിച്ചാൽ ഞാൻ ഉത്തരവാദി, ക്വാറിയിൽനിന്ന് ദിവസവും 10 ലോഡ് കല്ല് മംഗലം സിഐടിയു യൂണിറ്റിന് നൽകും (ഇത് ചുമട്ടുതൊഴിലാളികൾക്കു ലോഡ് കയറ്റാനുള്ള അവകാശമാണെന്നാണു വിവരം), സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്കു സഹായങ്ങൾ ചെയ്യും, ക്വാറി കാരണം റോഡിനു കേടുപറ്റിയാൽ അറ്റകുറ്റപ്പണിക്കു സഹായിക്കും തുടങ്ങിയ വകുപ്പുകളും ഉണ്ട്. രണ്ടുസാക്ഷികൾ ഒപ്പുവച്ചതാണു കരാർ.

ക്വാറി അടച്ചിടേണ്ടി വന്ന ഘട്ടം വന്നു. ഞാൻ രാഷ്ട്രീയ പ്രവർത്തകനായതിന്റെ പേരിൽ ബിസിനസിലെ പങ്കാളികൾക്കു കൂടി നഷ്ടമുണ്ടാകുന്ന ദുരവസ്ഥ ഒഴിവാക്കാൻ വ്യവസ്ഥകൾക്കു വഴങ്ങി. ഒപ്പിടാൻ നിർബന്ധിതനായി എന്നാണ് ഷൗക്കത്തലി പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP