Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റബർവില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയും മൂകം; വാഹനങ്ങളില്ല, ആളനക്കമില്ല, ആഘോഷവും ആഡംബരവുമില്ല; രക്ഷിക്കാൻ രാഷ്ടീയക്കാരും പത്രങ്ങളുമില്ലാതെ ഒറ്റപ്പെടലിന്റെ വേദനയിൽ റബർ കർഷകർ

റബർവില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയും മൂകം; വാഹനങ്ങളില്ല, ആളനക്കമില്ല, ആഘോഷവും ആഡംബരവുമില്ല; രക്ഷിക്കാൻ രാഷ്ടീയക്കാരും പത്രങ്ങളുമില്ലാതെ ഒറ്റപ്പെടലിന്റെ വേദനയിൽ റബർ കർഷകർ

കോട്ടയം: പണ്ട്, റബറിനു വിലകൂടിയിരുന്ന സമയത്ത് മഹീന്ദ്ര കമ്പനിക്കാരുടെ ഒരു സംഘം മുംബൈയിലെ ആസ്ഥാനത്തുനിന്നു കോട്ടയത്തു വന്നു. അവരുടെ പുതുപുത്തൻ മോഡൽ ജീപ്പ് പടപടാന്നു വിറ്റഴിയുന്നു. രൊക്കം പണം കൊടുത്ത് കോട്ടയം ജില്ലയിലെ പാലായിലേക്കാണ് സർവ ജീപ്പും ഓടിച്ചുപോകുന്നത് . കാര്യമെന്താണെന്നു പഠിക്കാനാണു സംഘമെത്തിയത്. ഇവിടെയെത്തിയപ്പോഴാണു മനസിലായതു റബർകൃഷിയിലൂടെ പണം കുന്നുകൂടിയ പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും കർഷകരാണു ജീപ്പിനു വേണ്ടി ഇരച്ചെത്തുന്നതെന്ന്.

ഇപ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു.റബറിനു വില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെ ശ്്മശാനമൂകതയിലായി. ആഡംബരവാഹനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്ന പാതകളിൽ ആളനക്കം കുറവ്. വീടുകളിൽ ആഡംബരങ്ങളോ അടിച്ചുപൊളിയോ ഇല്ല. റബർകൃഷി പലരും ഉപേക്ഷിച്ചിരിക്കുന്നു. മിക്കയിടത്തും റബർ വെട്ടാതെയും റീപ്ലാന്റ് ചെയ്യാതെയും വെറുതേയിട്ടിരിക്കുന്ന തോട്ടങ്ങൾ കാടുകയറിയിരിക്കുന്നു. റബർ വില പകുതിയായിട്ടും വെട്ടുകൂലിയിൽ ഒട്ടും കുറവില്ലാത്തതിനാൽ വെട്ടാതിരിക്കുന്നതാണു ലാഭകരമെന്ന് കർഷകർ മനസിലാക്കിയതോടെ റബർവെട്ടു തൊഴിലാളികളുടെ കഞ്ഞിയിലും പാറ്റ വീണു. കാഞ്ഞിരപ്പള്ളിയിലെ ഹ്യൂണ്ടായ് ഷോറൂമിലെ കണക്കനുസരിച്ച് റബറിനു വിലയുണ്ടായിരുന്ന രണ്ടുവർഷം മുമ്പത്തേക്കാൾ പ്രതിമാസം 10 വണ്ടികൾ കുറവാണ് ഈ വർഷം ചെലവാകുന്നത്. ബൈക്കുകളാണെങ്കിൽ പാലാ യമഹാ ഷോറൂമിലെ കണക്കുപ്രകാരം എട്ടെണ്ണത്തിന്റെ കുറവാണു കാണിക്കുന്നത്. പലരും റബർ വെട്ടി മറ്റു കൃഷികളിലേക്കുമാറി. ഉദാഹരണത്തിന് പാലാ കാപ്പിൽ തങ്കച്ചൻ നാലേക്കർ റബർതോട്ടം വെട്ടി തേക്കും വാഴയും വച്ചതു അടുത്തനാളിലാണ്. കാഞ്ഞിരപ്പള്ളി പാംബ്ലാനിയിൽ സേവിച്ചൻ അഞ്ചേക്കർ റബർതോട്ടം വെട്ടി കപ്പയും വാഴയും വച്ചു.

വിലയിടിവിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾത്തന്നെ കപ്പകൃഷിയിലേക്കു ചുവടുമാറിയ മിടുക്കന്മാർക്കും കിട്ടി ഇരുട്ടടി. കഴിഞ്ഞവർഷം കിലോഗ്രാമിനു 25-28 രൂപ പച്ചക്കപ്പയ്ക്കു കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് ഈ വർഷം അതു 8-10 രൂപയായി. എല്ലാവരും ഒരുപോലെ ചിന്തിച്ചതാണു വിനയായതും കുത്തുപാളയെടുപ്പിച്ചതും. കഴിഞ്ഞവർഷത്തെ വിലക്കൂടുതൽ കണ്ട കർഷകരെല്ലാംതന്നെ ഈ വർഷം കപ്പകൃഷിയെ ആശ്രയിച്ചതോടെ കപ്പ ഉത്പാദനം കൂടിപ്പോയതാണു വിലകുറയാൻ കാരണം. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ഒതുങ്ങിയിരുന്ന റബർകൃഷിയുടെ വിജയം കണ്ടിട്ടാണ് പിന്നീട് കണ്ണൂർ, കാസർകോട്,വയനാട്, മലപ്പുറം ജില്ലകളിലേക്കു കുടിയേറിയത്. ഇപ്പോൾ അവിടെയൊക്കെ ജീവിതനിലവാരം താണുതുടങ്ങി.

പെൺകുട്ടികളെ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കന് ജോലിയില്ലെങ്കിലും കുടുംബത്ത് പത്ത് റബർ ഉണ്ടായാൽ മതിയായിരുന്നു പണ്ട്്. ഇപ്പോൾ വിവാഹമാർക്കറ്റിൽ വിലയില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു റബർകർഷകരുടെ കുടുംബങ്ങൾ. എന്തിനേറെ വിവാഹത്തിന്റെ ആർഭാടങ്ങളെല്ലാം ഒഴിവാക്കി. സ്ത്രീധനത്തിന്റെയും കല്യാണസാരിയുടെ പോലും മേനി കുറഞ്ഞു. ഒരു കോടിയും കാറും കൊടുത്തവർ പകുതിയിലൊതുക്കി. 40,000 രൂപയുടെ കല്യാണസാരി വാങ്ങിയ സ്ഥാനത്തു പകുതിവിലയുടെ സാരിയായി. സദ്യയുടെ ധാരാളിത്തമില്ല. കോട്ടയം വിൻഡ്‌സർ കാസിലിലും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും റിസെപ്ഷനും സദ്യയുമൊക്കെ വച്ചിരുന്നവർ അതതു പ്രദേശത്തെ പള്ളി ഓഡിറ്റോറിയവും കമ്യൂണിറ്റി ഹാളും കൊണ്ടൊക്കെ തൃപ്തിപ്പെടാൻ പഠിച്ചു. ആഡംബരവാഹനങ്ങളിൽമാത്രം പുറത്തേക്കിറങ്ങിയിരുന്നവർ ഇപ്പോൾ ഇരുചക്രവാഹനങ്ങളിലായി ചുറ്റൽ.

റബർകൃഷിയിലേക്കു കടന്നവരിൽ കൂടുതലും ക്രിസ്ത്യാനികളാണ്, പ്രത്യേകിച്ചു കത്തോലിക്കർ. മണ്ണും കൃഷിയും ഏതുനിമിഷവും ചതിക്കുമെന്ന് വർഷങ്ങളുടെ അനുഭവത്തിലൂടെ മനസിലാക്കിയവർ പെൺമക്കളെ നഴ്‌സിംഗിനയച്ചു. പിന്നെ ഇംഗ്ലണ്ട്, അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും. അതുകൊണ്ട് ആ കുടുംബങ്ങളൊക്കെ നരകിക്കാതെ രക്ഷപ്പെട്ടു. അങ്ങനെ മധ്യകേരളവും. അല്ലായിരുന്നെങ്കിൽ സംസ്ഥാനമൊന്നാകെ വിവരമറിഞ്ഞേനെ. പണ്ടു നറുക്കിട്ടെടുത്തു കൊലപാതകം നടത്തിയിരുന്നവരെന്നു കളിയാക്കി പറഞ്ഞിരുന്ന പാലാക്കാർ ഇന്നു പൊതുവേ ഒതുങ്ങിക്കഴിയുകയാണ്. പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നൂറ് ഊണു ചെലവാകുമ്പോൾ 30 എണ്ണം സ്‌പെഷലായിരുന്നെങ്കിൽ ഇന്നതു 10 ആയി കുറഞ്ഞു.

ടൗണിലെ പ്രധാന സൂപ്പർമാർക്കറ്റിൽ മാസം രണ്ടായിരം രൂപയുടെ പച്ചമീൻ വാങ്ങിയിരുന്ന കുടുംബം ഇന്നു 500 രൂപയുടെ മീൻ മാത്രം വാങ്ങും. അതും മത്തി, അയല പോലുള്ള വില കുറഞ്ഞ മീനുകൾ. പാലായിലെ പച്ചക്കറിച്ചന്തയിൽ ഒരുദിവസം 25,000 രൂപയുടെ പച്ചക്കറി വാങ്ങിയിരുന്നിടത്തു 6,000 രൂപയുടെ പച്ചക്കറി മാത്രമേ ചെലവാകുന്നുള്ളൂ. വിവാഹവസ്ത്രങ്ങളെടുക്കാൻ കൊച്ചിയിൽ പോകുന്നവരുണ്ടെങ്കിൽ മനസിലാക്കാം, അതു വിദേശത്തു ജോലിയെടുത്തു രക്ഷപ്പെട്ടവരാണെന്ന്. പഴയ റബർ കർഷക പ്രമുഖർക്കൊക്കെ നാട്ടിലെ തുണിക്കടയിലെ വസ്ത്രങ്ങൾ മതി. എപ്പോഴുമെപ്പോഴും സ്വർണാഭരണങ്ങൾ മാറിയെടുക്കുന്ന സ്ത്രീജനങ്ങളുടെ നിർബന്ധബുദ്ധിയും അപ്രത്യക്ഷമായി.

പിറന്നാൾ ആഘോഷം മുതൽ വിവാഹം വരെയുള്ള എല്ലാ ചടങ്ങുകളെയും റബ്ബർ വിലയിടിവ് കാര്യമായി ബാധിച്ചു. പലരും പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നു വച്ചുതുടങ്ങി. റബർ വിലയിടിവ് കണ്ട് ഇവിടങ്ങളിലെ മറ്റു വ്യാപാര മേഖലകളിലുള്ളവർ ആദ്യമൊന്ന് ആനന്ദിച്ചതാണ്. പക്ഷേ അതിന് അധികം ആയുസുണ്ടായില്ല, പതിയെ എല്ലാ മേഖലകളിലേക്കും മാന്ദ്യം വ്യാപിച്ചു. നാലാളുകൂടുന്ന കവലകളിലേക്ക് ആൾക്കാർ ഇറങ്ങാതെയായി. റബ്ബർ വില ഇടിഞ്ഞതോടെ നിർമ്മാണ വ്യാവസായിക കച്ചവടമേഖലകളെല്ലാം തകിടംമറിഞ്ഞു.

ലോട്ടറിവിൽപനക്കാരനോട് ചോദിച്ചാൽ അവൻ പറയും ആരും എടുക്കുന്നില്ല, ഓട്ടോക്കാരനും ടാക്‌സിക്കാരനും പറയും കളം പോരാ, ചെറുകിട കച്ചവടക്കാർക്ക് കച്ചവടമില്ല. എന്തിനേറെപ്പറയുന്നു ബാർബർഷോപ്പുകളിൽ പോലും തിരക്കില്ല. മാസത്തിൽ മൂന്നുതവണ ബാർബർഷോപ്പിലെത്തിയിരുന്നവർ ഇപ്പോഴത് ഒരു തവണയാക്കി ചുരുക്കി, മുതലാവില്ലത്രേ. റിയൽ എസ്റ്റേറ്റുകാരൊക്കെ കളം കാലിയാക്കി. റബർതോട്ടം ഏക്കറിനു കോടികൾ പറഞ്ഞിടത്തു സ്ഥലം വിൽക്കാനോ വാങ്ങാനോ ആളില്ല. ജീവിക്കാൻ തീരെ ഗതിയില്ലാതെ കർഷകർ 10-15 സെന്റ് വീതം വിൽക്കുമ്പോൾ അതിനു ബ്രോക്കർമാരുടെ ഇടപെടലിന് കർഷകർ അവസരം കൊടുക്കാറില്ല.

റബറിന് പലതവണ വിലയിടിയുകയും കൂടുകയുമൊക്കെ ചെയ്തു. എന്നാൽ മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ വിലയിടിഞ്ഞുതുടങ്ങിയത് 2013 അവസാനത്തോടുകൂടിയാണ്. റബർവില ഏറ്റവും കൂടുതൽ ഉയർന്നു നിന്ന(250-260 രൂപ )സമയത്ത് മുൻപു സൂചിപ്പിച്ച പാലാ, കാഞ്ഞിരപ്പള്ളി മേഖലയിൽ ഉള്ളവരുടെ ജീവിതം ആഘോഷപൂർണമായിരുന്നു എന്നു പറയാതെ വയ്യ. ഈ മേഖലകളിലുള്ളവരുടെ ആർഭാട ജീവിതത്തിന്റെ തിരശീല വീഴുന്നതിന് പ്രധാന കാരണം ഈ റബർ വിലയിടിവ് തന്നെ. ഇപ്പോഴത്തെ റബർവില 110-130 രൂപയായി ഇടിഞ്ഞപ്പോൾ അതിനു പരിഹാരം കാണാൻ ഒരു നേതാവും രംഗത്തില്ല. പണ്ടൊക്കെ കർഷകരുടെയും ഇൻഫാം പോലുള്ള കർഷകസംഘടനകളുടെയും വോട്ടുബാങ്കു ലക്ഷ്യമിട്ടു കേരളാകോൺഗ്രസ്് പോലുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങുമായിരുന്നു. ദീപികയും മംഗളവും പോലുള്ള പത്രങ്ങളും. ഇപ്പോൾ റബർ കർഷകരെ ആർക്കും വേണ്ടാതായി. ആ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയാണ് പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ റബർ മേഖലകളും.

കർഷകന്റെ നടുവൊടിക്കുന്ന മട്ടിൽ വില പകുതിയിലേറെ ഇടിയാൻ കാരണം എന്തെന്നു കൃത്യമായി ഉത്തരവാദപ്പെട്ടവർ പറയുന്നില്ല. ഏതായാലും രാജ്യത്താകെ ഒരു കോടിയിലേറെ ഹെക്ടറിലാണു റബർകൃഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ചൈനയിൽ ഒളിമ്പിക്‌സ് വരുംമുമ്പു അവിടെ വികസനപ്രവർത്തനത്തിനായി കണ്ടമാനം റബർ വാങ്ങിച്ചെടുത്തതു റബർവില കൂട്ടാൻ ഇടയാക്കി. റബറിനു വിലയുണ്ടായിത്തുടങ്ങിയതോടെ ഉത്പാദനം കൂടി. പിന്നീട് അതിനനുസരിച്ചു ഉപഭോഗമില്ലാതായി. അമിതമായി ശേഖരിക്കപ്പെട്ട റബർ ചെലവഴിച്ചു തീരണമെങ്കിൽ നാലഞ്ചു വർഷം കൂടിയെടുക്കുമത്രേ. 2020 ഓടെ റബറിനു വില കൂടുമെന്നാണു റബർ ബോർഡ് പറയുന്നത്. ഈ പ്രതീക്ഷയിലാണ് ഇനിയും റബർ വെട്ടിയിട്ടില്ലാത്ത കർഷകർ.

എന്നാൽ റബർകൃഷിയുടെ മേധാവിത്വം വിദേശരാജ്യങ്ങളേറ്റെടുത്തിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ, തായ്‌ലൻഡ്, ഇന്തോനേഷ്യ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുപിടിച്ച കൃഷിയിലാണ്്. അവിടെ ഉത്പാദനച്ചെലവു കുറവാണത്രേ, പ്രത്യേകിച്ചു പണിക്കുലി. അതുകൊണ്ട് ആ രാജ്യക്കാർക്കു റബർകൃഷി ഇപ്പോൾത്തന്നെ ലാഭമാണ്.അങ്ങനെ വരുമ്പോൾ നമ്മുടെ റബറിന് ഭാവിയിലും ആവശ്യക്കാരില്ലാതെ വരുമെന്ന അവസ്ഥ കർഷകരെ വേദനിപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP