Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ദിനം രാത്രിയിൽ അന്തിയുറങ്ങിയത് മുമ്പിൽ കണ്ട ഒരു കെട്ടിത്തിന്റെ ടെറസിൽ; രണ്ടാം ദിവസം സ്‌കൂട്ടർ മോഷ്ടിച്ചു യാത്ര തുടർന്നു; ഒളിവ് ജീവിതത്തിനിടയിൽ ഓട്ടോക്കാരനേയും മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാരേയും പറ്റിച്ചു; ആശുപത്രിയിൽ ചെന്ന് രോഗികൾ അലക്കി ഉണങ്ങാനിട്ട വസ്ത്രം മോഷ്ടിച്ച് വേഷം മാറി; ആദ്യം സംശയം തോന്നിയത് ഒരു ഓട്ടോറിക്ഷാക്കാരന്; പിടിച്ചത് നാട്ടുകാരെങ്കിലും പാരിതോഷികം പൊലീസിന്; പൊലീസിന്റെ തൊട്ടുമുമ്പിൽ സന്ധ്യയും ശിൽപയും രണ്ട് ദിവസം കറങ്ങിയത് ഇങ്ങനെ

ആദ്യ ദിനം രാത്രിയിൽ അന്തിയുറങ്ങിയത് മുമ്പിൽ കണ്ട ഒരു കെട്ടിത്തിന്റെ ടെറസിൽ; രണ്ടാം ദിവസം സ്‌കൂട്ടർ മോഷ്ടിച്ചു യാത്ര തുടർന്നു; ഒളിവ് ജീവിതത്തിനിടയിൽ ഓട്ടോക്കാരനേയും മെഡിക്കൽ കോളേജിലെ കൂട്ടിരിപ്പുകാരേയും പറ്റിച്ചു; ആശുപത്രിയിൽ ചെന്ന് രോഗികൾ അലക്കി ഉണങ്ങാനിട്ട വസ്ത്രം മോഷ്ടിച്ച് വേഷം മാറി; ആദ്യം സംശയം തോന്നിയത് ഒരു ഓട്ടോറിക്ഷാക്കാരന്; പിടിച്ചത് നാട്ടുകാരെങ്കിലും പാരിതോഷികം പൊലീസിന്; പൊലീസിന്റെ തൊട്ടുമുമ്പിൽ സന്ധ്യയും ശിൽപയും രണ്ട് ദിവസം കറങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ജയിലിൽ നിന്ന് തടവ് ചാടിയ ആദ്യ വനിതകളാണ് സന്ധ്യയും ശിൽപ്പയും. പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവം. എന്നാൽ അതിവേഗം ഇവരെ പിടികൂടി. അതുകൊണ്ട് തന്നെ തടവു ചാടിയ സ്ത്രീകളെ പിടികൂടിയ പൊലീസ് സംഘത്തിനു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി ബി.അശോകൻ, പാലോട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ.മനോജ്, പാലോട് എസ്‌ഐ. എസ് .സതീഷ് കുമാർ, പാങ്ങോട് എസ്‌ഐ ജെ. അജയൻ, ഗ്രേഡ് എസ്‌ഐ. എം. ഹുസൈൻ, പാങ്ങോട് ഗ്രേഡ് എഎസ്‌ഐ. കെ. പ്രദീപ്, വലിയമല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദിലീപ് കുമാർ, പാങ്ങോട് സ്റ്റേഷനിലെ ആർ.എസ് നിസ്സാറുദീൻ എന്നിവർക്കാണ് പ്രശംസാപത്രം ലഭിക്കുക. എന്നാൽ യുവതികളെ പിടിച്ചത് നാട്ടുകാരായിരുന്നു. ഇവർക്ക് പൊലീസിന്റെ പ്രശംസാ പത്രവുമില്ല. പാരിതോഷികവുമില്ല.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി രണ്ടു വനിതാ തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ സഹതടവുകാരിയുടെ സഹായം ലഭിച്ചതായി സംഭവം അന്വേഷിക്കുന്ന ജയിൽ ഡിഐജി കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. പ്രതികളെ ഇന്നലെ ജയിലിലെത്തിച്ച് തെളിവെടുത്തു.ജയിലിനു പുറകു വശത്ത് ശുചിമുറികൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി. ബയോഗ്യാസ് പ്‌ളാന്റിലെ മാലിന്യം ഇളക്കാനായി ഇരുമ്പു കമ്പി സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ നനഞ്ഞ തോർത്ത് കെട്ടി ചവിട്ടു പടിയുണ്ടാക്കി ഇതുവഴി മതിലിനു മുകളിലെത്തി. തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ചാടി. കെട്ടിടത്തിന്റെ മതിലും ചാടിയാണ് ഇരുവരും പുറത്തെത്തിയത്. അതിന് ശേഷം തന്ത്രപരമായി ഇവർ പൊലീസിനെ പറ്റിച്ചു. നാട്ടുകാരുടെ സംശയം കച്ചിതുരുമ്പായപ്പോൾ ഇവർ പിടിയിലുമായി. അട്ടക്കുളങ്ങര ജയിൽ ചാടിയ വനിതാ തടവുകാർ 2 ദിവസം ഒളിവിൽ കഴിഞ്ഞത് ഓട്ടോ ഡ്രൈവർ മുതൽ മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാർ വരെയുള്ളവരെ കബളിപ്പിച്ചായിരുന്നു. പാലോട് ഊന്നുമ്പാറ സ്വദേശി ശിൽപ, വർക്കല സ്വദേശി സന്ധ്യ എന്നീ യുവതികൾ പിടിയിലാവുന്നതു വരെയുള്ള 48 മണിക്കൂർ അത്യന്തം നാടകീയമായിരുന്നു.

ഒരു ദിവസം രാത്രി യാത്രയ്ക്കിടയിൽ കണ്ട കെട്ടിടത്തിന്റെ ടെറസിൽ കിടന്നുറങ്ങി. പിറ്റേന്നു പകൽ കൊല്ലം - തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്തെ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ ഷോറൂമിൽ നിന്ന് സ്‌കൂട്ടർ കവർന്നു. നമ്പർ പ്ലേറ്റ് തിരുത്തി യാത്ര തുടർന്നു. രണ്ടാം ദിനം അർധരാത്രി വനമേഖലയിലൂടെ സ്‌കൂട്ടറിൽ പാഞ്ഞു പിടിയിലായി. വെള്ളയംദേശത്തുള്ള ശിൽപയുടെ വീട്ടിലേക്ക് രണ്ടുപേരും വരുമെന്ന നിഗമനത്തിൽ പാങ്ങോട് പൊലീസ് വീടിന്റെ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. .രാത്രി 10മണിയോടെ സ്‌കൂട്ടറിൽ എത്തിയ പ്രതികൾ വെള്ളയംദേശം പാലത്തിനു സമീപം വാഹനം ഒതുക്കി വീട്ടിലേക്ക് നടന്നു പോകവേ പിന്നാലെ പാലോട് പൊലീസ് എത്തിയെങ്കിലും ഇവർ റബർ തോട്ടത്തിലൂടെ ഓടി വനത്തിനുള്ളിൽ കടന്നു. തുടർന്ന് നാട്ടുകാരും പാലോട്, പാങ്ങോട് പൊലീസ് സംഘവും ചേർന്നു ഏറെ നേരം തിരച്ചിൽ നടത്തിയാണ് വനാന്തരത്തിൽ നിന്ന് ഇവരെ പിടികൂടുന്നത്.

രാത്രി ഒൻപതു മണിയോടെ ജോലി കഴിഞ്ഞു അമ്പാടിയും കുട്ടന്മോനും ഉതിമൂട് എന്ന സ്ഥലത്ത് സംസാരിച്ചിരിക്കവെ രണ്ടു സ്ത്രീകൾ മുഖം മറച്ചു അമിത വേഗത്തിൽ സ്‌കൂട്ടറിൽ വരുന്നത് കണ്ടു. ഇരുവരും ബൈക്കിൽ പിന്നാലെ പോയി.. ഇതു മനസിലാക്കിയ ഇരുവുരം ശിൽപയുടെ വീടിന്റെ സമീപം സ്‌കൂട്ടർ ഒതുക്കി വനത്തിനുള്ളിലേക്ക് ഓടി. ഇതാണ് നിർണ്ണായകമായത്. സ്‌കൂട്ടർ പരിശോധിച്ചപ്പോൾ കൺമഷി ഉപയോഗിച്ചു മൂന്ന് എന്ന അക്കം എട്ട് ആക്കി മാറ്റിയിരുന്നു. ഇതോടെ സ്‌കൂട്ടറിലെ നമ്പറിൽ സംശയമെത്തി. ജയിൽചാടിയവരാണ് എന്നു സംശയം തോന്നിയ ഇരുവരും വെള്ളയംദേശത്തു താമസിക്കുന്ന വലിയമല പൊലീസ് സ്റ്റേഷനിലെ ദിലീപ് കുമാറിനെ അറിയിച്ചു അദ്ദേഹവും പിന്നാലെ നാട്ടുകാരും തിരച്ചിലിൽ കണ്ടെത്തിയ സ്ത്രീകൾ വീണ്ടും ഓടി ആറ്റിൽ ചാടി. പിന്നീട് പൊലീസ് എത്തിയപ്പോൾ നാട്ടുകാർ തന്നെ ആറ്റിൽ ചാടി സമീപത്തെ വനിതയുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു പൊലീസിനു കൈമാറി. ഇങ്ങനെ നാട്ടുകാരാണ് പ്രതികളെ പിടിച്ചത്. പാരിതോഷികം പൊലീസിനും

മോഷണക്കേസ് പ്രതികളായ ഇരുവരും ചൊവ്വാഴ്ച വൈകിട്ടാണ് അട്ടക്കുളങ്ങര വനിതാ ജയിൽ ചാടി മണക്കാട് ഭാഗത്ത് എത്തിയത്. രാത്രി ഏഴരയോടെ ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെ എസ്എടി ആശുപത്രിയിലെത്തി. ആശുപത്രിയിലുള്ള ബന്ധുക്കളിൽ നിന്നു പണം വാങ്ങി വരാമെന്നു പറഞ്ഞ് ഓട്ടോക്കാരനെ കാത്തുനിർത്തിയ ശേഷം മുങ്ങി. രോഗികൾ ഉണങ്ങാനിട്ട വസ്ത്രങ്ങൾ കവർന്നു വേഷം മാറി. ഇതിന് ശേഷമായിരുന്നു ഒളിവ് ജീവിതം. ഇതിനിടെ സന്ധ്യ ഭർത്താവ് ബിനുവിനെ വിളിച്ചു വരുത്തി. മൂവരും ബിനുവിന്റെ ബൈക്കിൽ വർക്കലയിലെത്തി. വർക്കലയിൽ ബിനു പണിയുന്ന കെട്ടിടത്തിൽ അന്നു രാത്രി ഉറക്കം. പിറ്റേന്നു രാവിലെ ബിനു നൽകിയ സ്വർണവുമായി ബസിൽ കൊട്ടാരക്കരയ്ക്ക്. പണയം വച്ചു കിട്ടിയ 3,000 രൂപയുമായി കാപ്പിൽ എത്തി. ഇതിനിടെ ഇരുവരേയും കണ്ടതായി വിവരം ലഭിച്ച പൊലീസും കാപ്പിലെത്തി. അതോടെ റോഡ് ഒഴിവാക്കി റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇരുവരും തലേന്നു രാത്രി കഴിഞ്ഞ കെട്ടിടത്തിലേക്ക്. വീണ്ടും പൊലീസിനെ വെട്ടിച്ച് മറ്റൊരു കെട്ടിടത്തിന്റെ ടെറസിലാക്കി അന്നു രാത്രി ഉറക്കം.

പിറ്റേന്നു രാവിലെ പരവൂരിലേക്ക് ഓട്ടോയിൽ. ഇതിനിടെ ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് 2 കോളുകൾ. പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ ബാഹുലേയൻ പാരിപ്പള്ളി ആശുപത്രി ജംഗ്ഷനിൽ ഇരുവരേയും ഇറക്കിയശേഷം ഇവർ വിളിച്ച നമ്പരിലേക്ക് തിരിച്ചു വിളിച്ചു. കാമുകനെയാണ് വിളിച്ചതെന്നു മനസ്സിലായ ഡ്രൈവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നീട് ഈ വിവരം പൊലീസിനെ അറിയിച്ചു. അതോടെ പാരിപ്പള്ളിയിലും പരിസരങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. കടമ്പാട്ടുകോണത്തെ സെക്കൻഡ് ഹാൻഡ് ഇരുചക്രവാഹന വ്യാപാരസ്ഥാപനമായ ബിസ്മി ഓട്ടോ കൺസൾട്ടൻസിയിൽ സ്‌കൂട്ടർ വാങ്ങാനെന്ന മട്ടിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങി. ടെസ്റ്റ് ഡ്രൈവിങ്ങിനായി റോഡിലേക്ക് സ്‌കൂട്ടറുമായി പാഞ്ഞ യുവതികളുടെ പൊടി പോലും പിന്നീടു കണ്ടില്ല. കടയുടമ പരാതി നൽകിയതോടെ പൊലീസ് അന്വേഷണം സ്‌കൂട്ടറിനെ കേന്ദ്രീകരിച്ചാക്കി. ഇതിനിടെ ഒരു ക്യാമറ ദൃശ്യവും ലഭിച്ചു. ഇതിനിടെ സ്‌കൂട്ടറിന്റെ നമ്പർ തിരുത്താനും ഇരുവരും വിരുതു കാട്ടി. KL 02 AF 373 എന്ന നമ്പരുള്ള സ്‌കൂട്ടറിന്റെ നമ്പർ തിരുത്തി 878 ആക്കി.

സ്‌കൂട്ടറിൽ പാലോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ പരിചയമുള്ള ഒരാൾ പിന്തുടർന്നെങ്കിലും ഇടയ്ക്ക് കാണാതായി. രാത്രി 9.45 ന് ശിൽപയുടെ വീടിനു സമീപത്ത് ഒരു സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ടതായും 2 സ്ത്രീകൾ വീടിരിക്കുന്ന ഭാഗത്തേക്കു നടന്നു പോകുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഇരുവരും റബർ തോട്ടത്തിനുള്ളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രാത്രി പൊലീസും നാട്ടുകാരും പിന്നാലെ. രാത്രി പത്തരയോടെ പിടിയിൽ. ഇതോടെ എല്ലാത്തിനും പരിസമാപ്തിയുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP