Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടത് പാനലിലെ മറ്റ് പതിനെട്ടു പേരും തോൽക്കുമെന്നറിഞ്ഞപ്പോൾ സന്തോഷമായി; ആരിഫ് ജയിച്ചപ്പോൾ തോന്നിയത് സങ്കടം; താനുൾപ്പെടെ പത്തൊൻപത് പേരുടെയും തോൽവിയെക്കുറിച്ച് പറഞ്ഞും ചിരി പടർത്തി ഇന്നസെന്റ്; തോൽവി ഏറ്റുവാങ്ങിയ സിറ്റിങ് എംപിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇടത് പാനലിലെ മറ്റ് പതിനെട്ടു പേരും തോൽക്കുമെന്നറിഞ്ഞപ്പോൾ സന്തോഷമായി; ആരിഫ് ജയിച്ചപ്പോൾ തോന്നിയത് സങ്കടം; താനുൾപ്പെടെ പത്തൊൻപത് പേരുടെയും തോൽവിയെക്കുറിച്ച് പറഞ്ഞും ചിരി പടർത്തി ഇന്നസെന്റ്; തോൽവി ഏറ്റുവാങ്ങിയ സിറ്റിങ് എംപിയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ആശ്വാസ ജയമായിരുന്നു ആലപ്പുഴയിലേത്. അത് കൂടി തോറ്റിരുന്നെങ്കിൽ എന്ന് തമാശയ്ക്കുപോലും ചിന്തിക്കാൻ കഴിയാത്തവരാണ് ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും. പൊതുവേദിയിൽ അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ സന്തോഷമായേനെ എന്ന് പറയാൻ ഒരുപക്ഷേ പ്രതിപക്ഷ നേതാക്കൾ പോലും തയ്യാറാകില്ല. അത്തരം പ്രസ്താവന ഉണ്ടാക്കിയേക്കാവുന്ന ക്രമസമാധാന പ്രശ്‌നം തന്നെയാണ് പ്രധാനം. എന്നാൽ, ഇതാ പൊതുവേദിയിൽ ഒരു മുൻ ഇടത് എംപി തന്നെ ആലപ്പുഴയിൽ ആരിഫ് ജയിച്ചതിൽ വിഷമം തോന്നി എന്ന് പറയുന്നു. അത്തരത്തിൽ പറയാൻ കഴിയുന്ന ഒരേയൊരാൾ മറ്റാരുമല്ല ഇടതുമുന്നണിയുടെ പാനലിൽ തോറ്റ മറ്റ് 19 പേരിൽ പ്രമുഖനായ സാക്ഷാൽ ഇന്നസെന്റാണ്.

വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് തന്റെ സ്വതസിദ്ധമായ ഭാഷയിൽ അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ കുറിച്ച് നിറചിരിയോടെ ഇന്നസെന്റ് പറയുന്ന വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും തരംഗമാകുകയാണ്.

ഇന്നസെന്റിന്റെ വാക്കുകൾ..

'തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. 'ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നിങ്ങനെ'. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് സ്ഥിരിം വിളിക്കുന്ന ഒരാളുണ്ടായിരുന്നു.എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡൽഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ അവിടെയുള്ളവർ തന്നെ പറഞ്ഞുതുടങ്ങി, 'ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന്.
അങ്ങനെ അയാൾ വീണ്ടും വിളിച്ചു, കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച്. ഞാൻ പറഞ്ഞു, 'കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാം. പക്ഷേ പിന്നെ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കും.' ആ മറുപടിയോടു കൂടി അയാൾ പിന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.

എന്റെ വീട്ടിൽ ഇലക്ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർത്ഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, 'പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല.' പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു. എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര് മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർത്ഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊൻപതുേപരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.

അങ്ങനെ ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർത്ഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കിൽ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്. ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയിൽ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.'ചെറുചിരിയോടെ ഇന്നസെന്റ് പറഞ്ഞു.

ഇതിനു മുമ്പും സമാനമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് ഇന്നസന്റ് വേദിയിൽ പറയുകയുണ്ടായി. 'ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്‌ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തിരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല. മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി.

ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കുടുംബകാര്യങ്ങൾ പങ്കിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം നിന്നു. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ.'ഇന്നസെന്റ് പറഞ്ഞു.

1972ൽ നെല്ല് എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിലെത്തുന്നത്. 1983ൽ പുറത്തിറങ്ങിയ പ്രേംനസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലെ ചലച്ചിത്ര നിർമ്മാതാവിന്റെ വേഷമാണ് ഇന്നസെന്റിനെ പ്രേക്ഷക ശ്രദ്ധയിലെത്തിച്ച ആദ്യ ചിത്രം. പിന്നീട് തന്റേതായ ശൈലിയിൽ സിനിമാ ലോകത്ത് ഒരിടം കണ്ടെത്താൻ അദ്ദേഹത്തിന് സാധിച്ചു. ഇതിനിടയിൽ നാല് സിനിമകൾ നിർമ്മിക്കുകയും(വിട പറയും മുമ്പേ, ഇളക്കങ്ങൾ, ഓർമ്മയ്ക്കായി, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്) രണ്ട് ചിത്രങ്ങൾക്ക് കഥയെഴുതുകയും (പാവം ഐഎ ഐവാച്ചൻ, കീർത്തനം) ചെയ്തു. ഏതാണ്ട് 750ലേറെ ചിത്രങ്ങളിലാണ് ഇന്നസെന്റ് ഇതുവരെ വേഷമിട്ടിരിക്കുന്നത്.

എട്ടാം ക്ലസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്നസെന്റ് പഠനമുപേക്ഷിച്ച് ചെന്നൈയിൽ (അന്നത്തെ മദ്രാസിൽ) എത്തുകയും നടനാകുകയെന്ന ലക്ഷ്യത്തോടെ സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആകുകയും ചെയ്തു. അതിന്റെ ഫലമായാണ് നെല്ല് എന്ന ചിത്രത്തിൽ ചെറിയ വേഷം ലഭിച്ചത്. തുടർന്നും ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ടൈഫോഡ് ബാധിച്ച് 70കളിൽ തന്റെ അർദ്ധ സഹോദരൻ വാറുണ്ണി മെഡിസിന് പഠിക്കുന്ന ദാവങ്കിരി എന്ന സ്ഥലത്തെത്തുകയും ചെയ്തു. പിന്നീട് അവിടെ തന്റെ സഹോദരൻ സേൻസിലാവോസ്, ഡേവിസ് എന്നിവർ നടത്തുന്ന തീപ്പെട്ടി കമ്പനിയിൽ പങ്കാളിയായി. ദാവങ്കരിയിലെ കേരള സമാജം നാടക സംഘത്തിനൊപ്പം പ്രവർത്തിച്ച ഇന്നസെന്റ് തന്റെ അഭിനയ മികവുകൊണ്ട് വൻ ആരാധക വൃത്തത്തെ തന്നെ സൃഷ്ടിച്ചു. 1974ൽ ലെതർ കച്ചവടവും സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന ഒരു സ്ഥാപനവും ആരംഭിച്ചു.

1970കളിൽ റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി(ആർഎസ്‌പി)യുടെ തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. 1979ൽ ആർഎസ്‌പിയുടെ പിന്തുണയോട ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിൽ സ്ഥാനത്തേക്ക് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2014ൽ എൽഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഇന്നസെന്റ് 3,58,440 വോട്ടുകൾ നേടി തൊട്ടടുത്ത സ്ഥാനാർത്ഥി പി സി ചാക്കോയെ 13,884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോൽപ്പിച്ചത്. ഇത്തവണ പാർട്ടി ചിഹ്നത്തിലാണ് സിപിഎം ഇന്നസെന്റിനെ പോരാട്ടത്തിനിറക്കിയത്. പക്ഷേ,
യുഡിഎഫ് തരംഗത്തിൽ കഴിഞ്ഞ തവണ കൈവിട്ട ചാലക്കുടി കോൺഗ്രസ് തിരിച്ചുപിടിച്ചത് റെക്കോഡ് ഭൂരിപക്ഷത്തിനായിരുന്നു. യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ സിറ്റിങ് എംപി കൂടിയായ സിപിഎം സ്ഥാനാർത്ഥി ഇന്നസെന്റിനെ 1,32,274 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP