Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്ക; ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്; ബംഗാളിലും ത്രിപുരയിലും പടർന്ന 'കാൻസർ' കേരളത്തിലെത്താൻ അധികതാമസമില്ലെന്നും കെ.മുരളീധരൻ

രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്ക; ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്; ബംഗാളിലും ത്രിപുരയിലും പടർന്ന 'കാൻസർ' കേരളത്തിലെത്താൻ അധികതാമസമില്ലെന്നും കെ.മുരളീധരൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: രാജ്യത്തെ വിഭജിച്ചത് ജവഹർലാൽ നെഹ്റുവാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കെ.മുരളീധരൻ എംപി. ചരിത്രം തിരുത്താനുള്ളതല്ല. ചരിത്രയാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുനനത് തെറ്റാണ്. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം പാക്കിസ്ഥാന് തീറെഴുതിക്കൊടുത്തത് നെഹ്റുവാണെന്നും ഹൈദരാബാദ് ഇന്ത്യയിൽ തന്നെയുള്ളത് വല്ലഭായ് പട്ടേൽ ഉണ്ടായിരുന്നതുകൊണ്ടുമാണ് എന്നാണ് ബിജെപിയുടെ വാദം. നെഹ്റുവും പട്ടേലും ഒരേ മന്ത്രിസഭയിൽ ഉണ്ടായിരുന്നവരാണ്. പരസ്പരം അംഗീകരിച്ച് കാര്യങ്ങൾ നടപ്പാക്കിയിരുന്നവരാണ്. എന്നിട്ടും ഇരുവരും തമ്മിൽ ഇല്ലാത്ത വൈരം ഉണ്ടെന്ന് വരുത്തിത്തീർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം ഇ എസ് സ്ഥാപക നേതാവ് ഡോ: പി കെ അബ്ദുൾ ഗഫൂറിന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ.

ഓരോരുത്തർക്കും ഓരോ വിശ്വാസമുണ്ട്. അത് എല്ലായിടത്തും പ്രകടിപ്പിക്കേണ്ടതില്ല. നിയമ നിർമ്മാണ സഭകൾ ഇതൊന്നും കൊട്ടിഘോഷിക്കേണ്ടതുമില്ല. എന്നാൽ രണ്ടാഴ്ചത്തെ ലോക്സഭ കണ്ടപ്പോൾ രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ആശങ്കയുണ്ടാവുന്നു. ചിലർ ചില ദൈവങ്ങളെ സ്വന്തമാക്കി വെച്ചിരിക്കുകയാണ്. സഭയിൽ സ്പീക്കർ വരുമ്പോൾ ഉയരുന്ന വിളികൾ ഇതിന്റെ ഭാഗമാണ്. വിശ്വാസങ്ങൾ കൊട്ടിഘോഷിക്കാനുള്ള സ്ഥലമല്ല നിയമനിർമ്മാണ സഭ. എല്ലായിടത്തും ചില കാൻസറുകൾ പടരുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസും മാത്രമുണ്ടായിരുന്ന ബംഗാളിൽ ഇന്ന് രണ്ട് പാർട്ടികളും വെറും കാഴ്ചക്കാർ മാത്രമാണ്. ആ കാൻസർ പിന്നീട് ത്രിപുരയിലേക്ക് പടർന്നു. അത് കേരളത്തിലെത്താൻ അധികം താമസമില്ല. ഏക സിവിൽകോഡുള്ള ഇന്ത്യയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ പിന്നോക്കക്കാർക്ക് മുൻഗണന നൽകുന്നതും ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതും ജമ്മു കാശ്മീരിന് പ്രത്യേക അവകാശം ഉറപ്പുവരുത്തുന്നതുമായ ഇന്ത്യയാണ് കോൺഗ്രസ് ലക്ഷ്യം. ഇതെല്ലാം ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കുന്ന പുതിയ ഇന്ത്യ എന്ന ആശയം നിലനിൽക്കുന്നതല്ല. എല്ലാ പൗരന്മാരുടെ അവകാശവും സംരക്ഷിക്കുന്നതും ഭരണഘടനാ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന ഇന്ത്യയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകിയാൽ നരകമാണ് ഫലമെന്ന് പ്രചരിപ്പിക്കുന്ന ഒരു വിഭാഗം മുസ്ലിം സമുദായങ്ങൾക്കിടയിലുണ്ടെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂർ പറഞ്ഞു. സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതും പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും പുരുഷന്മാർക്കൊപ്പം വേദി പങ്കിടുന്നതുമെല്ലാം നരകത്തിലേക്കുള്ള വഴിയാണെന്നാണ് ഇത്തരം പ്രഭാഷകർ പ്രസംഗിക്കുന്നത്. സ്റ്റേജുകളിൽ മാത്രമല്ല യൂ ട്യൂബിലൂടെയും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇവരുടെ പ്രസംഗങ്ങൾക്കാണ് കേൾവിക്കാരേറെയുള്ളത്. സ്ത്രീകൾക്ക് പുരോഗതിയുണ്ടായാൽ അതോടൊപ്പം സമുദായത്തിലെ പുരുഷന്മാർക്കും പുരോഗതിയുണ്ടാകും. സ്ത്രീകളുടെ വിദ്യഭ്യാസം, ജോലി, പൊതുഇടങ്ങളിലെ സ്ഥാനം എന്നിവയ്ക്ക് വേണ്ടി എം ഇ എസ് എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP