Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉള്ളിൽ ഒന്നും പുറത്തു വേറൊന്നുമായി നടന്ന നേതാക്കളെ സുധീരൻ കുഴിയിൽ ചാടിച്ചു; മദ്യമാഫിയയുടെ ആളെന്ന തോന്നൽ ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത തീരുമാനമെടുത്തു: പ്രതിച്ഛായാ മത്സരത്തിൽ കേരളം കേട്ടത് വിശ്വസിക്കാനാവാത്ത വാർത്ത

ഉള്ളിൽ ഒന്നും പുറത്തു വേറൊന്നുമായി നടന്ന നേതാക്കളെ സുധീരൻ കുഴിയിൽ ചാടിച്ചു; മദ്യമാഫിയയുടെ ആളെന്ന തോന്നൽ ശക്തമായപ്പോൾ ഉമ്മൻ ചാണ്ടി കടുത്ത തീരുമാനമെടുത്തു: പ്രതിച്ഛായാ മത്സരത്തിൽ കേരളം കേട്ടത് വിശ്വസിക്കാനാവാത്ത വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

പുറത്ത് ഒന്നു പറയുകയും അകത്ത് വേറൊരു രീതിയിൽ പെരുമാറുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിനേറ്റ ഏറ്റവും വലിയ ആഘാതമാണ് ഇന്നത്തെ യുഡിഎഫ് തീരുമാനം. മദ്യത്തെ എതിർക്കുന്നവരാണെന്ന് പരസ്യമായി പറയുകയും മദ്യമാഫിയയിൽ നിന്നും അച്ചാരം വാങ്ങി അവർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതാക്കളെ കുഴപ്പത്തിൽ ചാടിച്ചത് വി എം സുധീരന്റെ പിടിവാശി ആയിരുന്നു. സുധീരന്റെ നിലപാടിനോട് കടുത്ത് എതിർപ്പായിരുന്നു, സർവ്വ നേതാക്കൾക്കുമെങ്കിലും അത് പരസ്യമായി തുറന്നു പറയാൻ ആർക്കും സാധിച്ചില്ല. രഹസ്യമായ ഒത്തുതീർപ്പ് വ്യവസ്ഥകൾ എല്ലാം സുധീരൻ തള്ളിയതോടെ തകർന്നടിയുന്ന ഇമേജിനെ രക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് രംഗത്ത് ഇറങ്ങുകയായിരുന്നു. അതിന്റെ ഭാഗമായി ആർക്കും ഇഷ്ടമില്ലാതിരുന്നിട്ടും മദ്യ നിയന്ത്രണത്തിനു വേണ്ടി തീരുമാനം എടുക്കേണ്ടി വന്നു.

എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി വിശ്വസ്തനായ എം എം ഹസ്സനെ പരസ്യമായി രംഗത്തിറക്കി സുധീരനെ ഒറ്റപ്പെടുത്താൻ നടത്തിയ ശ്രമങ്ങളാണ് രണ്ട് ദിവസങ്ങൾകൊണ്ട് സംഭവങ്ങൾ കീഴ്‌മേൽ മറിച്ചത്. സുധീരന്റെ വ്യക്തിപരമായ താല്പര്യം മാത്രമല്ല നോക്കേണ്ടതെന്നും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും താല്പര്യം സംരക്ഷിക്കണം എന്നും പറഞ്ഞു രണ്ടു ദിവസം മുൻപ് ഹസ്സൻ പരസ്യമായ വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. തീരുമാനമെടുക്കും മുമ്പ് ഘടകകക്ഷികളുടെ താത്പര്യം കൂടി പരിഗണിക്കണമെന്നും ഹസൻ പറഞ്ഞു എന്നാൽ ഇത് തന്റെ വ്യക്തിപരമായ നിലപാടല്ലെന്നും യുഡിഎഫിന്റെയും പാർട്ടിയുടെയും നിലപാടാണെന്നു പാർട്ടിയുടെ നിലപാട് സംരക്ഷിക്കാൻ മാത്രമാണ് തനിക്ക് ബാധ്യതയെന്നുമാണ് സുധീരൻ പ്രതികരിച്ചത്. ഹസ്സനെ പേരെടുത്ത് വിമർശിച്ച് വിഷയം വഴിതിരിച്ചു വിടാതെയിരിക്കാനും സുധീരൻ ജാഗ്രത കാട്ടി.

ഹസ്സന്റെ പ്രസ്താവന ശരിക്കും കുഴപ്പത്തിൽ ചാടിച്ചത് ഘടകകക്ഷികളെയാണ്. അതുവരെ ഈ വിഷയത്തിൽ നിലപാടു കടുപ്പിക്കാതിരുന്ന പലർക്കും തങ്ങളും മദ്യവിരുദ്ധരാണ് എന്നു തെളിയിക്കേണ്ട അവസ്ഥ സംജാതമായി. തങ്ങൾ മദ്യ മാഫിയക്കൊപ്പം നിൽക്കുന്നവരാണെന്ന പേരുദോഷം ഭയന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണിയും ഹസ്സനെതിരെ സുധീരന് അനുകൂലമായി രംഗത്ത് വന്നു. മദ്യനയത്തിന്റെ പേരുപറഞ്ഞു തന്നെയാരും ഒറ്റപ്പെടുത്താൻ നോക്കേണ്ടെന്നും താൻ യുഡിഎഫ് നയമാണ് നടപ്പാക്കുന്നതെന്നും എക്സൈസ് മന്ത്രി കെ ബാബു പ്രസ്താവിച്ചതും ഘടകകക്ഷികളെ കടുത്ത നിലപാടെടുക്കാൻ പ്രേരിപ്പിച്ചു എന്നു പറയേണ്ടിവരും.

ഇതേ സമയത്ത് തന്നെ മത മേലാളന്മാരും വെല്ലുവിളി ഉയർത്തി രംഗത്തെത്തി. ചന്ദ്രികയെ പോലെയുള്ള പത്രങ്ങൾ അതി ശക്തമായ നിലപാടെടുത്ത് എഡിറ്റോറിയൽ എഴുതുക കൂടി ചെയ്തതോടെ തന്ത്രം പാളിയെന്ന് മുഖ്യമന്ത്രിക്ക് ബോധ്യമായി.

മുഖ്യമന്ത്രിയും മന്ത്രിമാരും മദ്യമാഫിയകളുടെ ആളാണെന്നും സുധീരനു മാത്രമെ മദ്യവിരുദ്ധനിലപാടുള്ളു എന്നും ഉള്ള പൊതുധാരണ കുഴപ്പത്തിലാക്കിയത് ഉമ്മൻ ചാണ്ടിയെ ആണ്. തുടർന്ന് സുധീരന്റെ നിലപാടിനെ അട്ടിമറിക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ സമ്പൂർണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് ഹസ്സൻ വീണ്ടും രംഗത്ത് വന്നു. സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ സിംഹഭാഗവും മദ്യവില്പനയിൽ നിന്നു ലഭിക്കുന്ന നികുതിപ്പണമാണെന്നും അതുകൊണ്ടുതന്നെ, ഒരു കാരണവശാലും സമ്പൂർണ്ണ മദ്യനിരോധനം നടപ്പാവില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാവണം ഒരുപക്ഷെ ഹസൻ ഈ നമ്പരിട്ടത്. ഒരുതരത്തിൽ ഇത് സുധീരനോടുള്ള വെല്ലുവിളിയും ക്രെഡിറ്റ് നഷ്ടമാകാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമായിരുന്നു. എന്നാൽ സധൈര്യം ഇതിനോട് പ്രതികരിച്ച സുധീരൻ, അതു തനിക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നു പ്രഖ്യാപിച്ചു. ഇതോടെ സമ്പൂർണ്ണ മദ്യനിരോധനം എന്ന ആവശ്യം ശക്തമായി. യുഡിഎഫ് യോഗം ചേർന്നപ്പോൾ മദ്യത്തെ അനുകൂലിക്കുന്നവരെന്ന് പേരെടുക്കാൻ താൽപര്യം ഇല്ലാത്തവരെ മാത്രമാണ് കണ്ടത്. ഈ സാഹചര്യത്തിൽ സുധീരന്റെ ഉറച്ച നിലപാടിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലാതെ ആയി. അങ്ങനെയാണ് എങ്കിൽ സുധീരനെക്കാൾ വലിയ മദ്യവിരുദ്ധർ ആണ് തങ്ങൾ എന്നു സ്ഥാപിക്കാനുതകുന്ന കടുത്ത നിലപാട് എടുക്കാൻ ഭരണനേതൃത്വം തീരുമാനിച്ചത്. മുഖ്യമന്ത്രി തന്നെ മുൻകൂട്ടി എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന നിർദ്ദേശങ്ങൾ യുഡിഎഫ് യോഗത്തിൽ വയ്ക്കുകയും ഇത് യുഡിഎഫ് ഏകകണ്ഠമായി അംഗീകരിക്കുകയുമായിരുന്നു. അതുവഴി തീരുമാനത്തിന്റെ പിതൃത്വം സുധീരനു പോകില്ലെന്ന് ഉറപ്പാക്കി.

ഇനിയിപ്പോൾ ഈ തീരുമാനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ഉള്ള നെട്ടോട്ടമായിരിക്കും വരുംദിവസങ്ങളിൽ. മുഖ്യമന്ത്രിയുടെ ഉറച്ച നിലപാട് മൂലമാണ് ഇങ്ങനെ ഒരു തീരുമാനം ഉയർത്തിയത് എന്ന പ്രചാരം ഒരു വിധം ശക്തിപ്പെട്ടിട്ടുണ്ട്. വി എം സുധീരൻ കെപിസിസി പ്രസിഡന്റ് ആകുന്നതിനെ മുന്നെ സ്വീകരിച്ച നയമാണിതെന്ന് മന്ത്രി കെ സി ജോസഫ് പരസ്യപ്രസ്താവന നടത്തിക്കഴിഞ്ഞു. എ ഗ്രൂപ്പ് നേതാവായ എം എം ഹസ്സനാണ് സമ്പൂർണ്ണ മദ്യ നിരോധന ആവശ്യം ആദ്യം ഉയർത്തിയത് എന്നും അവർക്ക് ചൂണ്ടിക്കാട്ടാനാവും. തീരുമാനത്തിലേക്ക്‌ എത്തിച്ചതിൽ തങ്ങളുടെ നിലപാടുകളുടെ പങ്കിനെ പ്രതി ലീഗും കേരളകോൺഗ്രസും അവകാശവാദങ്ങൾ ഉയർത്തിക്കഴിഞ്ഞു. എന്തിന് പറയുന്നു, ഇന്നലെ വരെ സുധീരന്റെ നിലപാടിനെ കടുത്തഭാഷയിൽ എതിർത്ത് നിന്നിരുന്ന എക്‌സൈസ് മന്ത്രി വരെ ഇപ്പോൾ തീരുമാനത്തിന്റെ ക്രെഡിറ്റ് എടുക്കാനുള്ള ശ്രമത്തിലാണ്. ബാർ പ്രശ്നത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക്‌ ഇനി പ്രസക്തിയില്ലെന്ന് മന്ത്രി കെ ബാബു പ്രസ്താവിച്ചു. സർക്കാരിന്റെ നയമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച്. തന്നോട് ആലോചിച്ച ശേഷമാണ് തീരുമാനം കൈക്കൊണ്ടതെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മന്ത്രി കെ ബാബു പറഞ്ഞു. ജനവികാരവും ജനനന്മയും മുന്നിൽ കണ്ടുള്ള തീരുമാനമാണിതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രതികരിച്ചു.

ഉമ്മൻ ചാണ്ടിയുടെ കുശാഗ്രബുദ്ധി, വി എം സുധീരനെ മാത്രമല്ല, അപ്രതീക്ഷിതമായി മലർത്തിയടിച്ചത്; ഈ വിഷയത്തിൽ ഇതേവരെ അഭിപ്രായം പറയാതെ പമ്മി നിന്ന സിപിഐ(എം) അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെ കൂടിയാണ്. പുതിയ മദ്യനയം പ്രഖ്യാപിക്കുമ്പോൾ ഇടതുപക്ഷത്തിന് എതിർപ്പുയർത്താനാവുന്ന ഏക വിഷയം, നിലവിലുള്ള ബാറുകളിലെ തൊഴിലാളികളുടെ തൊഴിൽ നഷ്ടമായിരുന്നു. എന്നാൽ വളരെ തന്ത്രപൂർവ്വം അവരുടെ പുനരധിവാസത്തിന് തുക നീക്കിവയ്ക്കാനും അവർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സഹായവും പരിശീലനവും നൽകാനുമുള്ള തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുവഴി സമർത്ഥമായി പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാൻ ഉമ്മൻ ചാണ്ടിക്കായി. ബാർ വിഷയത്തിൽ സിപിഐ(എം) അഭിപ്രായം പറയണമെന്ന് ഇന്നു രാവിലെയും സിപിഎമ്മിനോട് മതമേലദ്ധ്യക്ഷന്മാരും മറ്റും ആവശ്യപ്പെട്ട സാഹചര്യത്തിൽ അവർക്ക് മേൽ കടുത്ത സമ്മർദ്ദം നേരത്തെ തന്നെയുണ്ടായിരുന്നു. അതിന് ആക്കം കൂട്ടുന്ന തീരുമാനമാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ യുഡിഎഫിനെ അനുകൂലിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലാതെ ആയിരിക്കുകയാണ്, പ്രതിപക്ഷത്തിന്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐ(എം) പിബി അംഗവും നിയമസഭാ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയത്. വി എം സുധീരന് മുഖ്യമന്ത്രി വച്ച ആപ്പാണ് പുതിയ മദ്യനയമെന്ന് കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചു. എങ്കിലും യുഡിഎഫ് തീരുമാനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. എടുത്തിരിക്കുന്ന തീരുമാനത്തോട് അനുകൂലമായ സമീപനമാണ് തങ്ങൾക്കുള്ളത്. സമ്പൂർണ്ണ മദ്യനിരോധനമാണ് സിപിഎമ്മിന്റെ നയമെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ പ്രതികരിച്ചു. 

തൊഴിൽ നഷ്ടപ്പെടുന്ന ബാർ മദ്യവ്യവസായ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും മദ്യപാനം മൂലം ജീവിതം നശിച്ച മദ്യാസക്തരെ ചികിത്സിക്കാനുമായി രൂപീകരിക്കുന്ന ഫണ്ടിലേക്ക് ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ മലയാളികളും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു. ഇതുവഴി തന്റെ തീരുമാനത്തിൽ ജനകീയ പിന്തുണ ഉറപ്പിക്കാനുള്ള വഴിയും അദ്ദേഹം തുറന്നിരിക്കയാണ്. 

ചുരുക്കത്തിൽ നേതാക്കന്മാരുടെ പ്രതിച്ഛായാ മത്സരം കേരളത്തിന്റെ മദ്യാസക്തി കുറയ്ക്കുന്നതിനുള്ള ചാലകമായിരിക്കയാണ്. മദ്യലഭ്യത കുറച്ചുകൊണ്ടുവന്ന് പത്തുവർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനത്തിലേക്ക് എത്തുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന്റെ ഭാഗമായി അടച്ചുപൂട്ടിയ 418 ബാറുകൾ തുറക്കില്ലെന്നു മാത്രമല്ല, നിലവിൽ തുറന്നുപ്രവർത്തിക്കുന്ന 312 ബാറുകൾ കൂടി അടച്ചു പൂട്ടുമെന്നും തീരുമാനിച്ചിരിക്കയാണ്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രമേ ഏപ്രിൽ ഒന്നിനു ശേഷം ബാർ അനുവദിക്കൂ എന്നു കൂടി പറയുന്നു. നിലവിൽ 36 ഫൈവ് സ്റ്റാർ ഹോട്ടലുകൾ മാത്രമേ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുള്ളൂ എന്നിരിക്കെ ഇത് ഫലത്തിൽ കേരളത്തിൽ ഏതാണ്ട് പൂർണ്ണമായും മദ്യം സർവ് ചെയ്യുന്ന ഹോട്ടലുകൾ ഇല്ലാതെയാകുന്നതിലേക്കാണ് നയിക്കുക. അതിനൊപ്പം ബിവറേജസിലെ വീര്യം കൂടി മദ്യത്തിന്റെ ലഭ്യത ഇല്ലാതെയാക്കുക, ഔട്ട്‌ലെറ്റുകളുടെ എണ്ണം 10% കണ്ട് കുറയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉണ്ട്. രണ്ടുവർഷത്തിനു ശേഷം യുഡിഎഫ് ഇറങ്ങിപ്പോകുമ്പോൾ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം പാതിയാക്കാനും നക്ഷത്രബാറുകൾ കൂടി അടച്ചു പൂട്ടാനും തീരുമാനിച്ചാൽ അതു പള്ളയ്ക്കടിക്കുക, തുടർന്നു വരുന്ന സർക്കാരിന്റെ സാമ്പത്തിക സ്രോതസ്സിനെ കൂടിയാവും. അപ്പോഴത്തെ കാര്യം അപ്പോൾ നോക്കാമെന്നും സർക്കാരിന്റെ വരുമാനത്തേക്കാൾ പ്രധാനമാണ് ജനങ്ങളുടെ ആരോഗ്യമെന്നുമുള്ള നിലപാടെടുത്താൽ യുഡിഎഫ് സർക്കാരിന് സുഖമായി തിരിച്ചുവരാനായേക്കും എന്നും അവർ കണക്കുകൂട്ടുന്നു. പരസ്യമായി കൈയടിക്കാനല്ലാതെ കൂവാൻ ആർക്കും തോന്നിക്കാത്ത തീരുമാനം എന്ന് അടിവരയിട്ടു പറയണം, ഈ തീരുമാനത്തെ കുറിച്ച്. തിരിച്ചടിച്ച വക്രബുദ്ധി മൂലമാണെങ്കിലും അതിലേക്ക് എത്തിച്ചതിന് ശരിക്കും നന്ദി പറയേണ്ടത് എം എം ഹസനാണ്. അദ്ദേഹത്തിന്റെ വാ വിട്ട വാക്കുകൾക്കും!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP