Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കും; പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെ; സോണിയ എത്തും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽക്കാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാൻ നീക്കം; തൽക്കാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും ശക്തം; രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം

രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കും; പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെ; സോണിയ എത്തും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽക്കാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാൻ നീക്കം; തൽക്കാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും ശക്തം; രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി പ്രിയങ്കാ ഗാന്ധി കോൺഗ്രസിന്റെ പുതിയ അധ്യക്ഷയാകാൻ സാധ്യത ഏറി. നെഹ്‌റു കുടുംബാംഗം തന്നെ പാർട്ടിയെ നയിക്കണമെന്ന പൊതുവികാരം ശക്തമാണ്. ദുർബലനായ കോൺഗ്രസ് അധ്യക്ഷനെ അല്ല കരുത്തനായ നേതാവിനെയാണ് വേണ്ടതെന്ന വികാരം അതിശക്തമാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്നൊരാൾ കോൺഗ്രസ് അധ്യക്ഷനായാലും രാഹുലിനേയും സോണിയേയും കാര്യങ്ങൾക്കായി ആളുകൾ സമീപിക്കും. ഇത് രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാക്കും. അതിലും നല്ലത് നെഹ്‌റു കുടുംബം തന്നെ നയിക്കുന്നതാണെന്ന ചർച്ചയാണ് കോൺഗ്രസിൽ ഉയരുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്ക പാർട്ടിയെ നയിക്കാനെത്തുന്നത്. തൽകാലം താൽകാലിക പ്രസിഡന്റിനെ നിയമിച്ചാൽ പോലും ഏറെ വൈകാതെ നേതൃത്വം പ്രിയങ്കയിലേക്ക് എത്തും.

രാഹുലിന് പകരമായി പ്രിയങ്ക തന്നെ എത്തിയേക്കുമെന്ന് ഹൈക്കമാണ്ടിലെ നേതാക്കളും സമ്മതിക്കുന്നുണ്ട്. പകരക്കാരനെ തീരുമാനിക്കാനുള്ള സമിതിയിൽ നിന്നും രാഹുൽ വിട്ടു നിൽക്കുന്നത് പ്രിയങ്കയ്ക്ക് വഴിയൊരുക്കാൻ തന്നെയാണെന്നാണ് സൂചന. രാജീവ് ഗാന്ധിയുടെ മരണ ശേഷം സോണിയ ഗാന്ധി അധ്യക്ഷയാകും മുമ്പ് സീതാറാം കേസരിയെ നിയമിച്ച പോലെ തൽകാലത്തേയ്ക്ക് ആരെയെങ്കിലും ഏൽപ്പിച്ച ശേഷം പ്രിയങ്കയെ തെരഞ്ഞെടുക്കാനാണ് നീക്കം. മുതിർന്ന നേതാക്കൾക്ക് താൽകാലിക ചുമതല നൽകുന്നത് ഇതിന് വേണ്ടിയാണ്. എന്നാൽ തൽകാലത്തേക്കെങ്കിലും സോണിയ വരണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. സോണിയയിൽ നിന്ന് അധികാരം പ്രിയങ്കയിലേക്ക് എത്തുന്നതാണ് നല്ലതെന്ന ചർച്ചയാണ് ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഇതോടെ രാഹുൽ ഉപേക്ഷിച്ച പോയ കോൺഗ്രസ് അനാഥമാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം എത്തുകയാണ്.

ബിജെപിയെ നേരിടണമെങ്കിൽ ഇന്നത്തെ നിലയിലുള്ള കോൺഗ്രസ് മതിയാവില്ല എന്ന സൂചനയാണു രാഹുലിന്റെ കത്തിൽ പ്രതിഫലിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റായി ഏതു നേതാവു വന്നാലും ഗാന്ധി കുടുംബത്തിൽ നിന്നു വേറിട്ട് ഒരു അധികാരകേന്ദ്രമാവുക എളുപ്പമല്ല. ഇക്കാര്യത്തിൽ ഏറ്റവും ധീരമായ പരീക്ഷണം നടത്തിയത് പി.വി. നരസിംഹറാവു ആയിരുന്നു. ഇത് പാർട്ടിയെ ദുർബ്ബലമാക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിൽ കരുതലോടെയാകും തീരുമാനം. നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും സ്വീകാര്യനായ നേതാവിനെ കണ്ടെത്തുക എളുപ്പമല്ല. പിൻഗാമിയായി ഉയർന്നു കേൾക്കുന്ന പേരുകളിൽ മല്ലികാർജുൻ ഖർഗെ, സുശീൽ കുമാർ ഷിൻഡെ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാകട്ടെ, സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാനാവാത്തതിന്റെ നാണക്കേടിലുമാണ്. ഇതും പ്രിയങ്കയിലേക്കാണ് ചർച്ചകളെ എത്തിക്കുന്നത്.

രാഹുൽ ഗാന്ധി ഒഴിഞ്ഞ സാഹചര്യത്തിൽ പിൻഗാമിയെ കണ്ടെത്താനുള്ള നടപടികൾക്കു പാർട്ടി നേതൃത്വം തുടക്കമിട്ടിട്ടുണ്ട്. എത്രയും വേഗം പ്രവർത്തക സമിതി യോഗം വിളിച്ച് പുതിയ പ്രസിഡന്റിനെ നിയോഗിക്കുകയാണു പാർട്ടിക്കു മുന്നിലുള്ള പ്രാഥമിക ദൗത്യം. താൽക്കാലിക പ്രസിഡന്റിനെ ശുപാർശ ചെയ്യാനുള്ള അധികാരം സമിതിക്കുണ്ട്. പിന്നീട് സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നാണു പാർട്ടി ഭരണഘടന പറയുന്നത്. എന്നാൽ, തിരഞ്ഞെടുപ്പ് ഒഴിവാക്കി പൊതു ധാരണയിലൂടെ പ്രസിഡന്റിനെ തീരുമാനിക്കണമെന്ന വാദത്തിനാണു പാർട്ടിയിൽ മുൻതൂക്കം. ഈ സാഹചര്യത്തിൽ താൽകാലിക പ്രിസിഡന്റിനെ ചുമതലപ്പെടുത്തി പ്രിയങ്കയെ സംഘടനാ തെരഞ്ഞെടുപ്പിലൂടെ കൊണ്ടു വരാനാകും ശ്രമിക്കുക. മിതിയിലെ മുതിർന്ന അംഗങ്ങളായ സോണിയ ഗാന്ധി, എ.കെ. ആന്റണി, ഡോ. മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ ഇടപെടൽ നിർണായകമാകും. ഇതിൽ ബഹുഭൂരിഭാഗവും പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന അഭിപ്രായക്കാരാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതായി അറിയിച്ചു കൊണ്ടുള്ള കത്ത് പുറത്തുവിട്ട രാഹുൽ ഗാന്ധിക്കു പിന്തുണയുമായി പ്രിയങ്ക ഗാന്ധി രംഗത്തു വന്നിരുന്നു. ചുരുക്കം ചിലർക്ക് മാത്രമാണ് രാഹുൽ ചെയ്തതു പോലെ ചെയ്യാൻ ധൈര്യമുള്ളതെന്ന് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ തീരുമാനത്തോട് അതിയായ ബഹുമാനമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ചയാണ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി രാഹുൽ ഗാന്ധി സ്വയം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ മെയ്‌ 25നു ചേർന്ന പ്രവർത്തകസമിതിയിൽ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി നേതൃത്വം വഴങ്ങാത്ത സാഹചര്യത്തിലാണ് 4 പേജ് രാജിക്കത്ത് രാഹുൽ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനെന്ന നിലയിൽ, 2019 തിരഞ്ഞെടുപ്പിലെ പരാജയത്തിനു താനാണ് ഉത്തരവാദിയെന്ന് രാഹുൽ കത്തിൽ തുറന്നു പറഞ്ഞു. പാർട്ടിയുടെ ഭാവി വളർച്ചയ്ക്ക് ഉത്തരവാദിത്തം നിർണായകമാണ്. ഇക്കാരണത്താലാണു കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നത്.

പാർട്ടിയുടെ പുനർനിർമ്മാണത്തിനു കണിശമായ തീരുമാനങ്ങൾ ഉണ്ടാകണം. 2019 ലെ പരാജയത്തിന് ഒട്ടേറെ ആളുകൾ കണക്കു പറയേണ്ടതായി വരും. ഉത്തരവാദിത്തം മറ്റുള്ളവർക്കുമേൽ കെട്ടിവച്ച് പാർട്ടി അധ്യക്ഷനെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം അവഗണിക്കുന്നത് അനീതിയാണെന്നു രാഹുൽ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമായത്. തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള നിരന്തര ആവശ്യം അംഗീകരിക്കാൻ പാർട്ടി നേതൃത്വം തയാറാവാത്തതിലുള്ള അമർഷം രേഖപ്പെടുത്തിയാണ്, രാജിക്കത്ത് ട്വിറ്ററിലൂടെ രാഹുൽ പുറത്തുവിട്ടത്. ചികിൽസയിലുള്ള റോബർട്ട് വാധ്രയെ കാണാൻ സോണിയയ്‌ക്കൊപ്പം രാഹുൽ വരും ദിവസങ്ങളിൽ വിദേശത്തേക്കു പോകുമെന്നും സൂചനയുണ്ട്.

അധ്യക്ഷസ്ഥാനമൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ 5 മുഖ്യമന്ത്രിമാർ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇന്നലെ പാർലമെന്റ് അങ്കണത്തിൽ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, താൻ കോൺഗ്രസ് പ്രസിഡന്റല്ലെന്നു രാഹുൽ തുറന്നടിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ രാഹുലിനു മേൽ സമ്മർദം ചെലുത്തില്ലെന്നു സോണിയ ഗാന്ധി നിലപാടെടുത്തപ്പോൾ, പാർട്ടിയെ അടിമുടി അഴിച്ചുപണിയാൻ തൽക്കാലത്തേക്കു പദവിയിൽ തുടരണമെന്ന് പ്രിയങ്ക ഗാന്ധി വാദിച്ചു. എന്നാൽ, തന്റെ തീരുമാനത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് രാഹുൽ തീർത്തു പറഞ്ഞു.സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഏതാനും നേതാക്കളെ മാത്രം അറിയിച്ചശേഷമാണ് അദ്ദേഹം രാജിക്കത്ത് പുറത്തുവിട്ടത്.

മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ അദ്ദേഹം ഇത് പാടേ നിഷേധിക്കുകയും രാഹുലിൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരുമ്പോൾ പാർട്ടിയുടെ പ്രസിഡന്റായി തുടരാൻ ഞങ്ങൾ വീണ്ടും രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കും. രാഹുൽ എല്ലായ്‌പ്പോഴും ഞങ്ങളുടെ നേതാവായി തുടരുമെന്നാണ് മോത്തിലാൽ വോറ പറയുന്നത്. കാലാവധി തീരുംമുൻപ് അധ്യക്ഷൻ ഒഴിഞ്ഞാൽ മുതിർന്ന ജനറൽ സെക്രട്ടറിക്കായിരിക്കും ചുമതലയെന്നാണ് ഭരണഘടനയുടെ 18-ാം വകുപ്പ് വ്യക്തമാക്കുന്നത്.

വൈസ് പ്രസിഡന്റ് ഇല്ലാത്തതിനാലാണിത്. നിലവിൽ, ഗുലാം നബി ആസാദാണ് ജനറൽ സെക്രട്ടറിമാരിൽ സീനിയർ. താൽക്കാലിക പ്രസിഡന്റിനെ പ്രവർത്തക സമിതി നിയോഗിക്കും വരെയായിരിക്കും ജനറൽ സെക്രട്ടറിക്ക് ചുമതല. എന്നാൽ രാഹുൽ രാജി വെച്ച് ഒഴിയുമ്പോൾ ഇത്തരത്തിലൊരു മാറ്റത്തിന് ആരും സാധ്യത കൽപ്പിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP