Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാട്ടുകാർക്ക് പരിചയപ്പെടുത്തിയത് ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനെന്ന്; ഭർത്താവ് ഖത്തറിലായിരുന്നതിനാൽ എന്തിനും ഏതിനും ഓടിയെത്തിയത് 'കുഞ്ഞാങ്ങള'; സഹോദരന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് അറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളുടെ അമ്മ; കല്യാണത്തെ കുറിച്ചുള്ള വാക്കേറ്റം അവസാനിച്ചതുകൊലപാതകത്തിൽ; നാണക്കേട് കാരണം ട്രെയിനിന് മുമ്പിൽ ചാടിമരിച്ച് സനീഷും; പുത്തൂരിലെ സ്മിതയുടെ മരണം കൊലപാതകം തന്നെ

നാട്ടുകാർക്ക് പരിചയപ്പെടുത്തിയത് ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനെന്ന്; ഭർത്താവ് ഖത്തറിലായിരുന്നതിനാൽ എന്തിനും ഏതിനും ഓടിയെത്തിയത് 'കുഞ്ഞാങ്ങള'; സഹോദരന്റെ വിവാഹ നിശ്ചയത്തെ കുറിച്ച് അറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികളുടെ അമ്മ; കല്യാണത്തെ കുറിച്ചുള്ള വാക്കേറ്റം അവസാനിച്ചതുകൊലപാതകത്തിൽ; നാണക്കേട് കാരണം ട്രെയിനിന് മുമ്പിൽ ചാടിമരിച്ച് സനീഷും; പുത്തൂരിലെ സ്മിതയുടെ മരണം കൊലപാതകം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പുത്തൂർ: യുവതിയെ വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് തിരഞ്ഞ യുവാവിന്റെ മൃതദേഹം പിന്നീടു റെയിൽവേ ട്രാക്കിൽ കാണപ്പെട്ടു. കോട്ടാത്തല ഏറത്ത് മുക്കിൽ ഓരനല്ലൂർ വീട്ടിൽ രാജന്റെയും ശാന്തയുടെയും മകൾ സ്മിതയെ (34) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് തിരഞ്ഞ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതിൽ സനീഷിന്റെ (32) മൃതദേഹം രാവിലെ ആറരയോടെ കൊല്ലം റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

സ്മിതയെ ഇന്നലെ രാവിലെ ആറോടെയാണ് വെണ്ടാറിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. കഴുത്തിൽ എന്തോ ഉപയോഗിച്ചു ചുറ്റി മുറുക്കിയതു പോലെ പാടുണ്ടായിരുന്നു. സ്മിതയെ കൊലപ്പെടുത്തിയ ശേഷം സനീഷ് ജീവനൊടുക്കിയതാകാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ചു പൊലീസ് പറഞ്ഞത്: സ്മിതയും കുട്ടികളും മാത്രമായിരുന്നു വാടകവീട്ടിൽ. ഭർത്താവ് ദീപേഷ് ഖത്തറിലാണ്. കുഞ്ഞാങ്ങള എന്നു സ്മിത പരിചയപ്പെടുത്തിയിരുന്ന സനീഷ് പലപ്പോഴും വീട്ടിലെത്തുമായിരുന്നു.

ബുധൻ വൈകിട്ടും സനീഷ് വീട്ടിലെത്തി. രാത്രിയിൽ എന്തോ പറഞ്ഞ് ഇരുവരും തർക്കമുണ്ടായതായി കുട്ടികൾ പൊലീസിൽ മൊഴി നൽകി. കുട്ടികൾ ഉറങ്ങിയ ശേഷവും ഇവർ തമ്മിൽ തർക്കം തുടർന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. വിവാഹനിശ്ചയത്തിനുള്ള ഒരുക്കത്തിലായിരുന്നു സനീഷ്. ഇന്നലെ പുലർച്ചെ സനീഷ്, സ്മിതയുടെ സുഹൃത്തായ കോട്ടാത്തല സ്വദേശിനിയെ ഫോണിൽ വിളിച്ച് സ്മിതയ്ക്കു സുഖമില്ലെന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു.

ഇവരെത്തി നാട്ടുകാരുടെ സഹായത്തോടെ സ്മിതയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ മരിച്ചിരുന്നു. ഇതിനു ശേഷം പൊലീസ് തിരയുന്നതിനിടയിലാണ് സനീഷിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ കാണപ്പെട്ടതായി വിവരം കിട്ടിയത്. ഇന്നലെ രാവിലെ 5.56ന് സനീഷ്, സ്മിതയുടെ കൂട്ടുകാരിയെ വിളിച്ചു സ്മിതയ്ക്കു സുഖമില്ലെന്നു പറഞ്ഞത് കരിക്കോടു നിന്നാണെന്നു അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്ത സനീഷ് കൊല്ലത്തെത്തി ട്രെയിനിന്റെ മുന്നിൽച്ചാടിയതാകാം എന്നാണ് പൊലീസ് കരുതുന്നത്. സനീഷിന്റെ ബൈക്കും ഇതിനടുത്തായി ഉണ്ടായിരുന്നു.

സ്മിതയുടെ വീട് പുറത്തു നിന്നു പൂട്ടി താക്കോൽ അതിൽ തന്നെ വച്ചിട്ടാണ് സനീഷ് സ്ഥലം വിട്ടത്. സ്മിതയുടെ കൂട്ടുകാരിയും ഭർത്താവും വീട്ടിലെത്തി പൂട്ടുതുറന്നാണ് അകത്തു കയറിയത്. സ്മിത ഹാളിലെ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. സ്മിതയുടെ കഴുത്തിൽ കേബിൾ പോലെയുള്ള എന്തോ ഉപയോഗിച്ചു മുറുക്കിയതു പോലെയുള്ള പാടും സനീഷിന്റെ ഏലസും ചരടും സ്മിതയുടെ പാദസരത്തിൽ കുടുങ്ങിയ നിലയിലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സനീഷ് തന്റെ ഭർത്താവിന്റെ മാതൃസഹോദരിയുടെ മകനാണെന്നാണ് സ്മിത മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ദീപേഷ് വിദേശത്ത് പോകുമ്പോഴും അല്ലാത്തപ്പോഴും സനീഷ് ഇവരുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. കോട്ടാത്തല ജംഗ്ഷനിൽ വാടകയ്ക്ക് താമസിച്ചിരുന്ന സ്മിതയും മക്കളും അടുത്തിടെയാണ് വെണ്ടാറിലേക്ക് താമസം മാറിയത്.

ബുധനാഴ്ച വൈകിട്ടോടെ സനീഷ് ഇവരുടെ വീട്ടിലെത്തി. അടുത്ത ഞായറാഴ്ച സനീഷിന്റെ വിവാഹ നിശ്ചയം നടക്കാനിരുന്നതാണ്. ഇതേച്ചൊല്ലി സ്മിതയും സനീഷുമായി വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. കുട്ടികളുടെ മുന്നിൽവച്ചാണ് ഇരുവരും തമ്മിൽ ഉന്തുംതള്ളുമൊക്കെ ഉണ്ടായത്. പിന്നീട് കുട്ടികൾ ഉറങ്ങാൻ കിടന്നശേഷമാണ് കൊലപാതകം നടന്നത്. സ്മിതയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിയേറ്റ പാടുകളുണ്ട്. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സനീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 5ന് സംസ്‌കരിക്കും. ദീപേഷ് ഇന്ന് രാവിലെ ഖത്തറിൽ നിന്ന് എത്തിയശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് കോട്ടാത്തല ഏറത്ത് ജംഗ്ഷനിലെ വീട്ടുവളപ്പിൽ സ്മിതയുടെ മൃതദേഹം സംസ്‌കരിക്കും. നിരഞ്ജൻ, നീരജ് എന്നിവർ മക്കളാണ്. സനീഷിന്റെ സഹോദരി: സനില.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP