Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവടിയാർ കൊട്ടാരം 80 കോടിക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചത് സർക്കാർ ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സ്ഥലം; വാങ്ങാൻ ഉടമ്പടിയുണ്ടാക്കിയത് വിവാദ മെത്രാൻ കെ.പി.യോഹന്നാനുമായി ബന്ധമുള്ള ട്രസ്‌റ്റെന്ന് ആരോപണം; ഇടപാട് പുറത്തായതോടെ കൈകഴുകി കൊട്ടാരവും വൈദികനും

കവടിയാർ കൊട്ടാരം 80 കോടിക്ക് മറിച്ചു വിൽക്കാൻ ശ്രമിച്ചത് സർക്കാർ ഏറ്റെടുക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച സ്ഥലം; വാങ്ങാൻ ഉടമ്പടിയുണ്ടാക്കിയത് വിവാദ മെത്രാൻ കെ.പി.യോഹന്നാനുമായി ബന്ധമുള്ള ട്രസ്‌റ്റെന്ന് ആരോപണം; ഇടപാട് പുറത്തായതോടെ കൈകഴുകി കൊട്ടാരവും വൈദികനും

തിരുവനന്തപുരം: സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി മറിച്ചു വിൽക്കാനുള്ള കവടിയാർ കൊട്ടാരത്തിന്റെ നീക്കം പൊളിഞ്ഞു. വിവാദ മെത്രാൻ ഡോ. കെ പി യോഹന്നാനുമായി ബന്ധമുള്ള ട്രസ്റ്റിനാണ് കൊട്ടാരഭൂമി കൈമാറാൻ നീക്കം നടന്നതെന്നാണ് ആരോപണം ഉയർന്നത്. തിരുവല്ലയിലെ വൈദികനിൽനിന്ന് അഡ്വാൻസ് വാങ്ങിയെന്നും വിവരം പുറത്തായതിനാൽ രജിസ്‌ട്രേഷൻ നടക്കാതെ പോകുകയാണ് ഉണ്ടായതെന്ന ആരോപണപണമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ എതിർപ്പുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയതും ഭൂമി ഇടപാട് പുറംലോകം അറിഞ്ഞതുമാണ്. ഒടുവിൽ ഭൂമി വിൽക്കുന്നില്ലെന്നു കാണിച്ച് കവടിയാർ കൊട്ടാരം പത്രക്കുറുപ്പ് പുറത്തിറക്കി കൈകഴുകുകയാണ് ഉണ്ടായത്. മറുനാടൻ മലയാളിയും കേരളകൗമുദിയും വാർത്ത നൽകിയതോടെയാണ് രഹസ്യ ഇടപാട് പുറത്തറിഞ്ഞത്. വാർത്തയെ തുടർന്ന് സ്ഥലം വൈദികന് വിൽക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

വിവിധ ഹിന്ദു സംഘടനകളുടെയും സർക്കാരിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് വിൽപനയിൽനിന്നു മാറിയതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. വിവാദമുയർന്ന സാഹചര്യത്തിൽ ഈ ഭൂമിയിടപാടുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് തീരുമാനിച്ചം കൈക്കൊണ്ടുവെന്നുമാണ് സൂചനകൾ. ബിലീവേഴ്‌സ് ചർച്ചിന്റെ ആസ്ഥാനം തിരുവനന്തപുരത്തു നിർമ്മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കവടിയാറിലെ സ്ഥലം വാങ്ങാൻ ബിലീവേഴ്‌സ് ചർച്ച് ഉദ്ദേശിച്ചിരുന്നതത്രേ.

കവടിയാർ കൊട്ടാരം നിലനിൽക്കുന്ന സ്ഥലത്തോടനുബന്ധിച്ചുള്ള 90 സെന്റ് ഭൂമി 80 കോടി രൂപയ്ക്കു വിൽക്കാനായിരുന്നു നീക്കം. ഡോ. കെ.പി.യോഹന്നാനിനു വേണ്ടി തിരുവല്ലയിലെ ലാസ്റ്റ് അവർ മിനിസ്ട്രി വൈദികനാണ് സ്ഥലം വാങ്ങാൻ തീരുമാനിച്ചിരുന്നതായി വാർത്ത വന്നത്. പേരൂർക്കട വില്ലേജിൽ രണ്ടാമട മുറിയിൽ കവടിയാർ ഇനത്തിൽ പെട്ട സർവേ നമ്പർ 2/5, 3 ഉൾപ്പെട്ട സ്ഥലമാണ് വിൽപന നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഈ രണ്ടു സർവേ നമ്പരുകളിലായി 2 ഏക്കർ 44 സെന്റ് സ്ഥലമാണ് ഉള്ളത്. കൊട്ടാരം കൈവശം വച്ചിരിക്കുന്ന സർവേ നമ്പർ 2/3, 5 ഉൾപ്പെടെ 75 ഏക്കറോളം സ്ഥലം സർക്കാരിന് കൈമാറണമെന്ന് ലാൻഡ് ബോർഡ് 30.04.1972 ൽ ഉത്തരവിട്ടിരുന്നു. എന്നാൽ മാറി വന്ന സർക്കാരുകളൊന്നും ഈ ഭൂമി ഏറ്റെടുക്കാൻ തയ്യാറായില്ല. എന്നാൽ 04.04.2005 ൽ കൊട്ടാരത്തിലെ ഒമ്പതംഗങ്ങൾ ഒപ്പിട്ട് ഭാഗാധാരം രജിസ്റ്റർ ചെയ്യുകയും ചെയ്തു.

കൊട്ടാരം നിലനിൽക്കുന്ന 16.48 ഏക്കർ സ്ഥലം നീക്കി ബാക്കിയുള്ള 21 ഏക്കർ 53 സെന്റ് സ്ഥലം യഥേഷ്ടം വിനിയോഗിക്കാമെന്ന് ഭാഗാധാരത്തിൽ പറയുന്നു. കൊട്ടാരം കൈവശം വച്ചിരിക്കുന്ന ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന സുപ്രീംകോടതി, ലാൻഡ് ബോർഡ് എന്നിവയുടെ ഉത്തരവുകൾ മറികടന്നാണ് ഭാഗാധാരം രജിസ്റ്റർ ചെയ്തതെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി സ്വകാര്യവ്യക്തിക്ക് മറിച്ചു വിൽക്കാനുള്ള നീക്കം നടത്തുവെന്ന ആരോപണം ഉയർന്നത്. കൊട്ടാരം കൈവശം വച്ച് അനുഭവിച്ച സ്വത്ത് വൈദികനു വിൽക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇതോടെ സംഭവം വിവാദത്തിലാകുമെന്ന് ഭയന്ന് ഭൂമി വിൽക്കാനുള്ള നീക്കത്തിൽ നിന്നും കൊട്ടാരം പിൻവലിയുകയായിരുന്നു എന്നാണ് സൂചന. കൂടാതെ ഒട്ടേറെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിൽ നിന്നുള്ള കനത്ത സമ്മർദ്ദവും വിൽപന നീക്കത്തിന് തിരിച്ചടിയായെന്നാണ് അണിയറക്കഥകൾ.

തിരുവിതാംകൂർ കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും തൃപ്പടിദാനമായി നൽകുന്നുവെന്ന് ട്രാവൻകൂർ സ്‌റ്റേറ്റ് മാനുവിൽ വ്യക്തമാക്കുന്നു. പിന്നീട് സ്വത്തുക്കൾ തിരികെ ലഭിക്കാൻ കോടതികൾ കയറിയെങ്കിലും കൊട്ടാരം കൈവശം വച്ച് അനുഭവിച്ച എല്ലാ സ്വത്തുക്കളും സർക്കാർ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പക്ഷേ കൊട്ടാരത്തെ വേദനിപ്പിക്കുന്ന നിലപാട് സർക്കാർ എടുക്കാത്തതിനാൽ എല്ലാം പഴയതു പോലെ തുടരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിയുടെ മകൻ പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മയാണ് വസ്തു കൈമാറ്റം നടത്തുന്നത്.

തിരുവല്ല മഞ്ഞാടിയിൽ കുട്ടപ്പുഴ വില്ലേജിൽ കരിക്കൻവില്ലയിൽ ഫാ. പ്രെയ്‌സൺ ജോണാണ് സ്ഥലമിടപാടിന് താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ബിലീവേഴ്‌സ് ചർച്ചിലെ വൈദികനാണു പ്രെയ്‌സൺ. ചർച്ചിന്റെ മുഖമാസികയായ ആത്മീയയാത്ര രജിസ്റ്റർ ചെയ്തിരിക്കുന്നത് ഇതേ അഡ്രസിലാണ്. പണ്ടു സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ചതാണു കരിക്കൻവില്ലയിലെ വയോധികദമ്പതിമാരുടെ വധം. 'മദ്രാസിലെ മോൻ' സുഹൃത്തുക്കളുമായെത്തി നടത്തിയ അരുംകൊലപാതകത്തെത്തുടർന്ന് വർഷങ്ങളോളം അനാഥമായിക്കിടന്ന കരിക്കൻവില്ല പിന്നീട് ഡോ. കെ പി യോഹന്നാൻ മെത്രാപ്പൊലീത്ത വിലകൊടുത്തു വാങ്ങുകയായിരുന്നു. ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിലെ സ്റ്റാഫിനെ താമസിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്.

2005 ലെ ഭാഗ ഉടമ്പടി പ്രകാരം പൂരുരുട്ടാതി തിരുനാളിനു ലഭിച്ചിട്ടുള്ള സ്ഥലമാണിത്. അദ്ദേഹത്തിന് ആകെ കിട്ടിയ 2 ഏക്കർ 44 സെന്റ് സ്ഥലത്തിൽ നിന്നാണ് 90 സെന്റ് വിൽക്കുന്നത്. എന്നാൽ ഈ സ്ഥലം സർക്കാർ ഏറ്റെടുക്കേണ്ട ഭൂമി ആണെന്ന് 30.04.1972 ലെ ഉത്തരവ് വ്യക്തമാക്കുന്നു. കൊട്ടാരവും പരിസരവുമടക്കം 75 ഏക്കർ സ്ഥലമാണുള്ളത്. തിരു-കൊച്ചി സംയോജന കാലത്തെ കവനന്റ് പ്രകാരമാണ് കൊട്ടാരവും സ്വത്തുക്കളും രാജകുടുംബം കൈവശം വച്ചിരുന്നത്. 1950ൽ ഭരണഘടന നിലവിൽ വന്നതോടെ കവനന്റ് ഇല്ലാതായി. 1971 ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തുകൊണ്ടുവന്ന 26ാം ഭേദഗതിയോടെ കൊട്ടാരം വക സ്വത്തുക്കൾ കൈവശം വയ്ക്കാനുള്ള അധികാരം എടുത്തുകളഞ്ഞു. അതോടെ എല്ലാം സർക്കാരിന്റേതായി.

അധികാര കൈമാറ്റസമയത്തെ രാജാവെന്ന നിലയ്ക്കും അവിവാഹിതനെന്ന നിലയ്ക്കും ചിത്തിര തിരുനാൾ ബാലരാമവർമ്മയ്ക്ക് അനുവദിച്ചു കൊടുത്ത 7.5 ഏക്കർ ഒഴികെയുള്ള സ്ഥലം സർക്കാരിന് കൈമാറാൻ 1972 ൽ ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു.1963 ലെ ഭൂപരിഷ്‌കരണനിയമത്തിന്റെ സെക്ഷൻ 82 (1) പ്രകാരം 7.5 ഏക്കർ സ്ഥലം മാത്രമേ രാജകുടുംബത്തിന് കൈവശം വയ്ക്കാനാവൂ. ഭരണഘടനാഭേദഗതിക്കെതിരെ പല രാജകുടുംബങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, സ്വത്തുക്കളിൽ രാജകുടുംബങ്ങളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കിക്കൊണ്ട് 1993 ൽ സുപ്രീംകോടതി വിധി വന്നു. വിധി വന്നിട്ടും സ്വത്തുക്കൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല. ഈ ഭൂമിയുടെ ഒരു ഭാഗമാണ് വിൽക്കാൻ ഒരുങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP