Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റഷ്യയും അനുമതി നൽകി; ജർമനിയെയും ചൈനയെയും ബന്ധിപ്പിക്കുന്ന 8000 കിലോമീറ്റർ നീളമുള്ള പടുകൂറ്റൻ റോഡിന്റെ പണി തകൃതിയായി തുടങ്ങി; ഷാങ്ഹായിൽ നിന്നും ബാങ്കോക്ക് വഴി കൊൽക്കത്തയെ കൂടി ബന്ധിപ്പിച്ചാൽ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കാറോടിച്ചെത്താം; ലോകം തീരെ ചെറുതാവാൻ ചൈന രംഗത്തിറങ്ങുമ്പോൾ സംഭവിക്കുന്നത്

റഷ്യയും അനുമതി നൽകി; ജർമനിയെയും ചൈനയെയും ബന്ധിപ്പിക്കുന്ന 8000 കിലോമീറ്റർ നീളമുള്ള പടുകൂറ്റൻ റോഡിന്റെ പണി തകൃതിയായി തുടങ്ങി; ഷാങ്ഹായിൽ നിന്നും ബാങ്കോക്ക് വഴി കൊൽക്കത്തയെ കൂടി ബന്ധിപ്പിച്ചാൽ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കാറോടിച്ചെത്താം; ലോകം തീരെ ചെറുതാവാൻ ചൈന രംഗത്തിറങ്ങുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ചൈനയിൽ നിന്നും ജർമനിയിലേക്കുള്ള 8000 കിലോമീറ്റർ ദൂരമുള്ള വെസ്റ്റേൺ യൂറോപ്പ്-ചൈന ഹൈവേ തങ്ങളുടെ പ്രദേശത്ത് കൂടെ കടന്ന് പോകുന്നതിന് റഷ്യയും അനുമതി നൽകി. പുരാതന സിൽക്ക് റോഡ് ട്രേഡ് റൂട്ട് പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചൈന പുതിയ റോഡിന്റെ പണി ആരംഭിച്ചിരിക്കുന്നത്. റഷ്യയുടെ പ്രദേശത്ത് കൂടെ കടന്ന് പോകുന്ന ഈ റോഡിന്റെ നീളം 1250 മൈലുകളാണ്. ഇത് മെറിഡിയൻ ഹൈവേ എന്നാണറിയപ്പെടുന്നത്. സ്വകാര്യ മൂലധനത്തിലൂടെയാണിതിന് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്.

ചൈനീസ് പ്രസിഡന്റ് ജിൻപിൻഗിന്റെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ അഥവാ ബിആർഐ യുടെ ഭാഗമായിട്ടാണ് പുതിയ ഹൈവേ നിലവിൽ വരുന്നത്. ആഗോള വ്യാപാരത്തിൽ മേൽക്കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റ് രാജ്യങ്ങളിലെ റോഡ് നെറ്റ് വർക്കിൽ നിക്ഷേപിച്ച് ചൈന ഈ മഹത്തായ പാതയ്ക്ക് മുൻകൈയെടുത്തിരിക്കുന്നത്. ഷാങ്ഹായിൽ നിന്നും ബാങ്കോക്ക് വഴി കൊൽക്കത്തയെ കൂടി ഈ റോഡുമായി ബന്ധിപ്പിച്ചാൽ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് കാറോടിച്ചെത്താനാവും. ലോകം തീരെ ചെറുതാവാൻ ചൈന രംഗത്തിറങ്ങുമ്പോൾ സംഭവിക്കുന്നത് ഇത്തരത്തിലാണ്.

ഈ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ചൈനയിൽ നിന്നും കരമാർഗം യൂറോപ്പിലെത്തുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴിയായിരിക്കുമിത്. ചൈനയിൽ നിന്നും പുറപ്പെടുന്ന ഈ റോഡ് മംഗോളിയ, കസാക്കിസ്ഥാൻ, റഷ്യ, ഉക്രയിൻ എന്നീ രാജ്യങ്ങളിലൂടെ കടന്നാണ് ജർമനിയിലെ ഹംബർഗിലെത്തിച്ചേരുന്നത്. മെറിഡിയൻ ഹൈവേയുടെ പണി റഷ്യൻ എൻഡിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാകാൻ 12 മുതൽ 14 വർഷങ്ങൾ വരെയെടുക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി 600 ബില്യൺ റൂബിൾ അഥവാ 7.5 ബില്യൺ പൗണ്ട് ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

മെറിഡിയൻ ഹൈവേയുടെ പടിഞ്ഞാറൻ അറ്റത്ത് ഈ നാല് വരി ഹൈവേ ബെലാറസിലെ സ്‌മോലെൻസ്‌കിലേക്കാണ് പ്രവേശിക്കുന്നത്. ബെലാറസ് തലസ്ഥാനമായ മിൻസ്‌കിലേക്കും റഷ്യൻ തലസ്ഥാനായ മോസ്‌കോയിലേക്കു ഇവിടെ നിന്നും ഒരേ ദൂരമാണ്. എന്നാൽ ഇതിന്റെ കിഴക്കൻ അറ്റം അവസാനിക്കുന്നത് കസാക്കിസ്ഥാൻ അതിർത്തിയിലുള്ള സഗാർചിനിലാണ്. ഗ്യാസ് ഭീമനായ ഗസ്സ്‌പ്രോമിന്റെ മുൻ ഡെപ്യൂട്ടി ചെയർമാനായ അലക്‌സാണ്ടർ റ്യാൻസോവിന്റെ തലയിലാണ് ഇത്തരമൊരു ഹൈവേയെക്കുറിച്ചുള്ള ആശയമുദിച്ചിരുന്നത്.
ഈ റോഡ് കടന്ന് പോകുന്ന 80 ശതമാനം ഭാഗവും ഇദ്ദേഹം ഉടമസ്ഥതയിലാക്കിയിട്ടുണ്ട്.

പടിഞ്ഞാറൻ ചൈനയിലെയും മധ്യ യൂറോപ്പിലെയും കാർഗോ ഹബുകൾക്കിടയിലുള്ള ട്രക്കിങ് റൂട്ടുകളുടെ ദൂരം കുറയ്ക്കുന്ന ഈ ഹൈവേ ട്രാൻസ്-സൈബിരിയൻ റെയിൽവേ, അടക്കമുള്ള നിലവിലുള്ള മൂന്ന് റെയിൽ കോറിഡോറുകൾക്കും സൂയസ് കനാലിനും പകരമുള്ള റൂട്ടായി വർത്തിക്കുമെന്നും പ്രതീക്ഷയുണ്ട്. മെറിഡിയൻ ഹൈവേയുടെ ആദ്യ ഫേസിന് റഷ്യൻ രാഷ്ട്രീയ നേതാവായ ഡിമിത്രി മെഡ് വെഡേവ് അംഗീകാരം നൽകിയിട്ടുണ്ട്. ഗവൺമെന്റിന്റെ പിന്തുണയോടെ സ്വകാര്യ നിക്ഷേപകരാണ് ഇതിന് പണം മുടക്കുന്നത്.

ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനോട് ഇന്ത്യ അനുകൂലമായി നിലപാടല്ല പുലർത്തുന്നത്. 2017ൽ ഇതിന്റെ യോഗത്തിൽ നിന്നും ഇന്ത്യ ബോയ്‌കോട്ട് നടത്തിയിരുന്നു. ഈ വർഷം ഏപ്രിൽ അവസാനം നടന്ന ബിആർഐ മീറ്റിംഗിൽ പങ്കെടുക്കാൻ ചൈന ക്ഷണിച്ചപ്പോൾ ഇന്ത്യ അത് നിരസിക്കുകയും ചെയ്തിരുന്നു. ചൈന-പാക്കിസ്ഥാൻ എക്കണോമിക് കോറിഡോർ പ്രൊജക്ടിന്റെ പേരിലുള്ള ഉത്കണ്ഠയെ തുടർന്നാണ് ഇന്ത്യ ബിആർഐയിൽ നിന്നും വിട്ട് നിൽക്കുന്നത്. ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കപ്പെട്ട് ഷാങ്ഹായിൽ നിന്നും കൊൽക്കത്തയിലേക്ക് ബാങ്കോക്ക് വഴി റോഡ് വന്നാൽ നിർദിഷ്ട വെസ്റ്റേൺ യൂറോപ്പ്-ചൈന ഹൈവേയുടെ ഭാഗമാകാൻ ഇന്ത്യക്ക് സാധിക്കുകയും അതിലൂടെ ഇന്ത്യയിൽ നിന്നും യൂറോപ്പിലേക്ക് എളുപ്പത്തിലെത്താനുമാവും.

ഇന്ത്യയിൽ നിന്നും മ്യാന്മാർ-തായ്‌ലൻഡ് ട്രിലാറ്ററൽ ഹൈവേ അതിന്റെ നിർമ്മാണ ഘട്ടത്തിലാണ്. ഇന്ത്യയുടെ ഈസ്റ്റ് പോളിസിയുടെ ഭാഗമായിട്ടാണിത് നിർമ്മിക്കുന്നത്. ഇത് വഴി ഇന്ത്യിലെ മോറെഹിനെ തായ്ലാൻഡിലെ മെയ്‌ സോട്ടുമായി മ്യാന്മാർ വഴി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനെ ചൈനയുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് പുതിയ വെസ്റ്റേൺ യൂറോപ്പ്-ചൈന ഹൈവേയുടെ ഭാഗമാകാൻ സാധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP