Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിരിച്ചുവിടൽ.. സസ്‌പെൻഷൻ.. കൂട്ടസ്ഥലം മാറ്റം; ജയിലുകളെ ശുദ്ധമാക്കാൻ സമ്പൂർണ അധികാരം ലഭിച്ചതോടെ തലങ്ങും വിലങ്ങും നടപടികളുമായി ഋഷിരാജ് സിങ്; സ്‌കൂൾ തുറന്നയുടൻ ലഭിച്ച അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ തകർന്നു അനേകം ജീവനക്കാർ; യൂണിയൻ നേതാക്കൾക്ക് പോലും രക്ഷയില്ലാതായതോടെ പരാതിയുമായി ജയിൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക്

പിരിച്ചുവിടൽ.. സസ്‌പെൻഷൻ.. കൂട്ടസ്ഥലം മാറ്റം; ജയിലുകളെ ശുദ്ധമാക്കാൻ സമ്പൂർണ അധികാരം ലഭിച്ചതോടെ തലങ്ങും വിലങ്ങും നടപടികളുമായി ഋഷിരാജ് സിങ്; സ്‌കൂൾ തുറന്നയുടൻ ലഭിച്ച അപ്രതീക്ഷിതമായ സ്ഥലം മാറ്റത്തിൽ തകർന്നു അനേകം ജീവനക്കാർ; യൂണിയൻ നേതാക്കൾക്ക് പോലും രക്ഷയില്ലാതായതോടെ പരാതിയുമായി ജയിൽ ജീവനക്കാർ മുഖ്യമന്ത്രിയുടെ അടുത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലെ സമവാക്യങ്ങളിൽ മാറ്റം വന്നതോടെയാണ് ജയിൽ വകുപ്പിന്റെ തലവനായി മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഋഷിരാജ് സിംഗിനെ നിയമിച്ചത്. കേരളത്തിലെ ജയിലുകൾ അടക്കിവാഴുന്ന സിപിഎം തടവുകാരെ നിലയ്ക്കു നിർത്തുക എന്ന ഉദ്ദേശ്യം ഈ നിയമനത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അണിയറ സംസാരം. എന്തായാലും മുഖ്യമന്ത്രിയുടെ പൂർണ ആശിർവാദത്തോടെയാണ് ജയിൽവകുപ്പിൽ സിങ് ഇടപെട്ടു തുടങ്ങിയത്. ജയിൽ വകുപ്പിൽ ശുദ്ധീകരണം തന്നെ ലക്ഷ്യമിട്ടാണ് സിങ് കളത്തിലിറങ്ങിയത്. ജയിലുകളിൽ മിന്നൽ റെയ്ഡ് നടത്തുകയും ടി പി കേസ് പ്രതികളെ ജയിൽ മാറ്റിയും അടക്കം ഋഷിരാജ് സിങ് വാർത്തകളിൽ ഇടംപിടിച്ചു.

അതേസമയം സിംഗിന്റെ നടപടിയിൽ കടുത്ത അതൃപ്തിയുള്ളത് ജയിൽ വകുപ്പിലെ ജീവനക്കാർക്ക് തന്നെയാണ്. ശുദ്ധീകരണമെന്ന പേരിൽ കാടടച്ച് വെടിവെക്കുകയാണ് ഡിജിപിയെന്നാണ് വിമർശനം. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതിലാണു പ്രതിഷേധം. ഒരാഴ്ചക്കിടെ പല ഘട്ടമായി നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്നു സ്ഥലം മാറ്റിയത്. സ്‌കൂൾ അധ്യയന വർഷം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കെയുള്ള സ്ഥലംമാറ്റം കുടുംബാംഗങ്ങളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കുന്ന പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.

പലരും കുട്ടികൾക്ക് സ്‌കൂളുകളിൽ അഡ്‌മിഷൻ എടുത്ത വേളയിലാണ് വ്യാപകമായി സ്ഥലം മാറ്റം ഉണ്ടായത്. ഇത് സാമ്പത്തിക നഷ്ടത്തിന് പുറമേ കടുത്തമാനസിക സംഘർഷങ്ങൾക്കും ഇടയാക്കുന്നതായി ജീവനക്കാർ പരാതിപെട്ടു. സിങ് ചുമതലയേറ്റശേഷം ജയിലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി മൊബൈൽ ഫോണുകളും കഞ്ചാവ് പൊതികളും പിടികൂടിയിരുന്നു. ഒരു ദിവസം സിങ്ങിന്റെ നേതൃത്വത്തിലും മറ്റു ദിവസങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ നേരിട്ടുമായിരുന്നു പരിശോധന. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം മാറ്റപ്പെട്ടവരിൽ പരിശോധന നടത്തി നിരോധിത വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥരുമുണ്ട്.

ജയിൽ എക്‌സിക്യുട്ടീവ് ഓഫിസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറു പേരെ വിവിധ അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. രണ്ടു താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണു വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചത്. അസോസിയേഷൻ നേതാവിന്റെ സസ്‌പെൻഷൻ അംഗീകരിച്ചുകൊണ്ടുതന്നെയാണ്, കാരണം വ്യക്തമാക്കാതെയുള്ള സ്ഥലംമാറ്റത്തെ ഉദ്യോഗസ്ഥർ എതിർക്കുന്നത്. കഴിഞ്ഞ ഏപ്രിൽ മെയ്‌ മാസത്തിലാണു ജനറൽ ട്രാൻസ്ഫർ നടന്നത്. അന്നു പോലും ഇത്രയധികം ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റമുണ്ടായില്ലെന്ന കാര്യം ഇവർ ചൂണ്ടിക്കാട്ടുന്നു.

വിവിധ ജയിലുകളിലായി നൂറ്റമ്പതിലേറെപ്പേരെ സ്ഥലം മാറ്റിയതിൽ 50 പേർ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് മുഖ്യമന്ത്രി നേരിട്ട് അറിഞ്ഞു കൊണ്ടാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ താൽപ്പര്യമാണ് പ്രതിഫലിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു ഘട്ടമായായിരുന്നു ഇവിടെ സ്ഥലംമാറ്റം. ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ നഖശിഖാന്തം എതിർത്ത ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. ജയിൽ സബ് ഓർഡിനേറ്റ്‌സ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയിട്ടുണ്ട്.

നേതാക്കളെയടക്കം മാറ്റിയതിനാൽ ആരു വഴി പരാതി അറിയിക്കും എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. അസോസിയേഷൻ ഭാരവാഹികൾക്കു മുഖം കൊടുക്കുന്ന രീതി ഒരു വകുപ്പിലും ഋഷിരാജ് സിങ്ങിനില്ല. ജയിൽ വകുപ്പ് മുഖ്യമന്ത്രിയുടേതായതിനാൽ, അദ്ദേഹത്തെ നേരിട്ടു സമീപിക്കാനുള്ള ഭയവും ഉദ്യോഗസ്ഥർക്കുണ്ട്. ഏതു നിമിഷവും സ്ഥലംമാറ്റം പ്രതീക്ഷിച്ചാണു സംസ്ഥാനത്തെ ജയിലുകളിൽ ഉദ്യോഗസ്ഥർ കഴിയുന്നത്. ഇതു വല്ലാത്ത അരക്ഷിതാവസ്ഥയുണ്ടാക്കുന്നതായി ജയിൽ ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. അടുപ്പമുള്ള സിപിഎം സംസ്ഥാന നേതാക്കളെ പലരും പരാതി അറിയിച്ചിട്ടുണ്ട്.

അതേസമയം, ജയിൽ ശുദ്ധീകരണത്തിന് ഋഷിരാജ് സിങ്ങിനു പൂർണ സ്വാതന്ത്ര്യം നൽകാൻ തന്നെയാണു മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണു വിവരം. രാവിലെ മലമ്പുഴയിൽ പുതിയ ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും ഇതു സൂചിപ്പിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ തുനിയുന്നവർ കർശനനടപടി മുന്നിൽക്കാണണം. തെറ്റ് തിരുത്തുന്നവരെ പ്രോൽസാഹിപ്പിക്കും, തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. തെറ്റു തിരുത്താനുള്ള സാഹചര്യം ഉപയോഗിക്കാത്തവർക്കെതിരെ നടപടിയെടുക്കും. ജയിൽ കേന്ദ്രമാക്കി കൂടുതൽ തെറ്റുകൾ ചെയ്യാമെന്ന് കരുതിയാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല. അത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP