Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജനസംഖ്യ കൂടുതൽ..വികസനത്തിൽ പിന്നോക്കം; ലീഗിന്റെയും എസ്ഡിപിഐയുടെയും വാദം ഏറ്റുപിടിച്ച് ജമാഅത്തെ ഇസ്ലാമിയും; മലപ്പുറം മുറിച്ച് പുതിയ ജില്ല വേണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റ്; തിരൂർ അല്ല പൊന്നാനി ആസ്ഥാനമായാണ് പുതിയ ജില്ല വരേണ്ടതെന്നും വാദം; മലപ്പുറം വീണ്ടും വിഭജനവാദത്തിന്റെ പിരിമുറുക്കത്തിൽ

ജനസംഖ്യ കൂടുതൽ..വികസനത്തിൽ പിന്നോക്കം; ലീഗിന്റെയും എസ്ഡിപിഐയുടെയും വാദം ഏറ്റുപിടിച്ച് ജമാഅത്തെ ഇസ്ലാമിയും; മലപ്പുറം മുറിച്ച് പുതിയ ജില്ല വേണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയുടെ സംസ്ഥാന പ്രസിഡന്റ്; തിരൂർ അല്ല പൊന്നാനി ആസ്ഥാനമായാണ് പുതിയ ജില്ല വരേണ്ടതെന്നും വാദം; മലപ്പുറം വീണ്ടും വിഭജനവാദത്തിന്റെ പിരിമുറുക്കത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ജില്ലാ വിഭജിക്കണമെന്നാവശ്യവുമായി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റിയും രംഗത്ത്. നേരത്തെ എസ്.ഡി.പി.ഐ വിഷയവുമായി സമരപരിപാടികൾ ആരംഭിച്ചതിന് പിന്നാലെ മുസ്ലിംലീഗ് എംഎ‍ൽഎ കെ.എൻ.എ ഖാദറും ആവശ്യം ഉയർത്തി രംഗത്തുവന്നിരുന്നു. വികസനത്തിന്റെ എല്ലാ മേഖലകളിലും പിന്നാക്കം നിൽക്കുന്ന മലപ്പുറം ജില്ലയിൽ പുതിയ ജില്ല അനുവദിക്കണമെന്നാണ് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം ആവശ്യപ്പെട്ടത്. ഫ്രറ്റേണിറ്റി സംസ്ഥാന സാഹോദര്യ രാഷ്ട്രീയ ജാഥക്ക് മലപ്പുറം ടൗണിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14 ലക്ഷം ജനങ്ങളുടെ വികസനത്തിനായി 50 വർഷം മുമ്പ് 1969 ൽ അനുവദിച്ചതാണ് മലപ്പുറം ജില്ല. അതിന്റെ മൂന്നിരട്ടിയും വർധിച്ച് ജനസംഖ്യ ഇപ്പോൾ 45 ലക്ഷമായിരിക്കുന്നു.

സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളും ചേർത്താൽ ജനസംഖ്യ 43.4 ലക്ഷമാണ്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിൽ മലപ്പുറം ജില്ലയുടേതിനേക്കാൾ കുറഞ്ഞ ജനസംഖ്യയാണുള്ളത്. ത്രിപുര 30 ലക്ഷം, മേഘാലയ 30 ലക്ഷം, മണിപ്പൂർ 28 ലക്ഷം, നാഗാലാൻഡ് 20 ലക്ഷം, ഗോവ 15 ലക്ഷം, അരുണാചൽ പ്രദേശ് 14 ലക്ഷം, മിസോറാം 11 ലക്ഷം, സിക്കിം 6 ലക്ഷം എന്നിങ്ങനെയാണ് നിലവിലെ ജനസംഖ്യ. ഒരു സംസ്ഥാനത്തിന്റെ മുഴുവൻ സർക്കാർ സംവിധാനങ്ങളും സംരഭങ്ങളും ഈ ജനങ്ങൾക്ക് ലഭിക്കുമ്പോൾ മലപ്പുറത്ത് 45 ലക്ഷം ജനങ്ങൾക്ക് ഒരു ജില്ലക്ക് ലഭിക്കുന്ന പദ്ധതികൾ മാത്രമാണ് ലഭിക്കുന്നത്. ഇത് വികസന രംഗത്തുണ്ടാക്കുന്ന അസന്തുലിതാവസ്ഥയുടെ ഭരണകൂട ഇരകളാണ് മലപ്പുറത്തെ ജനങ്ങൾ.

നിലവിൽ സർക്കാർ അംഗീകരിച്ച ജനസംഖ്യാ മാനദണ്ഡപ്രകാരം തന്നെ മലപ്പുറം ജില്ലയിൽ 62 പുതിയ വില്ലേജുകളും മൂന്ന് പുതിയ താലൂക്കുകളും ഉണ്ടാകേണ്ടതുണ്ട്. ഇതെല്ലാം മുന്നിൽ വച്ചാണ് മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളുന്ന വികസനാവശ്യത്തിനായി മലപ്പുറത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയരുന്നത്. സാമൂഹിക നീതിയുടെ ഭാഗമായി ഇതംഗീകരിക്കാൻ സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ട്. ഫ്രറ്റേണിറ്റി മൂവ്മെന്റ് കേരളാ സർക്കാരിനോടത് ആവശ്യപ്പെടുകയാണ്.ഹയർ സെക്കന്ററി വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും കടുത്ത വിവേചനമാണ് മലപ്പുറം ജില്ല നേരിടുന്നത്.ഉയർന്ന ഗ്രേഡോട് കൂടി പത്താം ക്ലാസ് പാസായ 15287 വിദ്യാർത്ഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റില്ല. ഹയർ സെക്കന്ററ്റ പാസായ പകുതി വിദ്യാർത്ഥികൾക്ക് പോലും മലപ്പുറത്ത് ബിരുദ സൗകര്യമില്ല.

പുതിയ ഗവൺമെന്റ് ഹയർ സെക്കന്ററികളും സർക്കാർ കോളേജുകളും മലപ്പുറത്ത് അനുവദിക്കേണ്ടതുണ്ട്.പുതിയ യൂണിവേഴ്സിറ്റിളും മലപ്പുറത്ത് ഉണ്ടാകേണ്ടതുണ്ട്. യു. ജി. സി ചട്ടപ്രകാരം ഒരു യൂണിവേഴ്സിറ്റിക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളുടെ എണ്ണം നൂറാണ്. എന്നാൽ മലപ്പുറത്തെ കലാലയങ്ങളുള്ള കാലികറ്റ് സർവ്വകലാശാലക്ക് കീഴിൽ മാത്രം 477കോളേജുകളാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. യു. ജി. സി മാനദണ്ഡപ്രകാരം മാത്രം മൂന്ന് പുതിയ യൂണിവേഴ്സിറ്റികൾ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പരിധിക്കകത്ത് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി മതി അംബേദ്ക്കർ മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ മഹേഷ് തോന്നക്കൽ, കെ.എസ് നിസാർ, നഈം ഗഫൂർ, എം.ജെ സാന്ദ്ര, ബിബിത വാഴച്ചാൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി സനൽ കുമാർ സ്വാഗതവും മണ്ഡലം കൺവീനർ അഖീൽ നാസിം നന്ദിയും പറഞ്ഞു.

അതേ സമയം മലപ്പുറം മുറിച്ച് തിരൂർ ആസ്ഥാനമായല്ല ജില്ലവേണ്ടെതെന്നും മറിച്ച് പൊന്നാനി ആസ്ഥാനമായാണ് ജില്ലവരേണ്ടതെന്ന ആവശ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും രംഗത്തുവന്നിരുന്നു. മലപ്പുറം ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ ഖാദർ എംഎ‍ൽഎ. നിയമസഭയിൽ ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും മലപ്പുറം ജില്ലാ വിഭജനചർച്ച വീണ്ടും സജീവമായിട്ടുള്ളത്. എസ്.ഡി.പി.ഐ നേരത്തെ മുതലെ മലപ്പുറം ജില്ലാ വിഭജനം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിഷയം ഇത് ആരും ഏറ്റെടുത്തിരുന്നില്ല, എന്നാൽ കെ.എൻ.എ ഖാദറിന്റെ രംഗപ്രവേശനത്തോടെ പുതിയ ജില്ലാ രൂപീകരണ ചർച്ച സജീവമായതോടെയാണ് ജില്ലാ ആസ്ഥാനത്തെ കുറിച്ചും തമ്മിൽ തല്ലുംവാക്‌പോരും നടക്കുന്നത്. തിരൂർ ആസ്ഥാനമായി പുതിയ ജില്ലവേണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെടുമ്പോൾ അതുപൊന്നാനിയിൽവേണമെന്നാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ രംഗത്തെത്തിയത്. ഇതിന് വിവിധ കാരണങ്ങളും ഇവർ നിരത്തുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂൺ 16ന് അമ്പതാം വാർഷികം ആഘോഷിച്ച മലപ്പുറം ജില്ല വീണ്ടും വിഭജനത്തിന്റെ പിരിമുറുക്കത്തിലാണ്, 1969 ജൂൺ 16 നാണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത്. അന്ന് 14 ലക്ഷമായിരുന്നു ജനസംഖ്യയെങ്കിൽ ഇന്നത് 46 ലക്ഷത്തിൽ എത്തിനിൽക്കുന്നു. 14 ലക്ഷത്തിൽ നിന്ന് മൂന്നിരട്ടിയായി ജനസംഖ്യ വർദ്ധിച്ചിട്ടും വികസനവും അധികാരവും താഴെത്തട്ടിലെത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പോലും ജില്ലയിൽ ഉണ്ടായിട്ടില്ല. ജനസംഖ്യാനുപാതികമായി ജില്ലക്ക് ലഭിക്കേണ്ട വികസന പദ്ധതികളൊന്നും ജില്ലയുടെ പിറവിക്ക് ശേഷം ലഭിച്ചിട്ടില്ല എന്നത് എക്കാലവും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള വിഷയമാണ്.

46 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന, ജനസംഖ്യയുടെ ആധിക്യം കൊണ്ട് വീർപ്പു മുട്ടുന്ന മലപ്പുറം ജില്ലയുടെ ശോചനീയാവസ്ഥക്ക് പരിഹാരമെന്നോണമാണ് പൊന്നാനി ആസ്ഥാനമാക്കി പുതിയൊരു ജില്ല എന്ന ന്യായമായ ആവശ്യം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഉന്നയിക്കുന്നത്. മറുനാട്ടിലുള്ള പൊന്നാനിക്കാരുടെ ആഗോള കൂട്ടായ്മയായ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഈ ആവശ്യവുമായി ഊർജ്ജസ്വലമായ ഇടപെടലുകൾ നടത്തിവരുകയാണ്. ജൂൺ 26നു മലപ്പുറത്തു നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ ജില്ല രൂപീകരിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടത്. കൂട്ടായ്മയുടെ സമിതി രക്ഷാധികാരി മൂസക്കുട്ടി, കേന്ദ്ര ജനറൽ സെക്രട്ടറി രാജൻ തലക്കാട്ട്, കേന്ദ്ര കമ്മിറ്റി ട്രഷറർ എ.കെ മുസ്തഫ, സമിതി കൺവീനർ അഡ്വ: ഫസലു റഹ്മാൻ, സമിതിയംഗം ഹൈദരലി മാസ്റ്റർ എന്നിവരാണ് പത്രസമ്മേളനത്തിൽ പങ്കെടുത്തത്.

സാംസ്‌കാരിക പാരമ്പര്യത്തിന്റെയും പഴയ വാണിജ്യ തലസ്ഥാനമായ തിണ്ടിസ് തുറമുഖത്തിന്റെയും ആസ്ഥാനമായ, കടലും പുഴയും കായലും വയലും കോൾ കൃഷിയും മണൽപ്പരപ്പുമായി നീണ്ടുകിടക്കുന്ന, മത്സ്യ സംസ്‌ക്കരണവും കയർ അനുബന്ധ വികസനത്തിനും സാധ്യതകൾ നിലനിൽക്കുന്ന പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല വരേണ്ടത് അനിവാര്യമാണെന്ന് ഭാരവാഹകൾ പറയുന്നു. വികസനം എല്ലാവർക്കും എല്ലായിടത്തും എത്തുന്ന പൗരന്റെ മനുഷ്യാവകാശ സംരക്ഷണ ലക്ഷ്യത്തോടെയുള്ള ഈ യജ്ഞത്തിൽ സർവ്വ ജനങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജില്ലാരൂപീകരണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി, റവന്യു മന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ, എം പി, മറ്റു ജനപ്രതിനിധികൾ എന്നിവരെ നേരിട്ട് കാണാനും നിവേദനം സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബഹുജന കൺവെൻഷൻ, ബോധവൽക്കരണ പരിപാടികൾ പ്രചരണ ജാഥ തുടങ്ങി പലവിധ പരിപാടികൾ ഇതുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങളാണ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞത്.

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം എന്നിങ്ങനെ ഏതു മേഖലയെടുത്ത് പരിശോധിച്ചാലും മലപ്പുറം ജില്ല ഏറെ പിറകിലാണെന്നു കാണാം. ജില്ലാ ആശുപത്രിയുടെ ബോർഡ് നെയിം മെഡിക്കൽ കോളേജ് എന്നായി മാറിയതൊഴിച്ചാൽ അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിൽ ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല. ജില്ലയിലെ മറ്റു ഗവണ്മെന്റ് ആശുപത്രികളുടെ നിലവാരവും വ്യത്യസ്തമല്ല.വിദ്യാഭ്യാസ അനീതികൾക്കും വിവേചനങ്ങൾക്കുമെതിരെയാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സമരങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തു ഏററവും കൂടുതൽ പേർ പത്താം ക്ലാസ്സ് പരീക്ഷ എഴുതുന്നതും വിജയിക്കുന്നതും മലപ്പുറം ജില്ലയിലാണ്. എന്നാൽ 70 ശതമാനത്തിനു മുകളിൽ മാർക്കു നേടിയ വിദ്യാർത്ഥികൾക്ക് പോലും മലപ്പുറത്ത് പ്ലസ് വണിന് സീറ്റില്ല. ഉന്നത വിദ്യാഭ്യാസ രംഗമായ ബിരുദ ബിരുദാന്തര മേഖലയിലെ അവസ്ഥ ഇതിലും പരിതാപകരമാണ്.

ഗതാഗത മേഖലയിൽ ജില്ലയുടെ മുഖച്ഛായ മാറ്റാനാവുമായിരുന്ന നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാതയും താനൂർ- ഗുരുവായൂർ പാതയുമെല്ലാം പഴങ്കഥയിലെ വാഗ്ദാനങ്ങൾ മാത്രമായി. ജില്ലയുടെ അഭിമാനമായ കരിപ്പൂർ വിമാനത്താവളത്തിന്റെ ചിറകരിയുന്ന നടപടികളാണ് സമീപകാലത്തായി സ്വീകരിക്കുന്നതെന്നത് മറ്റൊരു ദുരന്തമാണ്. ടൂറിസം മേഖലയിലും ഈ അനാസ്ഥ തന്നെയാണ് കാണാൻ കഴിയുന്നത്.

സർക്കാർ പദ്ധതികളൊന്നും കാര്യക്ഷമായി നടക്കാഞ്ഞിട്ടും മലപ്പുറം ജില്ല ഇങ്ങനെ തലയുയർത്തി നിൽക്കാൻ കാരണം പ്രവാസികളാണ്. സൗകര്യമുള്ള വീടുകളും വാഹനങ്ങളും അങ്ങാടിയിൽ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങളും വ്യവസായങ്ങളും പുതുതലമുറയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഊർജ്ജവുമെല്ലാം ഈ ഗൾഫ് മണി തന്നെയാണ്. അതിജീവനത്തിന്റെ തുരുത്തായ ഗൾഫ് പച്ചപ്പ് മങ്ങിത്തുടങ്ങിയതോടെ ജില്ലയുടെ മുഖ്യ വരുമാനമാർണ്മമാണ് അടഞ്ഞു തുടങ്ങുന്നത്. ഇതിനെ നേരിടാനുള്ള ഒരു പദ്ധതികളും മലപ്പുറം ജില്ലയിൽ പുരോഗമിക്കുന്നില്ല.

മറ്റു ജില്ലകളെപ്പോലെ സർക്കാർ പദ്ധതികളിലൂടെ മലപ്പുറം ജില്ലയിൽ വികസനം യാഥാർഥ്യമാകണമെങ്കിൽ ജനസംഖ്യാനുപാതികമായി പുതിയ വില്ലേജുകളും താലൂക്കുകളും ഉണ്ടാവേണ്ടതുണ്ട്. കണക്കനുസരിച്ച് ജനസംഖ്യാനുപാതികമായി പുതിയ 62 വില്ലേജുകളും 3 താലൂക്കുകളും അനുവദിക്കേണ്ടതുണ്ട്. 14 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി 1969ൽ രൂപീകരിക്കപ്പെട്ടതാണ് മലപ്പുറം ജില്ല. ഇപ്പോൾ ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ച് 45 ലക്ഷത്തിലെത്തി സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്. വികസനാവശ്യാർത്ഥം മലപ്പുറം, പാലക്കാട് ജില്ലകളിലെ ചില ഭാഗങ്ങൾ ചേർത്ത് പുതിയ ജില്ല രൂപീകരിക്കണമെന്ന ന്യായമായ ആവശ്യം ഉയർന്നുവരുന്നത് ഈ സന്ദർഭത്തിലാണ്. സർക്കാരിന്റെ വികസന പദ്ധതികൾ യാതൊരു വിവേചനവും കൂടാതെ എല്ലാ പ്രദേശത്തെ പൗരന്മാർക്കും നീതിയോടെ ലഭിക്കേണ്ടതുണ്ട്. ആ സാമൂഹിക നീതി ഉറപ്പു വരുത്താൻ പുതിയ ജില്ലയും താലൂക്കുകളും വില്ലേജുകളും ഉണ്ടാവേണ്ടതുണ്ട്.

മലപ്പുറം ജില്ലയുടെ വികസനത്തിന്റെ 90 ശതമാനം കുറ്റിപ്പുറം പാലം കടന്ന്പടിഞ്ഞാറോട്ടും തിരൂർ വിട്ട് തെക്കോട്ടും ഇല്ലാത്ത അവസ്ഥക്ക് മാറ്റം വരണം. അലീഗഢ് ഓഫ് കാമ്പസ് പെരിന്തൽമണ്ണ, ജില്ലാ ആശുപത്രി തിരൂർ എന്നിവ ഉദാഹരണങ്ങളാണ്. സ്വന്തം ജില്ലയിലേക്ക് അനുവദിച്ച മെഡിക്കൽ കോളേജിലേക്ക്80 കിലോമീറ്റർ യാത്ര ചെയ്യേണ്ട അവസ്ഥ കേരളത്തിൽ ഒരുപക്ഷെ പൊന്നാനിക്കാർക്ക് മാത്രമാകും. ആനക്കര, തൃത്താല, കൂറ്റനാട് മുതലായ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലുള്ളവർക്കും പട്ടാമ്പി താലൂക്കിലെ വലിയൊരു വിഭാഗത്തിനും പൊന്നാനിക്കാരുടെ അതേ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാടിനും ഒരൽപ്പം ആശ്വാസം നൽകാൻ പുതിയ ജില്ലാ രൂപീകരണം ഉപകരിക്കുമെന്നും ഭരവാഹികൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP