Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓപ്പറേഷൻ താമരയിൽ മുങ്ങിത്താഴുന്ന കോൺഗ്രസിന്റെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ ഡി.കെ ശിവകുമാർ ദേശീയ അധ്യക്ഷനാകുമോ? കർണാടകയ്ക്ക് വേണ്ടിയുള്ള നീക്കം അണികളുടെ പ്രിയങ്കരനാക്കി മാറ്റിയതോടെ അമിത് ഷായുടെ തന്ത്രങ്ങളെ തകർക്കാൻ ഡി.കെയ്ക്ക് മാത്രമേ കഴിയൂവെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ; മോദിയെയും 40 കള്ളന്മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കർ അയ്യരും

ഓപ്പറേഷൻ താമരയിൽ മുങ്ങിത്താഴുന്ന കോൺഗ്രസിന്റെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയ ഡി.കെ ശിവകുമാർ ദേശീയ അധ്യക്ഷനാകുമോ? കർണാടകയ്ക്ക് വേണ്ടിയുള്ള നീക്കം അണികളുടെ പ്രിയങ്കരനാക്കി മാറ്റിയതോടെ അമിത് ഷായുടെ തന്ത്രങ്ങളെ തകർക്കാൻ ഡി.കെയ്ക്ക് മാത്രമേ കഴിയൂവെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റുകൾ; മോദിയെയും 40 കള്ളന്മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കർ അയ്യരും

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തെ ആട്ടിയുലച്ച ഓപ്പറേഷൻ താമരയിൽ കോൺഗ്രസിനെ വലിച്ചു കയറ്റാൻ ആവോളം ശ്രമം നടത്തിയ ഡി.കെ ശിവകുമാറിന്റെ നീക്കങ്ങൾ വെറുതേയായില്ല. ഇപ്പോൾ കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ കൊണ്ടു വരണമെന്ന ആവശ്യമാണ് പാർട്ടിയുടെ സൈബർ അണികൾ അടക്കം തകൃതിയായി പ്രചരിപ്പിക്കുന്നത്. കോൺഗ്രസ്- ജനതാദൾ സർക്കാരിനെ വെട്ടിലാക്കി എംഎൽഎമാർ രാജി സമർപ്പിച്ചപ്പോൾ മുംബൈയ്ക്ക് വിമാനം കയറുന്നത് മുതൽ അറസ്്റ്റിന് ഇരയായതും വരെ ശിവകുമാറാണ്. എന്നാൽ ഇത് നേതാവിന്റെ പോരാട്ട വീര്യത്തെയാണ് കാട്ടുന്നത് എന്നത് മുതൽ അദ്ദേഹത്തെ ദേശീയ നേതൃ തലത്തിലേക്ക് വരാൻ അവസരമൊരിക്കണം എന്നത് വരെയുള്ള വാക്കുകളാണ് ഇപ്പോൾ കോൺഗ്രസിൽ ശക്തമായി ഉയരുന്നത്.

സമൂഹ മാധ്യമത്തിലാണ് ഇപ്പോൾ പ്രചരണം ശക്തമായിരിക്കുന്നത്. അണികളുടെ ആവശ്യം തീജ്വാല പോലെ ഉയരുമ്പോൾ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും ഇപ്പോൾ ഇത് ആവശ്യപ്പെട്ടിരിക്കുകയാണ്. കർണാടകയിൽ ശിവകുമാർ നടത്തിയ ഇടപെടൽ ദേശീയ തലത്തിൽ വരെ ശ്രദ്ധേയമായതാണ് ഇപ്പോൾ പുത്തൻ വഴിത്തിരിവിന് കാരണമായിരിക്കുന്നത്. ഉത്തരേന്ത്യയിലെ മുതിർന്ന പ്രവർത്തകർ വരെ ശിവകുമാറിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നതാണ് ഇതിൽ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായോടാണ് ശിവകുമാറിനെ താരതമ്യം ചെയ്യുന്നത്. അമിത് ഷായുടെ തന്ത്രങ്ങളെ തകർക്കാൻ ഡി.കെയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പല പോസ്റ്റുകളിലും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്.

ഈ മനുഷ്യൻ അത്രയും ധൈര്യവാനാണ്. അധികാരമില്ലാതിട്ടും അത്രയും ആത്മാർത്ഥയോടെ പ്രവർത്തിക്കുന്നു. അദ്ദേഹം കോൺഗ്രസിന്റെ അടുത്ത ദേശീയ അദ്ധ്യക്ഷനാവണമെന്ന് ആഗ്രഹിക്കുന്നു. മോദിയെയും 40 കള്ളന്മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാൻ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കർ അയ്യരുടെ പ്രതികരണം. ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിൽ രണ്ട് ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. താഴത്തെട്ടിലെ ജനങ്ങൾക്കിടയിൽ പിന്തുണയുള്ള, എന്തും നേടിയെടുക്കുന്ന നേതാവ് എന്നാണ് പോസ്റ്ററിൽ ഡി.കെ ശിവകുമാറിനെ വിശേഷിപ്പിക്കുന്നത്.

വിമത എംഎ‍ൽഎമാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ഡി.കെ ശിവകുമാർ നടത്തിയ പ്രവർത്തനങ്ങളും പോസ്റ്ററിൽ എണ്ണിപറയുന്നു.'സ്പീക്കറുടെ ചേംബറിലെത്തി 11 വിമത എംഎ‍ൽഎമാരെ കണ്ടെത്തി നാല് എംഎ‍ൽഎമാരെ തിരികെ കൊണ്ട് വന്നതാര്. ഒരേയൊരു ഡി.കെ ശിവകുമാർ. എംഎ‍ൽഎമാരുടെ രാജി തടയുന്നതിന് വേണ്ടി രാജിക്കത്ത് കീറിക്കളഞ്ഞതാര്, ഒരേയൊരു ഡി.കെ ശിവകുമാർ' പോസ്റ്ററിൽ പറയുന്നു. രാജിവച്ച എംഎൽഎമാരെ അനുനയിപ്പിച്ച് തിരികെക്കൊണ്ടുവരാൻ എന്തു വീട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. നിലവിൽ ബിജെപിക്ക് 106, കോൺഗ്രസിനും ജെഡിഎസിനും കൂടി 105 എന്നിങ്ങനെയാണ് നിയമസഭയിലെ കക്ഷിനില.

സ്പീക്കറെ കൂടി ഉൾപ്പെടുത്തിയാണ് കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് 105 അംഗങ്ങളുള്ളത്. കോൺഗ്രസ് വിമത എംഎൽഎ രാമലിംഗ റെഡ്ഡിയെ മുഖ്യമന്ത്രി കണ്ടു. ബെംഗളൂരുവിലെ രഹസ്യകേന്ദ്രത്തിലായിരുന്നു ചർച്ച. രാജിയിൽനിന്ന് പിന്മാറണമെന്ന് കുമാരസ്വാമി രാമലിംഗ റെഡ്ഡിയോട് ആവശ്യപ്പെട്ടു. രാമലിംഗ റെഡ്ഡി രാജി പിൻവലിച്ചേക്കുമെന്ന് സൂചനയുണ്ട്. റെഡ്ഡിയെ ഉപമുഖ്യമന്ത്രിയാക്കി കൂടെയുള്ളവർക്ക് മന്ത്രിസ്ഥാനം നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതേസമയം സർക്കാർ രൂപീകരിക്കാനുള്ള കരുനീക്കങ്ങൾ ബിജെപി പാളയത്തിലും സജീവമാണ്.

പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ എംഎൽഎമാരുടെ രാജി സ്പീക്കർ സ്വീകരിക്കില്ലെന്നാണ് സൂചന. ഇതിനെതിരെ എം.എൽ എ മാർക്ക് കോടതിയിൽ പോകാം. പക്ഷേ ഇതിലെ നിയമനടപടികൾ നീണ്ടുപോകാൻ ഇടയുണ്ട്. ഇതിനിടെ കൂടുതൽ കൂറുമാറ്റങ്ങളുണ്ടായാൽ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് ഗവർണറോട് അഭ്യർത്ഥിക്കാം. എന്നാൽ ഗവർണർക്ക് ഇത് തള്ളിക്കളഞ്ഞ് ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കാം. ഇക്കാര്യത്തിൽ ഗവർണറാണ് നിലപാട് സ്വീകരിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP