Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് ഇത് ഗ്രഹണകാലം; കർണാടകയിൽ തുടങ്ങി ഗോവയിലേക്കു പടരുന്നത് വംശനാശം വരെ സംഭവിക്കാൻ ഇടയുള്ള ഗുരുതര രോഗം; രാഹുലിന് പകരം ആര് എന്നുപോലും തീരുമാനിക്കാൻ ആവാതെ ആഴ്‌ച്ചകൾ തള്ളി നീക്കുന്ന ഡൽഹിയിലെ മുറിവൈദ്യന്മാർ ഒരുക്കുന്നത് കൂട്ടക്കൊല; അധികാരം ഉള്ളിടത്തു സർക്കാറിനെ അട്ടിമറിച്ചും പ്രതിപക്ഷം ഉള്ളിടത്ത് അത് തകർത്തും പായുന്ന കൊടുങ്കാറ്റിനെ അതിജീവിക്കാൻ ആകാതെ നോക്കി നിന്നാൽ ചരിത്രമാകുന്നത് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി

കോൺഗ്രസിന് ഇത് ഗ്രഹണകാലം; കർണാടകയിൽ തുടങ്ങി ഗോവയിലേക്കു പടരുന്നത് വംശനാശം വരെ സംഭവിക്കാൻ ഇടയുള്ള ഗുരുതര രോഗം; രാഹുലിന് പകരം ആര് എന്നുപോലും തീരുമാനിക്കാൻ ആവാതെ ആഴ്‌ച്ചകൾ തള്ളി നീക്കുന്ന ഡൽഹിയിലെ മുറിവൈദ്യന്മാർ ഒരുക്കുന്നത് കൂട്ടക്കൊല; അധികാരം ഉള്ളിടത്തു സർക്കാറിനെ അട്ടിമറിച്ചും പ്രതിപക്ഷം ഉള്ളിടത്ത് അത് തകർത്തും പായുന്ന കൊടുങ്കാറ്റിനെ അതിജീവിക്കാൻ ആകാതെ നോക്കി നിന്നാൽ ചരിത്രമാകുന്നത് രാജ്യത്തെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

പനാജി: രാജ്യത്തെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്. ആ കോൺഗ്രസ് നേതൃഗുണമില്ലാത്തവരെ കൊണ്ട് തകർന്നടിയുന്ന ദയനീയ കാഴ്‌ച്ചയാണ് രാജ്യം ഇപ്പോൾ കാണുന്നത്. അധികാരത്തിലിരിക്കുന്ന കർണാടകത്തിൽ ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസിനെ തകർത്ത ബിജെപി ഗോവയിലും ഞെട്ടിക്കൽ നീക്കമാണ് നടത്തിയത്. അയൽസംസ്ഥാനമായ ഗോവയിലെ പത്ത് കോൺഗ്രസ് എംഎ‍ൽഎമാർ ബിജെപിയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎ‍ൽഎമാർ കൂടുമാറുന്നത്.

തങ്ങൾ പാർട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്ലേക്കറും മറ്റു ഒമ്പത് കോൺഗ്രസ് എംഎ‍ൽഎമാരും നിയമസഭാ സ്പീക്കർക്ക് കത്തുനൽകി. ബുധനാഴ്ച വൈകിട്ടാണ് ഇവർ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കർ മൈക്കൽ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്ലേക്കറിനൊപ്പം ഫ്രാൻസിസ് സിൽവേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വിൽഫ്രഡ് ഡിസൂസ, നീൽകാന്ത് ഹലാങ്കർ തുടങ്ങിയവരും ബിജെപി.യിലേക്ക് ചേക്കേറുന്നവരിൽ ഉൾപ്പെടുന്നു. അതേസമയം, പാർട്ടി വിടാനിടയായ കാരണം എന്താണെന്ന ചോദ്യത്തോട് ചന്ദ്രകാന്ത് കാവ്ലേക്കറും എംഎ‍ൽഎമാരും പ്രതികരിച്ചില്ല.

ഗോവയിൽ ആകെ 15 എംഎ‍ൽഎമാരാണ് നിലവിൽ കോൺഗ്രസിനുള്ളത്. ഇതിൽ പത്തുപേർ ബിജെപി.യിലേക്ക് പോകുന്നതോടെ കോൺഗ്രസിന്റെ അംഗസഖ്യ അഞ്ചായി ചുരുങ്ങും. നാൽപതംഗം നിയമസഭയിൽ ബിജെപിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയാളുന്നത്.

കർണാടകത്തിൽ പ്രതിസന്ധി മൂർച്ഛിച്ച് രാജിവെക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തിരിച്ചറിഞ്ഞു കഴിഞ്ഞു. സഖ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് 16 എംഎ‍ൽഎമാർ രാജിവെക്കുകയും രണ്ടു മന്ത്രിമാർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ സർക്കാറിനെ രക്ഷിക്കാൻ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ് കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്. വ്യാഴാഴ്ച രാവിലെ 11ന് നിർണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്. അതേസമയം, കർണാടക നിയസഭയായ വിധാൻ സൗധക്ക് ചുറ്റും 11ാം തീയതി മുതൽ 14ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വിമതർക്ക് അവസരമൊരുക്കാൻ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സർക്കാറിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത് പാർട്ടി നേതൃത്വങ്ങൾ ഗവർണർക്ക് കൈമാറാത്തതിനാൽ സാങ്കേതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ് കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു ശേഷം രാജ്ഭവനിലെത്തി ഗവർണറെ കണ്ട് രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്ച ആരംഭിക്കുന്ന വർഷകാല നിയമസഭ സമ്മേളനത്തിൽ സഭയെ അഭിസംബോധന ചെയ്ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ് സൂചന. വിമതർ രാജിയിൽ ഉറച്ചുനിൽക്കുന്നതും കൂടുതൽപേർ രാജിയിലേക്ക് നീങ്ങുന്നതും സഖ്യനേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട്.

മൂന്ന് ജെ.ഡി.എസ് എംഎ‍ൽഎമാരും 13 കോൺഗ്രസ് എംഎ‍ൽഎമാരുമാണ് ഇതുവരെ രാജി നൽകിയത്. ഈ സ്ഥിതി തുടർന്നാൽ ഗവർണർ സർക്കാറിനെ പിരിച്ചുവിടുന്നതിനു മുമ്പ് രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്നാണ് മുതിർന്ന കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കളുടെ അഭിപ്രായം. ബുധനാഴ്ച രാത്രി എട്ടോടെ കുമാരസ്വാമി ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ വസതിയിലെത്തി ഇക്കാര്യത്തിൽ അവസാന വട്ട ചർച്ച നടത്തിയിരുന്നു.

അതേസമയം കർണാടക സർക്കാറിനെ രക്ഷിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പോലും ഒന്നുമായില്ല. കർണാടകത്തിലെ ജലമന്ത്രി ഡി.കെ. ശിവകുമാർ ഒറ്റയ്ക്ക് പോരാടിയെങ്കിലും അദ്ദേഹത്തിന് ലോകകപ്പ് സെമിയിലെ ജഡേജയുടെ അവസ്ഥയാണുണ്ടായത്. ഇന്നലെ മുംബൈയിലെ റിനെയ്‌സൻസ് ഹോട്ടലിനുമുന്നിൽ ആ പോരാട്ടത്തിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം ഹോട്ടലിനുപുറത്ത് വിമത എംഎ‍ൽഎ.മാർക്കായി കാത്തുനിന്നു.

2013-ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിൽനിന്നു പുറത്തിരുത്തിയിട്ടുപോലും ശിവകുമാർ എതിർത്ത് ഒരു വാക്കുപോലും പരസ്യമായി പറഞ്ഞിട്ടില്ല. തുടർന്ന് 2014-ൽ മന്ത്രിയായി. 2017-ൽ ഗുജറാത്തിൽനിന്ന് അഹമ്മദ് പട്ടേലിനെ രാജ്യസഭയിലെത്തിക്കുന്നതിനും കൃത്യമായ കരുക്കൾ നീക്കിയത് ശിവകുമാറായിരുന്നു. അന്നും കൂറുമാറാൻ സാധ്യതയുള്ള എംഎ‍ൽഎ.മാരെ ഒപ്പംനിർത്തി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി കേന്ദ്രസർക്കാരിന്റെ പകപോക്കൽനടപടികൾക്ക് അദ്ദേഹം വിധേയനായി. ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരേ പലവട്ടം പരിശോധനയുമായി രംഗത്തെത്തിയിരുന്നു.

ബുധനാഴ്ച രാവിലെ സോണിയാഗാന്ധിയും അവരുടെ രാഷ്ട്രീയ ഉപദേശകൻ അഹമ്മദ് പട്ടേലും ഡി.കെ. ശിവകുമാറിനെ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. അതേസമയം രാഹുൽ ഗാന്ധിക്ക് പകരം ആളെ കണ്ടെത്താൻ സാധിക്കാത്തതും ഗോവയിൽ അടക്കം കോൺഗ്രസിന്റെ തിരിച്ചടിക്ക് കാരണമാകുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമ്പൂർണ പൊളിച്ചുപണി ലക്ഷ്യമിട്ടാണ് രാഹുലിന്റെ രാജി എങ്കിലും അത് സാധിക്കില്ലെന്ന നിലയാണ് നിലവിലുള്ളത്. സ്ഥാനമൊഴിയാൻ തയ്യാറാകാത്ത മുതിർന്നവർ തന്നെയാണ് കോൺഗ്രസിനെ ബാധ്യതയായി മാറുന്നത്. മറുവശത്ത് അമിത്ഷാ പണമെറിഞ്ഞും അധികാരം പ്രയോഗിക്കും കോൺഗ്രസിനെ തകർക്കുന്നതിൽ വിജയിക്കുന്നു. എന്നാൽ, ഈ കൊടുങ്കാറ്റിനെ അതിജീവിക്കാൻ സാധിക്കാത്തെ നിലയില്ലാ കയത്തിലാണ് കോൺഗ്രസ് പാർ്ട്ടിയെന്ന് വ്യക്തമാക്കുന്നതാണ് കർണാടകത്തിലെയും ഗോവയിലെയും പാർട്ടിയുടെ ദുരവസ്ഥ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP