Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിന് കത്രികപൂട്ടിട്ട് സർക്കാർ; നെടുമ്പാശ്ശേരിയിൽ അനുവദിക്കുന്ന വനിതാ ജഡ്ജിയുള്ള പ്രത്യേക പോക്സോ കോടതി ആദ്യം വിചാരണ ചെയ്യുന്നത് നടിയെ ആക്രമിച്ച കേസ്; പ്രത്യേക കോടതിക്കെതിരെ ദിലീപ് നടത്തിയ പോരാട്ടങ്ങൾ എല്ലാം വെറുതേയാകുമ്പോൾ വിചാരണാ കോടിതിയിലെ രക്ഷപെടാനുള്ള അവസാന പ്രതീക്ഷയും വെറുതേയാകും; ജനപ്രിയ നടന്റെ മുമ്പിൽ ഇനിയുള്ള ഏകതന്ത്രം പുതിയ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ വീണ്ട പുതിയ നിയമപോരാട്ടം തുടങ്ങി വെക്കുക മാത്രം

ദിലീപിന് കത്രികപൂട്ടിട്ട് സർക്കാർ; നെടുമ്പാശ്ശേരിയിൽ അനുവദിക്കുന്ന വനിതാ ജഡ്ജിയുള്ള പ്രത്യേക പോക്സോ കോടതി ആദ്യം വിചാരണ ചെയ്യുന്നത് നടിയെ ആക്രമിച്ച കേസ്; പ്രത്യേക കോടതിക്കെതിരെ ദിലീപ് നടത്തിയ പോരാട്ടങ്ങൾ എല്ലാം വെറുതേയാകുമ്പോൾ വിചാരണാ കോടിതിയിലെ രക്ഷപെടാനുള്ള അവസാന പ്രതീക്ഷയും വെറുതേയാകും; ജനപ്രിയ നടന്റെ മുമ്പിൽ ഇനിയുള്ള ഏകതന്ത്രം പുതിയ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ വീണ്ട പുതിയ നിയമപോരാട്ടം തുടങ്ങി വെക്കുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപിടികൾ വേഗത്തിലാക്കാൻ ഒരുങ്ങി സർക്കാർ. പോക്‌സോ കേസുകൾക്കു മാത്രമായി കൊച്ചി നെടുമ്പാശേരിയിൽ സ്ഥാപിക്കുന്ന പ്രത്യേക കോടതിയിൽ പരിഗണിക്കുന്ന ആദ്യ കേസായിരിക്കും നടിയെ ആക്രമിച്ച കേസ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് ഈ കോടതിയിൽ വിചാരണ ചെയ്യുന്നതിന് അനുമതി നൽകാനും മന്ത്രിസഭാ യോഗം ഇന്നലെ തീരുമാനിക്കുകയായിരുന്നു.

പോക്‌സോ കോടതിക്കായി ഒരു ജില്ലാ ജഡ്ജി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ബെഞ്ച് ക്ലാർക്ക് എന്നിവരുടേത് ഉൾപ്പെടെ 13 തസ്തിക സൃഷ്ടിച്ചു. നിർത്തലാക്കിയ എറണാകുളം വഖഫ് ട്രിബ്യൂണലിൽ നിന്നു പുനർവിന്യാസത്തിലൂടെയാണു 10 തസ്തിക കണ്ടെത്തുക. ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം സംസ്ഥാന സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കുന്നതിനുള്ള കരടു ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി.

അതേസമയം, കേസിൽ പ്രതിയായ നടൻ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയായി. കേസിൽ കുറ്റപത്രം സമർപ്പിച്ച് 21 മാസം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടില്ല. 2017 ഫെബ്രുവരി 17ന് പൾസർ സുനി എന്ന എൻ എസ് സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടിയെ ഉപദ്രവിച്ചെന്നാണ് കേസ്. നടൻ ദിലീപും എൻഎസ് സുനിൽ, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വിപി വിജേഷ്, വടിവാൾ സലിം എന്ന സലിം, പ്രദീപ്, ചാർലി തോമസ്, മേസ്തിരി സുനിൽ എന്ന സുനിൽ കുമാർ, വിഷ്ണു എന്നിവരുമാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ദിലീപ് ഉൾപ്പെടെ അഞ്ചു പേർ ജാമ്യത്തിൽ പുറത്തിറങ്ങി. ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹെക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായാണ് നടൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണം ദുരുദ്ദേശ്യപരവും പക്ഷപാതപരവുമാണ് എന്നായിരുന്നു ദിലീപ് കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഹർജിക്കാരന്റെ ഈ വാദത്തിനു ബലമേകുന്ന വസ്തുതകളില്ലെന്നും സിബിഐയ്‌ക്കോ മറ്റേതെങ്കിലും ഏജൻസിക്കോ അന്വേഷണം കൈമാറാൻ തക്ക കാരണങ്ങൾ സ്ഥാപിക്കാനാവുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.

സംഭവത്തിൽ അറിവോ പങ്കോ ഇല്ലാത്ത തന്നെ കേസിലെ പ്രതി ഉന്നയിച്ച വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തെറ്റായി പ്രതി ചേർത്തെന്നാണ് ഹർജിയിൽ ദിലീപിന്റെ പ്രധാന ആരോപണം. സത്യം കണ്ടെത്താൻ സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിലല്ലാത്ത സ്വതന്ത്ര ഏൻസി അന്വേഷിക്കണം. കുറ്റപത്രം നൽകിയെങ്കിലും ദൃശ്യങ്ങൾ പകർത്താനുപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും മെമ്മറി കാർഡിലുള്ള ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു.

ദിലീപ് സിബിഐ അന്വേഷണ ഹർജി നൽകിയിട്ടുള്ളതു വിചാരണ വൈകിപ്പിക്കാനാണെന്ന് സർക്കാർ കോടതിയിൽ ആരോപിച്ചിരുന്നു. സത്യസന്ധവും നിയമപരവുമായ അന്വേഷണമാണു നടത്തിയതെന്നും അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയ കേസാണിതെന്നുമാണ് സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്.

കേസിൽ വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ അംഗീകരിക്കപ്പെട്ടിരുന്നു. അതേസമയം കേസിലെ വിചാരണാ നടപടികൾ നീട്ടിവെക്കാനായി സുപ്രീംകോടതിയിൽ താരം ഹർജി നൽകിയിട്ടുണ്ട്. വീണ്ടും വിചാരണ തുടങ്ങാൻ ഒരുങ്ങുമ്പോൾ ദിലീപ് ശ്രമിക്കുക സുപ്രീംകോടതിയെ സമീപിച്ച് കേസ് വൈകിപ്പിക്കുക എന്ന തന്ത്രം തന്നെയാകും. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് ഇപ്പോൾ പ്രത്യേക പോക്‌സോ കോടതിയിലേക്ക് കേസ് മാറ്റുന്നത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP