Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശ സെമിയിലെ ഇന്ത്യൻ തോൽവിയിൽ ആരാധകർ കട്ടപ്പലിപ്പിൽ; ഫൈനലിനായി മുൻകൂട്ടി ടിക്കറ്റെടുത്തവർ കണ്ണീര് മറച്ചും ഇനി സപ്പോർട്ട് ഇംഗ്ലീഷ് സായിപ്പിനെന്നു പറഞ്ഞ് യു കെ മലയാളികൾ; ഇന്ത്യക്കു വേണ്ടി വാതുവച്ചവർക്കും കാശു നഷ്ടം; പാക്കിസ്ഥാന്റെ പ്രാക്കെന്നു ഒരു പക്ഷം; 'അഭിമാന' തോൽവിയിൽ കാരണം തേടി സോഷ്യൽ മീഡിയ; ലോകകപ്പിൽ ഏഷ്യൻ ടീമുകളില്ലാത്ത ഫൈനലെന്ന സങ്കടവും ബാക്കിയാകുന്നു

ആവേശ സെമിയിലെ ഇന്ത്യൻ തോൽവിയിൽ ആരാധകർ കട്ടപ്പലിപ്പിൽ; ഫൈനലിനായി മുൻകൂട്ടി ടിക്കറ്റെടുത്തവർ കണ്ണീര് മറച്ചും ഇനി സപ്പോർട്ട് ഇംഗ്ലീഷ് സായിപ്പിനെന്നു പറഞ്ഞ് യു കെ മലയാളികൾ; ഇന്ത്യക്കു വേണ്ടി വാതുവച്ചവർക്കും കാശു നഷ്ടം; പാക്കിസ്ഥാന്റെ പ്രാക്കെന്നു ഒരു പക്ഷം; 'അഭിമാന' തോൽവിയിൽ കാരണം തേടി സോഷ്യൽ മീഡിയ; ലോകകപ്പിൽ ഏഷ്യൻ ടീമുകളില്ലാത്ത ഫൈനലെന്ന സങ്കടവും ബാക്കിയാകുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ:  രണ്ടാം ദിനത്തിലേക്ക് നീണ്ട ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങൾക്കൊപ്പം ഏതാനും യുകെ മലയാളികളും എത്തിയത് മനം നിറയെ പ്രതീക്ഷകളോടെ ആയിരുന്നു. ഒരു പക്ഷെ ഇന്ത്യൻ ടീമിനെക്കാൾ ടീമിൽ പ്രതീക്ഷയും കാണികൾക്കു തന്നെ ആയിരുന്നു. കൂറ്റൻ സ്‌കോർ മുന്നിൽ ഇല്ലാത്ത സാഹചര്യത്തിൽ പാട്ടും പാടി വിജയിക്കാം എന്ന മനസികാവസ്ഥയിൽ ആയിരിക്കണം ടീം ഗ്രൗണ്ടിൽ ഇറങ്ങിയത്, അതിനേക്കാൾ കൂളായാണ് കാണികൾ ഗാലറിയിൽ എത്തിയത്. ഇതേ പ്രതീക്ഷ മലയാളം ചാനലുകളുടെ വാർത്ത മുറികളിലും കാണാൻ സാധിച്ചു.

മഴ പെയ്താലും കളി മുടങ്ങിയാലും ഇന്ത്യ ജയിക്കും, ഫൈനൽ കളിക്കും, കപ്പടിക്കും എന്നൊക്കെയായിരുന്നു മലയാളം ചാനൽ അവതാരകരുടെ അവകാശ വാദങ്ങൾ. എന്നാൽ ഇത് ക്രിക്കറ്റാണ്, അനിശ്ചിതത്വത്തിന്റെ കളിയാണ്, അതാണ് അതിന്റെ മനോഹാരിത എന്ന് സകലരും ഒരു നിമിഷം മറന്നു പോയി. അതിന്റെ വിലയും കൊടുക്കേണ്ടി വന്നു. മൂന്നു മണിയോടെ കളി അവസാനിക്കുമ്പോൾ കണ്ണീരു മറച്ചു കട്ടക്കലിപ്പിലാണ് കാണികൾ ട്രാഫോർഡ് വിട്ടത്.

കളി കഴിഞ്ഞപ്പോൾ സമ്മിശ്ര വികാരങ്ങളാണ് കാണികൾ പങ്കു വയ്ക്കുന്നത്. യുകെ മലയാളികളാകട്ടെ ഇന്ത്യൻ ടീമിന്റെ തോൽവിയോടെ നിമിഷ നേരത്തിനകം കാലുമാറ്റക്കാരായി. ഇനി നമ്മൾ ബ്രിട്ടീഷ് പാസ്പോർട്ട്, ഉള്ളവരാണ്, അതിനാൽ ഇനി പിന്തുണ ഇംഗ്ലണ്ട് എന്ന നിലപാടിലേക്ക് മാറിയിക്കുകയാണ് ഭൂരിഭാഗം പേരും. ഇതോടെ ഇന്ന് ബർമിങ്ഹാം എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന കളിയിലേക്കായി എല്ലാവരുടെയും ശ്രദ്ധ. ടെൻഷൻ അടിക്കാതെ ഇനി കളി ആസ്വദിക്കാമല്ലോ എന്നാണ് മിക്കവരുടെയും അഭിപ്രായം.

ഇന്ത്യയുടെ മിക്ക കളിയും കണ്ട ഒരാൾ എന്ന നിലയിൽ ഇന്ത്യ പുറത്തു പോയതിൽ നല്ല വിഷമം ഉണ്ടെന്നും ഇംഗ്ലണ്ട് കളിക്കാൻ ബാക്കിയുണ്ട് എന്നതാണ് ആശ്വാസം എന്നുമാണ് കവൻട്രിയിലെ ജോയ് തോമസിന്റെ അഭിപ്രായം. ഇദ്ദേഹത്തിന്റെ കൂടെ കളികാണുന്ന സ്റ്റാൻലിക്കും ഷാജിക്കും ഒക്കെ ഇതേ അഭിപ്രായം തന്നെ. എന്നാൽ ഇന്ത്യ ജയിച്ചേ തീരൂ എന്ന വാശിയോടെയാണ് ഓൾഡ് ട്രാഫോഡിൽ എത്തിയതെന്നും ഇപ്പോൾ വീട്ടിലേക്കു മടക്കം നിരാശയോടെ ആണെന്നുമാണ് ഫോട്ടോഗ്രാഫർ കൂടിയായ ബർമിൻഹാമിലെ ജോ ഐപ്പ് പറയുന്നത്.

കാത്തു കാത്തിരുന്ന ഒരു കളി കാണാൻ എത്തിയിട്ട് തോറ്റു മടങ്ങുന്ന കാഴ്ചക്ക് സാക്ഷിയാകേണ്ടി വന്ന സങ്കടമാണ് മാഞ്ചസ്റ്റർ മലയാളി ദമ്പതികളായ സോണി ചാക്കോയും സോളി ചാക്കോയും പങ്കിടുന്നത്. ഇന്ത്യ ജയിക്കും എന്നുറപ്പിച്ചാണ് ഇരുവരും 400 പൗണ്ട് മുടക്കി ടിക്കറ്റ് സ്വന്തമാക്കിയത്. കളി തോറ്റെങ്കിലും നാണം കെട്ട തോൽവി ആയില്ലല്ലോ എന്ന ആശ്വാസമാണ് ഇപ്പോൾ ഇരുവർക്കും. ഇതേ വികാരം തന്നെയാണ് ടോണ്ടനിൽ നിന്നെത്തിയവരും പങ്കിട്ടത്. നാട്ടിൽ നിന്നും അവധി ആഘോഷിക്കാൻ വന്ന മാതാപിതാക്കളെയും കൂട്ടി എത്തിയവരും കുറവായിരുന്നില്ല. ജീവിതത്തിൽ അപൂർവമായി കിട്ടുന്ന അവസരം മുതലാക്കി എന്ന സന്തോഷം പങ്കിടുന്നവരും ഏറെയാണ്.

ഇനിയെത്രകാലം കഴിഞ്ഞാൽ ഇംഗ്ലണ്ടിൽ വീണ്ടും ക്രിക്കറ്റ് വസന്തം വിരുന്നെത്തും എന്ന് ചോദിക്കുന്നവരാണ് ഇവരൊക്കെ. പാക്കിസ്ഥാനെ കളിയിൽ നിന്നും ഔട്ട് ആക്കാൻ ഇംഗ്ലണ്ടിനോട് ഒത്തുകളിച്ചു എന്ന് ആരോപണം നേരിടുന്ന ഇന്ത്യൻ ടീമിന് അതിൽ സത്യം ഉണ്ടെങ്കിൽ വിധി നൽകിയ മറുപടി ആയിരിക്കും ഈ അപ്രതീക്ഷിത തോൽവി എന്ന് പറഞ്ഞു പോയവരും ഗാലറിയിൽ ഉണ്ടായിരുന്നു. ഒരു ഏഷ്യൻ ടീമില്ലാത്ത ഫൈനൽ വീണ്ടും വിരുന്നു വന്ന സങ്കടവും പലരും പങ്കു വയ്ക്കുന്നുണ്ടായിരുന്നു. പാക്കിസ്ഥാന് സെമി കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യയോ പാക്കിസ്ഥാനോ ഫൈനലിൽ എത്തുമായിരുന്നു എന്ന് സംശയം പ്രകടിപ്പിക്കുന്നവരും ഇപ്പോൾ ഏറെയാണ്.

അതിനിടെ ഇന്നലെ ഇന്ത്യക്കു വേണ്ടി ബെറ്റ് വച്ച് കാശും മദ്യക്കുപ്പിയും പോയവരും ഏറെയാണ്. ഉറച്ച വിശ്വാസത്തിൽ 100 ഉം 200 ഉം പൗണ്ട് വരെ ബെറ്റ് വച്ചവരും ഏറെയാണ്. കൂടെ ജോലി ചെയ്യുന്നവരോട് വച്ച ബെറ്റായതിനാൽ കാശ് കൊടുത്തേ മതിയാകൂ എന്നത് മറ്റൊരു ഗതികേട്. ഇന്ത്യൻ ബാറ്റസ്മാന്മാർ മികച്ച ഫോമിലായതിനാൽ ഒരു സംശയവും വേണ്ടെന്ന നിഗമനത്തിലാണ് പലരും ബെറ്റിനു തുനിഞ്ഞത്. എന്നാൽ ഒരു പന്തിൽ പോലും കളിയുടെ ഗതിമാറാം എന്ന പ്രതീക്ഷയുള്ള ഇംഗ്ലീഷ് കളി പ്രേമികൾ ധൈര്യസമേതം ഇംഗ്ലണ്ടിലെ ഇന്ത്യക്കാരുടെ വെല്ലുവിളി ഏറ്റെടുക്കുക ആയിരുന്നു. പബ്ബിലും മറ്റും ബെറ്റിനു കുപ്പികളാണ് പകരം നൽകേണ്ടി വന്നത്. രണ്ടും മൂന്നും കുപ്പിയുടെ കാശ് പോയവരും കുറവല്ല. ഇത്തരത്തിൽ ലോകകപ്പ് ആവേശം ഏതെങ്കിലും വിധത്തിൽ ഒക്കെ ഏറ്റെടുത്തവർ അനേകമാണ് യുകെ മലയാളികൾക്കിടയിലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP