Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകസഞ്ചാരം ലിസയുടെ ഹോബി; യാത്രകളിൽ തനിക്കൊപ്പമുള്ളവരെ കുറിച്ച് അമ്മയോടും സഹോദരിയോടും പറയാറുണ്ടെങ്കിലും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ കുറിച്ച് ഒന്നും പറയാത്തത് ദുരൂഹത വളർത്തുന്നു; ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലിയെ തേടി ഇന്റർപോളും; തീവ്രവാദ ബന്ധം സംബന്ധിച്ച സംശയങ്ങൾ ഉയർന്നതോടെ ജർമൻ യുവതിയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കേരളാ പൊലീസും

ലോകസഞ്ചാരം ലിസയുടെ ഹോബി; യാത്രകളിൽ തനിക്കൊപ്പമുള്ളവരെ കുറിച്ച് അമ്മയോടും സഹോദരിയോടും പറയാറുണ്ടെങ്കിലും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഹമ്മദലിയെ കുറിച്ച് ഒന്നും പറയാത്തത് ദുരൂഹത വളർത്തുന്നു; ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലിയെ തേടി ഇന്റർപോളും; തീവ്രവാദ ബന്ധം സംബന്ധിച്ച സംശയങ്ങൾ ഉയർന്നതോടെ ജർമൻ യുവതിയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കി കേരളാ പൊലീസും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ എത്തിയ ശേഷം കാണാതായ ജർമ്മൻ യുവതി ലിസാ വെയ്സി(31)നൊപ്പം കേരളത്തിലെത്തി ദുബായിലേക്കു മടങ്ങിയ ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി (29) യെ കണ്ടെത്താൻ ഇന്റർപോൾ ശ്രമം തുടങ്ങി. ഇയാൾക്കും ലിസയുടെ മുൻഭർത്താവിനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന ആരോപണം കൂടി ഉയർന്ന പശ്ചാത്തലത്തിലാണ് ഇൻർപോൾ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയത്. കഴിഞ്ഞ മാർച്ച് ഏഴിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലിസയ്ക്കൊപ്പം എത്തിയ മുഹമ്മദ് അലിയെക്കുറിച്ച് തങ്ങൾക്കു യാതൊന്നുമറിയില്ലെന്നു ലിസയുടെ സഹോദരി കരോളിൻ ഹീലിങ് ഇന്റർപോളിനെ അറിയിച്ചു. ലിസയോടൊപ്പം ബ്രിട്ടീഷ് പൗരൻ മുഹമ്മദ് അലി ഉണ്ടായിരുന്നതായി കേരള പൊലീസ് നൽകിയ വിവരമേയുള്ളൂ. ഇയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചാൽ മാത്രമേ തുടർ അന്വേഷണം മുന്നോട്ടു പോകൂ എന്ന നിലയാണുള്ളത്.

ലോക സഞ്ചാരം ലിസയുടെ ഹോബിയാണെങ്കിലും യാത്ര സംബന്ധിച്ച് തന്നെയോ അമ്മയോ വിളിച്ചറിയിക്കാൻ മറക്കാറില്ല. തനിക്കൊപ്പമുള്ളവരെ കുറിച്ചും കൃത്യമായ വിവരങ്ങൾ കൈമാറും. എന്നാൽ, മുഹമ്മദ് അലിയെക്കുറിച്ച് യാതൊന്നും പറഞ്ഞിട്ടില്ല. ഇത് ദൂരുഹതകൾ ഉയർത്തുന്നുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നു. 2009, 2011 ലുമായി ലിസ രണ്ടുതവണ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. രണ്ടുതവണയും കേരളത്തിലുമെത്തി. 2011 ലെ പര്യടനത്തിനിടെ രണ്ടു മാസം കൊല്ലം അമൃതപുരി ആശ്രമത്തിൽ തങ്ങി. തുർക്കിയും സിറിയയും സന്ദർശിച്ചിട്ടുള്ള ലിസ ഈജിപ്തടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും പോയിട്ടുണ്ട്.

കെയ്റോ സന്ദർശനത്തിനിടെ പരിചയപ്പെട്ട അബാദിനെ വിവാഹം ചെയ്യാനായി ഇസ്ലാം മതം സ്വീകരിക്കുന്ന വിവരം തന്നെയും അമ്മയെയും അറിയിച്ചിരുന്നതായി കരോളിൻ പറഞ്ഞു. മൂത്ത കുട്ടിയെ ഗർഭംധരിച്ച ശേഷമായിരുന്നു വിവാഹം. അബാദിന് ഈജിപ്തിലെ ചില മതഭീകര സംഘടനകളുമായി ബന്ധമുള്ള കാര്യവും തങ്ങളെ അറിയിച്ചിരുന്നു. ഭീകര ഗ്രൂപ്പുകളുടെ സ്റ്റഡി ക്ലാസുകളിൽ തന്നെയും പങ്കെടുപ്പിച്ചിട്ടുണ്ടെന്നും ലിസ അറിയിച്ചിരുന്നു. എന്നാൽ, അബാദിന്റെ തീവ്രമത നിലപാടുകളെ ലിസ ചോദ്യം ചെയ്തിരുന്നുവെന്നും ഇതു വിവാഹമോചനത്തിനു കാരണമായെന്നും കരോളിൻ പറഞ്ഞു.

ആറും നാലും വയസുള്ള ലിസയുടെ രണ്ടു മക്കളും ബ്രിട്ടനിലെ ബോർഡിങ് സ്‌കൂളിലാണു പഠിക്കുന്നത്. വിവാഹമോചനത്തിനു ശേഷമാണു യുവതി മക്കൾക്കൊപ്പം ബ്രിട്ടനിലേക്കു ചേക്കേറിയത്. മുഹമ്മദ് അലിയാണോ ബ്രിട്ടനിൽ താമസിക്കാൻ പ്രേരണ ചെലുത്തിയത് എന്നറിയില്ല. സാധാരണ വിദേശ യാത്രകൾക്കു മുന്നോടിയായി ജർമനിയിലെത്തി തന്നെയും അമ്മയെയും കാണാറുണ്ടായിരുന്നു. എന്നാൽ, ഇത്തവണ സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ഹോമിൽനിന്ന് മാർച്ച് അഞ്ചിനാണ് യാത്ര പുറപ്പെട്ടത്. ഇന്ത്യയിലേക്ക് നേരിട്ട് വരുന്നതിനു പകരം ഒരുദിവസം ദുബായിൽ തങ്ങിയിരുന്നു. ഇതിൽ മുഹമ്മദ് അലിയുടെ സ്വാധീനമുണ്ടോ എന്നുമറിയില്ല.

കേരള പൊലീസ് നൽകിയ വിവരമനുസരിച്ച് മാർച്ച് 15 നു നെടുമ്പാശേരിയിൽനിന്നു മുഹമ്മദ് അലി മടങ്ങിയതും ദുബായിലേക്കാണ്. കേരളത്തിലെത്തി നാലുമാസമായിട്ടും ഇതുവരെ തങ്ങളെ ബന്ധപ്പെടാത്തത് ദുരൂഹമാണ്. മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന ലിസ, ആഴ്ചയിൽ രണ്ടുതവണയെങ്കിലും അവരെ ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. എന്നാൽ, കുട്ടികളുമായി ബന്ധപ്പെടാത്തതും സംശയം വർധിപ്പിക്കുന്നു. മുഹമ്മദ് അലിയെക്കുറിച്ചും സ്വീഡനിൽനിന്ന് ദുബായ് വഴിയുള്ള അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കും പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്നും കരോളിൻ ഇന്റർപോളിനെ അറിയിച്ചു.

സംഭവത്തിൽ തീവ്രവാദ ആരോപണം കൂടി ശക്തമായതോടെ സംസ്ഥാന പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ലിസ മാർച്ച് ഒൻപതിന് വർക്കല ക്ലിഫിലെത്തിയതായി മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തുനിന്ന് അമൃതപുരിയിലേക്കു പോകാനായി ബൈക്ക് വാടകയ്‌ക്കെടുക്കാൻ ശ്രമം നടത്തിയതായും വിവരം ലഭിച്ചു. 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക് യാത്ര എളുപ്പമല്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പിന്നീട് മറ്റൊരു ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

അതേസമയം വർക്കലയിൽ പർദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ജർമനിയിൽനിന്നെത്തിയ ലിസ വെയ്‌സ് ആയിരുന്നെന്നു സംശയവും ഉടലെടുത്തിട്ടുണ്ട്. ഇവർക്കു തീവ്രവാദ ബന്ധമുണ്ടെന്നു വിവരം ലഭിച്ചതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. സംസ്ഥാന പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സജീവ അന്വേഷണത്തിൽ. കഴിഞ്ഞ മാർച്ച് പത്തിനു ശേഷം ലിസയുടെ മൊബൈൽ ഫോണും ജി മെയിൽ അക്കൗണ്ടും ഡീ ആക്ടിവേറ്റായിരുന്നു. ഇതിനിടയിൽ ഇവർ റോഡ് മാർഗം നേപ്പാളിലേക്കു കടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നു ഉദ്യോഗസ്ഥർ അറിയിച്ചു.

ലിസയുടെ മാതാവ് ഉൾപ്പെടെയുള്ളവരുമായി ജർമൻ കോൺസുലേറ്റിന്റെ സഹായത്തോടെ ബന്ധപ്പെടാനും ശ്രമം നടക്കുന്നുണ്ട്. ലിസയ്ക്ക് ഒപ്പം വിമാനമിറങ്ങിയ ബ്രിട്ടിഷ് പൗരൻ മുഹമ്മദ് അലി ഇപ്പോൾ ഇവിടെയാണെന്നതു സംബന്ധിച്ച് പൊലീസിനു സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇയാളുടെ സാന്നിധ്യം തീർത്തും ദുരൂഹമാണ്. ഇയാൾ മാർച്ച് 15നു കൊച്ചിയിൽ നിന്നും തിരികെ പോയി എന്നതു മാത്രമാണു ലഭ്യമായ വിവരം .ഇയാൾ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താനും പൊലീസിനു സാധിച്ചിട്ടില്ല. ഇവർക്കായി മതപാഠശാലകളിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്റർപോളിന്റെ സഹായത്തോടെ യെലോ നോട്ടിസ് പുറത്തിറക്കിയത്.

ഇവർക്കായി സമൂഹ മാധ്യമങ്ങളിലൂടെയും അന്വേഷണം നടത്തും. നിലവിൽ അന്വേഷണ സംഘത്തിനു ലിസയെ കണ്ടതായി നിരവധി ഫോൺ കോളുകൾ എത്തുന്നുണ്ട്. എന്നാൽ പരിശോധനകൾ നടത്തുമ്പോൾ തെറ്റായ വിവരമാണെന്നു വ്യക്തമാക്കും. ഇത്തരത്തിൽ ദിനംപ്രതി നൂറിലധികം കോളുകൾ എത്തുന്നുണ്ട്. മറ്റു രീതിയിലുള്ള അന്വേഷണങ്ങൾക്ക് ഒപ്പം ഈ ഫോൺ കോളുകൾക്കു പിന്നാലെയും പായേണ്ട അവസ്ഥയിലാണ് അന്വേഷണ സംഘം. ഇന്റർ പോളിന്റെ യെലോ നോട്ടിസ് എത്തുന്നതോടെ കേസിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണു കേരള പൊലീസ്. തീവ്രവാദ സംശയം ഉന്നയിച്ചുള്ള വാർത്തകൾ കൂടി വന്നതോടെ കേസിലെ അന്വേഷണം കേരളാ പൊലീസിന് കൂടുതൽ തലവേദനയാകും. ഇതോടെ അന്വേഷണം എൻഐഎ പോലുള്ള ഏജൻസികൾ ഏറ്റെടുക്കാനുള്ള സാധ്യതയമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP