Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിമ്പാറ കൂട്ടങ്ങൾ; പൊന്തക്കാട്ടിൽ രക്ഷകനായി ഒരു മരം! ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞതുകൊക്കയിൽ മരത്തിൽ തടഞ്ഞു നിൽക്കുന്നു എന്ന യാഥാർത്ഥ്യം; വലിഞ്ഞു കയറി മുകളിലെത്തിയപ്പോൾ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം; സ്ഥലം ആര്യങ്കാവെന്ന് മനസ്സിലായത് തട്ടുകടക്കാരിൽ നിന്ന്; ചെക്ക് പോസ്റ്റിൽ തിരിച്ചറിഞ്ഞത് ഫോറസ്റ്റുകാരുടെ രഹസ്യ ചർച്ച; ക്വട്ടേഷൻകാർ കൊല്ലാൻ ശ്രമിച്ചിട്ടും ജീവൻ തിരിച്ചു കിട്ടിയ ക്ലൈമാക്‌സ്; സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ അഡ്വ ജ്യോതികുമാർ ഓർത്തെടുക്കുമ്പോൾ

കരിമ്പാറ കൂട്ടങ്ങൾ; പൊന്തക്കാട്ടിൽ രക്ഷകനായി ഒരു മരം! ബോധം വന്നപ്പോൾ തിരിച്ചറിഞ്ഞതുകൊക്കയിൽ മരത്തിൽ തടഞ്ഞു നിൽക്കുന്നു എന്ന യാഥാർത്ഥ്യം;  വലിഞ്ഞു കയറി മുകളിലെത്തിയപ്പോൾ ഉണ്ടായിരുന്നത് അടിവസ്ത്രം മാത്രം; സ്ഥലം ആര്യങ്കാവെന്ന് മനസ്സിലായത് തട്ടുകടക്കാരിൽ നിന്ന്; ചെക്ക് പോസ്റ്റിൽ തിരിച്ചറിഞ്ഞത് ഫോറസ്റ്റുകാരുടെ രഹസ്യ ചർച്ച; ക്വട്ടേഷൻകാർ കൊല്ലാൻ ശ്രമിച്ചിട്ടും ജീവൻ തിരിച്ചു കിട്ടിയ ക്ലൈമാക്‌സ്; സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ അഡ്വ ജ്യോതികുമാർ ഓർത്തെടുക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇതെന്റെ രണ്ടാം ജന്മം. അജ്ഞാത ജഡമായി എവിടെയോ മറവു ചെയ്യപ്പെടാതിരിക്കാൻ വിധി അനുവദിക്കാത്തത് കാരണമാണ് നിങ്ങളോട് ഈ ഞെട്ടിക്കുന്ന മർദ്ദനത്തിന്റെയും തട്ടിക്കൊണ്ട് പോകലിന്റെയും കൊലപാതക ശ്രമത്തിന്റെയും കഥ പറയാൻ എനിക്ക് കഴിയുന്നത്. തട്ടിക്കൊണ്ടു പോകലിന് ശേഷം നടത്തിയ കൊലപാതക ശ്രമത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കഥ നെഞ്ചിടിപ്പോടെ മറുനാടനോട് വിവരിക്കുകയായിരുന്നു അഡ്വക്കേറ്റ് ജ്യോതികുമാർ.

ഭാഗ്യം കൊണ്ട് മാത്രമാണ് ആര്യങ്കാവ് കൊക്കയിൽ എറിഞ്ഞിട്ടും ഞാൻ ജീവനോടെ രക്ഷപ്പെട്ടത്. വഞ്ചിയൂർ കോടതിക്ക് സമീപത്തെ ഓഫീസ് മുറിയിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ ഗുണ്ടാസംഘത്തിന്റെ ചെയ്തികളെ ഞെട്ടലോടെ മാത്രമാണ് ജ്യോതികുമാറിന് വിവരിക്കാൻ കഴിയുന്നത്. ജൂലൈ മൂന്നിന് രാത്രി പത്തരയോടെയാണ് ജ്യോതികുമാറിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വഞ്ചിയൂരിലെ ഓഫീസിൽ നാലംഗ സംഘം എത്തിയത്.

ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ജ്യോതികുമാർ മറുനാടനോട് വിവരിക്കുന്നത് ഇങ്ങിനെ:

രാവിലെ ഒരു കേസ് ഉണ്ട്. വഞ്ചിയൂർ കോടതിയിൽ. അതിന്റെ ഒരുക്കങ്ങൾ ഞാൻ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ജൂലായ് മൂന്നിന് രാത്രി പത്തര മണിയായി കാണണം. നാലംഗ സംഘം എന്റെ ഓഫീസ് മുറിയിൽ അതിക്രമിച്ച് കയറി. എല്ലാവരും ഹെൽമെറ്റ് ധാരികൾ. ഒരൊറ്റ ഇടിയായിരുന്നു. മൂക്ക് ലക്ഷ്യമാക്കി വന്ന ഈ ഇടി വന്നുകൊണ്ടത് വായിലാണ്. വായിൽ നിന്നും ചോര വന്നു. ആ ഇടിയിൽ തന്നെ എനിക്ക് അർദ്ധബോധമായി. കയ്യോ കാലോ എന്നുള്ള വ്യത്യാസമൊന്നും കാണിക്കാതെ കയർ കൊണ്ട് എന്റെ കാലും കയ്യും പിന്നിലേക്ക് വലിച്ച് കെട്ടി. കണ്ണും കെട്ടി. എന്ന് ഇവർ നാലുപേരും കൂടി തൂക്കിയെടുത്തു.

എന്നിട്ടു ഏതോ ഒരു കാറിന്റെ ഡിക്കിയിലേക്ക് തട്ടി. ഡിക്കി അടച്ചു. കാർ മുന്നോട്ടു കുതിച്ചു. പാതി ബോധത്തിൽ അനങ്ങാൻ കഴിയാതെ ഞാൻ ഡിക്കിയിൽ കുടുങ്ങിയിരിക്കുമ്പോൾ കാർ എവിടെയോ എത്തി. നിർത്തി. അരുവിക്കര ഡാം എത്തിയിട്ടുണ്ട്. ആരോടോ അവർ ഫോണിൽ സംസാരിക്കുകയാണ്. പക്ഷെ കാറിന്റെ ഡിക്കി തുറന്നില്ല. എനിക്ക് ഊഹിക്കാൻ കഴിഞ്ഞത് എന്നെ അരുവിക്കര ഡാമിൽ തട്ടാൻ ആയിരുന്നു പദ്ധതി. അരുവിക്കര ആളുകൾ ഉണ്ടായിരുന്നിരിക്കണം. . അതുകൊണ്ട് തന്നെ കാർ എവിടേക്കോ പോയി കൊണ്ടിരുന്നു. ഒന്നും എനിക്ക് അറിയാൻ കഴിഞ്ഞില്ല. ശ്വാസം മുട്ടലും മേലുവേദനയും കലശലായിരുന്നു. എനിക്ക് അനങ്ങാൻ കഴിഞ്ഞതുമില്ല.വണ്ടി മണിക്കൂറുകൾ ആണ് ഓടുന്നത്. ഓർക്കണം.

അവൻ ചാവാറായി; എടുത്ത് എറിഞ്ഞോളൂ എന്ന് പറയുന്നത് കേട്ടു

പിന്നീട് കാർ നിർത്തി. ഒരാൾ വന്നു കഴുത്തിൽ തോർത്ത് മുറുക്കി. മറ്റുള്ളവർ എന്നെ അനങ്ങാൻ കഴിയാത്ത വിധം പിടിച്ചുവച്ചു. അപ്പോഴും ഞാൻ ഡിക്കിയിലാണ് എന്ന് ഓർക്കണം. തോർത്തു മുറുക്കലിൽ എന്റെ ശ്വാസം നിലച്ചു. ഞാൻ മരിക്കുകയാണ് എന്ന് എനിക്ക് മനസിലായി. ബോധം വന്നും പോയും കൊണ്ടിരുന്നു. അവസാന ശ്വാസത്തിലാണ് ഞാൻ എന്ന് തിരിച്ചറിയുമ്പോൾ അവർ ഞാൻ മരിച്ചു അല്ലെങ്കിൽ മരിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു.

അവൻ ചാവാറായി. ഇനി എടുത്തുകൊക്കയിലേക്ക് എറിഞ്ഞാൽ മാത്രം മതി. ഒരാൾ പറഞ്ഞു. രണ്ടുപേർ എന്റെ കാലുകളിൽ ബലമായി പിടിച്ചു. രണ്ടുപേർ കൈകളിലും. എന്തോ കളിപ്പാട്ടം തൂക്കുന്ന ലാഘവത്തോടെ എന്നെ അവർ വായുവിൽ ആഞ്ഞുവീശി. പിന്നെ കൊക്കയുടെ ആഴങ്ങളിലേക്ക് ആഞ്ഞു എറിഞ്ഞു. എറിയുമ്പോൾ അതുകൊക്കയിലേക്ക് ആണെന്ന് എനിക്ക് പൂർണബോധ്യമുണ്ടായിരുന്നു. വീഴ്ചയിൽ എനിക്ക് ബോധം പോയി. എവിടേക്കോ പതിക്കുന്നത് പോലെ തോന്നി.

രക്ഷകനായത് പൊന്തയുടെ നടുവിൽ നിന്നിരുന്ന വലിയ മരം

രാവിലെ നോക്കിയപ്പോൾ കൊക്കയിൽ ഒരു മരത്തിൽ തടഞ്ഞു ഞാൻ നിൽക്കുകയാണ്. ചുറ്റും കരിമ്പാറ കൂട്ടങ്ങൾ. അതിനു നടുവിൽ ഒരു പൊന്തക്കാട്. പൊന്തക്കാട്ടിൽ നടുവിലെ മരം. ആ മരത്തിൽ ഞാൻ തട്ടി നിൽക്കുകയാണ്. എന്റെ കാലിലെ കെട്ടുകൾ അഴിഞ്ഞിരുന്നു. കണ്ണിലെ കെട്ടും മാറിയിരുന്നു. പക്ഷെ കയ്യിലെ കെട്ട് അത് ബലമായുള്ളതായിരുന്നു. അതെനിക്ക് അനക്കാൻ കഴിഞ്ഞില്ല. പക്ഷെ ദേഹമാസകലം പരുക്കുകൾ ആയിരുന്നു. നടക്കാനോ അനങ്ങാനോ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ.

പക്ഷെ ആയാസപ്പെട്ട് ഞാൻ നടന്നു. നോക്കുമ്പോൾ ഒരു പടിക്കെട്ടു കണ്ടു. അതുകൊക്കയ്ക്ക് മുകളിലേക്ക് കയറുവാനുള്ളതാണ്. അതിൽ ഞാൻ വലിഞ്ഞു കയറി. മുകളിൽ എത്തിയപ്പോൾ ഒരു തട്ടുകട കണ്ടു. അടിവസ്ത്രം മാത്രമാണ് എന്റെ വേഷം എന്ന് ഓർക്കണം. ദേഹമാസകലം മുറിവും. കൈകൾ പിന്നിൽ കെട്ടിയ നിലയിലും. തട്ടുകടയിൽ എത്തിയപ്പോൾ ആര്യങ്കാവ് ആണെന്ന് സ്ഥലം മനസിലായി. അവർ കാര്യം മനസിലാക്കി. എന്റെ കെട്ടുകൾ അഴിച്ചു. വസ്ത്രം തന്നു. ഭക്ഷണം തന്നു. അവർ എന്നെ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ എത്തിച്ചു.

ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതർക്ക് കള്ളക്കളി

ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ എത്തിച്ചപ്പോൾ ചെക്ക് പോസ്റ്റ് അധികൃതർ രഹസ്യ ചർച്ച നടത്തുകയാണ് ആദ്യം ചെയ്തത്. അതും അകത്തെ മുറിയിൽ രഹസ്യ ചർച്ച. അത് കഴിഞ്ഞു വന്ന ചെക്ക് പോസ്റ്റ് അധികൃതർ തെന്മല പൊലീസിൽ പരാതി നൽകുന്നതിനെ നിരുത്സാഹപ്പെടുത്തി.അന്വേഷണം വന്നാൽ അവർ കുടുങ്ങും. തലേന്ന് ഈ ചെക്ക് പോസ്റ്റ് കടന്നാണ് കാർ പോയത്. എന്തുകൊണ്ട് ഡിക്കി പരിശോധിച്ചില്ല എന്ന് ചോദ്യം വരും. നിങ്ങൾ വഞ്ചിയൂർ പൊലീസിൽ പരാതി നൽകൂ. അവിടെ വച്ചല്ലേ സംഭവം നടക്കുന്നത്. അപ്പോൾ ഞാൻ തിരുത്തി. അഭിഭാഷകനാണ്. നിയമവശങ്ങൾ എനിക്കറിയാം. ഇവിടുത്തെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകണം.

അപ്പോൾ ആര്യങ്കാവ് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞത് വേണ്ട തത്ക്കാലം വഞ്ചിയൂർ പൊലീസിൽ പരാതി നൽകൂ എന്നാണ്. നൂറു രൂപ നൽകി അടുത്ത ബസിൽ തിരുവനന്തപുരത്തിന് കയറ്റി വിടുകയാണ് ചെയ്തത്. പൊലീസിൽ പരാതി നൽകുമ്പോൾ രാത്രി ഇതേ ചെക്ക്‌പോസ്റ്റിൽ വാഹനം അനധികൃതമായി കടത്തിവിട്ടതിന് ചെക്ക്പോസ്റ്റ് അധികൃതർ കുടുങ്ങും. അതിനാലാണ് ധൃതിപിടിച്ച് അടുത്ത ബസിൽ നൂറു രൂപയും കൊടുത്ത് ചെക്ക് പോസ്റ്റ് അധികൃതർ കയറ്റിവിട്ടത്. നടപടിക്രമങ്ങളുടെ നഗ്നമായ ലംഘനം കൂടിയാണ് ചെക്ക് പോസ്റ്റിൽ നടന്നത്.

ആശ്വാസമായത് വഞ്ചിയൂർ പൊലീസിന്റെ നടപടികൾ

തിരുവനന്തപുരത്ത് എത്തിയശേഷമാണ് വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസ് എന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതിനു മുൻപ് വിശദമായി മൊഴി എടുത്തു. അതിനുശേഷം ഞാൻ ഓഫീസിൽ എത്തിയപ്പോൾ ഓഫീസ് തല്ലിത്തകർത്ത അവസ്ഥയിലായിരുന്നു. കമ്പ്യുട്ടർ തകർത്തിരുന്നു. മൊബൈൽ ഫോൺ മോഷ്ടിക്കപ്പെട്ടിരുന്നു, പുതിയ ടയോട്ട കാറും മോഷണം പോയ അവസ്ഥയിലായിരുന്നു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ തെന്മല സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഞാൻ ഹാജരാകുന്ന വഞ്ചിയൂർ കോടതിയിലെ കേസ് വിചാരണയുടെ അവസാന ഘട്ടത്തിലാണ്. ഈ കേസിൽ വിജയം എന്റെ കക്ഷിക്കാകും എന്നുറപ്പുള്ള എതിർ കക്ഷികളാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയത്. ഇതാണ് എന്റെ അനുമാനം. ഒരു വർഷം മുൻപ് വരെ ഈ കേസിൽ നിന്നും പിന്മാറിയില്ലെങ്കിൽ തട്ടിക്കളയും എന്ന ഭീഷണി വന്നിരുന്നു. മെഡിക്കൽ കോളേജിന് അടുത്ത ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് കേസ്. ഭീഷണിയെ കാര്യമായെടുക്കാതെ കേസുമായി മുന്നോട്ട് പോയി. ഇതാണ് പ്രതികാരത്തിന് കാരണം-ജ്യോതികുമാർ പറയുന്നു.

ജൂലൈ മൂന്നിന് രാത്രി പത്തുമണിയോടെ നടന്ന ഞെട്ടിപ്പിക്കുന്ന ഈ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഒരാൾ പോലും ഇതുവരെ പൊലീസ് പിടിയിലായിട്ടുമില്ല. ഇപ്പോൾ ദേഹമാസകലം പരുക്കുകളുമായി തിരുവനന്തപുരത്തെ സ്വാന്തന ആശുപത്രിയിൽ ജ്യോതികുമാർ ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP