Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വയനാട്ടിൽ ജപ്തിനോട്ടീസ് ലഭിച്ചത് എണ്ണായിരത്തോളം കർഷകർക്ക്; നടപടി ആരംഭിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 18 കർഷകർ; മോറട്ടോറിയം നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ; കർഷകരുടെ ദുരിതത്തിന് കാരണം യുപിഎ സർക്കാരിന്റെ നയങ്ങളെന്ന് തിരിച്ചടിച്ച് രാജ്‌നാഥ് സിങ്

വയനാട്ടിൽ ജപ്തിനോട്ടീസ് ലഭിച്ചത് എണ്ണായിരത്തോളം കർഷകർക്ക്; നടപടി ആരംഭിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത് 18 കർഷകർ; മോറട്ടോറിയം നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രസർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നില്ലെന്നും രാഹുൽ ഗാന്ധി പാർലമെന്റിൽ; കർഷകരുടെ ദുരിതത്തിന് കാരണം യുപിഎ സർക്കാരിന്റെ നയങ്ങളെന്ന് തിരിച്ചടിച്ച് രാജ്‌നാഥ് സിങ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: വയനാടിനെ മറക്കാതെ രാഹുൽ ഗാന്ധി ലോക്‌സഭയിൽ. വയനാട്ടിലെ കർഷക ആത്മഹത്യയും കേരളത്തിലെ മൊറട്ടോറിയം കാലാവധി നീട്ടിനൽകാത്ത വിഷയവും ഇന്ന് രാഹുൽ ലോക്‌സഭയിൽ ഉന്നയിച്ചു. ബജറ്റിൽ രാജ്യത്തെ കർഷകർക്ക് ആശ്വാസകരമാകുന്ന ഒന്നുമില്ലെന്നും രാജ്യത്തെ കർഷകർ ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞദിവസം കടബാധ്യതയെ തുടർന്ന് വയനാട്ടിൽ ഒരു കർഷകൻ ആത്മഹത്യ ചെയ്തു. വായ്പകൾ തിരിച്ചടക്കാൻ കഴിയാത്തതിനാൽ വയനാട്ടിൽ മാത്രം എട്ടായിരത്തോളം കർഷകർക്കാണ് ബാങ്കുകൾ നോട്ടീസ് നൽകിയിരിക്കുന്നത്. ബാങ്കുകൾ അവരുടെ വസ്തുവകൾ ജപ്തി ചെയ്യുകയാണ്. ഇതാണ് കർഷക ആത്മഹത്യകൾ വർധിക്കാൻ കാരണമെന്നും രാഹുൽഗാന്ധി പറഞ്ഞു.

കേരളത്തിലെ കാർഷിക വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടിനൽകാത്ത റിസർവ് ബാങ്ക് നടപടിയും രാഹുൽ സഭയിൽ ഉന്നയിച്ചു. കാർഷിക വായ്പയുടെ മൊറട്ടോറിയം കാലാവധി നീട്ടിനൽകാൻ കേന്ദ്രം റിസർവ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും ബാങ്കുകൾ ജപ്തി നോട്ടീസ് നൽകി കർഷകരെ ഭീഷണിപ്പെടുത്തില്ലെന്ന് കേന്ദ്രം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ലോക്‌സഭയിൽ പറഞ്ഞത്:

കേരളത്തിലെ കർഷകരുടെ ദുരവസ്ഥ ഞാൻ ഈ സഭയുടെ ശ്രദ്ധയിൽ കൊണ്ടു വരികയാണ്. കഴിഞ്ഞ ദിവസവും വയനാട്ടിലെ ഒരു കർഷകൻ കടം കാരണം ആത്മഹത്യ ചെയ്തു. വയനാട്ടിലെ 8000-ത്തോളം കർഷകർക്ക് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചു. അവരിൽ പലരും ഏത് നിമിഷം വേണമെങ്കിലും സ്വന്തം വസ്തുവിൽ നിന്നും കുടിയിറങ്ങേണ്ട അവസ്ഥയിലാണ്. ബാങ്കുകൾ ഒന്നരവർഷം മുൻപ് ജപ്തി നടപടികൾ ആരംഭിച്ച ശേഷം 18 കർഷകർ കേരളത്തിൽ ആത്മഹത്യ ചെയ്തു.

സംസ്ഥാന സർക്കാർ കാർഷകരുടെ കടങ്ങൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മൊറട്ടോറിയം നിർദ്ദേശം നടപ്പാക്കാൻ കേന്ദ്രസർക്കാർ ആർബിഐയോട് ആവശ്യപ്പെടുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4.3 ലക്ഷം കോടി രൂപയുടെ നികുതിയിളവാണ് രാജ്യത്തെ വ്യവസായികൾക്ക് കേന്ദ്രസർക്കാർ നൽകിയത്. വൻകിട വ്യവസായികളുടെ 5.5 ലക്ഷം രൂപയുടെ കടം ഈ കാലയളവിൽ എഴുതി തള്ളുകയുണ്ടായി.

എന്തിനാണ് ഇങ്ങനെ നാണംകെട്ടൊരു വിവേചനം സർക്കാർ കർഷകരോട് കാണിക്കുന്നത്. ഈ ബജറ്റിൽ കർഷകർക്ക് ആശ്വാസം നൽകുന്ന ഒരു പ്രഖ്യാപനവും ഇല്ല. അഞ്ച് വർഷം മുൻപ് അധികാരമേൽക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി കർഷകർക്ക് പല വാഗ്ദാനങ്ങളും നൽകിയിരുന്നു. കാർഷികവിളകൾക്ക് മിനിമം വിലയടക്കം പലതും അദ്ദേഹം വാഗ്ദാനം ചെയ്തു. ഇതിൽ എന്തെങ്കിലുമൊന്ന് നടപ്പിലാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണ്.- രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

എന്നാൽ, യുപിഎ സർക്കാരിന്റെ നയങ്ങളാണ് ഇന്ന് രാജ്യത്തെ കർഷകർ നേരിടുന്ന ദുരിതത്തിന് കാരണം കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. രാഹുൽ ഗാന്ധിക്ക് മറുപടി നൽകുകയായിരുന്നുഅദ്ദേഹം. എൻഡിഎ സർക്കാരിന്റെ കാലത്ത് കർഷകരുടെ സ്ഥിതി മെച്ചപ്പെട്ടെന്നും രാജ്‌നാഥ് സിങ് അവകാശപ്പെട്ടു. ആറായിരം രൂപയുടെ സാമ്പത്തിക സഹായം അടക്കം പല പദ്ധതികളും ഇടക്കാല ബജറ്റിൽ കേന്ദ്രസർക്കാർ കർഷകർക്ക് അനുവദിച്ച കാര്യവും രാജ്‌നാഥ് സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP