Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരുഭൂമിയിൽ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേർത്ത് വാങ്ങിയ ഫ്ളാറ്റാണ് ഇല്ലാതാകുന്നത്! കള്ളപ്പണം കൊണ്ടല്ല.... കുടുംബസ്വത്ത് വിറ്റാണ് പലരും ഇത് വാങ്ങിയത്! മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു കളിച്ചപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഫ്ളാറ്റ് വാങ്ങിയ 350 പേർ; മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് നഗരസഭ; ബഹുനില കെട്ടിടം പൊളിക്കൽ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് സർക്കാരും

മരുഭൂമിയിൽ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേർത്ത് വാങ്ങിയ ഫ്ളാറ്റാണ് ഇല്ലാതാകുന്നത്! കള്ളപ്പണം കൊണ്ടല്ല.... കുടുംബസ്വത്ത് വിറ്റാണ് പലരും ഇത് വാങ്ങിയത്! മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു കളിച്ചപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഫ്ളാറ്റ് വാങ്ങിയ 350 പേർ; മരടിലെ അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കിയേ കഴിയൂ എന്ന് തിരിച്ചറിഞ്ഞ് നഗരസഭ; ബഹുനില കെട്ടിടം പൊളിക്കൽ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ് സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : കൊച്ചി മരടിലെ അനധികൃത ഫ്‌ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മരട് നഗരസഭ. പുനപരിശോധനാ ഹർജിയും തള്ളിയതോടെ നടപടികൾ വേഗത്തിലാകും. ഇതോടെ വഴിയാധാരമാകുന്നത് ഫ്‌ളാറ്റിലെ താമസക്കാരാണ്. തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മെയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ പൊതുതാൽപ്പര്യ ഹർജിയും തള്ളിയതോടെയാണ് കുടുംബങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായത്. മുതലാളിമാരും ഉദ്യോഗസ്ഥരും ഒത്തു ചേർന്നപ്പോൾ വഴിയാധാരമാകുന്നത് വിദേശത്ത് പണിയെടുത്തുണ്ടാക്കിയ ജീവിത സമ്പാദ്യം കൊണ്ട് ഫ്ളാറ്റ് വാങ്ങിയ 350 സാധാരണക്കാരാണ്.

ഇവരുടെ ദുഃഖത്തിന് മുകളിൽ നിയമത്തിനാണ് ജസ്റ്റീസ് അരുൺ മിശ്ര പ്രാധാന്യം കൊടുത്തത്. മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകൾ സമർപ്പിച്ച ഹർജി നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പുനപരിശോധനാ ഹർജിയും തള്ളുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നീക്കം നഗരസഭ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെയാകും പൊളിക്കുക. ഇതിന്റെ സാങ്കേതിക വശങ്ങളിൽ സർക്കാരിനും വലിയ പിടിയില്ല. ഇത്രയും ബഹുനില കെട്ടിടങ്ങൾ പൊളിച്ച പരിചയം സംസ്ഥാനത്തിനില്ല. അതുകൊണ്ട് കെട്ടിടം പൊളിക്കൽ വലിയ തലവേദനായിയ മാറും. ഫ്‌ളാറ്റ് പൊളിക്കാൻ വൈകുന്നതിലൂടെ നഗരസഭയ്‌ക്കെതിരെ കോടതി നടപടിയുണ്ടാകാൻ സാധ്യത ഏറെയാണ്. അതുകൊണ്ട് തന്നെ ഉടൻ നടപടികളും തുടങ്ങും.

നേരത്തെ സ്റ്റേ വാങ്ങിയതിലെ കള്ളകളികൾ ജസ്റ്റീസ് അരുൺ മിശ്രയെ ചൊടിപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഹർജി പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്ര രൂക്ഷമായ വിമർശനമാണ് ഹർജിക്കാർക്കെതിരെ നടത്തിയത്. തന്റെ ഉത്തരവ് മറികടക്കാൻ ഫ്‌ളാറ്റ് ഉടമകൾ മറ്റൊരു ബെഞ്ചിൽ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചെന്നും കോടതിയെ കബളിപ്പിക്കാൻ ആസൂത്രിതമായ ശ്രമം നടന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര വിമർശിച്ചു. ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹർജികൾ പരിഗണിക്കരുതെന്ന് ജസ്റ്റിസ് അരുൺ മിശ്ര ആവശ്യപ്പെട്ടു. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കല്യാൺ ബാനർജിക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര ഹർജി തള്ളിയത്. കൊൽക്കത്ത ബന്ധം ഉപയോഗിച്ച് തന്നെ സ്വാധീനിക്കാനാണോ കല്യാൺ ബാനർജിയെ ഹാജരാക്കിയത് എന്നും കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നും ജസ്റ്റിസ് അരുൺ മിശ്ര കൂട്ടിച്ചേർത്തിരുന്നു

കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിയ ശ്രമമാണ് നടന്നതെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് വ്യക്തമായി അറിയാമെന്നും അരുൺ മിശ്ര പറഞ്ഞു. പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് ധാർമികതയ്ക്ക് നിരക്കാത്തതാണ്. പണം കിട്ടിയാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും ഇവർക്കൊക്കെ പണം മാത്രം മതിയോ എന്നും അരുൺ മിശ്ര കുറ്റപ്പെടുത്തി. ഇനിയും ഇത് ആവർത്തിച്ചാൽ അഭിഭാഷകർക്കെതിരെ നടപടിയെടുക്കുമെന്നും സുപ്രീംകോടതി താക്കീത് ചെയ്തു. അതുകൊണ്ട് തന്നെ പുനപരിശോധനാ ഹർജി പരിഗണിക്കുക പോലും ചെയ്യാതെ തള്ളുകയാണുണ്ടായത്. പൊളിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ഉടൻ തീരുമാനം എടുക്കേണ്ട അവസ്ഥയിലാണ് മരട് നഗരസഭ. ഫ്ളാറ്റുകൾ ഒരു മാസത്തിനുള്ളിൽ പൊളിക്കാൻ മെയ് എട്ടിനാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്ളാറ്റുടമകളുടെ ആവശ്യം അരുൺമിശ്രയുടെ ബെഞ്ച് തന്നെ മെയ് 22ന് തള്ളിയിരുന്നു.

ഉടമകൾക്ക് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ കേരള തീരദേശപരിപാലന അഥോറിറ്റി നൽകിയ അപ്പീലിലാണ് മെയ് എട്ടിന് സുപ്രീംകോടതി വിധി പറഞ്ഞത്. കെട്ടിടങ്ങൾ നിർമ്മിച്ചത് തീരദേശ പരിപാലന ചട്ടം ലംഘിച്ചാണെന്ന് കണ്ടെത്തിയായിരുന്നു നടപടി. 2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ 2ലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അഥോറിറ്റിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിർമ്മാണ അനുമതി ലഭിക്കുമ്പോൾ സ്ഥലം സി.ആർ 3 ൽ ആയിരുന്നതിനാൽ അനുമതി നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഫ്ളാറ്റുകൾ വാങ്ങിയ സമയത്ത് ഏതെങ്കിലും നിയമപ്രശ്നം ഉള്ളതായി അറിയില്ലായിരുന്നുവെന്ന് ഇത് വാങ്ങിയവർക്ക് ഇല്ലായിരുന്നു. ഫ്ളാറ്റുകൾ പൊളിക്കണമെന്ന കാര്യത്തിൽ സുപ്രിം കോടതി നിലപാട് കർശനമാക്കിയതോടെ ആകെയുള്ള സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഫ്ളാറ്റുകൾ വാങ്ങിയ നൂറ് കണക്കിന് ഫ്ളാറ്റുടമകൾ പ്രതിസന്ധിയിലായി. ഇവർക്ക് ആര് നഷ്ടപരിഹാരം നൽകുമെന്നതാണ് വിഷയം. 5 ഫ്ളാറ്റുകളിലായി 300ലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. പത്ത് വർഷം മുൻപ് 40 ലക്ഷം രൂപ മുടക്കി ഫ്ളാറ്റുകൾ വാങ്ങിയവർ മുതൽ അടുത്തകാലത്ത് കോടികൾ മുടക്കി വരെ ഫ്ളാറ്റുകൾ വാങ്ങിയവരാണ് ഇവിടെയുള്ളത്. വാങ്ങുന്ന കാലത്ത് നിയമവിരുദ്ധമാണെന്നോ ഭാവിയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നോ തങ്ങൾക്കറിയുമായിരുന്നില്ലെന്ന് ഇവർ പറയുന്നു. അതേസമയം കോടതി വിധി നടപ്പാക്കാതെ വഴിയില്ലെന്നും നടപടികളുമായി മുന്നോട്ട് പോകുമെന്നും മരട് നഗരസഭ അധികൃതർ പ്രതികരിച്ചു.

'ഭർത്താവിന്റെ മരണശേഷം മക്കൾ വാങ്ങിത്തന്ന ഫ്ളാറ്റിലാണ് ഞാൻ ഒറ്റയ്ക്ക് കഴിയുന്നത്. ഇത്രയും കാലം സുരക്ഷിതയായിരുന്നു. ഇനി എവിടെ പോകുമെന്നറിയില്ല. ഇവിടെനിന്ന് ഇറങ്ങേണ്ടി വന്നാൽ മരണം മാത്രമാണ് മുന്നിലുള്ളത്...' സിആർഇസഡ് ലംഘനം ചൂണ്ടിക്കാട്ടി പൊളിച്ചുനീക്കാൻ സുപ്രീംകോടതി വിധിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒയിലെ താമസക്കാരി മായ പ്രേംമോഹന്റെ വാക്കുകളാണിത്. 60 വയസ്സായ മായയുടെ രണ്ട് പെൺമക്കളും വിദേശത്താണ്. തിരുവനന്തപുരത്തെ കുടുംബവീതവും വിദേശത്തുള്ള മക്കളുടെ വിഹിതവും ചേർത്താണ് ഫ്ളാറ്റ് വാങ്ങിയത്. ബഹ്റൈനിൽ ജോലി ചെയ്യുന്ന മായയുടെ മകൾ ഹരിപ്രിയ കോടതി വിധി അറിഞ്ഞാണ് നാട്ടിൽ എത്തിയത്. എല്ലാ രേഖകളും ശരിയാക്കി കരം അടയ്ക്കുന്ന താമസസ്ഥലമാണ് ഇപ്പോൾ പൊളിച്ചുകളയുമെന്ന് പറയുന്നതെന്നും ആരെ വിശ്വസിക്കണമെന്നറിയില്ലെന്നും കണ്ണുനിറഞ്ഞ് ഹരിപ്രിയ പറയുന്നു.

'മരുഭൂമിയിൽ പണിയെടുത്ത സമ്പാദ്യം കൂട്ടിച്ചേർത്ത് വാങ്ങിയ ഫ്ളാറ്റാണ് ഇല്ലാതാകുന്നത്. നിസഹായരാണ് ഞങ്ങൾ. പുറത്തു പ്രചരിക്കുന്നതുപോലെ കള്ളപ്പണം കൊണ്ടല്ല, കുടുംബസ്വത്ത് വിറ്റാണ് പലരും ഇത് വാങ്ങിയത്. ഞങ്ങൾക്ക് ഇനി എന്തുചെയ്യണമെന്നറിയില്ല.' ഫ്ളാറ്റിലെ താമസക്കാരായ റോയിയും സുജയും പറഞ്ഞു. ഇത് തന്നെയാണ് മരടിലെ മറ്റുള്ള താമസക്കാരുടേയും മാനസികാവസ്ഥ. മിക്കവരും വിദേശത്ത് പണിയെടുത്തുണ്ടാക്കിയ കാശുകൊണ്ടാണ് ഫ്ളാറ്റ് വാങ്ങിയത്. അതാണ് നഷ്ടമാകാൻ പോകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP