Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഒടുവിൽ വയനാട്ടുകാർക്ക് ചോദിക്കാനും പറയാനും ആളായി; വയനാട്ടിലെ കാർഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; കർഷക ആത്മഹത്യയും ജപ്തി നോട്ടീസും പാർലമെന്റിൽ രാഹുൽ ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യം ശ്രദ്ധിച്ച ചർച്ചയായി; കേരള സർക്കാർ പ്രഖ്യാപിച്ച കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാൻ ആർബിഐക്കു വേണ്ട നിർദ്ദേശം നൽകാൻ കേന്ദ്രം മടിക്കുന്നെന്ന് പറഞ്ഞ് പിണറായിക്ക് വേണ്ടിയും ശബ്ദമുയർത്തി; ലോക്സഭയിൽ വയനാട് എംപി തിളങ്ങിയപ്പോൾ

ഒടുവിൽ വയനാട്ടുകാർക്ക് ചോദിക്കാനും പറയാനും ആളായി; വയനാട്ടിലെ കാർഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; കർഷക ആത്മഹത്യയും ജപ്തി നോട്ടീസും പാർലമെന്റിൽ രാഹുൽ ചൂണ്ടിക്കാട്ടിയപ്പോൾ രാജ്യം ശ്രദ്ധിച്ച ചർച്ചയായി; കേരള സർക്കാർ പ്രഖ്യാപിച്ച കാർഷിക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാൻ ആർബിഐക്കു വേണ്ട നിർദ്ദേശം നൽകാൻ കേന്ദ്രം മടിക്കുന്നെന്ന് പറഞ്ഞ് പിണറായിക്ക് വേണ്ടിയും ശബ്ദമുയർത്തി; ലോക്സഭയിൽ വയനാട് എംപി തിളങ്ങിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കാർഷിക മേഖലയായ വയനാടിന്റെ പ്രതിനിധിയാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയ രാഹുൽ വയനാട് എംപിയെന്ന നിലയിൽ കാര്യമായി തന്നെ ഇടപെടൽ നടത്താൻ ഒരുങ്ങി ഇറങ്ങിയിരിക്കയാണ്. ഇതോടെ വയനാട്ടിലെ കാർഷിക പ്രശ്‌നങ്ങൾ രാജ്യം ശ്രദ്ധിക്കുന്ന നിലയിലേക്ക് മാറി. ഇന്നലെ വയനാട്ടിലെ കാർഷിക പ്രശ്‌നമാണ രാഹുൽ സഭയിൽ ഉന്നയിച്ചത്. കർഷക ആത്മഹത്യ തടയാൻ കേന്ദ്രസർക്കാറിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം കേരള സർക്കാറിന്റെ നടപടികളെ തള്ളിപ്പറയാതെ പിന്തുണച്ചു കൊണ്ടാണ് സംസാരിച്ചത്. രാഹുൽ ഈ വിഷയം അവതരിപ്പിച്ചപ്പോൾ അത് സഭയിൽ ഉള്ളവർ മുഴുവൻ ശ്രദ്ധിച്ചു കേട്ടു. കൂടാതെ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി രംഗത്തുവരികയും ചെയ്തതോടെ സഭയിൽ പ്രതിഷേധവും ഉയർന്നു.

17ാം ലോക്‌സഭയിൽ ആദ്യമായി സംസാരിക്കാൻ ലഭിച്ച അവസരം കർഷക ആത്മഹത്യ തന്നെ ശ്രദ്ധയിൽ പെടുത്താനാണ് രാരഹുൽ ഉപയോഗിച്ചത്. സ്വന്തം മണ്ഡലമായ വയനാട്ടിലെയും രാജ്യത്താകമാനവുമുള്ള കർഷകർക്കുമായി ഉപയോഗിക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ തീരുമാനം. വയനാട്ടിലുണ്ടായ കർഷക ആത്മഹത്യ ചൂണ്ടിക്കാട്ടിയാണ് രാഹുൽ സംസാരിക്കാനാരംഭിച്ചത്. ഇന്നലെ കൂടി വയനാട്ടിൽ കടബാധ്യതയാൽ കർഷകൻ ആത്മഹത്യ ചെയ്തു. ഒന്നര വർഷത്തിലുണ്ടായത് 18 കർഷക ആത്മഹത്യ. കടം തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചവർ 8000 പേർ. മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിവും ആർ.ബി.ഐയും പിന്തുണക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.

വൻകിടക്കാരോടും കർഷകരോടും മോദിസർക്കാർ കാണിക്കുന്ന സമീപനവും രാഹുൽ തുറന്നുകാട്ടി. കഴിഞ്ഞ അഞ്ച് വർഷം മോദി സർക്കാർ വൻകിടക്കാർക്ക് 4.3 ലക്ഷം കോടിയുടെ നികുതി ഇളവും 5.5 ലക്ഷം കോടി എഴുതി തള്ളുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഇരട്ട നയമെന്ന് രാഹുൽ ചോദിച്ചു. കർഷക പ്രശ്‌നങ്ങൾക്ക് സ്ഥായായ ഒരു പരിഹാരം ബജറ്റിൽ ഇല്ല. പ്രധാനമന്ത്രി താങ്ങുവിലയും കാർഷിക കടവും സംബന്ധിച്ച് പല വാഗ്ദാനങ്ങളും നൽകിയിരുന്നു. ഭരണപക്ഷ എംപിമാരുടെ തടസപ്പെടത്തലുകൾക്കിടെ, നൽകിയ വാഹ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.

രാഹുൽ ഉന്നയിച്ച ആരോപണത്തിന്റെ മുനയൊടിക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരിട്ടിറങ്ങിയതും ശ്രദ്ധേയമായി. ഇതോടെ കേരളത്തിലെ കർഷക വായ്പാ പ്രശ്‌നം ലോക്‌സഭയിൽ ചൂടുള്ള ചർച്ചയായി. കേരള സർക്കാർ പ്രഖ്യാപിച്ച കർഷക വായ്പയ്ക്കുള്ള മൊറട്ടോറിയം ഉറപ്പാക്കാൻ ആർബിഐക്കു വേണ്ട നിർദ്ദേശം നൽകാൻ പോലും കേന്ദ്രം മടിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ കുറ്റപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയ വാദമാണ് രാഹുൽ സഭയിൽ ആവർത്തിച്ചതെന്നും ശ്രദ്ധേയമായി.

വയനാട്ടിലെ കർഷക ആത്മഹത്യയുടെയും ജപ്തി നോട്ടിസിന്റെയും കണക്കും രാഹുൽ ചൂണ്ടിക്കാട്ടി. പിന്നാലെ, വ്യവസായികൾക്കു നൽകിയ ഇളവുകൾ സൂചിപ്പിച്ചു രാഷ്ട്രീയ പരാമർശം കൂടി നടത്തിയതോടെ മറുപടിയുമായി ഭരണപക്ഷത്തു നിന്നു പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എഴുന്നേറ്റു. കർഷക പ്രതിസന്ധികളുടെ ഉത്തരവാദിത്തം പതിറ്റാണ്ടുകൾ രാജ്യം ഭരിച്ചവർക്കാണെന്നായിരുന്നു രാജ്‌നാഥിന്റെ തിരിച്ചടി. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ കർഷക വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നു രാഹുൽ ഉറപ്പു നൽകിയിരുന്നു.

ഇന്നലെ ശൂന്യവേളയിൽ അവസരം തേടിയവരിൽ, രാഹുലിനു മാത്രമാണ് വിഷയാവതരണത്തിനു സ്പീക്കർ ഓം ബിർല അനുമതി നൽകിയത്. സ്വന്തം മണ്ഡലത്തിലെ കർഷകരുടെ പ്രശ്‌നത്തിലൂടെ, തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഉന്നയിച്ച ആരോപണം ആവർത്തിക്കുകയായിരുന്നു രാഹുൽ. വയനാടിനെക്കുറിച്ചു രാഹുൽ സംസാരിച്ചു തുടങ്ങുമ്പോഴുണ്ടായിരുന്ന നിശ്ശബ്ദത പതിയെ ഭരണപക്ഷത്തു നിന്നു ബഹളത്തിനിടയാക്കി.

2014ൽ അധികാരത്തിലേറുമ്പോൾ നൽകിയ വാഗാദ്‌നങ്ങളെക്കുറിച്ചുള്ള പരാമർശത്തിനിടെ, ട്രഷറി ബെഞ്ചിലെ പിൻനിരയിലായിരുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി മറുപടിയുമായി എഴുന്നേറ്റു. സ്പീക്കർ വിലക്കി. സർക്കാർ വ്യവസായികളെയാണ് സഹായിക്കുന്നതെന്നു കൂടി രാഹുൽ പറഞ്ഞതോടെ ഭരണപക്ഷത്തു നിന്നു കൂടുതൽ പേർ എഴുന്നേറ്റു. പിന്നാലെ, രാജ്‌നാഥ് സിങ്ങിന്റെ മറുപടി വന്നു. ദീർഘകാലത്തെ കോൺഗ്രസ് ഭരണമാണു കർഷകരുടെ ജീവിതം ദുരിത പൂർണമാക്കിയതെന്നായിരുന്നു രാജ്‌നാഥിന്റെ പ്രതികരണം. കർഷകർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത അത്രയൊന്നും മറ്റൊരു പ്രധാനമന്ത്രിയും ചെയ്തിട്ടില്ല. കർഷകർക്കു 6000 രൂപ നൽകുന്ന പദ്ധതി അവരുടെ വരുമാനം 2025 % വർധിപ്പിക്കാൻ സഹായിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

അതേസമയം കാർഷിക പ്രശ്‌നം അവതരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വയനാട്ടിലെ മരക്കടവിൽ ആത്മഹത്യ ചെയ്ത കർഷകൻ ചുളുഗോഡ് എങ്കിട്ടന്റെ കുടുംബത്തെയും വിളിച്ചിരുന്നു. കർഷക ആത്മഹത്യയുടെ വിഷയം ലോക്‌സഭയിൽ ഉന്നയിച്ചുവെന്നും കുടുംബത്തോടൊപ്പമുണ്ടെന്നും രാഹുൽ എങ്കിട്ടന്റെ ഭാര്യ ജയമ്മയെ അറിയിച്ചു. വയനാട്ടിലെത്തുമ്പോൾ നേരിൽകാണുമെന്നും പറഞ്ഞു. പഞ്ചായത്ത് അംഗം പി.എ. പ്രകാശന്റെ ഫോണിലൂടെയാണ് രാഹുൽ സംസാരിച്ചത്.

നേരത്തെ വയനാട്ടിലെ പനമരം പഞ്ചായത്തിൽ വി ദിനേഷ് കുമാർ എന്ന കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു. ഇതിന് പിണറായി മറുപടിയു നൽകി. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാൻ കഴിയാത്തത് മൂലമുണ്ടായ സമ്മർദ്ദവും, വിഷമവും അതിജീവിക്കാൻ കഴിയാതെയാണ് തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞതായും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിക്കുന്നു.

2019 ഡിസംബർ 31 വരെ കാർഷിക വായ്പകൾക്കെല്ലാം കേരള സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കർഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതായും രാഹുൽഗാന്ധി കത്തിൽ പറയുന്നു. അന്വേഷണം പ്രഖ്യാപിക്കുന്നതോടൊപ്പം മരിച്ച ദിനേഷ് കുമാറിന്റെ വീട്ടുകാർക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ചെയ്യണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു. ഈ പ്രശ്‌നത്തിൽ മൊറട്ടോറിയം നിലനിൽക്കുന്നെന്ന കാര്യമാണ് മുഖ്യമന്ത്രി രാഹുലിനെ മറുപടിയായി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP