Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിന് അധ്യക്ഷനില്ലാതായിട്ട് ഏഴ് ആഴ്‌ച്ച പിന്നിട്ടു.. വർക്കിങ് കമ്മിറ്റി ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടില്ല; ലോക്‌സഭാ തോൽവിക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ അഴകൊഴമ്പൻ നിലപാടിൽ ജ്യോതിരാധിത്യ സിന്ധ്യയ്ക്കും മടുത്തു തുടങ്ങി; 'ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പാർട്ടി സ്വയം നവീകരിക്കണം; ഞാൻ ബാക്ക്ഫൂട്ടിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല; ഫ്രണ്ട് ഫൂട്ടിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിന്ധ്യയുടെ പ്രതികരണം

കോൺഗ്രസിന് അധ്യക്ഷനില്ലാതായിട്ട് ഏഴ് ആഴ്‌ച്ച പിന്നിട്ടു.. വർക്കിങ് കമ്മിറ്റി ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്തിയിട്ടില്ല; ലോക്‌സഭാ തോൽവിക്ക് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ അഴകൊഴമ്പൻ നിലപാടിൽ ജ്യോതിരാധിത്യ സിന്ധ്യയ്ക്കും മടുത്തു തുടങ്ങി; 'ജനങ്ങളിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പാർട്ടി സ്വയം നവീകരിക്കണം; ഞാൻ ബാക്ക്ഫൂട്ടിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല; ഫ്രണ്ട് ഫൂട്ടിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിന്ധ്യയുടെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കോൺഗ്രസ് പാർട്ടിക്ക് നാഥനില്ലാതായിട്ട് രണ്ട് മാസം തികയാൻ പോകുകയാണ്. പാർട്ടിയെ മുന്നിൽ നിന്നും നയിക്കാത്ത രാഹുലിന്റെ നിലപാടിൽ അമർഷം പുകയുകയാണ് പാർട്ടിക്കുള്ളിൽ. നേതാക്കൾ സ്ഥാനത്തു തുടരണം എന്നാവശ്യപ്പെട്ടിട്ടും തുടരാത്ത രാഹുലിന്റെ നിലാപാട് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഗാന്ധി കുടുംബത്തിൽ നിന്നും ആരും അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടെന്ന രാഹുലിന്റെ നിലപാടും വിമർശനത്തിന് ഇടയാക്കുന്നുണ്ട്. അതേസമയം രാഹുലിന്റെ നിലപാടിൽ അദ്ദേഹത്തിന്റെ അടുപ്പക്കാരനായ ജ്യോതിരാധിത്യ സിന്ധ്യക്കും അമർഷം തുടങ്ങിയിട്ടുണ്ട്.

കോൺഗ്രസ്സ് അധ്യക്ഷസ്ഥാനത്തു നിന്നും രാഹുൽ ഗാന്ധിയുടെ രാജി ചിന്തിക്കാൻ പോലും ആവാത്തതായിരുന്നെന്നും പാർട്ടിയെ വീണ്ടും ജീവസ്സുറ്റതാക്കാൻ കഴിവുള്ള ഒരു നേതാവിനെ അദ്ദേഹത്തിന്റെ പകരക്കാരനായി എത്രയും വേഗം കണ്ടത്തണമെന്നാണ് സിന്ധ്യ ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ ഏഴ് ആഴ്‌ച്ച കഴിഞ്ഞു.. എന്നും അദ്ദേഹം പറഞ്ഞു. അടുത്ത പാർട്ടി പ്രസിഡന്റ് ആരായിരിക്കുമെന്നതിൽ കോൺഗ്രസ്സ് വർക്കിങ്ങ് കമ്മിറ്റി ഒരു തീരുമാനത്തിൽ എത്തേണ്ട സമയമായി. രാഹുലിന് പുറമേ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പദത്തിൽ നിന്നും സിന്ധ്യ രാജിവെച്ചിരുന്നു.

തുടർച്ചയായ രണ്ടാമത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനെത്തുടർന്നാണ് രാഹുൽ രാജിവെച്ചത്. 2017 ൽ അമ്മ സോണിയ ഗാന്ധിയിൽ നിന്നും പാർട്ടിയുടെ അധികാരം ഏറ്റെടുത്ത രാഹുൽ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചത്. 543 അംഗങ്ങളുള്ള പാർലമെന്റിൽ വെറും 52 അംഗങ്ങളെ എത്തിക്കുവാനേ കോൺഗ്രസിന് സാധിച്ചുള്ളൂ. പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു സിന്ധ്യ വരണം എന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കോൺഗ്രസ്സ് ആസ്ഥാനത്തു അടുത്തിടെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിരുന്നു. അതേസമയം താൻ ആ പദവിയിലെക്കില്ലെന്ന് സിന്ധ്യ വ്യക്തമാക്കി.

എന്നാൽ ഞാൻ ബാക്ക്ഫൂട്ടിൽ ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഫ്രണ്ട് ഫൂട്ടിൽ ബാറ്റ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും സിന്ധ്യയുടെ പ്രതികരിച്ചുണ്ട്. ഇത് അദ്ദേഹം നേതൃനിരയിൽ ഉണ്ടാകുമെന്നതിന്റെ തെളിവായി കണക്കാക്കുന്നു. വളരെ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് പാർട്ടി ഇപ്പോൾ കടന്നു പോകുന്നത്. ജനങ്ങളിലേക്ക് അവരുടെ വിശ്വാസം ആർജ്ജിക്കുവാൻ തിരിക്കുന്നതിന് മുന്നേ കോൺഗ്രസ്സ് സ്വയം നവീകരിക്കേണ്ടിയിരിക്കുന്നു. അതിനുള്ള സമയമാണ് വന്നു ചേർന്നിരിക്കുന്നതെന്നും സിന്ധ്യ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്റെയും പാർട്ടിയുടെയും പരാജയത്തിനു ശേഷം ആദ്യമായി ഭോപ്പാലിൽ എത്തിയ സിന്ധ്യ കോൺഗ്രസ്സിന്റെ പോരായ്മകൾ എടുത്തുപറയുകയും ചെയ്തിരുന്നു. എഴുപതു വയസ്സിനു മുകളിൽ പ്രായമുള്ള നേതാക്കൾ പാർട്ടിയുടെ തലപ്പത്ത് തുടരണോ എന്ന ചോദ്യത്തിന് പ്രായമല്ല ഒരു വ്യക്തിയുടെ കഴിവുകളാണ് പ്രധാനമെന്നും പക്ഷേ സമയമാകുമ്പോൾ താനുൾപ്പെടെ എല്ലാവർക്കും മാറേണ്ടി വരുമെന്നും സിന്ധ്യ പ്രതികരിച്ചു.

കർണ്ണാടകയിലും ഗോവയിലും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് കോൺഗ്രസ്സ്. മധ്യപ്രദേശിലും മുഖ്യമന്ത്രി കമൽ നാഥിനും സിന്ധ്യക്കുമിടയിലെ വിള്ളലുകൾ പാർട്ടിയെ പരുങ്ങലിലാക്കുന്നണ്ട്. അതേസമയം രാഹുൽ ഗാന്ധിയുടെ പിൻഗാമിയായി ദലിത് വിഭാഗത്തിൽനിന്നുള്ള നേതാവായ മുകുൾ വാസ്നിക് കോൺഗ്രസ് അധ്യക്ഷനാവുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേതൃതലത്തിൽ നടക്കുന്ന ചർച്ചകൾ ഈ ഗതിയിലാണ് മുന്നേറുന്നതെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

രാഹുലിന്റെ പിൻഗാമിയായി യുവ നേതാവ് വേണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ഇതിനെച്ചൊല്ലി യുവ നേതാക്കളും മുതിർന്ന നേതാക്കളും തമ്മിലുള്ള ചേരിതിരിവ് പ്രകടവുമാണ്. സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരുകൾ നേതൃസ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതിനിടെയാണ് യുവ നേതാവ് വേണമെന്ന ആവശ്യം ഉയർന്നുവന്നത്. ഇതിനെത്തുടർന്ന് സച്ചിൻ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പേരുകൾ പരിഗണിക്കപ്പെട്ടു. എന്നാൽ സമവായത്തിൽ എത്താനായില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. ഈ പശ്ചാത്തലത്തിലാണ് മുകുൾ വാസ്നിക്കിന്റെ പേര് ഉയർന്നുവന്നത്.

പാർട്ടി അധ്യക്ഷനായി ദലിത് വിഭാഗത്തിൽനിന്നുള്ള നേതാവ് വേണമെന്ന് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നു. ഇത് പാർട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഇവർ പറയുന്നു. അൻപത്തിയൊൻപതുകാരനായ മുകുൾ വാസ്നിക് ഇതിനു പറ്റിയ ആളാണെന്നും യുവനേതൃത്വം വേണമെന്നുള്ളവരെക്കൂടി തൃപ്തിപ്പെടുത്തുന്നതായിരിക്കും ഇതെന്നും അവർ വാദിക്കുന്നു. രാഹുൽ ഗാന്ധിയുടെ പിന്തുണയും വാസ്നിക്കിനുണ്ടെന്നാണ് സൂചനകൾ.

അടുത്തയാഴ്ച ചേരുന്ന പ്രവർത്തക സമിതി യോഗം പുതിയ കോൺഗ്രസ് പ്രസിഡന്റിനെ നിശ്ചയിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈയാഴ്ച പ്രവർത്തക സമിതി ചേരാനിരുന്നതാണെങ്കിലും കർണാടകയിലെ സംഭവ വികാസങ്ങൾ മൂലം മാറ്റിവയ്ക്കുകയായിരുന്നു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ബംഗളൂരുവിൽനിന്നു മടങ്ങിയെത്തിയതിനു ശേഷമേ പ്രവർത്തക സമിതിയുടെ തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP