Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജീവ് ഗാന്ധി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു; എന്തേ വൈകി ? ഞാൻ ബസിലാണ് വന്നത് ..ഇങ്ങോട്ടേക്ക് ഓട്ടോയിലും; കാറില്ലേ? ഇല്ല... മൂന്ന് തവണ എംഎ‍ൽഎയും മന്ത്രിയുമായ ആൾക്ക് കാറില്ലേ? പുതിയ തലമുറ കണ്ടുപഠിക്കേണ്ട ലളിതസുന്ദരമായ രാഷ്ട്രീയം; അഭിപ്രായങ്ങൾ ഉറച്ചുപറഞ്ഞ് എന്നും ദളിതരുടെ ശബ്ദം; ദാമോദരൻ കാളാശേരിയെ ഓർക്കുമ്പോൾ

രാജീവ് ഗാന്ധി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു; എന്തേ വൈകി ? ഞാൻ ബസിലാണ് വന്നത് ..ഇങ്ങോട്ടേക്ക് ഓട്ടോയിലും; കാറില്ലേ? ഇല്ല... മൂന്ന് തവണ എംഎ‍ൽഎയും മന്ത്രിയുമായ ആൾക്ക് കാറില്ലേ? പുതിയ തലമുറ കണ്ടുപഠിക്കേണ്ട ലളിതസുന്ദരമായ രാഷ്ട്രീയം; അഭിപ്രായങ്ങൾ ഉറച്ചുപറഞ്ഞ് എന്നും ദളിതരുടെ ശബ്ദം; ദാമോദരൻ കാളാശേരിയെ ഓർക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: പുതുതലമുറയ്ക്ക് അത്ര പരിചിതനല്ല വെള്ളിയാഴ്ച വിടവാങ്ങിയ മുൻ മന്ത്രി ദാമോദരൻ കാളാശേരി. പഴയ തലമുറയിൽ പെട്ടവരിലും പലർക്കും അറിയില്ല ഇങ്ങനെയൊരാളെ. കാരണം പുതിയ രാഷ്ട്രീയക്കാരുടെ ഹൈപ്പുകളിൽ അദ്ദേഹം വിശ്വസിച്ചില്ല. ഒറ്റവാക്കിൽ പറഞ്ഞാൽ, ലളിതസുന്ദരമായൊരു ജീവിതം. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇപ്പോഴും കടന്നുവരാൻ കഴിയാത്ത ദളിത് വിഭാഗത്തിൽ നിന്ന് ഉയർന്ന് വന്ന നേതാവ്. അതാണ് ദാമോദരൻ കാളാശേരി.

ഒരു കാലത്ത് കേരളത്തിലെ ദളിത് വിഭാഗത്തെ കോൺഗ്രസിലേക്ക് അടുപ്പിച്ച മുൻ 'ഹരിജന ഗിരി ജന ക്ഷേമ വകുപ്പ് മന്ത്രി'. നാട്യങ്ങൾ അലങ്കാരമായി കാണാത്തതുകൊണ്ട് തന്നെ സത്യം കണ്ടാൽ മുഖത്ത് നോക്കി വിളിച്ചുപറയും. പെട്ടിയെടുപ്പകാരുടെ ആധിക്യമുള്ള ഇന്നത്തെ രാഷ്ട്രീയത്തിൽ ദാമോദരൻ കാളാശേരി കാണാമറയത്തേക്ക് പോയതും അതുകൊണ്ടാവണം. കോൺഗസ് നേതാവ് അനിൽ ബോസ് തന്റെ ബ്ലോഗിൽ കുറിച്ച ഒരുസംഭവം ഇങ്ങനെ:

'കേരളത്തിലെ ഒരു വ്യക്തിക്ക് ,നേതാവിന് ഉപയോഗിക്കാൻ ജീപ്പ് അതും യശഃശരീരനായ രാജീവ്ഗാന്ധിയുടെ സ്വന്തം പേരിലുള്ള പുതിയ വാഹനം അദ്ദേഹം കാളാശേരിക്കാണ് നൽകിയത് .കാരണമറിയുമ്പോഴാണ് കാളാശേരിയുടെ ലാളിത്യവും രാജീവിന്റെ മനസ്സിന്റെ നൈർമ്മല്യവും മനസിലാകും ' ഒരിക്കൽ എയർപോർട്ടിൽ വച്ച് രാജീവ് ഗാന്ധിയെ കാണാൻ നേതാക്കൾക്ക് അവസരം നൽകുന്നു ....എല്ലാവരും കാലേകൂട്ടിയെത്തി,രാജീവ്ജി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാൻ നീങ്ങുമ്പോൾ ഒരാൾ ഓടിക്കിതച്ചെത്തുന്നു ആ മനുഷ്യൻ കാളാശേരി ആയിരുന്നു .
രാജീവ്ജി തിരിഞ്ഞു നിന്നു ഉടൻ അദ്ദേഹത്തിൽ നിന്ന് ചോദ്യംവന്നു ..എന്തേ വൈകി ?
ഞാൻ ബസിലാണ് വന്നത് ഇങ്ങോട്ടേക്ക് ഓട്ടോയിലും ..അടുത്ത് ചേർത്ത് നിർത്തി ആലിംഗനം ചെയ്ത് അടുത്ത ചോദ്യം കാറില്ലേ? ഇല്ല... മൂന്ന് തവണ എംഎ‍ൽഎയും മന്ത്രിയുമായ ആൾക്ക് കാറില്ലേ ?വാത്സല്യത്തോടെ ചേർത്ത് നിർത്തി ഡൽഹിയിലേക്ക് വരണം എന്ന് പറഞ്ഞു അവിടെ കാണാം എന്ന് പറഞ്ഞ് രാജീവ് ഗാന്ധി മടങ്ങി .
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു സുഹൃത്തിന്റെ സഹായത്താൽ വിമാനത്തിൽ ഡൽഹിയിലെത്തി രാജീവ്ജിയെ കണ്ടു .

സ്വകാര്യ ആവശ്യങ്ങൾ പറയും എന്ന് കരുതിയ അദ്ദേഹത്തെ അതിശയിപ്പിച്ചു കൊണ്ട് തന്റെ സമുഹത്തെ സാമ്പത്തിക, തൊഴിൽ ,വിദ്യാഭ്യാസ മേഖലകളിൽ കൊണ്ടുവരാനും അവർക്കായി ഒരു നിയമ സംവിധാനമടക്കമുള്ള ആവശ്യങ്ങൾ, നിർദ്ദേശങ്ങൾ ഇവ ആയിരുന്നു സമർപ്പിക്കപ്പെട്ടത്.

1 ഇന്ന് കാണുന്ന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷനുകൾ.

2 പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് സൗജ്‌ന്യമായി സ്വയം തൊഴിലിനായി പെട്രോൾ പമ്പുകൾ നൽകുവാൻ തീരുമാനിച്ചത് അങ്ങനെയെത്രയോ നേട്ടങ്ങൾ....
കേരളത്തിൽ മടങ്ങിയെത്തിയപ്പോൾ തനിക്ക് സഞ്ചരിക്കാൻ വാഹനവുമെത്തി രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത് .

ഇത്രയും മഹിമയുള്ള രാഷ്ട്രീയ മാന്യത ജീവിതത്തിൽ സൂക്ഷിക്കുന്ന ആളുകളെ ആദരിക്കണ്ടെ, അവരെക്കുറിച്ച് പഠിക്കണ്ടേ ,വേണ്ട മിനിമം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെയെങ്കിലുമിരിക്കണ്ടെ ?അതു കൊണ്ട്ദാമോദരൻ കാളാശേരിയെ പോലുള്ളവരുടെ പ്രവർത്തന ചരിത്രങ്ങൾ പുതിയ തലമുറ അറിയണം .പഠിക്കണം അതിനായുള്ള പരിപാടികൾ വേണം

മൂന്നു തവണ എംഎൽഎ ആയി ദാമോദരൻ കാളാശേരി. പന്തളം മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു.മുൻ കെപിസിസി.ജനറൽ സെക്രട്ടറിയാണ്. നിരവധി സർക്കാർ കമ്മറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. എംഎ‍ൽഎയായി രണ്ടാമതും വിജയിച്ചപ്പോഴാണ് മന്ത്രിയായത്. പി.കെ വാസുദേവൻ നായരുടെ മന്ത്രിസഭയിൽ പട്ടികജാതി, വർഗ സാമൂഹ്യ ക്ഷേമമന്ത്രിയായിരുന്നു. അക്കാലത്താണ് പട്ടികജാതിക്കാർക്ക് പി.എസ്.സി അപേക്ഷാഫോം സൗജന്യമാക്കിയതും വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കുകയും ചെയ്തത്.'

പഴയകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ചും പുതിയകാല രാഷ്ട്രീയത്തെ കുറിച്ചും ദാമോദരൻ കാളാശേരി പറഞ്ഞത് ഇങ്ങനെ: 'അക്കാലത്ത് രാവിലെ 6 മണിക്ക് തുടങ്ങി അർദ്ധരാത്രിയാണ് പ്രചരണം അവസാനിക്കുക. ഭക്ഷണം കഴിച്ചിരുന്നത് പ്രവർത്തകരുടെ വീട്ടിൽ നിന്നായിരുന്നു. എന്താണോ ഉള്ളത് അത് വീതിച്ച് കഴിക്കുമായിരുന്നു. ഇന്ന് ഫൈവ്സ്റ്റാർ ഹോട്ടലിൽ നിന്ന് മാത്രമേ നേതാക്കൾ ഭക്ഷണം കഴിക്കൂ. ഇതോടെ പ്രവർത്തകരുമായി നേതാക്കൾക്ക് ആത്മബന്ധമില്ലാതായി.'

പിണറായി സർക്കാരിനെ കുറിച്ച് അദ്ദേഹത്തിന് വിമർശനങ്ങളുമുണ്ടായിരുന്നു. 'വിശ്വാസമില്ലാത്തവർ ദേവസ്വം മന്ത്രിയായതിന്റെ ഫലമാണ് ശബരിമല പ്രശ്നത്തിന് കാരണം. ന്യൂനപക്ഷ വോട്ടു മാത്രം ലക്ഷ്യമിട്ട് നടത്തിയ തരംതാണ പ്രവർത്തിയാണ് പിണറായി സർക്കാർ നടത്തിയത്. ദേവസ്വം മന്ത്രിയായിരുന്ന താൻ അന്ന് തികഞ്ഞ ഭക്തിയോടെയും ആചാരങ്ങൾ പാലിച്ചും മാത്രമേ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടുള്ളൂ. എന്നാൽ ഇന്നത്തെ സർക്കാർ നടപടി ശരിയല്ല.'

രാഷ്ട്രീയ ജീവിതം

കെപിസിസി മുൻ ജനറൽ സെക്രട്ടറി കൂടിയായ ദാമോദരൻ കാളാശേരി പന്തളം മണ്ഡലത്തെ പ്രതിനിധീകരിക്കുകയും പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.1930 മാർച്ച് 8-ന് കുഞ്ചൻ വൈദ്യരുടെയും ചീരയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ജനിച്ചു. ഭാരതീയ അധഃകൃതവർഗ ലീഗിന്റെ ശാഖകൾ രൂപീകരിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. പിന്നീട് കോൺഗ്രസിൽ സംസ്ഥാനത്തെ പ്രധാന നേതാക്കളിൽ ഒരാളായി. എഐസിസി അംഗമെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.

1970 ൽ അന്നത്തെ ഇടതുകോട്ടയായ പന്തളം നിയമസഭാ മണ്ഡലത്തിൽ നിന്ന് പശുവും കിടാവും ചിഹ്നത്തിൽ മൽസരിച്ച് സിപിഎമ്മിലെ പി.കെ.കുഞ്ഞച്ചനെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെ കന്നിപ്രവേശം. 1977 ൽ വീണ്ടും പന്തളത്തു നിന്ന് നിയമസഭയിലെത്തി. 85 ൽ സി.കെ.കുമാരനോട് പരാജയപ്പെട്ടു. എംഎൽഎയായി രണ്ടാമൂഴത്തിൽ പി.കെ. വാസുദേവൻ നായരുടെ മന്ത്രിസഭയിൽ ഹരിജന, സാമൂഹികക്ഷേമ മന്ത്രിയായി. പട്ടികജാതിക്കാർക്ക് പിഎസ്‌സി അപേക്ഷാഫോം സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമ സ്ഥാപിച്ചതും കാളാശേരി മന്ത്രിയായിരിക്കെയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അദ്ദേഹം ഭാരത്ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷട്രശബദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP