Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിമതവിഭാഗത്തിന്റെ വ്യാപക പ്രചാരണത്തിൽ വിശ്വാസികൾ കുടുങ്ങരുത്! എറണാകുളം അങ്കമാലി അതിരൂപതയിൽ പുതിയ അൽമായർ സംഘടന രൂപീകരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി അനുകൂലികൾ; കാത്തലിക് ലെയ്റ്റി മൂവ്മെന്റിന്റെ ദൗത്യം എതിർപ്രചാരണങ്ങൾ പൊളിച്ചടുക്കാൻ; അടുത്താഴ്ച പള്ളികളിൽ വിശദീകരണയോഗം; സഭയുടെ സ്വത്തുക്കളിൽ ഇടവകാംഗങ്ങൾക്ക് അവകാശമില്ലെന്ന് കർദ്ദിനാൾ ആലഞ്ചേരി കോടതിയിൽ

വിമതവിഭാഗത്തിന്റെ വ്യാപക പ്രചാരണത്തിൽ വിശ്വാസികൾ കുടുങ്ങരുത്! എറണാകുളം അങ്കമാലി അതിരൂപതയിൽ പുതിയ അൽമായർ സംഘടന രൂപീകരിച്ച് കർദിനാൾ ജോർജ് ആലഞ്ചേരി അനുകൂലികൾ; കാത്തലിക് ലെയ്റ്റി മൂവ്മെന്റിന്റെ ദൗത്യം എതിർപ്രചാരണങ്ങൾ പൊളിച്ചടുക്കാൻ; അടുത്താഴ്ച പള്ളികളിൽ വിശദീകരണയോഗം; സഭയുടെ സ്വത്തുക്കളിൽ ഇടവകാംഗങ്ങൾക്ക് അവകാശമില്ലെന്ന് കർദ്ദിനാൾ  ആലഞ്ചേരി കോടതിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ കർദിനാൾ ജോർജ് ആലഞ്ചേരി അനുകൂലികൾ പുതിയ അൽമായർ സംഘടന രൂപീകരിച്ചു. വിമത വിഭാഗം കർദിനാളിന് എതിരെ നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാത്തലിക് ലെയ്റ്റി മൂവ്മെന്റ് എന്ന പേരിൽ സംഘടന രൂപീകരിച്ചത്. തങ്ങളുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തുന്നതിനായി രൂപീകരിച്ച സംഘടന അടുത്ത ആഴ്ച പള്ളികളിൽ വിശദീകരണ യോഗം നടത്തും.

ഭൂമി ഇടപാടും വ്യാജരേഖാ കേസും ഉപയോഗിച്ച് വിമത വിഭാഗം കർദിനാളിനെ വേട്ടയാടുന്ന സാഹചര്യത്തെ പ്രതിരോധിക്കുകയാണ് കർദിനാൾ അനുകൂലികളുടെ നീക്കം. എറണാകുളം അങ്കമാലി അതിരൂപതയിൽ വിമത വൈദികർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എതിരായ നീക്കത്തിന് എഎംടി എന്ന പേരിൽ അൽമായരുടെ സംഘടന രൂപീകരിച്ചിരുന്നു. സഭയുമായി ബന്ധപ്പെട്ട വിമതരുടെ നീക്കങ്ങളുടെ ചുക്കാൻ ഏറ്റെടുത്ത ഈ സംഘടനക്ക് വിശ്വാസികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിരുന്നു.

വിവാദമായ വിഷയങ്ങളിൽ കർദിനാളിന്റെ വിശദീകരണം ദുർബലമാക്കിയത് വിമത അൽമായ സംഘടനയായിരുന്നു. ഈ സാഹചര്യത്തിലാണ് വിമതരുടെ അതേ പാതയിൽ കർദിനാൾ അനുകൂലികളുടെ പുതിയ മുന്നേറ്റം. കർദിനാളിനെതിരെ വിമതർ നടത്തിയ വിശദീകരണ യോഗത്തിന് ബദലായി അടുത്ത ആഴ്ച അതിരൂപതക്ക് കീഴിലുള്ള ഫൊറോനകളിൽ കാത്തലിക് ലെയ്റ്റി മൂവ്മെന്റും അൽമായരുടെ യോഗം വിളിച്ച് വിശദീകരണം നൽകും. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും വിവാദ വിഷയത്തിൽ വിശദീകരണം നൽകുമെന്നും സൂചനയുണ്ട്. സത്യം ഇടവക വികാരിമാരെയും വിശ്വാസികളെയും ബോധ്യപ്പെടുത്താൻ സ്ഥിരം സിനഡും കർദിനാളിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത ഞായറാഴ്ച പള്ളികളിൽ വിശദീകരണ സർക്കുലർ വായിക്കുമെന്നാണ് സൂചന.

അതേസമയം, സിറോ മലബാർ സഭയുടെ സ്വത്തുക്കളിൽ ഇടവകാംഗങ്ങൾക്ക് അവകാശമില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കോടതിയിൽ പറഞ്ഞു. ഭൂമി വിൽക്കാൻ അതിരൂപതയ്ക്ക് എല്ലാ അവകാശവുമുണ്ട്. അതിൽ ഇടപെടാൻ ഇടവകാംഗങ്ങൾക്ക് അവകാശമില്ലെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അദ്ദേഹം വ്യക്തമാക്കി.

കോട്ടപ്പടി ഭൂമി വിൽപ്പന ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മാർ ജോർജ് ആലഞ്ചേരി മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സഭയുടെ സ്വത്തിൽ അതിരൂപതയ്ക്ക് പൂർണ്ണ അവകാശവും ഉടമസ്ഥതയുമുണ്ട്. അതിരൂപതയുടെ സ്വത്താണ് വിൽപ്പന നടത്തിയത്. കേസിലെ പരാതിക്കാരൻ വിമതർക്കൊപ്പം ചേർന്ന് തന്റെ കോലം കത്തിച്ചയാളാണ്. വിമതർ സഭയുടെ പ്രവർത്തനങ്ങൾക്ക് സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തിൽ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP