Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കുമാരസ്വാമി ഗോളടിച്ചതോടെ കർണാടകത്തിൽ റിസോർട്ടുകൾക്ക് ചാകര; സാമാജികരുടെ വീക്കെൻഡിലെ സുഖവാസത്തിന് ഒരുകുറവും വരുത്താതെ ബിജെപിയും കോൺഗ്രസും ജെഡിഎസും; റമാഡയിലും സായി ലീലയിലും ബിജെപി 'ആൾക്കാരെ' ഒളിപ്പിച്ചപ്പോൾ നന്ദി ഹിൽസിലേക്ക് ആളെമാറ്റി ജെഡിഎസ്; പതിവ് ഈഗിൾടൺ റിസോർട്ട് കിട്ടാതെ വന്നതോടെ 50 എംഎൽഎമാരെ ദേവനഹള്ളിയിലാക്കി കോൺഗ്രസ്; വിമത എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും സൂചന

വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടി കുമാരസ്വാമി ഗോളടിച്ചതോടെ കർണാടകത്തിൽ റിസോർട്ടുകൾക്ക് ചാകര; സാമാജികരുടെ വീക്കെൻഡിലെ സുഖവാസത്തിന് ഒരുകുറവും വരുത്താതെ ബിജെപിയും കോൺഗ്രസും ജെഡിഎസും; റമാഡയിലും സായി ലീലയിലും ബിജെപി 'ആൾക്കാരെ' ഒളിപ്പിച്ചപ്പോൾ നന്ദി ഹിൽസിലേക്ക് ആളെമാറ്റി ജെഡിഎസ്; പതിവ് ഈഗിൾടൺ റിസോർട്ട് കിട്ടാതെ വന്നതോടെ 50 എംഎൽഎമാരെ ദേവനഹള്ളിയിലാക്കി കോൺഗ്രസ്; വിമത എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, കുമാരസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിന് അനുമതി തേടിയതോടെ റിസോർട്ട് കേന്ദ്രീകരിച്ചുള്ള നാടകങ്ങൾ വീണ്ടും ശക്തമായി. ഈ ആഴ്ചാവസാനം എംഎൽഎമാരെല്ലാം അവരവരുടെ മണ്ഡലങ്ങളിൽ കാണില്ല. അവരെല്ലാം ഏതെങ്കിലും റിസോർട്ടിൽ സുഖവാസത്തിലായിരിക്കും.

ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസവോട്ടെടുപ്പിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി അധികാരത്തിൽ കടിച്ചുതൂങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. നിയമസഭാസമ്മേളനത്തിൽ 16 വിമത എംഎ‍ൽഎമാരും പങ്കെടുത്തില്ല. എന്നാൽ എന്തുവില കൊടുത്തും വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് ഡി.ശിവകുമാറിന്റെ പ്രഖ്യാപനം.

കുമാരസ്വാമി അമ്പരിപ്പിച്ചതോടെ, ബിജെപി തങ്ങളുടെ എംഎൽഎമാരെ രണ്ടുറിസോർട്ടുകളിലേക്ക് മാറ്റി. റമാഡ, സായി ലീല. ഇതോടെ കോൺഗ്രസും ജെഡിഎസും തങ്ങളുടെ എംഎൽഎമാരെയും റിസോർട്ടുകളിൽ ഒളിപ്പിച്ചു. പരസ്പരം എംഎൽഎമാരെ തട്ടിയെടുക്കാതിരിക്കാനുള്ള ഒരുകളിയാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, ബെംഗളൂരുവിന്റെ ചുറ്റുവട്ടത്ത് തന്നെയാണ് കളി. നഗരത്തിൽ ഒരു 25 കിലോമീറ്റർ ദൂരത്താണ് ഓരോ പാർട്ടിയും എംഎൽഎമാരെ കാക്കുന്നത്. വിശ്വാസ വോട്ട് പ്രഖ്യാപിച്ചയുടനെ, ബിജെപിയാണ് ആദ്യം തങ്ങളുടെ എംഎൽഎമാരെ മാറ്റിയത്. ആദ്യവട്ടം സാമാജികരായവരെയും, മറുകണ്ടം ചാടുമെന്ന് സംശയമുള്ളവരെയും ഒക്കെയാണ് ഇങ്ങനെ മാറ്റിയത്. യെലഹങ്കയ്ക്ക് പുറത്ത് ദോഡബല്ലപുര റോഡിലെ ഒരു ചെറിയ റിസോർട്ടാണ് പാർട്ടി നേതാക്കൾ ഇതിനായി തിരഞ്ഞെടുത്തത്.

'എല്ലാ എംഎൽഎമാർക്കും തങ്ങൾ ഒന്നിച്ചുണ്ടാവണമെന്ന പൊതുവികാരമാണുണ്ടായത്. തിങ്കളാഴ്ച സഭ ചേരുമ്പോൾ ഒന്നിച്ചുവരാനും കഴിയും. ഇതിന് താൻ സമ്മതം മൂളി'യെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദിയൂരപ്പ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും വലയിൽ പെടാതിരിക്കാൻ, 105 എംഎൽഎമാരിൽ, 80 ഓളം പേരാണ് റിസോർട്ടിൽ തങ്ങുന്നത്. ബിജെപിക്ക് കൃത്യമായ മറുപടി നൽകാൻ സിദ്ധരാമയ്യ മറന്നില്ല. എന്തിനാണ് ബിജെപി തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്? അവർ മറുകണ്ടം ചാടുമെന്ന് ഭയന്നിട്ടാണ്. കൂട്ടത്തിൽ കരിങ്കാലികളുണ്ടെന്ന് അവർക്കറിയാം. ഞങ്ങളുടെ കൂട്ടത്തിലുള്ള കരിങ്കാലികളെല്ലാം പാർട്ടി വിട്ടുപോയിട്ടാണ്. ഞങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല, യെദിയൂരപ്പ പറഞ്ഞു.

അതേസമയം, ജെഡിഎസ് നന്ദി ഹിൽസിലെ റിസോർട്ടിലേക്ക് 30 എംഎൽംഎമാരെ മാറ്റാൻ തീരുമാനിച്ചു. പ്രസ്റ്റീജ് ഗോൾഫ്‌ഷൈർ ക്ലബ്ബിലേക്കാണ് ഇവരെ മാറ്റിയത്.
രണ്ടുദിവസം അവിടെ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കുമാരസ്വാമിയെയും ഭാര്യ അനിതയെയും സഹോദരൻ എച്ച്..ഡി.രേവണ്ണയെയും ഒഴിച്ചുള്ള സാമാജികർ റിസോർട്ടിലായിരിക്കും. സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത ശേഷം, കോൺഗ്രസിനാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. 13 എംഎൽഎമാരെയാണ് ബിജെപി തട്ടിയെടുത്തത്. അതുകൊണ്ടുതന്നെ വളരെ ജാഗ്രതയിലാണ് പാർട്ടി. നഗരത്തിന് വളരെ അടുത്തുതന്നെ സാമാജികരെ പാർപ്പിക്കാനാണ് തീരുമാനം. യശ്വന്ത്പുരയിലെ താജ് വിവാന്തയിലായിരിക്കും തൽക്കാലം എംഎൽഎമാരെ കൊണ്ടുപോവുക. രാത്രി തന്നെ ഇവരെ നഗരത്തിന് അടുത്തുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റും. ഇത്തരം സാഹചര്യങ്ങളിൽ കോൺഗ്രസ് പതിവായി ആശ്രയിക്കാറുള്ള ഈഗിൾടൺ റിസോർട്ട്‌സിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, 50 എംഎൽഎമാരെ ദേവനഹള്ളിക്കടുത്തുള്ള റിസോർട്ടിലേക്കാവും മാറ്റുക.

അതിനിടെ, രാജിക്കാര്യത്തിൽ വിശദീകരണം തേടിയുള്ള സ്പീക്കറുടെ ഹിയറിങ്ങിൽ, മൂന്ന് വിമത കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാർ ഹാജരായില്ല. ജെഡിഎസിലെ നാരായണ ഗൗഡ, കോൺഗ്രസിലെ പ്രതാപ് ഗൗഡ പാട്ടീൽ, ആനന്ദ് സിങ് എന്നിവരാണ് എത്താതിരുന്നത്. വിമത എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് ഒടുവിൽ കിട്ടുന്ന സൂചന.

അതേസമയം, ഗോവയിലെയും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലെയും പോലെ പണം ഒഴുക്കി എവിടെയൊക്കെ സർക്കാരുകളെ മറിച്ചിടാനാകുമെന്നാണ് ബിജെപി നോക്കുന്നതെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. അവർക്ക്, അധികാരവും പണവുമുണ്ട്. അവർ അത് ദുരുപയോഗിക്കുന്നു, രാഹുൽ പറഞ്ഞു. ചൊവ്വാഴ്ച എംഎൽമാരെ അയോഗ്യരാക്കുകയോ, രാജിക്കാര്യത്തിൽ തീരുമാനമെടുക്കുകയോ ചെയ്യുന്നതിൽ നിന്ന് സ്പീക്കറെ സുപ്രീംകോടതി വിലക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP