Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാവർക്കും സംഘടനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ കെ എസ് യു കോട്ട; 1972ൽ സിപിഎം നോട്ടമിട്ടപ്പോൾ ത്രസ്സിപ്പിക്കുന്ന ജയവുമായി താരമായത് കൊച്ചു പയ്യൻ; പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; ഭാഗ്യം ജീവൻ നൽകിയപ്പോൾക്രൂരത ചെറുപ്പക്കാരന് നിഷേധിച്ചത് കുടുംബ ജീവിതം; കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിൽക്കുന്ന പഴയ യുവ തുർക്കി യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ രാഷ്ട്രീയത്തിന്റെ ആദ്യ ഇര; എന്തു കൊണ്ട് ചെറിയാൻ ഫിലിപ്പ് കല്യാണം വേണ്ടെന്ന് വച്ചു?

എല്ലാവർക്കും സംഘടനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നപ്പോൾ കെ എസ് യു കോട്ട; 1972ൽ സിപിഎം നോട്ടമിട്ടപ്പോൾ ത്രസ്സിപ്പിക്കുന്ന ജയവുമായി താരമായത്  കൊച്ചു പയ്യൻ; പ്രതികാരം തീർക്കാൻ രണ്ടാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞതു കൊലപ്പെടുത്താൻ; ഭാഗ്യം ജീവൻ നൽകിയപ്പോൾക്രൂരത ചെറുപ്പക്കാരന് നിഷേധിച്ചത് കുടുംബ ജീവിതം; കോൺഗ്രസ് വിട്ട് സിപിഎമ്മിനൊപ്പം നിൽക്കുന്ന പഴയ യുവ തുർക്കി യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമ രാഷ്ട്രീയത്തിന്റെ ആദ്യ ഇര; എന്തു കൊണ്ട് ചെറിയാൻ ഫിലിപ്പ് കല്യാണം വേണ്ടെന്ന് വച്ചു?

എം മനോജ് കുമാർ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളെജിലെ എസ്എഫ്‌ഐക്കാരനായ വിദ്യാർത്ഥി അഖിലിനെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് തന്നെ നെഞ്ചിൽ കുത്തിയ സംഭവം വിവാദമായിരിക്കെ എഴുപതുകളിലെ മറ്റൊരു എസ്എഫ്‌ഐ ഗുണ്ടായിസത്തിന്റെ ഓർമ്മകൂടി അലയടിച്ചുയരുന്നു. പക്ഷേ അന്നത്തെ ആ രക്തസാക്ഷി ഇന്ന് ഇടതുപക്ഷത്തിനൊപ്പമാണെന്നതാണ് വിചിത്രത. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ക്രൂരതയിൽ ആ നേതാവ് മൗനവും തുടരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനെ പോലുള്ളവർ ക്യാമ്പസ് ഗുണ്ടായിസത്തെ അപലപിക്കുമ്പോഴാണ് ഇതെന്നതാണ് വസ്തുത.

സംഘടനാ പ്രവർത്തനത്തിന് യൂണിവേഴ്‌സിറ്റി കോളേജിൽ ആർക്കും വിലക്കില്ലാത്ത കാലമുണ്ടായിരുന്നു. അന്ന് കെ എസ് യുവിന്റെ കോട്ടയായിരുന്ന യൂണിവേഴ്‌സിറ്റി. കെ എസ് യു കോട്ട ഗുണ്ടായിസത്തിലൂടെ എസ്എഫ്‌ഐ എങ്ങിനെ പിടിച്ചെടുത്തു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു യൂണിവേഴ്സിറ്റി കോളേജിൽ 1972-ൽ എസ്എഫ്‌ഐ നടത്തിയത്. എസ്എഫ്‌ഐ ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷിയായ അന്നത്തെ കെഎസ് യു യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ നേതാവ് ചെറിയാൻ ഫിലിപ്പ് ഇപ്പോൾ അറിയപ്പെടുന്ന ഇടത് മുഖവും. ഇടത് സർക്കാരിൽ ഹരിതകേരളം, ആർദ്രം തുടങ്ങി പ്രധാന നാലു മിഷനുകളുടെ കോ-ഓർഡിനേറ്ററാണ് എന്നത് വിരോധാഭാസമായി നിൽക്കുന്നു എന്നത് വേറെ കാര്യം.

കെഎസ് യു കോട്ട എസ്എഫ്‌ഐ കോട്ട ആകുന്നതിനു മുൻപാണ് കേരളത്തെ അന്ന് നടുക്കിയ എസ്എഫ്‌ഐ ഭീകരതയുടെ വാർത്ത പുറത്തുവരുന്നത്. ഇന്നലെ എസ്എഫ് ഐക്കാരനായ അഖിലിനെ എസ്എഫ്‌ഐ നേതാക്കൾ തന്നെ കുത്തിയ വാർത്ത മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ നിറഞ്ഞപ്പോൾ അന്നത്തെ ആക്രമണത്തിൽ മാധ്യമ ചിത്രങ്ങളിൽ നിറഞ്ഞു നിന്നത് ചെറിയാന്റെ ചിത്രമായിരുന്നു. ആ എസ് എഫ് ഐ ആക്രമണത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി ഇപ്പോഴും രാഷ്ട്രീയ കേരളത്തിന്റെ മുന്നിലുണ്ട്. അത് മുൻപ് പറഞ്ഞ അതേ ചെറിയാൻ ഫിലിപ്പ് തന്നെ. ഈ സംഭവത്തിന് ശേഷമാണ് യൂണിവേഴ്‌സിറ്റി കോളേജിൽ എസ് എഫ് ഐ ഭീകരത തുടങ്ങുന്നത്. ഇടത് ഭരണത്തിന്റെ തണലിൽ പതിയെ കോളേജിൽ എസ് എഫ് ഐ പിടിമുറുക്കി. അതിന് ശേഷം ഭരണം മാറി വരുമ്പോഴും മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇടമില്ലാത്ത അവസ്ഥ.

1972-ലെ യൂണിവേഴ്സിറ്റി കോളെജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയായ ചെറിയാൻ ഫിലിപ്പ് വിജയിച്ച വാർത്ത പുറത്തുവന്ന അതേ ദിവസം യൂണിവേഴ്സിറ്റി കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയായിരുന്നു. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റിൽ കെഎസ് യു നേതാവ് ചെറിയാൻ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ട ചൊരുക്കാണ് എസ്എഫ്‌ഐ ഗുണ്ടകൾ ചെറിയാന്റെ ശരീരത്തിൽ തീർത്തത്. രണ്ടാം നിലയിൽ നിന്ന് താഴേക്കുള്ള വലിച്ചെറിയലിൽ ചെറിയാന്റെ കാലൊടിഞ്ഞു. നട്ടെല്ലിന് ഗുരുതര ക്ഷതമേൽക്കുകയും ചെയ്തു. നട്ടെല്ലിന് ഏറ്റ ശക്തമായ ക്ഷതത്തിൽ ചെറിയാൻ ഫിലിപ്പിന് ജീവിതം തന്നെ നഷ്ടമായി. ഇവിടെ നിന്ന് എസ് എഫ് ഐ കോളേജിൽ കാലുറപ്പിക്കാനും തുടങ്ങി. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് ഇന്നും ചെറിയാൻ ഫിലിപ്പ്.

ജീവിതത്തിൽ ഒരിക്കലും വിവാഹ ജീവിതം പോലും നയിക്കാൻ പോലും കഴിയാത്ത ശക്തമായ ക്ഷതമാണ് ആ വലിച്ചെറിയലിൽ ചെറിയാൻ ഫിലിപ്പിനു നൽകിയത്. ഒരു കാലു ശോഷിച്ചുപോയി. നടക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. പാരാലിസിസ് വന്ന അവസ്ഥയായി. വർഷങ്ങൾ തന്നെ ചെറിയാൻ ഫിലിപ്പ് ചികിത്സയിലായി. പരുക്കിനെ തുടർന്ന് വിവാഹ ജീവിതം പോലും നിഷേധിക്കപ്പെട്ടു. എസ്എഫ്‌ഐ ഭീകരതയ്ക്ക് ഇരയായി അഞ്ചു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും ചെറിയാൻ ഫിലിപ്പ് അവിവാഹിതനും ചികിത്സയിൽ തുടരുന്നവനും ആയി കഴിയുന്നു എന്ന് വരുമ്പോൾ തന്നെ എസ്എഫ്‌ഐ നടത്തുന്ന കാമ്പസ് ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമായി ഈ സംഭവം മാറുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നേതാവായിരുന്നു കെഎസ് യു നേതാവായിരുന്നു അന്ന് ചെറിയാൻ ഫിലിപ്പ്. ആ ചെറിയാൻ ഫിലിപ്പിനെ 1972-ൽ തന്നെ ഇല്ലാതാക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചത്. കോളേജിന്റെ രണ്ടാം നിലയിൽ നിന്ന് താഴേക്കാണ് വലിച്ചറിഞ്ഞത്. ഗോവണിയുടെ പടിക്കെട്ടുകളിൽ അടിച്ചടിച്ചാണ് താഴേക്ക് വീണത്. വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ നേതാവിനെ ഇല്ലാതാക്കാനുള്ള, കൊല്ലാനുള്ള ശ്രമം തന്നെയാണ് അന്ന് എസ്എഫ്ക്കാർ നടത്തിയത്. എഴുപതുകളിൽ നടത്തിയ ഇത്തരം ആക്രമണ പരമ്പരകൾക്കൊടുവിലാണ് എൺപതുകളിൽ യൂണിവേഴ്‌സിറ്റി കോളെജ് കെഎസ് യുവിൽ നിന്ന് പിടിച്ചെടുത്ത് എസ്എഫ്‌ഐ കോട്ടയാക്കി മാറ്റുന്നത്.

എഴുപതുകൾ കെഎസ് യുവിന്റെ പ്രതാപ കാലമാണ്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറിയായും കൗൺസിലർ ആയും ചെറിയാൻ ഫിലിപ്പ് വിജയിയായ സമയം. 1972 ലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്. എസ് എഫ് ഐ കോളേജിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന സമയം. ആ തിരഞ്ഞെടുപ്പിൽ ചെറിയാൻ അടക്കമുള്ള കെഎസ് യു സ്ഥാനാർത്ഥികൾ ജനറൽ സീറ്റിൽ വിജയികളായി മാറി. തിരഞ്ഞെടുപ്പിലെ കെഎസ് യു വിജയം എസ്എഫ് ഐയ്ക്ക് രുചിച്ചില്ല. പുറത്ത് നിന്ന് എത്തിയ എസ്എഫ്‌ഐ ഗുണ്ടകൾ ചെറിയാനെ രണ്ടാം നിലയിൽ നിന്നും തൂക്കി എടുത്ത് താഴേക്ക് എറിഞ്ഞു. നട്ടെല്ലിന് ഏറ്റ ക്ഷതവും കാലൊടിയലും ശരീരമാസകലമുള്ള ക്ഷതങ്ങളും ഏറ്റു. അന്നുള്ള പരുക്കുകൾക്ക് ചെറിയാൻ ഇന്നും ചികിത്സ തേടുകയാണ്. ഡിഗ്രിയും പിജിയും ഇതേ കോളജിൽ നിന്ന് തന്നെയാണ് ചെറിയാൻ പൂർത്തിയാക്കുന്നതും.

ഇതേ ചെറിയാനെ സാക്ഷി നിർത്തിയാണ് യൂണിവേഴ്സിറ്റി കോളെജ് എസ്എഫ്‌ഐ പിടിക്കുന്നതും. ആക്രമണങ്ങളെ തുടർന്നുള്ള കാലഘട്ടത്തിനു ശേഷം ചെറിയാൻ കെഎസ് യുവിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് കെഎസ് യുവിന്റെ സംസ്ഥാന പ്രസിഡന്റും ആയി മാറി. ഇതേ ചെറിയാൻ കാലങ്ങൾ കഴിഞ്ഞപ്പോൾ താൻ ജീവിതം മുഴുവൻ എതിർത്ത അതേ ഇടത് പ്രസ്ഥാനത്തിന്റെ ഭാഗമായി. ചെറിയാൻ ഉറച്ചു നിന്ന കോൺഗ്രസ് യുവതലമുറയെ പൂർണമായി അവഗണിക്കുന്നതിൽ എതിർപ്പ് അറിയിച്ചാണ് ചെറിയാൻ സിപിഎമ്മിലേക്ക് നീങ്ങുന്നത്. കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ് വിട്ടു.

2001 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർത്തിയാണ് ചെറിയാൻ കോൺഗ്രസ് വിടുന്നത്. താമസിയാതെ തന്നെ ചെറിയാൻ സിപിഎമ്മിലേക്ക് ചേക്കേറുകയും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ മത്സരിക്കുകയും ചെയ്തു. പിന്നീട് വട്ടിയൂർക്കാവ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും ചെറിയാന് വിജയിക്കാനായില്ല. കെ.മുരളീധരന് മുന്നിലാണ് ചെറിയാന് പരാജയം രുചിക്കേണ്ടി വന്നത്. കെടിഡിസി ചെയർമാൻ പോസ്റ്റ് നൽകി സിപിഎം പക്ഷെ ചെറിയാനെ കൂടെ നിർത്തിയിരുന്നു.

ഇടത് സർക്കാരിൽ അവഗണന മണത്ത് ചെറിയാൻ സിപിനഎം വിടുമെന്ന വാർത്ത വന്നുകൊണ്ടിരിക്കുന്ന സമയമാണ് ഹരിതകേരളം, ആർദ്രം തുടങ്ങി നാല് മിഷനുകളുടെ കോ-ഓർഡിനേറ്റർ ചുമതല പിണറായി സർക്കാർ ചെറിയാന് നൽകുന്നത്. ഇതേ മിഷന്റെ ചുമതല തന്നെയാണ് ഇടത് സർക്കാരിൽ ചെറിയാൻ ഇപ്പോൾ വഹിച്ചുകൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP