Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരാജയത്തിന്റെ കാരണം രാഹുൽ ഗാന്ധി കണ്ടത് പാർട്ടിയുടെ ദൗർബല്യങ്ങൾ മാത്രം; കാണാതെ പോയത് എതിരാളിയുടെ ശക്തിയും ധ്രുവീകരിക്കപ്പെട്ട ഭൂരിപക്ഷ വോട്ടും; കോൺഗ്രസിന് തിരിച്ചടിയായത് രാജ്യമൊട്ടാകെ ബിജെപി പടർന്ന് പന്തലിച്ചപ്പോഴും പ്രതിപക്ഷ ഐക്യനിര പോലും രൂപീകരിക്കാനാകാതെ പോയത്

പരാജയത്തിന്റെ കാരണം രാഹുൽ ഗാന്ധി കണ്ടത് പാർട്ടിയുടെ ദൗർബല്യങ്ങൾ മാത്രം; കാണാതെ പോയത് എതിരാളിയുടെ ശക്തിയും ധ്രുവീകരിക്കപ്പെട്ട ഭൂരിപക്ഷ വോട്ടും; കോൺഗ്രസിന് തിരിച്ചടിയായത് രാജ്യമൊട്ടാകെ ബിജെപി പടർന്ന് പന്തലിച്ചപ്പോഴും പ്രതിപക്ഷ ഐക്യനിര പോലും രൂപീകരിക്കാനാകാതെ പോയത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്. അതേസമയം ബിജെപിയാകട്ടെ ജൈത്രയാത്ര തുടരുകയാണ്. തെരഞ്ഞെടുപ്പ് പോരാട്ടം സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തന്റെ രാജി പ്രഖ്യാപിച്ച് ട്വിറ്ററിൽ പോസ്റ്റുചെയ്ത നാല് പേജുള്ള കത്ത് പോലും വ്യക്തമാക്കുന്നത് കൂട്ടായ പ്രവർത്തനത്തിന്റെ അഭാവം പാർട്ടിക്ക് വിജയ സാധ്യത ഇല്ലാതാക്കി എന്നാണ്.പരാജയ കാരണമായി രാഹുൽ ഗാന്ധി കണ്ടത് കോൺഗ്രസിന്റെ നിർജ്ജീവാവസ്ഥ മാത്രമായിരുന്നു.

2019-ലെ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാഹുൽ കത്തിൽ പറയുന്നു. പാർട്ടിയുടെ നിർണായകമായ ഭാവിയിലും വളർച്ചയിലും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോൺഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞാലും രാജ്യത്തിന്റെ മൂല്യങ്ങൾക്കും ഭരണഘടനയ്ക്കുമെതിരെ ആർഎസ്എസ് നടത്തുന്ന അതിക്രമങ്ങളെ മുൻപന്തിയിൽ നിന്നുകൊണ്ട് നേരിടുമെന്നും രാഹുൽ അടിവരയിട്ട് പറയുന്നു.

ശക്തരായവർ അധികാരത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് ഇന്ത്യയുടെ ഒരു ശീലമാണ്. ആരും അധികാരം ത്യജിക്കില്ല. അധികാരങ്ങൾ ത്യജിക്കാതെയും ആഴത്തിലുള്ള പ്രത്യയശാസ്ത്ര പോരാട്ടം നടത്താതെയും എതിരാളികളെ പരാജയപ്പെടുത്തുകയില്ല. രാഷ്ട്രീയ അധികാരത്തിനായുള്ള ലളിതമായ ഒരു പോരാട്ടമല്ലായിരുന്നു തന്റേത്. എനിക്ക് ബിജെപിയോട് വിദ്വേഷമോ പകയോ ഇല്ല. എന്നാൽ എന്റെ ശരീരത്തിലെ എല്ലാ കോശങ്ങളും അവരുടെ ആശയങ്ങളെ വ്യക്തമായി പ്രതിരോധിക്കും എന്നും തന്റെ രാജിക്കത്തിൽ രാഹുൽ വ്യക്തമാക്കിയിരുന്നു. ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം സഹിഷ്ണുതയോടെ ആയിരുന്നു. ഇന്ത്യയിലെ എല്ലാ ജനങ്ങളോടും മതങ്ങളോടും സമുദായങ്ങളോടും ബഹുമാനം പുലർത്തിയിരുന്നു. ചില സമയത്ത് ഞാൻ ഒറ്റയ്ക്കാണെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ എല്ലാത്തിലും അഭിമാനം കൊള്ളുന്നുവെന്നും രാഹുലിന്റെ കത്തിൽ പറയുന്നു.

എന്നാൽ, ചരിത്രം പരിശോധിച്ചാൽ കേവലം കോൺഗ്രസിന്റെ ദൗർബല്യം മാത്രമല്ല ബജെപിയുടെ വിജയത്തിന് കാരണം എന്ന് വ്യക്തമാണ്. രാജ്യത്തിന്റെ ഓരോ മൂലയിലും പാർട്ടി വ്യക്തമായ സ്വാധീനം നേടിയപ്പോൾ കോൺഗ്രസിന് ഒരു ഐക്യപ്രതിപക്ഷ നിരപോലും സാധ്യമാക്കാൻ കഴിഞ്ഞില്ല. രാജ്യത്തിന്റെ വടക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഒരു പോലെ വിജയിക്കാൻ ബിജെപി ക്കായി. ആറുമാസം മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ പോലും അവർ ആധിപത്യം നേടി. ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റും ബിജെപി ഒറ്റയ്ക്ക് നേടിയപ്പോൾ മഹാരാഷ്ട്രയിൽ ശിവസേനയുമായുള്ള സഖ്യത്തിലൂടെ അവർ നേട്ടമുണ്ടാക്കി. കിഴക്കൻ മേഖലയിലും ശക്തമായ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ക്ക് സാധിച്ചു.

വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോൺഗ്രസിനോട് നേരിട്ടേറ്റുമുട്ടി അവർ 18 സീറ്റ് നേടി. മമതയുടെ പാർട്ടിയേക്കാൾ കേവലം 5 സീറ്റുകളുടെ കുറവ്. ഝാർഖണ്ഡിലും ബിഹാറിലും ബിജെപി വിജയിച്ചപ്പോൾ ഒഡീഷയിൽ നവിൻ പട്‌നായിക്കിന്റെ ബിജെഡി ആണ് നേട്ടമുണ്ടാക്കിയത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലും ബിജെപി യുടെ നേട്ടം ചെറുതല്ല. യൂ പി യിൽ സീറ്റ് എണ്ണത്തിൽ കുറവുണ്ടായെങ്കിലും വോട്ട് ഷെയർ 2014 ലെ 46.29 ൽ നിന്നും 50.1 ലേക്ക് വർദ്ധിച്ചു. ബി എസ് പി -എസ് പി സഖ്യം ഉയർത്തിയ വെല്ലുവിളികളെ മറികടന്നാണിത്. ഹിമാചൽ, ഹരിയാന, ജമ്മു, ഉത്തരാഖണ്ഡ്, ഛത്തിസ്ഘഢ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും അവർ വിജയിച്ചു. കേന്ദ്രഭരണപ്രദേശമായ ഡൽഹിയിൽ ഭരണപക്ഷമായ എഎപി ബിജെപി ക്ക് മുന്നിൽ തകർന്നടിഞ്ഞു. ബിജെപി ക്ക് വെല്ലുവിളിയായത് തെക്കേ ഇന്ത്യ മാത്രമാണ്. ബിജെപി യുടെ തെക്കേ ഇ്‌യയിലെ രാഷ്ട്രീയപരീക്ഷണശാലയായ കർണാടക ഒഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളും അവരെ കൈവിട്ടു കേരളത്തിൽ യു ഡി എഫ് ഉം തമിഴ്‌നാട്ടിൽ ഡി എം കെ-കോൺഗ്രസ് മുന്നണിയും നേട്ടമുണ്ടാക്കി.

തങ്ങൾക്ക് പരമ്പരാഗതമായി കിട്ടുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ചെറിയ ശതമാനം വോട്ടുകൾ നിലനിർത്താനായതും ഹിന്ദു വോട്ടുകളുടെ ഏകീകരണവും ബിജെപിക്ക് ഗുണമായി. 2014ൽ ബിജെപിക്ക് മുസ്ലിം വിഭാഗത്തിൽ നിന്നും ലഭിച്ച 8 ശതമാനം വോട്ട് ഇത്തവണ നിലനിർത്താനായി. 2014ൽ ക്രിസ്ത്യൻ വിഭാഗത്തിലെ 7 ശതമാനം വോട്ടുകൾ ഇത്തവണ 11 ശതമാനമായി വർദ്ധിച്ചിരുന്നു. അതേസമയം ഹിന്ദു വോട്ടുകളിൽ 44 ശതമാനവും ബിജെപിക്കൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹിന്ദു ജനസംഖ്യയുടെ 36 ശതമാനമായിരുന്നു ബിജെപിക്കൊപ്പം ഉണ്ടായിരുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പരമ്പരാഗത വോട്ട് ബാങ്കാണ് ദളിത് ന്യൂനപക്ഷ വോട്ടുകൾ. എന്നാൽ ഇക്കുറി ഈ വോട്ടുകളും കർഷക വോട്ടുകളും എൻ ഡി എ യ്ക്ക് അനുകൂലമായി തിരിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 25ശതമാനത്തിൽ കൂടുതൽ എസ് സി /എസ് ടി വോട്ടുകൾ ഉള്ള മണ്ഡലങ്ങളിൽ ബിജെപി യുടെ വോട്ട് വിഹിതം 17ശതമാനമായി ഉയർന്നപ്പോൾ കോൺഗ്രസിന്റേത് 1.48ശതമാനം കുറഞ്ഞു. 40ശതമാനം മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങളിലെ വോട്ട് വിഹിതം എടുത്താൽ ബിജെപി ക്ക് 8.39ശതമാനം വോട്ടുകൾ കൂടിയപ്പോൾ കോൺഗ്രസിന് 5.25ശതമാനം വോട്ടുകളുടെ കുറവുണ്ടായി.

ഹിന്ദുത്വം വേണ്ടരീതിയിൽ ഉപയോഗിച്ച് ബിജെപി

ബിജെപി നേരിട്ട് പറയാത്തതും എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ കൊണ്ട് വേണ്ടുവോളം പറയിച്ചതുമായ പദമാണ് ബിജെപിയുടെ ഹിന്ദുത്വ അജണ്ട. ബിജെപിയെ വൻ ഭൂരിപക്ഷത്തിൽ രണ്ടാമതും അധികാരത്തിൽ എത്തിക്കാൻ ഏറ്റവും അധികം സഹായിച്ചതും ഹിന്ദുത്വ പാർട്ടി എന്ന പ്രതിപക്ഷത്തിന്റെ പ്രചരണം തന്നെയാണ്. ശിവഭക്തനാണെന്ന് പറഞ്ഞും അമ്പലത്തിൽ പോയും മറ്റും ഹിന്ദു വോട്ടുകളെ ഒപ്പം നിർത്താൻ രാഹൽ ഗാന്ധി പരിശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.

ഒപ്പം സുസ്ഥിരമായ ഭരണം രാജ്യത്തെ ജനങ്ങൾ ആഗ്രഹിച്ചതും ബിജെപിക്ക് അനുകൂലമായി. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് നടന്ന പുൽവാമ ആക്രമണം അവർ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമാക്കിയതും അവർക്ക് ഗുണം ചെയ്തു. ഹിന്ദി ഭൂരിപക്ഷമേഖലയിൽ ഈ പ്രചാരണത്തിനുണ്ടാക്കാൻ ആയ സ്വാധീനം വളരെ വലുതാണ് എന്ന് വേണം കരുതാൻ. ഗ്രാസ് റൂട്ട് ലെവലിൽ കഴിഞ്ഞ എൻ ഡി എ സർക്കാർ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും അവരെ സഹായിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. സബ്സിഡികൾ ബാങ്ക് വഴി ആക്കിയതോടെ ഗ്രാമീണർക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിച്ചതും ഭരണത്തുടർച്ചയ്ക്ക് സഹായകരമായി. വികസനത്തുടർച്ച ആഗ്രഹിച്ച ജനങ്ങൾ ബിജെപിക്കൊപ്പം നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP