Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

1986ൽ ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലീഷ് ആരാധകരെ കരയിപ്പിച്ചത് മറഡോണയുടെ 'ദൈവത്തിന്റെ കൈ'; 2019ൽ കളി പിറന്ന നാട്ടിലേക്ക് ക്രിക്കറ്റ് ലോക കിരീടമെത്തുമ്പോൾ ചർച്ചയാകുന്നത് സ്‌റ്റോക്‌സിന്റെ 'ദൈവത്തിന്റെ ബാറ്റും'; സൂപ്പർ ഓവറിൽ ക്രിക്കറ്റിനു പുതിയ രാജാക്കന്മാരെ നൽകിയത് ദൈവം കനിഞ്ഞു നൽകിയ നാലു റൺസ്; ഒരിക്കലും സംഭവിക്കില്ലെന്ന് വാതുവെപ്പുകാർ കരുതിയ സമനില ലോകകപ്പിന് ഓർമ്മിക്കാൻ നൽകിയത് സുന്ദര നിമിഷങ്ങൾ മാത്രം; നാഷണൽ ഹീറോയായി ബെൻ സ്റ്റോക്‌സ്

1986ൽ ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലീഷ് ആരാധകരെ കരയിപ്പിച്ചത് മറഡോണയുടെ 'ദൈവത്തിന്റെ കൈ'; 2019ൽ കളി പിറന്ന നാട്ടിലേക്ക് ക്രിക്കറ്റ് ലോക കിരീടമെത്തുമ്പോൾ ചർച്ചയാകുന്നത് സ്‌റ്റോക്‌സിന്റെ 'ദൈവത്തിന്റെ ബാറ്റും'; സൂപ്പർ ഓവറിൽ ക്രിക്കറ്റിനു പുതിയ രാജാക്കന്മാരെ നൽകിയത് ദൈവം കനിഞ്ഞു നൽകിയ നാലു റൺസ്; ഒരിക്കലും സംഭവിക്കില്ലെന്ന് വാതുവെപ്പുകാർ കരുതിയ സമനില ലോകകപ്പിന് ഓർമ്മിക്കാൻ നൽകിയത് സുന്ദര നിമിഷങ്ങൾ മാത്രം; നാഷണൽ ഹീറോയായി ബെൻ സ്റ്റോക്‌സ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അവിശ്വസനീയം... മറ്റൊരു വാക്കും കൂട്ടിനില്ല ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനെ വിശേഷിപ്പിക്കാൻ. ഓരോ നിമിഷവും ആവേശം മുറ്റിയ പ്രകടനവുമായി ലോകരാജാക്കന്മാരാകാൻ രണ്ടു കരുത്തന്മാർ ഏറ്റുമുട്ടിയപ്പോൾ ക്രിക്കറ്റ് നിയമത്തിലെ 50 ഓവറുകളും 600 പന്തുകളും തികയാതെ വന്നു. നിശ്ചിത സമയത്തിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും നേടിയത് 241 റൺസ്. ഒരൊറ്റ റൺസ് കൂടുതലോ കുറവോ നേടിയാൽ രണ്ടു പേരിൽ ഒരാൾക്ക് ശിരസു കുനിച്ചു ഡ്രസിങ് റൂമിലേക്ക് മടങ്ങാൻ ഉള്ള അവസരം ലോർഡ്സ് സ്റ്റേഡിയം നൽകിയില്ല.

ഇന്നലെ ലോർഡ്സിൽ ഇംഗ്ലണ്ടിന് വേണ്ടി ബെൻ സ്റ്റോക്സ് ദേശീയ ഹീറോ ആയപ്പോൾ ന്യൂസിലാൻഡിനു വേണ്ടി വില്ലൻ വേഷം ഇട്ടതു ഗുപ്റ്റിൽ ആയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിൽ ഡയറക്റ്റ് ത്രോയിലൂടെ ധോണിയെ എറിഞ്ഞിട്ട ഗുപ്ടിലിന്റെ ഓവർ ത്രോയാണ് ഇംഗ്ലണ്ടിന് ആറു റൺസും സമനിലയും നിശ്ചിത സമയത്തു സമ്മാനിച്ചത്. കളിയുടെ ഗതിമാറ്റിയ ഓവർ ത്രോ എന്ന വിശേഷണമാണ് ഇപ്പോൾ ഗുപ്റ്റിലിന് ഒപ്പമുള്ളത്. ബൗളിങ് കയ്യടക്കത്തിലും ഫീൽഡിങ്ങിലും അസാധാരണ മികവ് കാട്ടിയ ടീമിന്റെ കയ്യിൽ നിന്നും കപ്പു തട്ടിത്തെറിപ്പിച്ച നിമിഷം കൂടിയായിരുന്നു ആ ഓവർ ത്രോ സമ്മാനിച്ചത്. ഒടുവിൽ പറഞ്ഞാൽ, നന്നായി കളിച്ചതും ആസ്വദിച്ചതും ന്യൂസിലാൻഡ് ടീം. പക്ഷെ വിധിയും ഭാഗ്യവും ഇന്നലെ അവരോടൊപ്പം നിന്നില്ല, അത് ഇംഗ്ലണ്ടിന് ഒപ്പമായിരുന്നു. കാരണം ലോകകപ്പ് ചരിത്രത്തിൽ പുതിയ വീരകഥകൾ എഴുതാൻ കാലം കാത്തിരിക്കുകയായിരുന്നു.

മുമ്പ് ഫുട്‌ബോൾ ലോകകപ്പിലെ മറഡോണയുടെ ദൈവത്തിന്റെ കൈ വലിയ ചർച്ചയായിരുന്നു. ഇതിന് സമാനമായ ദൈവത്തിന്റെ ഇടപെടലായിരുന്നു ഗുപ്ടിലിന്റെ ഓവർ ത്രോ. അത് ആരുടേയും പിഴവായിരുന്നില്ല. കൃത്യതയോടെ ഗുട്പിൽ എറിഞ്ഞ ത്രോ സ്‌റ്റോക്‌സിന്റെ ബാറ്റിൽ തട്ടി. ഇത്തരം അവസരങ്ങളിൽ റൺസിനായി ബാറ്റ്‌സാമാൻ ഓടാറില്ല. ഇത് സ്‌റ്റോക്‌സും ചെയ്തു. എന്നാൽ സ്‌റ്റോക്‌സിന്റെ ബാറ്റിൽ കൊണ്ട പന്ത് ബൗണ്ടറിയും കടന്നു പോയി. ഈ അവസരത്തിൽ കളി നിയമം അനുസരിച്ച് അമ്പയർക്ക് നാല് റൺസ് അധികമായി നൽകിയേ മതിയാകൂ. അത് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള വഴിയായി. ഇല്ലാത്ത പക്ഷം നിശ്ചിത ഓവറുകൾ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് 4 റൺസിന് തോൽക്കുമായിരുന്നു. ഈ റൺസാണ് കളിയെ സൂപ്പർ ഓവറിൽ എത്തിച്ചതും. വിജയം ആതിഥേയരുടേതാക്കിയതും.

1986 ഫുട്‌ബോൾ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനക്കായി ഇതിഹാസ താരം ഡിയഗോ മറഡോണ നേടിയ ദൈവത്തിന്റെ കൈ ഗോൾ കാണാതെ പോയ ലൈൻ റഫറിയുടെ പിഴവ് ഇഗ്ലീഷ് ആരാധകരുടെ മനസ്സിലെ നൊമ്പരമായിരുന്നു. ലോകകപ്പിലെ ക്വാർട്ടർ മത്സരത്തിൽ അർജന്റീന 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയപ്പോഴായിരുന്നു ബൾഗേറിയൻ റഫറി കബളിപ്പിക്കപ്പെട്ടത്. ലോകഫുട്ബോളിൽ നൂറ്റാണ്ടിന്റെ ഗോൾ എന്ന വിശേഷണം ലഭിച്ച മറഡോണയുടെ മാന്ത്രിക ഗോൾ പിറന്നതും ഈ മത്സരത്തിലായിരുന്നു. മറഡോണ കൈകൊണ്ട് പന്ത് തട്ടി വലയിലാക്കിയത് ഇംഗ്ലണ്ട് ഗോളി ചോദ്യം ചെയ്തെങ്കിലും ടുണീഷ്യൻ റഫറി അലി ബിൻ നാസർ ഇത് കാര്യമാക്കിയില്ല. ലൈൻ റഫറി ഡോചെവ് ഇത് ഹാൻഡ് ബോൾ വിധിക്കാഞ്ഞതാണ് കാരണം. ഈ ലോകകപ്പ് നേടിയതും അർജന്റീനയായിരുന്നു. അന്ന് ദൈവം കൈവിട്ട ഇംഗ്ലണ്ടിനെ ഇപ്പോൾ ദൈവത്തിന്റെ ബാറ്റ് രക്ഷിച്ചു. അങ്ങനെ ലോകകപ്പ് ക്രിക്കറ്റ് കളി പിറന്ന നാട്ടിൽ എത്തുകയാണ്.

നിശ്ചിത സമയത്തെ അവസാന ഓവറിൽ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചാണ് കൈവിട്ട മത്സരത്തെ ഇംഗ്ലണ്ട് ബെൻ സ്റ്റോക്‌സ് എന്ന മാന്ത്രിക കളിക്കാരനിലൂടെ കൈപിടിച്ചെടുത്തത്. ബൗളിങ്ങിലും ഫീൽഡിങ്ങിലും സമർത്ഥമായ കളിനിമിഷങ്ങൾ സമ്മാനിച്ച കിവികൾ നാൽപതു ഓവറുകൾക്കു ശേഷം കളി പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി മാന്യമായ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് നീങ്ങിയത്. ഇതിനു കൂടുതൽ വിശ്വസനീയത നൽകി അവസാന ഓവറുകളിൽ കൃത്യമായി വിക്കറ്റുകൾ വീണു കൊണ്ടിരുന്നു. തനിക്കു പൂർണ പിന്തുണ നൽകി ക്രീസിൽ നിന്ന ജോസ് ബട്‌ലറെ നഷ്ടമായിട്ടും കാറും കോളും നിറഞ്ഞ കടലിൽ സുരക്ഷിതമായി കപ്പലോട്ടം നടത്തുന്ന നാവികനെ അനുസ്മരിപ്പിച്ചാണ് ഇംഗ്ലണ്ടിന്റെ ബാറ്റിങ് സ്വന്തം തോളിലേറ്റി അവസാന ഓവറിൽ ബെൻ സ്റ്റോക്‌സ് സമനില ഓടിയെടുത്തത്. ഇതോടെ ലോകകപ്പിൽ ആദ്യമായി പരീക്ഷിക്കുന്ന സൂപ്പർ ഓവറിന്റെ ഊഴമായി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ഒരോവറിൽ 15 റൺസ്.

മൂന്ന് ബോൾ നേരിട്ട ബെൻ സ്റ്റോക്‌സ് എട്ടു റൺസും മൂന്നു ബോളിൽ നിന്ന് ജോസ് ബട്‌ലർ ഏഴു റൺസും അടിച്ചിട്ടു. ബൗളിങ്ങിന് എത്തിയ ട്രെന്റ് ബോൾട്ടിന് കാര്യമായി ഒന്നും ചെയ്യാനുണ്ടയിരുന്നില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡിനു ആവശ്യത്തിലേറെ സമ്മർദം ഉണ്ടായിട്ടും കരുത്തും നിശ്ചയദാർഢ്യവും ചോരാതെ നോക്കാൻ ജെയിംസ് നിഷാമിനും മാർട്ടിൻ ഗുപ്ടിലിനും കഴിഞ്ഞു. അഞ്ചു ബോളുകൾ നേരിട്ട് കൂറ്റൻ സിക്‌സർ അടക്കം പറത്തി നിഷാം 13 റൺസ് നേടിയപ്പോൾ ഒരു റൺസ് മാത്രമാണ് ഗുപ്റ്റലിനു കിട്ടിയത്. എന്നാൽ ആദ്യ ബോൾ വൈഡ് ആക്കിയ ആർച്ചറിന്റെ വകയായി ഒരു എക്‌സ്ട്രാ റൺ കൂടി കിട്ടിയപ്പോൾ വീണ്ടും സമനില.

ഒടുവിൽ കളിയിൽ കൂടുതൽ ഫോറുകൾ അടിച്ച ടീം എന്ന നിലയിലാണ് കപ്പു ഇംഗ്ലണ്ടിന്റെ കയ്യിൽ എത്തിയത്. കപ്പു കിട്ടിയില്ലെങ്കിലും ന്യൂസിലൻഡിനെ തോൽവിക്കാർ എന്ന് വിളിക്കാൻ പറ്റാത്ത സാഹചര്യം. ഇത്രയും അവിസ്മരണീയമായ നിമിഷങ്ങൾ മറ്റൊരു ലോകകപ്പിലും പിറന്നിട്ടില്ല. ഈ വീരഗാഥ അനേക കാലം ക്രിക്കറ്റ് ലോകം പറഞ്ഞു കൊണ്ടിരിക്കുമെന്നുറപ്പ്. ചരിത്രത്തിനു ഓർത്തിരിക്കാൻ ഉള്ള മനോഹര നിമിഷങ്ങളാണ് ലോർഡ്സിൽ പിറന്നു വീണത്. ക്രിക്കറ്റിനെ മനം നിറഞ്ഞു സ്‌നേഹിക്കാൻ ഇതിൽ കൂടുതൽ വേറെന്തു വേണം എന്നാണ് കളി തീർന്നപ്പോൾ ഓരോ കായികപ്രേമിയും സ്വയം ചോദിച്ചിട്ടുണ്ടാവുക. കളി സംപ്രേഷണം ചെയ്ത ടെലിവിഷൻ ചാനലുകൾക്ക് പോലും പലവട്ടം ഷെഡ്യൂൾ മാറ്റേണ്ടി വന്നു, കാരണം നിശ്ചിത സമയത്തു കളി തീർക്കാൻ പറ്റില്ലെന്ന് ബോധ്യമായപ്പോഴാണ് ചാനൽ ഫോർ സാധാരണ പരിപാടികൾ മോർ ഫോറിലേക്കു മാറ്റി ക്രിക്കറ്റ് ലോകത്തിനു തടസമില്ലാതെ സമ്മാനിച്ചത്.

ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ ആതിഥേയ രാജ്യം എന്ന നിലയിലും ഇംഗ്ലണ്ടിന് സ്വന്തം പേരിൽ കുറിക്കാൻ റെക്കോർഡുണ്ട്. മുൻപ് 79 ലും 87 ലും 92 ലും ഫൈനൽ കളിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായി സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഇംഗ്ലണ്ടിന് ഇക്കുറി സ്വന്തം മണ്ണിൽ നാട്ടുകാർക്ക് മുന്നിൽ കപ്പുയർത്താൻ ഉള്ള നിയോഗമാണ് കാലം കാത്തുവച്ചത്. മുൻപ് ഓസ്ട്രേലിയയും ഇന്ത്യയും ശ്രീലങ്കയും വിജയികളായപ്പോൾ അവരോടൊപ്പം മറ്റു രാജ്യങ്ങൾ കൂടി ലോകകപ്പിന്റെ ആതിഥേയർ ആയി കൂട്ടിനടുത്തുണ്ടായിരുന്നു എന്നതാണ് വസ്തുത.

ലാഹോറിൽ 1996 ൽ നടന്ന ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക വിജയിച്ചപ്പോൾ ആധിധേയരായി ഇന്ത്യയും പാക്കിസ്ഥാനും കൂട്ടിനുണ്ടായിരുന്നു. തുടർന്ന് 2011ൽ മുംബൈയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ ആതിഥേയരായി പാക്കിസ്ഥാനും ശ്രീലങ്കയും കൂട്ടിനുണ്ടായി. കഴിഞ്ഞ തവണ മെൽബൺ ഫൈനലിൽ ഓസ്ട്രേലിയ വിജയിച്ചപ്പോൾ മത്സര നടത്തിപ്പിൽ കൂട്ടിണ്ടായത് ന്യൂസിലൻഡാണ്. ഈ അർത്ഥത്തിൽ ഒരു രാജ്യം ഒറ്റയ്ക്ക് ആതിഥ്യം വഹിക്കുകയും കപ്പു സ്വന്തമാക്കുന്നതും നടാടെ ആണെന്ന് പറയേണ്ടി വരും. അങ്ങനെ ഇത്തവണത്തെ ഫൈനൽ ചരിത്രത്തിനു പറഞ്ഞു രസിക്കാൻ ഒട്ടേറെ ഓർമ്മകൾ സമ്മാനിച്ചാണ് കടന്നു പോയിരിക്കുന്നത്.

നിശ്ചിത സമയത്തെ അവസാന ഓവറും ഇംഗ്ലണ്ടിനെ സംബന്ധിച്ച് സൂപ്പർ ഓവറിന്റെ തനിയാവർത്തനം ആയി ഇനി പറഞ്ഞു രസിക്കാം. അവസാന ഓവർ എറിയാൻ എത്തുന്നത് ട്രെന്റ് ബോൾട്ട്. ക്രീസിൽ ഇംഗ്ലണ്ടിന് വേണ്ടി നിൽക്കുന്നത് ബെൻ സ്റ്റോക്സും ആദിൽ റഷീദും. ഇംഗ്ലണ്ടിന് ആവശ്യം ഉള്ളത് 15 റൺസ്. ലോകകപ്പ് ചരിത്രത്തിൽ ഇത്തരം നിമിഷങ്ങൾ അപൂർവമാണ്. സാധാരണ ഗതിയിൽ ഏതു ടീമും തോൽവി ഏറ്റുവാങ്ങാൻ സാധ്യതയുള്ള ഓവർ. കാരണം ആ നിമിഷങ്ങളിൽ ഉണ്ടാകുന്ന സമ്മർദം അത്ര വലുതാണ്. ബോൾട്ട് കൃത്യമായി അളന്നു കുറിച്ചെറിഞ്ഞ ആദ്യ രണ്ടു പന്തിലും റൺ കിട്ടാതായതോടെ ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ഇരട്ടിച്ചു. നാട്ടുകാർ നോക്കി നിൽക്കെ പരാജയപെട്ടു മടങ്ങേണ്ട നിസ്സഹായത.

പക്ഷെ ബെൻ സ്റ്റോക്‌സ് എന്ന പോരാളി തോൽക്കാൻ തയ്യാറല്ലായിരുന്നു. മൂന്നാം ബോളിൽ പിറന്നത് കൂറ്റൻ സിക്‌സർ. വീരന്മാരായവർക്കു മാത്രം സാധിക്കുന്ന കാര്യം. നാലാം ബോളാണ് ഇംഗ്ലണ്ടിന്റെ വിധി നിർണ്ണയിച്ചത്. നീട്ടിയടിച്ച ബെൻ സ്റ്റോക്‌സ് രണ്ടാം റണ്ണിന് ഓടുന്നത് കണ്ട ഗുപ്റ്റിൽ സർവശക്തിയും എടുത്തു എറിഞ്ഞ ത്രോ വിക്കറ്റിൽ പിടികൊടുക്കാതെ പാഞ്ഞത് ബൗണ്ടറിയിലേക്ക്. ഇംഗ്ലണ്ടിന് അങ്ങനെ ആ ബോളിൽ കിട്ടിയതും ആറു റൺ. ഇതെങ്ങനെ വിശ്വസിക്കും, വിശ്വസിക്കാതിരിക്കും. ഗാലറിയും ലോകവും ശ്വാസം നിലച്ചു നിന്ന നിമിഷങ്ങൾ. ഇതോടെ രണ്ടു ബോളും രണ്ടു റൺസും എന്ന ആശ്വാസതീരത്തായി ഇംഗ്ലണ്ടിന്റെ നില. എന്നാൽ അഞ്ചാം പന്തിൽ റൺ എടുക്കാനുള്ള ശ്രമത്തിൽ ആദിൽ റഷീദ് റൺ ഔട്ട്. ഇതോടെ അവസാന ബാറ്റ്‌സ്മാൻ കൂടി എത്താൻ ഇരിക്കെ ഒരുബോളും രണ്ടു റൺസും എന്ന ജീവന്മരണ പോരാട്ടത്തിന്റെ വഴിയിലായി ഇംഗ്ലണ്ട് ടീം.

മാർക്ക് വുഡ് ക്രീസിൽ എത്തി. അവസാന ബോളിൽ രണ്ടു റൺ എടുക്കാൻ ഉള്ള ശ്രമത്തിലാണ് അദ്ദേഹം റൺ ഔട്ട് ആകുന്നതും മത്സരം സമനിലയിൽ എത്തുന്നതും. ഒരർത്ഥത്തിൽ സൂപ്പർ ഓവർ നൽകിയ അതേ ആവേശമാണ് ഇംഗ്ലണ്ടിന്റെ നിശ്ചിത സമയത്തെ അവസാന ഓവർ കണ്ട ലോകത്തിനു ലഭിച്ചത്. അതെ, ഇത് ലോകകപ്പാണ്, ഇതിൽ ഇങ്ങനെയൊക്കെ അവിശ്വസനീയത സംഭവിക്കും എന്ന് ലോകത്തിനു പറയാൻ ഉള്ള അവസരമാണ് ലോർഡ്സ് സമ്മാനിച്ചത്, ഇതേ അവിശ്വസനീയതകൾ തന്നെയാണ് പുതിയ രാജാക്കന്മാരെ സമ്മാനിക്കുന്നതിലും കൂടെ നിന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP