Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും

കുത്തിയവനെ കൈവിട്ടില്ലെങ്കിൽ വെറുതെ ഇരിക്കില്ലെന്ന കുത്തേറ്റ അഖിലിന്റെ പിതാവിന്റെ നിലപാട് നിർണ്ണായകമായി; കോടിയേരിയും കൈവിടുകയും ഞൊടിയിടയിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തതോടെ രക്ഷയില്ലെന്ന് ഉറപ്പായി; സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് എത്തിയതോടെ രക്ഷിക്കാൻ ആരും വരില്ലെന്ന് ഉറപ്പായതോടെ കീഴടങ്ങൽ; ഇന്നലെ വരെ രാജാവായി വാണ ശിവരഞ്ജിത്തും നസീമും ഇന്ന് അഴിക്കുള്ളിൽ; ഇരുവർക്കും പൊലീസ് ജോലിയും നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എങ്ങനേയും കാക്കി കുപ്പായം ഇടാൻ ആഗ്രഹിച്ചവരാണ് ശിവരഞ്ജിത്തും നസീമും. ഈ മോഹ പൊലിഞ്ഞത് ഇവരുടെ മനസ്സിലെ ക്രിമിനലുകൾക്ക് അടങ്ങി കിടക്കാൻ കഴിയാത്തതു കൊണ്ട് മാത്രമാണ്. പൊലീസിനെ നടു റോഡിൽ അടിച്ചോടിച്ച കേസും എസ് എഫ് ഐ ഏര്യാ പ്രസിഡന്റിനെ കൈകാര്യം ചെയ്ത കേസും എങ്ങനേയും ഒതുക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് പുതിയ പുലിവാല് പിടിച്ചത്. സിപിഎം പാർട്ടി കുടുംബത്തിലെ അംഗവും എസ് എഫ് ഐയിൽ സജീവവുമായി യൂണിവേഴ്‌സിറ്റി കോളേജിലെ അഖിലിനെ നെഞ്ചിന് കുത്തി. കൊല്ലനായിരുന്നു ഈ കുത്തെന്ന് വ്യക്തമാണ്. നിസ്സാര പാട്ടുപാടൽ തർക്കം കൊലവിളിയായി മാറിയത് നസീമിന്റെ മനസ്സിലെ ക്രൂരത കാരണമായിരുന്നു. സിനിമാ സ്റ്റൈലിൽ നസീം ഊരി നൽകിയ കത്തി അഖിലിന്റെ നെഞ്ചിലേക്ക് കുത്തിയിറക്കിയത് യൂണിവേഴ്‌സിറ്റി കോളേജിലെ രാജ പദവി അരക്കിട്ടുറപ്പിക്കാനായിരുന്നു. എന്നാൽ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ റോഡിലിറങ്ങയപ്പോൽ ക്രിമിനലുകൾ അഴിക്കുള്ളിലായി. കാക്കി കുപ്പായവും കോളേജിലെ താര സിംഹാസനവും സ്വപ്‌നകണ്ടവർക്ക് ഇനി കുറച്ചു നാൾ ഉറക്കം ജയിലിലാകും.

അഖിലിനെ കുത്തേറ്റതറിഞ്ഞ് ഓടിയെത്തിയ സിപിഎം സഖാവ് ആദ്യം ശ്രമിച്ചത് കേസ് ഒഴിവാക്കാനായിരുന്നു. എന്നാൽ മകനെ കുത്തി മലർത്തിയ ക്രൂരതയോട് വിട്ടു വീഴ്ചയില്ലെന്ന് അച്ഛൻ നിലപാട് എടുത്തു. ഇതോടെ സിപിഎമ്മിന്റെ അനുനയ ശ്രമം പാളി. നസീമും ശിവരഞ്ജിത്തും പി എസ് സി ലിസ്റ്റിലെ പൊലീസുകാരാണെന്ന വിവാദം ആളികത്തിയതോടെ സിപിഎമ്മും പിറകോട്ട് വലിഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അഖിലിന്റെ അച്ഛന് പിന്തുണ പ്രഖ്യാപിച്ചു. ക്രിമിനലുകൾക്കൊപ്പം സിപിഎം ഉണ്ടാകില്ലെന്നും വ്യക്തമാക്കി. ഇതോടെ നസീമും ശിവരഞ്ജിത്തും വെട്ടിലായി. പ്രതികൾക്കായി പൊലീസ് സ്റ്റുഡൻസ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും കയറി ഇറങ്ങിയപ്പോൾ എസ് എഫ് ഐയും വെട്ടിലായി. പ്രതികളെ പിടിച്ചു കൊടുത്തില്ലെങ്കിൽ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ മയക്കുമരുന്ന് മാഫിയയേയും ബാധിക്കുമായിരുന്നു. ഇതോടെ പൊലീസാകാൻ കൊതിച്ചവർ പുലർച്ചെ രണ്ട് മണിക്ക് കേശവദാസപുരത്തെത്തി. അവിടെ കാത്തു നിന്ന പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. എല്ലാം എസ് എഫ് ഐ ഒരുക്കിയ തിരക്കഥയുടെ ഭാഗം. ഇവർ പൊലീസിന് മുമ്പിൽ കീഴടങ്ങുകയായിരുന്നു. രേഖകളിൽ അറസ്റ്റാക്കാനാണ് ഇത് കേശവദാസപുരത്താക്കിയത്.

പാർട്ടിയും നേതാക്കളും കൈവിട്ടപ്പോൾ നിൽക്കക്കള്ളിയില്ലാതെയുള്ള കീഴടങ്ങലാണ് നടന്നത്. സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനും മന്ത്രിമാരും എസ്.എഫ്.ഐ. നേതൃത്വത്തെ വിമർശിച്ചും കുറ്റക്കാരെ തള്ളിപ്പറഞ്ഞും രംഗത്തെത്തിയതോടെയാണ്, യൂണിവേഴ്സിറ്റി കോളേജിൽ അഖിലിനെ കുത്തിയ കേസിൽ ഒളിവിലായിരുന്ന മൂന്നുപേർ കീഴടങ്ങിയത്. പിന്നീട് മുഖ്യ പ്രതികളും. ആദ്യം മൂന്ന് പേർ പിടിയിലായപ്പോൾ പ്രധാന പ്രതികളെ മാറ്റിനിർത്തി അപ്രധാനികളെ പൊലീസിനു വിട്ടുകൊടുക്കുകയെന്ന പതിവുതന്ത്രമാണ് ഇതെന്ന് സിപിഎമ്മിനെതിരേ വിമർശനം ഉയർന്നു. ഇതിന് പിന്നാലെ പ്രതികൾ എവിടെയെന്നുപോലും അന്വേഷിക്കാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കോടിയേരി, പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരൻ എന്നിവർ സംഭവത്തിൽ ഞായറാഴ്ച കടുത്ത വിമർശനം ഉയർത്തി്. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അഖിലിനെ കോടിയേരി സന്ദർശിക്കുകയുംചെയ്തു. അച്ഛന് എല്ലാ പിന്തുണയും ഉറപ്പ് നൽകി.

മുൻകാലത്തെ മിക്ക സംഭവങ്ങളിലും നേതാക്കൾ ഇത്തരത്തിൽ അണികളെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നില്ല. പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പി.എം.ജി.യിലെ കേരള സർവകലാശാലാ സ്റ്റുഡന്റ്സ് സെന്ററിലും പൊലീസ് പരിശോധന നടത്തി. ഞായറാഴ്ച വൈകുന്നേരമാണ് ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് പരിശോധനയ്ക്കു തയ്യാറായത്. അഖിലിന്റേതും പാർട്ടി കുടുംബമാണ്. ഇവർ ഇപ്പോഴും പാർട്ടിക്കൊപ്പവുമാണ്. എന്നാൽ, എസ്.എഫ്.ഐ., സിപിഎം. ജില്ലാ നേതൃത്വത്തിലെ ചിലരുടെ സഹായം ഇപ്പോഴും പ്രതികൾക്കു ലഭിക്കുന്നുണ്ടെന്നാണ് ആരോപണം ഇതിനിടെ ശക്തമായി. നടപടികൾ വൈകുന്നത് ഒത്തുതീർപ്പിനുള്ള വഴിതേടാനാണെന്ന ആക്ഷേപവും ശക്തമായി. ഇത് അനുവദിക്കില്ലെന്ന് അഖിലിന്റെ അച്ഛൻ വ്യക്തമാക്കി. ഇതോടെയാണ് ശിവരഞ്ജിത്തിനും നസീമിനും കീഴടങ്ങേണ്ട സാഹചര്യം ഉണ്ടായത്. അണികൾ കുടങ്ങുന്ന കേസുകളിൽ, എല്ലാം തണുക്കുമ്പോൾ ഒളിവിൽക്കഴിയുന്ന പ്രധാനികളെ പൊലീസിൽ ഹാജരാക്കി ജാമ്യത്തിലെടുക്കുന്നതാണ് പതിവ്. മാസങ്ങൾക്കുമുമ്പ് പാളയത്ത് നടുറോഡിൽ പൊലീസുകാരെ ആക്രമിച്ചപ്പോഴും ഇതാണു കണ്ടത്. ഇപ്പോൾ കീഴടങ്ങിയ ആരോമൽ അന്നും ആദ്യം കീഴടങ്ങിയ സംഘത്തിലുണ്ടായിരുന്നു.

ആ കേസിലും ഇപ്പോഴത്തെ കേസിലെ രണ്ടാം പ്രതിയായ നസീമിനെ സംരക്ഷിക്കാൻ ആദ്യംമുതൽ പാർട്ടി ഇടപെട്ടു. എന്നാൽ മർദനമേറ്റ പൊലീസുകാരൻ പരാതിയിൽനിന്നു പിന്മാറാതിരുന്നതോടെ നസീമിന്റെ പേര് പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം പാളി. 'പിടികിട്ടാപ്പുള്ളി'യായ നസീം മന്ത്രി എ.കെ. ബാലൻ പങ്കെടുത്ത പൊതുപരിപാടിയിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നത് പൊലീസിനും നാണക്കേടായി. ഇതോടെയാണ് നസീം പിടിയിലായത്. എന്നാൽ ഇപ്പോൾ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിനികൾ തന്നെ പരസ്യ പ്രതിഷേധവുമായെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു പോയി. ഇത് മനസ്സിലാക്കിയാണ് കോടിയേരി അതിവേഗം ഇടപെടൽ നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ക്രിമിനലുകളെ രക്ഷിക്കാനില്ലെന്ന നിലപാട് എടുത്തു. ഇതും നസീമിനും ശിവരഞ്ജിത്തിനും വിനയായി.

തിരുവനന്തപുരം കേശവദാസപുരത്ത് നിന്ന് ഞായറാഴ്ച കന്റോൺമെന്റ് പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കല്ലറയിലേക്ക് പോകാൻ ഓട്ടോയിൽ കേശവദാസപുരത്ത് എത്തിയപ്പോഴാണ് ഇരുവരേയും അറസ്റ്റ് ചെയ്തതെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു. ഇതോടെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയവരിൽ അഞ്ച് പ്രതികൾ ഉൾപ്പെട ആറുപേർ പിടിയിലായി. ഇന്നലെ വൈകിട്ടോടെയാണ് കേസിലെ പ്രതികളായ ആരോമൽ, ആദിൽ, അദ്വൈത്, ഇജാബ് എന്നിവരെ പൊലീസ് പിടികൂടിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ അക്രമിസംഘത്തിലുണ്ടായിരുന്ന കോളേജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതികൾക്കായി ഇന്നലെ അർദ്ധരാത്രി പൊലീസ് യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും നടത്തിയ പരിശോധനയിൽ മാരകായുധങ്ങൾ കണ്ടെടുത്തു. ഇരുമ്പുദണ്ഡുകൾ ഉൾപ്പെടെയാണ് കണ്ടെത്തിയതെന്ന് ഡിസിപി ആദിത്യ പറഞ്ഞു.

ഇന്നലെ വൈകിട്ട് ശിവരഞ്ജിത്തിന്റേയും നസീമിന്റേയും വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ സീലുകൾ പതിപ്പിക്കാത്ത യൂണിവേഴ്‌സിറ്റി പരീക്ഷ പേപ്പറുകളുടെ കെട്ടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എഴുതിയതും എഴുതാത്തുമായ 16 ബുക്ക്‌ലെറ്റുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും വീട്ടിൽനിന്ന് കണ്ടെടുത്തു. അതേസമയം, യൂണിവേഴ്‌സിറ്റി കോളേജ് കൗൺസിൽ യോഗം ഇന്ന് ചേരും. കേസിലെ പ്രതികളായ വിദ്യാർത്ഥികളെ പുറത്താക്കുന്നടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് യോഗം വിളിച്ച് ചേർക്കുന്നത്. കോളേജിന് ഇന്ന് അവധിയാണ്. പ്രതികൾ പൊലീസ് നിയമനത്തിനുള്ള പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം പിടിച്ചതിനെ കുറിച്ചുള്ള വിവാദം ഇന്ന് ചേരുന്ന പിഎസ്‌സി യോഗവും ചർച്ച ചെയ്യും. ഇവർക്ക് പൊലീസ് ജോലി ഇനി ലഭിക്കാൻ സാധ്യതയില്ല. കേസിൽ പ്രതികളായ സാഹചര്യത്തിലാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP