Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാമജപ കലിപ്പ് പിണറായി സർക്കാരിന് തീരുന്നില്ല; എൻഎസ് എസ് കരയോഗം ഘോഷയാത്രയിൽ പങ്കെടുത്ത അദ്ധ്യാപികയെ വെറുതെ വിടാതെ വിദ്യാഭ്യാസ വകുപ്പ്; സസ്‌പെൻഷൻ റദ്ദാക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെതിരെ അപ്പീൽ കൊടുക്കാൻ തീരുമാനം; ശബരിമലയിലെ പ്രതികാരം തീർക്കുന്നത് ഇടത് സംഘടനാ അംഗത്തിനെതിരെ; സുകുമാരൻ നായരെ ഒന്നും ചെയ്യാനാവാത്തതിനാൽ കരയോഗം അംഗത്തിനോട് വിരോധം തീർക്കലെന്ന് ആക്ഷേപം

നാമജപ കലിപ്പ് പിണറായി സർക്കാരിന് തീരുന്നില്ല; എൻഎസ് എസ് കരയോഗം ഘോഷയാത്രയിൽ പങ്കെടുത്ത അദ്ധ്യാപികയെ വെറുതെ വിടാതെ വിദ്യാഭ്യാസ വകുപ്പ്; സസ്‌പെൻഷൻ റദ്ദാക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെതിരെ അപ്പീൽ കൊടുക്കാൻ തീരുമാനം; ശബരിമലയിലെ പ്രതികാരം തീർക്കുന്നത് ഇടത് സംഘടനാ അംഗത്തിനെതിരെ; സുകുമാരൻ നായരെ ഒന്നും ചെയ്യാനാവാത്തതിനാൽ കരയോഗം അംഗത്തിനോട് വിരോധം തീർക്കലെന്ന് ആക്ഷേപം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല കർമസമിതിയുടെ നാമജപഘോഷയാത്രയിൽ പങ്കെടുത്ത് സർക്കാരിനെതിരേ മുദ്രവാക്യം മുഴക്കിയെന്നാരോപിച്ച് പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത അദ്ധ്യാപികയെ അഡ്‌മിനിസ്ട്രേഷൻ ട്രിബ്യൂണൽ തിരിച്ചെടുത്തതിനെതിരേ വിദ്യാഭ്യാസ വകുപ്പ് അപ്പീലിന് പോകുന്നു. വള്ളിക്കോട് മായാലിൽ ഗവഎൽപിഎസ് അദ്ധ്യാപിക പികെ ഗായത്രീദേവിയെയാണ് സർക്കാർ പിന്തുടർന്ന് ദ്രോഹിക്കുന്നത്.

പരാതി വ്യാജമാണെന്ന് കണ്ടാണ് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ അദ്ധ്യാപികയെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തെരഞ്ഞെടുപ്പ് വന്നു. ഇതോടെ വിവാദ വിഷയങ്ങളിൽ നിന്നും സർക്കാർ കൈയെടുത്തിരുന്നു. സമരങ്ങളുടെയും നാണക്കേടിന്റെയും അലയൊലി നിലയ്ക്കുന്നതിനിടെയാണ് വീണ്ടും കേസ് പൊക്കിക്കൊണ്ടു വരാൻ നീക്കം നടക്കുന്നത്. എൻഎസ്എസാണ് ശബരിമലയിൽ ഉറച്ച നിലപാട് എടുത്തത്. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നീക്കം സർക്കാരിന് തിരിച്ചടിയുമായി. എന്നാൽ സുകുമാരൻ നായരെ ഒന്നും ചെയ്യാൻ സർക്കാരനും ഇടതുപക്ഷത്തിനും കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് അദ്ധ്യാപികയെ പോലുള്ളവരെ ദ്രോഹിക്കുന്നതെന്നാണഅ ഉയരുന്ന ആരോപണം.

ജനുവരി മൂന്നിന് വി-കോട്ടയം മാളിപ്പുറം ഭഗവതി ക്ഷേത്രപരിസരത്ത് വി-കോട്ടയം 2536-ാം നമ്പർ എൻഎസ്എസ് കരയോഗം സംഘടിപ്പിച്ച നാമജപഘോഷയാത്രയിൽ പങ്കെടുത്ത് പിണറായിക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്ന കുറ്റത്തിന് ഫെബ്രുവരി 16 നാണ്് അദ്ധ്യാപികയെ സസ്പെൻഡ് ചെയ്തത്. വ്യാജപ്പേരിൽ ആരോ നൽകിയ പരാതിക്കെതിരേ അദ്ധ്യാപിക കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണൽ വിധി അനുസരിച്ച് സസ്പെൻഷൻ റദ്ദാക്കി മാർച്ച് 29 ന് ഗായത്രീ ദേവി തിരികെ അതേ സ്‌കൂളിൽ തന്നെ സർവീസിൽ പ്രവേശിച്ചു. അന്ന് അനങ്ങാതിരുന്ന സർക്കാരാണ് ലോകസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അദ്ധ്യാപികയ്ക്ക് എതിരായി രംഗത്തു വരുന്നത്. മാർച്ച് 15 നാണ് ട്രിബ്യൂണലിന്റെ വിധി വന്നത്.

സർക്കാർ അപ്പിൽ പോകുന്നതാകട്ടെ മൂന്നര മാസത്തിന് ശേഷവും. 15 വർഷമായി സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവർത്തകയായിരുന്നു ഗായത്രി. വ്യാജപ്പരാതിയിന്മേൽ നടപടി വന്നതോടെ സംഘടന നിശബ്ദമായി. അന്ന് ആദ്യം തുണയ്ക്ക് വന്നത് കോൺഗ്രസിന്റെ അദ്ധ്യാപക സംഘടനയായ കെപിഎസ്ടിയു ആയിരുന്നു. ഇപ്പോൾ വീണ്ടും സർക്കാർ അദ്ധ്യാപികയ്ക്കെതിരേ തിരിഞ്ഞതോടെ ബിജെപി അനുകൂല സംഘടനയായ എൻടിയു അദ്ധ്യാപികയെ ചാക്കിലാക്കാൻ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. എഫ്ഇടിഒ സംസ്ഥാന പ്രസിഡന്റ് പിഎസ് ഗോപകുമാർ, എൻജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി സുരേഷ്‌കുമാർ, എൻടിയു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കെ സന്തോഷ്‌കുമാർ, എഫ്ഇടിഒ ജില്ലാ സെക്രട്ടറി കെ ഗിരീഷ് എന്നിവർ കഴിഞ്ഞ ദിവസം അദ്ധ്യാപികയെ വീട്ടിൽ സന്ദർശിച്ച് പിന്തുണ അറിയിച്ചു.

ഇത്രയൊക്കെ സംഭവിച്ചിട്ടും തിരിഞ്ഞു നോക്കാത്ത കെഎസ്ടിഎയോട് അദ്ധ്യാപിക മാനസികമായി അകന്നുവെന്ന് മനസിലാക്കിയാണ് എൻടിയുവിന്റെ രംഗപ്രവേശം. വള്ളിക്കോട് കൃഷ്ണവില്ലയിൽ കൃഷ്ണശേഖർ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയിലാണ് ഗായത്രീ ദേവിയെ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ സസ്പെൻഡ് ചെയ്തത്. ജനുവരി മൂന്നിന് വള്ളിക്കോട്കോട്ടയം ക്ഷേത്രത്തിൽ നിന്നുമാരംഭിച്ച പ്രകടനത്തിൽ പങ്കെടുത്ത് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ ഗായത്രീദേവി മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു പരാതി.

മന്ത്രിയുടെ ഓഫീസിൽ നിന്ന് കൈമാറിയ പരാതിയിൽ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) ആൻഡ് വിജിലൻസ് ഓഫീസർ, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായും മുറവിളി കൂട്ടി പ്രതിഷേധാത്മകമായി മുദ്രാവാക്യങ്ങൾ വിളിച്ചു പറയുന്ന റാലിയിൽ ഒരു സർക്കാർ അദ്ധ്യാപിക പങ്കെടുത്തത് അച്ചടക്ക ലംഘനം തന്നെയെന്നും കുട്ടികൾക്ക് എല്ലാ അർഥത്തിലും മാതൃകയായിരിക്കേണ്ട അദ്ധ്യാപികയുടെ ഭാഗത്ത് നിന്നും ഇത്തരം നടപടി ഉണ്ടാകാൻ പാടില്ലാത്തതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.

താൻ നാമജപഘോഷയാത്രയിൽ പങ്കെടുത്തുവെന്ന കാര്യം ഗായത്രി നിഷേധിക്കുന്നില്ല. എന്നാൽ, സർക്കാരിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം തുടങ്ങിയതോടെ പിന്മാറി. 2004 ൽ താൻ സർവീസിൽ കയറിയപ്പോൾ മുതൽ കെഎസ്ടിഎയിൽ സജീവ അംഗമാണ്. കുടുംബപരമായി ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ്വില്ല. കുടുംബത്തിൽ ഓരോരുത്തരും അവരവർക്ക് ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കുന്നു. താൻ പാർട്ടി നോക്കിയല്ല, സംഘടനയിൽ ചേർന്നതെന്നും ഗായത്രി പറഞ്ഞു. തനിക്കെതിരേ പരാതി നൽകിയ ആളുടെ വിലാസം വ്യാജമാണെന്നും ഗായത്രി പറഞ്ഞു. ഇതു സംബന്ധിച്ച് വിവരാവകാശം നൽകിയപ്പോൾ ഈ പഞ്ചായത്തിൽ അങ്ങനെ ഒരാളില്ലെന്നാണ് അറിഞ്ഞത്.

തന്നെ മനഃപൂർവം ദ്രോഹിക്കാൻ ആരോ നൽകിയ കള്ളപ്പരാതിയാണ്. ആദ്യം ഇതേപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് നൽകിയത് വള്ളിക്കോട് എൽപിഎസിലെ പ്രഥമാധ്യാപികയാണ്. ഗായത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നായിരുന്നു ഈ റിപ്പോർട്ടിലെ പരാമർശം. തുടർന്ന എഇഓയും റിപ്പോർട്ട് നൽകിയത് അദ്ധ്യാപികയ്ക്ക് അനുകൂലമായിട്ടായിരുന്നു. ഈ രണ്ടു റിപ്പോർട്ടുകളും തള്ളിയ വിദ്യാഭ്യാസ ഉപഡയറക്ടർ അദ്ധ്യാപികയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. തന്നെ ബലിയാടാക്കാൻ ആരോ മനഃപൂർവം ശ്രമിച്ചുവെന്നും ഗായത്രി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP