Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർണാടക നിയമസഭയിൽ കുമാരസാമി സർക്കാർ വ്യാഴാഴ്‌ച്ച വിശ്വാസവോട്ട് തേടും; തീരുമാനം നിയമസഭാ കാര്യോപദേശക സമിതിയുടേത്; വോട്ടെടുപ്പ് രാവിലെ 11ന് എന്ന് സ്പീക്കർ; പ്രതിഷേധവുമായി ബിജെപി; കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുരോഗമിക്കുന്നതിനിടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങളും സജീവം

കർണാടക നിയമസഭയിൽ കുമാരസാമി സർക്കാർ വ്യാഴാഴ്‌ച്ച വിശ്വാസവോട്ട് തേടും; തീരുമാനം നിയമസഭാ കാര്യോപദേശക സമിതിയുടേത്; വോട്ടെടുപ്പ് രാവിലെ 11ന് എന്ന് സ്പീക്കർ; പ്രതിഷേധവുമായി ബിജെപി; കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ പുരോഗമിക്കുന്നതിനിടെ ചാക്കിട്ട് പിടുത്തത്തിനുള്ള ശ്രമങ്ങളും സജീവം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: വ്യാഴാഴ്‌ച്ച കർണാടക നിയമസഭയിൽ എച്ച് ഡി കുമാരസാമി സർക്കാർ വിശ്വാസവോട്ട് തേടും. വ്യാഴാഴ്‌ച്ച രാവിലെ 11 മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ, സ്പീക്കറുടെ തീരുമാനത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് യദ്യൂരപ്പ രംഗത്ത് വന്നു. ഇന്ന തന്നെ സർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് തേടണം എന്നായിരുന്നു ബിജെപിയുടെ ആവശ്യം.

ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നിയമസഭാ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. വിശ്വാസവോട്ടെടുപ്പ് എത്രയും വേഗം നടത്തി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഭൂരിപക്ഷം തെളിയിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് കഴിയില്ലെന്നുറപ്പായ സാഹചര്യത്തിൽ എത്രയും വേഗം കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

നിലവിലെ സാഹചര്യത്തിൽ ഏഴ് വിമത എംഎൽഎമാരെങ്കിലും തീരുമാനം മാറ്റിയാൽ മാത്രമേ സർക്കാരിന് നിലനിൽക്കാനാവൂ. കാര്യങ്ങൾ പൂർണമായും കൈവിട്ട അവസ്ഥയിലാണെങ്കിലും വിമതരുടെ രാജിക്കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് വരുന്നതുവരെ എങ്ങനെയും പിടിച്ചുനിൽക്കാനാണ് കുമാരസ്വാമി ശ്രമിക്കുന്നത്. വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പരാജയപ്പെട്ട അവസ്ഥയാണുള്ളത്. അതിനിടെ, കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട വിമതരുടെ നീക്കവും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

അനുനയചർച്ചകൾക്കായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയും കർണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വരയും മുംബൈയിലെത്തി വിമത എംഎൽഎമാരെ കാണാനിരിക്കെയാണ് വിമതർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാക്കളെ ആരെയും കാണാൻ തങ്ങൾക്ക് താല്പര്യമില്ല. കോൺഗ്രസ് നേതാക്കളിൽ നിന്ന് ഭീഷണിയുണ്ടെന്നും പൊലീസിന് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്. 14 എംഎൽഎമാരാണ് പരാതി നൽകിയിരിക്കുന്നത്.

കോൺഗ്രസിൽ നിന്ന് 13 പേരും ജെഡിഎസിൽ നിന്ന് 3 പേരുമാണ് രാജി പ്രഖ്യാപിച്ചത്. സഖ്യസർക്കാരിന് പിന്തുണ നൽകിയിരുന്ന സ്വതന്ത്രനും കെജെപി അംഗവും ബിജെപിയോടൊപ്പം ചേരുകയും ചെയ്തു. ഇതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായതും വിശ്വാസവോട്ടെടുപ്പ് നേരിടാമെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചതും.

ടി രാമലിംഗത്തിന്റെയും കെ ഗോപാലയുടെയും രാജിക്കാര്യത്തിൽ ഇന്ന് സ്പീക്കർ തീരുമാനമെടുക്കും. ഇന്ന് വൈകിട്ട് ടി രാമലിംഗ റെഡ്ഡി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തും. നിയമസഭാ സമ്മേളനത്തിനു മുൻപ് എച്ച്ഡി കുമാര സ്വാമി ദേവഗൗഡയുടെ വസതിയിലെത്തി നിയമസഭയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.

അതേസമയം, സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരെ കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹർജി നൽകിയ വിമതർക്ക് പുറമെ അഞ്ച് വിമത എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക.ഇന്ന് ചീഫ് ജസ്റ്റിസ് ഹാജരായ ഉടൻ തന്നെ വിമത എംഎൽഎമാർക്കു വേണ്ടി ഹാജരായ മുഗൾ റോത്തകി സ്പീക്കർക്കെതിരായ എംഎൽഎമാരുടെ ഹർജി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. മുൻപ് പത്ത് എംഎൽഎമാർ ആയിരുന്നു ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. ഇവരുടെ ഹർജിയും കോടതി പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വിഷയം പരിഗണിച്ച കോടതി രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും തൽസ്ഥിതിക്കായിരുന്നു ഉത്തരവ് ഇട്ടിരുന്നത്. ഇതിനു ശേഷം ചൊവ്വാഴ്ച വാദം കേൾക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. അതുകൊണ്ടു തന്നെ കോടതി ഈ കേസ് നാളെ പരിഗണിക്കാനിരിക്കെ പത്തു വിമത എംഎൽഎമാരുടെ ഹർജിക്കു പുറമേ പുതുതായി കക്ഷി ചേർന്ന എംഎൽഎമാരുടെ ഹർജി കൂടെ കോടതി പരിഗണിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP