Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘടനയുടെ തണലിൽ വളർന്നുപന്തലിച്ച വന്മരങ്ങളിൽ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നിൽക്കുന്നു; കെ.എസ്.യു വും യൂത്ത് കോൺഗ്രസും മുതിർന്ന നേതാക്കളുടെ ഭജനസംഘമോ ഫാൻസ് അസോസിയേഷനോ അല്ല; സ്ഥാന മാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു; കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു കോഴിക്കോട് ജില്ലാ ക്യാമ്പിൽ പ്രമേയം; അഭിജിത്ത് നടത്തുന്നത് ഫേസ്‌ബുക്ക് രാഷ്ട്രീയം മാത്രമെന്നും വിമർശനം

സംഘടനയുടെ തണലിൽ വളർന്നുപന്തലിച്ച വന്മരങ്ങളിൽ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നിൽക്കുന്നു; കെ.എസ്.യു വും യൂത്ത് കോൺഗ്രസും മുതിർന്ന നേതാക്കളുടെ ഭജനസംഘമോ ഫാൻസ് അസോസിയേഷനോ അല്ല; സ്ഥാന മാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ പ്രസ്ഥാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നു; കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കെഎസ്‌യു കോഴിക്കോട് ജില്ലാ ക്യാമ്പിൽ പ്രമേയം; അഭിജിത്ത് നടത്തുന്നത് ഫേസ്‌ബുക്ക് രാഷ്ട്രീയം മാത്രമെന്നും വിമർശനം

കെ വി നിരഞ്ജൻ

കോഴിക്കോട്: നേരത്തെ കെ എസ് യു എറണാകുളം ജില്ലാ സമ്മേളനത്തിലായിരുന്നു എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നത്. മകനെ സുരക്ഷിതമായി രാഷ്ട്രീയത്തിൽ ഇറക്കുന്നതിന് എ കെ ആന്റണിയെ ഉൾപ്പെടെ രൂക്ഷമായി വിമർശിച്ച് കെ എസ് യു പ്രമേയവും പുറത്തിറക്കി. എന്നാൽ ജില്ലാ ഭാരവാഹികൾക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ രംഗത്ത് വരികയായിരുന്നു കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സംഘടനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തരുതെന്ന് അദ്ദേഹം ജില്ലാ ഭാരവാഹികളടക്കമുള്ളവർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ അടിച്ചമർത്തലുകളെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ കമ്മിറ്റിയും നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.

കെ എസ് യുവിനെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കാൻ കെ എം അഭിജിത്തിന് കഴിയുന്നില്ലെന്നാണ് കക്കാടം പൊയിലിൽ നടന്ന കെ എസ് യു ജില്ലാ ക്യാമ്പിലുയർന്ന പ്രധാന വിമർശനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രസംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെ എസ് യുവിന് മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുങ്ങിയിരുന്നു. എ ഐ എസ് എഫ് സംഘടന ഈ സാഹചര്യം ഉപയോഗപ്പെടുത്തി അവിടെ യൂണിറ്റ് രൂപീകരിച്ചു. എന്നാൽ അവസരം മുതലെടുക്കാൻ കെ എസ് യു നേതൃത്വത്തിന് കഴിഞ്ഞില്ല. ഫേസ്‌ബുക്കിൽ രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാണ് പ്രസിഡന്റിന് സംഘടനയെ നല്ല രീതിയിൽ നയിക്കാൻ സാധിക്കാത്തതെന്നുമാണ് വിമർശനം ഉയർന്നത്.
പഠന ക്യാമ്പിൽ അവതരിപ്പിച്ച പ്രമേയത്തിൽ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിക്കുന്നുണ്ട്.

ജില്ലാ സെക്രട്ടറി പി പി റമീസ് അവതരിപ്പിച്ച സംഘടനാ പ്രമേയത്തിലാണ് നേതൃത്വത്തിനെതിരെ വിമർശനമുയർന്നത്.നേതാക്കളുടെ പെട്ടിപിടിക്കാനും സ്തുതി പാടാനും നടക്കുന്ന ചിലരുണ്ട്. അത്തരക്കാർ ഈ സംഘടനയുടെ ഭാരമാണ്. കഞ്ഞിമുക്കി ഖദറിൽ ആത്മസംതൃപ്തി അടയുന്ന കുറേ നേതാക്കളുണ്ട്. പാർട്ടി യോഗങ്ങളിൽ വന്നിരുന്ന് കെ എസ് യു ഇപ്പോൾ ഉണ്ടോ.. കെ എസ് യുക്കാർ എവിടെയാണ്.. എന്നൊക്കെ ചോദിച്ച് നിരന്തരം അപമാനിക്കുന്നവർ.. ഇത്തരം നേതാക്കൾ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുകയാണ് ചെയ്യുന്നത്. ഇവർ സ്വന്തം മക്കളെയെങ്കിലും അനുഭാവികളാക്കാൻ ശ്രമിച്ചാൽ തന്നെ നിലവിൽ കെ എസ് യു അനുഭവിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രമേയത്തിൽ വ്യക്തമാക്കുന്നു.

സ്വന്തം താത്പര്യത്തിന് നേതാക്കന്മാർ ആദർശവും മൂല്യവുമില്ലാത്തവരെ പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിപ്പിക്കുമ്പോൾ പണവും അധികാരവും കണ്ട് മറുകണ്ടം ചാടുമെന്നതിന്റെ ഉത്തമ ഉദാഹരമാണ് കർണ്ണാടകയും ഗോവയും. ഡൽഹിയിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുന്നവരുടെ തല മാത്രമല്ല മനസ്സും ന്യായവും നരച്ചിട്ടുണ്ട്. പ്രവർത്തകരും ജനങ്ങളും കോൺഗ്രസിന്റെ തിരച്ചുവരവ് ആഗ്രഹിക്കുമ്പോൾ സ്ഥാനമാനങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള നമ്മുടെ പ്രസ്ഥാനത്തിന്റെ കടക്കൽ കത്തിവെക്കുകയാണ്. ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗതയിൽ നിറം മാറുന്ന അബ്ദുള്ളക്കുട്ടിമാരെ പരവതാനി വിരിച്ച് നിയമസഭയിലേക്കും പാർലമെന്റിലേക്കും അയയ്ക്കുമ്പോൾ പതിറ്റാണ്ടുകളോളം പാർട്ടിക്ക് വേണ്ടി പണി എടുത്തവർ അടിമകളായി മാറുമെന്നും പ്രമേയത്തിൽ പറയുന്നു.

ഇന്നലെകളിൽ കെ എസ് യു വിന്റെ തണലിൽ വളർന്നു പന്തലിച്ച വന്മരങ്ങളിൽ ചിലത് ആവാസ വ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി നിൽക്കുന്നു. ഇത്തരക്കാരോട് ഒന്നേ പറയാനുള്ളു. നിങ്ങളുടെ ശിഖരങ്ങളിൽ വളർന്ന ഇത്തിക്കണ്ണികളെയല്ല താലോലിക്കേണ്ടും പ്രോത്സാഹിപ്പിക്കേണ്ടതും മറിച്ച് പുതു നാമ്പുകളെ വർത്തുക. അതിന് ഏക പോംവഴി സംഘടനാ തെരഞ്ഞെടുപ്പാണ്. കെ എസ് യുവും യൂത്ത് കോൺഗ്രസും മുതിർന്ന നേതാക്കളുടെ ഭജന സംഘമോ ഫാൻസ് അസോസിയേഷനോ അല്ലെന്ന് ആദ്യം തിരിച്ചറിയുകയും പാർട്ടിയുടെ തിരുത്തൽ ശക്തിയാണ് എന്നും പ്രയാൺ 2019 ഓർമ്മപ്പെടുത്തുന്നു.

ക്യാമ്പസുകൾ ജാതിമത സംഘടനകളുടെ താവളമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് ഇതിനെതിരെ പ്രതികരിക്കാൻ സാംസ്കാരിക സംവാദത്തിന്റെ പടച്ചട്ടയണിഞ്ഞ് വിദ്യാർത്ഥികളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംഘടനയ്ക്ക് സാധിക്കുന്നില്ല. ഏത് നിമഷവും ജംബ് ചെയ്യാവുന്ന ജംബോ കമ്മിറ്റികളല്ല മറിച്ച് പാർട്ടിയെ ജനങ്ങളോട് അടുപ്പിക്കുന്ന ദീർഘവീക്ഷണമുള്ള നേതൃത്വമാണ് നമുക്കാവശ്യം. കെ എസ് യു ജില്ലാസംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുപ്പിലൂടെയും ദേശീയ കമ്മിറ്റിയെ നേതാക്കന്മാർ ഒപ്പിട്ട വെള്ളക്കടലാസിലൂടെയും നിയമിക്കുന്നത് സംഘടനയോട് ചെയ്യന്ന വിവേചനമാണ്.

ലെറ്റർ പാഡുകൾ തീരുന്നത് വരെ സംസ്ഥാന ജില്ലാ തലത്തിൽ കോഓർഡിനേറ്റർമാരെ പ്രതിഷ്ഠിക്കുന്ന ഇവന്റ് മാനേജ്മെന്റ് സിസ്റ്റം സംഘടനയ്ക്ക് തലവേദനയാണ്. നാലാൾ മേശയ്ക്ക് ചുറ്റുമിരുന്ന് കരാർ അടിസ്ഥാനത്തിൽ കമ്പനികൾ ജീവനക്കാരെ നിയമിക്കുന്നത് പോലെ ടാലന്റ് ഹണ്ട് നടത്തി യൂത്ത് കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് വർഷങ്ങളുടെ പാരമ്പര്യമുള്ള പ്രസ്ഥാനത്തിന് അപഹാസ്യമാണ്. നേതാക്കളാവേണ്ടവർ തെരുവിൽ തല്ലുകൊള്ളുന്നവും സംഘടനയെ ശക്തിപ്പെടുത്തുന്നവർ കൂടിയാണ്. യൂത്ത് കോൺഗ്രസ് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി അല്ലെന്നും കെ എസ് യു പ്രമേയത്തിലടെ ഓർമ്മപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP