Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ

അസോസിയേഷൻ സെക്രട്ടറി പദവിയിൽ എത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിച്ചല്ല; അത് വന്ന് ചേർന്ന ഉത്തരവാദിത്തം; സൈബർ സഖാക്കൾ നടത്തുന്നത് കോളേജ് മാഗസീനിലെ രാഷ്ട്രീയമില്ലാത്ത പദവിക്ക് നൽകിയ ഫോട്ടോ ഉയർത്തിയുള്ള അപവാദ പ്രചരണം; രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ വെല്ലുവിളിക്കാൻ അത്രമാത്രം മണ്ടനാണോ ഞാൻ? സഖാക്കൾ പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ പിന്നിലെ സത്യം മറുനാടനോട് വെളിപ്പെടുത്തി വിനു വി ജോൺ: ഏഷ്യാനെറ്റ് അവതാരകനെ കെ.എസ്.യുക്കാരനാക്കുന്ന മറ്റൊരു ഗൂഢാലോചന കൂടി പൊളിയുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഏത് കച്ചിത്തുരുമ്പും ആയുധമാക്കി രാഷ്ട്രീയ എതിരാളികൾക്കെതിരെ സൈബർ പോര് നടത്തുന്നതിൽ വിദഗ്ധരാണ് സിപിഎം സൈബർ പോരാളികൾ. പക്ഷെ ഏഷ്യാനെറ്റ് ചീഫ് ന്യൂസ് കോ-ഓർഡിനേറ്റർ വിനു.വി.ജോണിനെതിരെ നടത്തിയ സൈബർ പോരാട്ടത്തിൽ സൈബർ സഖാക്കൾക്ക് അടിപതറുന്നു. പഠിച്ചിരുന്ന കോളെജുകളിൽ ഏതെങ്കിലും പാർട്ടികൾക്കായി രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിനു.വി.ജോൺ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കുന്നതിലാണ് സൈബർ സഖാക്കൾക്ക് പരാജയം നേരിട്ടത്. രാഷ്ട്രീയമില്ലാതെ അസോസിയേഷൻ സെക്രട്ടറിയായി വിനുവിന് ചുമതല കൊടുത്ത ഫോട്ടോയാണ് സൈബർ ലോകത്ത് പ്രചരിക്കപ്പെടുന്നത്. ഈ ഫോട്ടോ പ്രചരിപ്പിച്ച് വിനുവിന് കോൺഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് സൈബർ സഖാക്കൾ ശ്രമം നടത്തുന്നത്.

വിനു രാഷ്ട്രീയക്കാരനാണ് എന്ന് തെളിയിക്കാൻ സഖാക്കൾക്ക് കഴിഞ്ഞാൽ മാധ്യമ പ്രവർത്തനം തന്നെ അവസാനിപ്പിക്കും എന്നാണ് വിനു വെല്ലുവിളി നടത്തിയത്. ഇതിൽ കയറിപിടിച്ച് വിനുവിന്റെ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയുമോ എന്ന തിരച്ചിലിലായിരുന്നു സൈബർ സഖാക്കൾ. ഇതിനു ഒടുവിലാണ് വിനു അസോസിയേഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴുള്ള ഒരു ഫോട്ടോ ഇപ്പോൾ സഖാക്കൾ പ്രചരിപ്പിക്കുന്നത്. ഈ അസോസിയേഷൻ തിരഞ്ഞെടുപ്പിന് പിന്നിൽ രാഷ്ട്രീയമില്ല. രാഷ്ട്രീയമില്ലാതെ തന്നെ ഓരോരുത്തരെ ചുമതലപ്പെടുത്തുന്ന അസോസിയേഷൻ സെക്രട്ടറി ഫോട്ടോയാണ് സഖാക്കൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതിനു ചുവടെ നിരവധി കമന്റുകളും പ്രചരിക്കുന്നുണ്ട്. എല്ലാം സൈബർ സഖാക്കൾ വഴി.

അസോസിയേഷൻ സെക്രട്ടറിയായി വിനു വന്നതിനാൽ ഈ പണി അവസാനിപ്പിക്കുമോ എന്നാണ് സഖാക്കൾ ചോദിക്കുന്ന ചോദ്യം. വിനു വാക്കുപാലിക്കണം, മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണം, ഏത് പണിയാ നിർത്തുന്നത് തുടങ്ങിയ കമന്റുകളാണ് ഫോട്ടോയിൽ പ്രചരിക്കുന്നത്. എന്നാൽ യാഥ്യാർഥ്യം വ്യത്യസ്തവും. വിനു പഠിച്ചിരുന്ന കോളേജുകളിൽ ഒരു കോളേജിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടില്ല. പക്ഷ കലാമത്സരങ്ങൾ ഏകോപിപ്പിക്കാനും മറ്റും ഡിപ്പോർട്ട്‌മെന്റുകളിൽ ചിലർക്ക് ചുമതല കൊടുക്കാറുണ്ട്. ഇത്തരം ചുമതലയിൽ വിനു വന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ സഖാക്കൾ പ്രചരിപ്പിക്കുന്നത്. താൻ സഖാക്കൾക്ക് മുൻപിൽ നടത്തിയേ വെല്ലുവിളി ഏതെന്നു പോലും അറിയാത്ത സഖാക്കളാണ് എന്റെ ഫോട്ടോ രാഷ്ട്രീയ പ്രവർത്തകൻ എന്ന രീതിയിൽ പ്രചരിക്കുന്നത്-വിനു വി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. .

ഞാൻ പറഞ്ഞത് പഠിച്ചിരുന്ന നാലുകോളേജുകളിൽ കാതോലിക്കേറ്റ് കോളെജ്, യൂണിവേഴ്സിറ്റി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്, ഗവ.ലോ കോളെജ് ഈ ഏതെങ്കിലും കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി എന്ന് തെളിയിക്കാനാണ് വെല്ലുവിളി നടത്തിയത്. അങ്ങിനെ തെളിയിച്ചാൽ മാധ്യമ പ്രവർത്തനം അവസാനിപ്പിക്കാം എന്നാണ് പറഞ്ഞത്. ഈ കോളേജുകളിൽ ഞാൻ ഒരു വിദ്യാർത്ഥി സംഘടനയുടെയും നേതാവായിരുന്നില്ല. അത് അവർ തെളിയിക്കട്ടെ. ഡിപ്പാർട്ട്‌മെന്റുകളിൽ കലാ പ്രവർത്തനം ഏകോപിപ്പിക്കാൻ ആർക്കെങ്കിലും ചുമതല നൽകും. അങ്ങിനെ എനിക്ക് ചുമതല കിട്ടിയിട്ടുണ്ട്. അപ്പോൾ ഫോട്ടോയും വന്നിട്ടുണ്ടാകും. അതിന് പക്ഷെ രാഷ്ട്രീയ പ്രവർത്തനവുമായി ഒരു ബന്ധവുമില്ല.

കാതോലിക്കേറ്റ് കോളേജിൽ ഞാൻ കെഎസ് യു നേതാവായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട് എന്നാണ് ആരോപണം വന്നത്. ഞാൻ കെഎസ് യു നേതാവല്ല എന്ന വിശദീകരണമാണ് നൽകിയത്. ഒരു സംഘടനയിലും പ്രവർത്തിച്ചിട്ടുമില്ല. ഒരു കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലും രാഷ്ട്രീയ അടിസ്ഥാനത്തിൽ മത്സരിച്ചിട്ടുമില്ല. ഇതാണ് ഞാൻ പറഞ്ഞത്. ഏതെങ്കിലും ഒരു നേതാവ് വന്നു പറയട്ടെ. എല്ലാ നേതാക്കൾക്കും അറിയാമല്ലോ. ആർക്കെങ്കിലും വന്നു പറയാം. വിനു എന്ന് കോളേജിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ മത്സരിച്ചിട്ടുണ്ട്. ഞാൻ സാക്ഷി എന്ന്. ആരും ഇതേവരെ അങ്ങിനെ പറഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രവർത്തനം ഒളിച്ചു നടത്താവുന്ന ഒരു കാര്യമാണോ? എന്റൊപ്പം പഠിച്ചവർ നേതാക്കളായി കേരളത്തിൽ തന്നെയുണ്ട്. ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയെങ്കിൽ അങ്ങിനെ ചെയ്തിട്ടില്ല എന്ന് പറഞ്ഞു ഈ കാലത്ത് അങ്ങിനെ വെല്ലുവിളിക്കാൻ മാത്രം മണ്ടനാണോ ഞാൻ. കള്ളം പറഞ്ഞു രക്ഷപ്പെടാൻ കഴിയുമോ എനിക്ക്? തിരഞ്ഞെടുപ്പ് നടന്നാൽ രേഖ ആ കോളേജിൽ കാണും. അല്ലെങ്കിൽ അന്നത്തെ ഫോട്ടോകൾ വരെ കാണും. ഇപ്പോൾ ഫോട്ടോ പ്രചരിക്കുന്നവർ ഇതുകൂടി ഓർക്കണം-വിനു പറയുന്നു.

സംഘടനാ സംവിധാനമുയർത്തിക്കാണിച്ച് സിപിഎം നടത്തുന്ന അഴിഞ്ഞാട്ടങ്ങളെ തുറന്ന് കാണിക്കുന്ന മാധ്യമ പ്രവർത്തകരിൽ പ്രമുഖനാണ് വിനു വി ജോൺ. യൂണിവേഴ്സിറ്റി കോളെജിൽ എസ്എഫ്‌ഐക്കാരനെ എസ്എഫ്‌ഐ നേതാവ് കുത്തിയതോടെയാണ് ചാനൽ ചർച്ചകളെ നയിക്കുന്ന വിനുവിനെതിരെ സൈബർ സഖാക്കൾ രംഗത്ത് വന്നത്. വിനു കെഎസ്.യു നേതാവായിരുന്നുവെന്നാണ് അതിൽ ഒന്ന്. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും വിദ്യാർത്ഥി സംഘടനയുടേയും ഭാഗമായിരുന്ന ആളല്ലെന്നും അങ്ങനെ എവിടെയെങ്കിലും പ്രവർത്തിച്ചുവെന്ന് തെളിയിച്ചാൽ അന്ന് പണി നിർത്തി പോകും എന്നാണ് വിനു വി ജോൺ ട്വീറ്റ് ചെയ്തത്. നാല് കോളേജുകളിൽ പഠിച്ചിരുന്നുവെന്നും ഒരിക്കലും അത്തരം സംഘടന പ്രവർത്തനം നടത്തിയിട്ടില്ലെന്നുമാണ് വിനു പറയുന്നത്. വിനുവിന്റെ ട്വീറ്റ് ഇങ്ങനെ:-

4 കോളേജുകളിൽ പഠിച്ചിട്ടുണ്ട്.ഒരിടത്തുംഒരു സംഘടനയുടെയും നേതാവായിട്ടില്ല. ആർക്കുംവേണ്ടി മത്സരിച്ചിട്ടില്ല.സൈബർ സഖാക്കളുടെ നുണ ഫാക്ടറികൾ ഉപ്പാദിപ്പിക്കുന്ന പെരുംനുണകൾ തെളിയിക്കാൻ നട്ടെല്ലുള്ള സിപിഎം/ ഡിവൈഎഫ്ഐ/എസ്എഫ്ഐ നേതാക്കളെ വെല്ലുവിളിക്കുന്നു. അന്ന് പണി നിർത്തും-വിനു ട്വീറ്റ് ചെയ്തിരുന്നു. വിനു പറയുന്നത് ശരിയാണ് എന്നും അത്തരത്തിൽ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും വിനു പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ തന്നെ അറിയാമായിരുന്നുവെന്നും ഒരു സംഘടനയിലും അംഗമായിരുന്നില്ലെന്നും മുൻ ആർഎസ്‌പി നേതാവ് സലിം പി ചാക്കോ ട്വീറ്റിന് മറുപടിയുമായി എത്തി. വിനു വി. ജോൺ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ പഠിക്കുമ്പോൾ ഞാനാണ് എസ്.എഫ്. ഐ. ജില്ല പ്രസിഡന്റ്. താങ്കൾ ഒരു സംഘടനയുടെയും പ്രവർത്തകൻ ആയിരുന്നില്ല. എന്നാണ് സലിം പി ചാക്കോയുടെ മറുപടി.

ചാനൽ ചർച്ചയിൽ സ്ഥിരമായി വിനു വി ജോൺ സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് അദ്ദേഹം ഒരു വലത്പക്ഷ വക്താവായത്കൊണ്ടാണ് എന്നാണ് സൈബർ സഖാക്കൾ പ്രചരിപ്പിച്ചത്. ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് വിനു ചാനൽ ചർച്ചയിൽ അവതരിപ്പിക്കുന്നതെന്നും ഒരു അവതാരകൻ പുലർത്തേണ്ട ഒരു നിക്ഷ്പക്ഷത ചർച്ചയിൽ പുലർത്തുന്നില്ല എന്നതാണ് പ്രധാനമായും ഉയർന്ന പരിഹാസം. എന്നാൽ ഇതെല്ലാം നുണയാണ് എന്നതാണ് വിനുവിന്റെ വാദം.

ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ നാണം കെട്ട എസ്എഫ്ഐക്കാരും പഴയ എസ്െഫ്ഐക്കാരും ചേർന്ന് തനിക്കെതിരെ നുണ പ്രചരിപ്പിക്കുന്നുവെന്നാണ് വിനു പറഞ്ഞ് വയ്ക്കുന്നത്. വിനു രാഷ്ട്രീയ പ്രവർത്തനം നടത്തി എന്നതിന് തെളിവായിട്ടാണ് കൾച്ചറൽ ഏകോപനത്തിന് വിനുവിനെ തിരഞ്ഞെടുത്തപ്പോൾ നൽകിയ ഫോട്ടോ സൈബർ സഖാക്കൾ ഏറ്റെടുത്തത്. പ്രചരിക്കുന്ന ഫോട്ടോ കോളേജ് ഡിപ്പാർട്ട്‌മെന്റിൽ കലാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ മാത്രമായിരുന്നുവെന്നും തിരിച്ചറിയുന്നതിനാലാണ് വിനു വ്യാജ പ്രചാരണത്തിന്നെതിരെ ശക്തമായി രംഗത്ത് വന്നത്.

യൂണിവേഴ്സിറ്റി കോളേജ് ഭരിക്കുന്നത് പ്രിൻസിപ്പാൾ അല്ല. എസ്എഫ്‌ഐയാണ്. ഈ വസ്തുതയാണ് ചാനൽ ചർച്ചകളിലിൽ ഉയർന്നുവന്നത്. സ്വാഭാവികമായും സിപിഎമ്മും എസ്എഫ്‌ഐയും സൈബർ സഖാക്കളും എല്ലാം രോഷാകുലരായി. ഇതോടെയാണ് മാധ്യമവാർത്തകൾക്കെതിരെ സിപിഎമ്മും സൈബർ സഖാക്കളും പോരിൽ ഏർപ്പെട്ടത്. . മതമൗലികവാദത്തെക്കാൾ ശക്തമായ ഫാസിസ്റ്റ് മനസ്സ് ചോദ്യം ചെയ്യപ്പെടുമ്പോൾ സിപിഎമ്മിനുണ്ടാകുന്ന അസ്വസ്ഥതകളാണ് ഇപ്പോഴും പുറത്തുവരുന്നത്.

യൂണിവേഴ്സിറ്റി കോളേജിൽ അധികാരം പിടിക്കുക പ്രധാനകാര്യമായി മുന്നിൽ ഉള്ളതിനാൽ ഈ പ്രശ്‌നത്തിൽ തങ്ങൾക്കെതിരെ നിലകൊള്ളുന്നവരെ അടപടലം എതിർക്കുകയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞു തന്നെയാണ് വിനു വി ജോണിനെ പോലുള്ള മാധ്യമ പ്രവർത്തകർ മുന്നോട്ടു വരുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP