Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..: ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പിസി ജോർജിനെ തേച്ച് ബിജെപി നേതൃത്വം; പാലായിൽ മാണിയുടെ സ്ഥാനാർത്ഥിക്കെതിരെ മകനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുളയിലേ നുള്ളി; പാലയടക്കം അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ അരൂർ ബിഡിജെഎസിന്; ജോർജിന് സകലയിടങ്ങളിലും വമ്പൻ തിരിച്ചടി; മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന്റെ പേരിൽ സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാനാവാത്ത പൂഞ്ഞാർ എംഎൽഎ വീണ്ടും പെട്ടു

തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..: ഇങ്ങനെയൊക്കെ പറഞ്ഞിട്ടും പിസി ജോർജിനെ തേച്ച് ബിജെപി നേതൃത്വം; പാലായിൽ മാണിയുടെ സ്ഥാനാർത്ഥിക്കെതിരെ മകനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം മുളയിലേ നുള്ളി; പാലയടക്കം അഞ്ച് സീറ്റുകളിലും ബിജെപി മത്സരിക്കുമ്പോൾ അരൂർ ബിഡിജെഎസിന്; ജോർജിന് സകലയിടങ്ങളിലും വമ്പൻ തിരിച്ചടി; മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന്റെ പേരിൽ സ്വന്തം നാട്ടിൽ പോലും പുറത്തിറങ്ങാനാവാത്ത പൂഞ്ഞാർ എംഎൽഎ വീണ്ടും പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലായിൽ ഷോൺ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള പിസി ജോർജിന്റെ നീക്കം പാളി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എൻഡിഎയിലെത്തിയ പിസി ജോർജിന് വലിയ തിരിച്ചടിയാണ് ഇത്. പത്തനംതിട്ടയിൽ വോട്ട് കൂടിയെങ്കിലും സുരേന്ദ്രന് രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. ഇതിനൊപ്പം ജോർജിന്റെ മണ്ഡലത്തിൽ സുരേന്ദ്രന് വോട്ടൊന്നും കൂടുതലായി കിട്ടിയുമില്ല. ഈ സാഹചര്യത്തിലാണ് ജോർജിന് സീറ്റ് നൽകുന്നതിൽ ബിജെപി വിമുഖത കാട്ടുന്നത്. നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിൽ അഞ്ചിടത്ത് ബിജെപി.യും ഒരു സീറ്റിൽ ബി.ഡി.ജെ.എസും മത്സരിക്കാൻ എൻ.ഡി.എ.യിൽ ധാരണ. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തമാക്കാനും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

വട്ടിയൂർക്കാവ്, കോന്നി, പാലാ, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ ബിജെപി. വീണ്ടും ജനവിധിതേടും. അരൂരിൽ ബി.ഡി.ജെ.എസും. സീറ്റിന്റെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നെന്ന് എൻ.ഡി.എ. സംസ്ഥാന കൺവീനർ പി.കെ. കൃഷ്ണദാസ് അറിയിച്ചു. എൻ.ഡി.എ.യ്ക്ക് ബൂത്തുതലത്തിൽവരെ സമിതി രൂപവത്കരിക്കുമെന്നും ഓഗസ്റ്റ് 15-നകം അവ നിലവിൽവരുമെന്നും കൃഷ്ണദാസ് പറഞ്ഞു. ഇതോടെയാണ് ജോർജിനെ തഴയുന്നുവെന്നത് വ്യക്തമായത്. പാലായിൽ ഷോൺ സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ പല പ്രതികരണങ്ങളും ജോർജ് നടത്തിയിരുന്നു. എന്നാൽ ജോർജിന് സീറ്റ് കൊടുക്കേണ്ടതില്ലെന്നാണ് ബിജെപിയുടെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ജോർജ് എൻഡിഎയിൽ എത്തിയത്. എന്നാൽ പൂഞ്ഞാർ എംഎൽഎയ്ക്ക് മതിയായ പരിഗണന ബിജെപി ഒരിക്കലും നൽകിയില്ല. ഇതിന്റെ തുടർച്ചയാണ് സീറ്റ് നിഷേധവും.

കേരള ജനപക്ഷം മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എൻഡിഎ വിടാനും മടിക്കില്ലെന്ന മുന്നറിയിപ്പുമായി പി.സി. ജോർജും രംഗത്ത് വന്നിരുന്നു. പാവപ്പെട്ടവരുടെയും കർഷകരുടെയും ആവശ്യങ്ങൾ അംഗീകരിക്കുകയും ന്യൂനപക്ഷസംരക്ഷണം ഉറപ്പുവരുത്താനും ബിജെപി തയാറാകണം. അല്ലാത്തപക്ഷം മുന്നണിവിടുന്നതിനെകുറിച്ച് ആലോചിക്കാൻ തന്റെ പാർട്ടിക്ക് മടിയുണ്ടാകില്ലെന്നു പി.സി.ജോർജ് പറഞ്ഞു. പാലാ സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ ജോർജ് മറ്റ് വഴികൾ തേടുമെന്നാണ് റിപ്പോർട്ട്. ബിജെപിയിൽ ചേർന്നതോടെ സ്വന്തം മണ്ഡലത്തിലെ അണികൾ പോലും ആശയക്കുഴപ്പത്തിലായി. മുസ്ലീങ്ങളെ ചീത്ത പറഞ്ഞ വീഡിയോ വൈറലായി. ഇതോടെ സ്വന്തം നിയോജക മണ്ഡലത്തിൽ പോലും സജീവമായ ഇടപെടലിന് പിസിക്ക് കഴിയാനാകുന്നില്ല. മുസ്ലിം വിഭാഗത്തിന്റെ അപ്രഖ്യാപിത വിലക്കുമുണ്ട്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും പാലായിൽ ഷോണിനെ മത്സരിപ്പിക്കാൻ വേണ്ടി മാത്രമാണ് പിസി എൻഡിഎയിൽ തുടർന്നത്. അതും വെറുതെയാകുകയാണ്.

കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലർ എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും പിസി തീരുമാനിച്ചിരുന്നു. പുതിയ പാർട്ടിയിൽ ഷോൺ ജോർജ് ചെയർമാനാകും. രക്ഷാധികാരി സ്ഥാനത്തു മാത്രം തുടരുമെന്നു പി.സി.ജോർജ് എംഎൽഎ അറിയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡ പ്രകാരം പാർട്ടി രൂപീകരണം നടത്തുന്നതിന്റെ ഭാഗമായാണു നടപടി. മകനെ നേതാവാക്കാനായിരുന്നു ഇതെല്ലാം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കു കാൽ ലക്ഷത്തിലേറെ വോട്ടു ലഭിച്ച പാലായിൽ ബിജെപിക്കും പ്രതീക്ഷ ഏറെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയതോടെ ജനപക്ഷത്തിനു ബിജെപി ബാന്ധവത്തിൽ വലിയ താൽപര്യവുമില്ല. റബറിനു വില കൂട്ടിയില്ലെങ്കിൽ ആ പേരിൽ എൻഡിഎ വിടാനും ജനപക്ഷത്ത് ആലോചനയുണ്ട്.

മുസ്ലിം വിരുദ്ധ പ്രസംഗവും പിസി ജോർജിനെ വിവാദത്തിലാക്കിയിരുന്നു. ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും മതവിദ്വേഷം പടർത്താനുമുള്ള ശ്രമം നടക്കുന്നുവെന്നും പി.സി ജോർജ് തന്നെ വ്യക്തമാക്കിയിരുന്നു. പിസിയുടെ വിവാദ പ്രസംഗത്തോടെ മുസ്ലിം നേതൃത്വം ചടങ്ങുകളിൽ പിസിയെ പങ്കെടുപ്പിക്കുന്നത് വിലക്കിയിരുന്നു. വിവാഹം, മരണാനന്തര ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ നിന്ന് ബഹിഷ്‌കരിക്കാൻ പള്ളികളിൽ പ്രസംഗിച്ചത് തന്നെ വേദനിപ്പിച്ചുവെന്നും പി.സി ജോർജ് പഞ്ഞിരുന്നു.

ഫോണിൽ വിളിച്ചയാൾ താൻ പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയുണ്ടായി. അതിൽ വന്നിട്ടുള്ള സംഭാഷണങ്ങൾ ഇസ്ലാം സമൂഹത്തിലെ വലിയ ജനവിഭാഗത്തിനുണ്ടാക്കിയ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പിസി ജോർജ് വ്യക്തമാക്കി. ഈരാറ്റുപേട്ടക്കാർക്കെതിരെ വർഗീയവാദവും തീവ്രവാദവും ആരോപിക്കുന്ന പ്രസ്തുത ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖ തന്റേതല്ല എന്നതായിരുന്നു പി.സി ജോർജ് നിലപാടെടുത്തിരുന്നത്. ഇത് പിന്നീട് മാറ്റി. അങ്ങനെ ബിജെപിയിൽ എത്തിയത് എല്ലാ അർത്ഥത്തിലും പിസിക്ക് പുലിവാലിയിരുന്നു.

ഇതിനിടെ സൈബർ ഇടങ്ങളിൽ കേശവൻ നായർ തരംഗമായി. പി.സി ജോർജിന്റെ ഒരു പ്രസ്താവനയാണ് ട്രോളന്മാർ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: നമ്മൾ എല്ലാവരും ഹിന്ദുക്കളാണ്. തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കിൽ ഞാനിപ്പോ വല്ല കേശവൻ നായരും ആയിരിന്നിരിക്കും..' ബിജെപിയുമായി അകന്നുമാറി നിൽക്കേണ്ട കാര്യമില്ലെന്ന് പറയവേയാണ് ജോർജിന്റെ വാക്കുകൾ. പിന്നാലെ ട്രോളന്മാർ സജീവമായി. കേശവൻനായരും പി.സി.ജോർജും നായർ സമുദായത്തെയും ആശയമാക്കി ട്രോൾ പൂരം. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ മുൻപ് ചർച്ചയായ കേശവൻ അമ്മാവനെ തിരിച്ചറിഞ്ഞ സന്തോഷത്തിലാണ് ഒരു വിഭാഗം ട്രോളുകൾ. സുകുമാരൻ നായർ തോമാശ്ലീഹയ്ക്ക് നന്ദി പറയുന്ന ആശയത്തിൽ ചിരി ട്രോളുകളുമെത്തി. അങ്ങനെ ബിജെപിക്ക് വേണ്ടി കേശവൻ നായരായതും പിസിക്ക് വിനയായിരുന്നു.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിരുന്നു. മോദി പ്രധാനമന്ത്രിയായെങ്കിലും സ്വന്തം തട്ടകത്തിൽ പോലും ബിജെപിക്ക് വോട്ട് കൂടുതലുണ്ടാക്കാൻ പിസി ജോർജിന് ആയില്ല. ഇതാണ് എൻഡിഎയ്ക്ക് ജോർജിനോട് താൽപ്പര്യം കുറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP