Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസമിലെ പ്രളയത്തിൽ തൊണ്ണൂറു ശതമാനവും മുങ്ങി കാസിരംഗ ദേശീയ ഉദ്യാനം; വെള്ളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനടെ മൃഗങ്ങൾ ചാകുന്നത് വാഹനങ്ങൾ തട്ടിയും; ഇതുവരെ കണ്ടു കിട്ടിയത് മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടേതുൾപ്പെടെ 30 മൃഗങ്ങളുടെ ജഡങ്ങൾ

അസമിലെ പ്രളയത്തിൽ തൊണ്ണൂറു ശതമാനവും മുങ്ങി കാസിരംഗ ദേശീയ ഉദ്യാനം; വെള്ളത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനടെ മൃഗങ്ങൾ ചാകുന്നത് വാഹനങ്ങൾ തട്ടിയും; ഇതുവരെ കണ്ടു കിട്ടിയത് മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടേതുൾപ്പെടെ 30 മൃഗങ്ങളുടെ ജഡങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുവഹാത്തി: അസാമിലെ ശക്തമായ പ്രളയത്തിൽ കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിൽ. തങ്ങളുടെ ആവാസ കേന്ദ്രത്തിൽ വെള്ളം നിറഞ്ഞതോടെ മൃഗങ്ങൾ ഹൈവേ കടന്ന് ഉദ്യാനത്തിന്റെ തെക്കുഭാഗത്തുള്ള കുന്നുകളിലേക്ക് രക്ഷപെട്ടു. സാധാരണ പ്രളയം കാരണം ചത്തൊടുങ്ങുന്നത് കാട്ടുപന്നിയും മാനും പോലുള്ള ചെറുജീവികൾ ആണെങ്കിൽ ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ കാസിരംഗയിൽ മൂന്ന് കാണ്ടാമൃഗങ്ങളുടെയും ഒരു ആനയുടെയും ജഡം കണ്ടെത്തി. വേട്ടക്കാരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 199 ക്യാമ്പുകളിൽ 155 എണ്ണവും വെള്ളത്തിലായി.

മൂന്ന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ഉൾപ്പടെ ഏഴ് മൃഗങ്ങളുടെ ജഡങ്ങൾ കൂടി കണ്ടെത്തിയതോടെ പ്രളയത്തിൽ ചത്തൊടുങ്ങിയ മൃഗങ്ങളുടെ എണ്ണം 30 ആയി. 430 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന ഉദ്യാനം ഇപ്പോഴും വെള്ളത്തിലാണ്. ജലനിരപ്പ് അൽപം താഴ്ന്നതോടെയാണ് മൃഗങ്ങളുടെ ജഡങ്ങൾ കണ്ടെത്തിയത്.

വെള്ളംനിറഞ്ഞതോടെ ദേശീയ പാത 37 മറികടന്ന് മൃഗങ്ങൾ ഉയർന്നസ്ഥലങ്ങളിലേക്ക് നീങ്ങി. ഇതിനിടയിൽ ദേശീയപാതയിൽ വാഹനങ്ങൾ ഇടിച്ചാണ് പല മൃഗങ്ങളും ചത്തത്. ഇതോടെ ഇതുവഴി 40 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തി. ഹൈവേ കടക്കുന്നതിനിടെ വാഹനങ്ങൾ തട്ടിയും മൃഗങ്ങൾ ചാവുകയാണ്. പ്രളയജലത്തിൽ നിന്നും രക്ഷിക്കപ്പെട്ട മൂന്ന് കണ്ടാമൃഗങ്ങളും നാല് മാനും കാസിരംഗയിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലാണ്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്ന നിലയിൽ കാസിരംഗ ലോകപ്രസിദ്ധമാണ്. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. കടുവ, ആന, കരടി, കുരങ്ങൻ, കസ്തൂരിമാൻ എന്നിവയെല്ലാം ഇവിടുത്തെ വനത്തിലുണ്ട്.

സംസ്ഥാനത്തെ 33 ജില്ലകളിൽ 30ലും പ്രളയ ദുരിതം ബാധിച്ചിട്ടുണ്ട്. ബാർപ്പേട്ട ജില്ലയെയാണ് പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയരുന്നത് സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തിക്ക് ഉൾപ്പെടെ ഭീഷണി ഉയർത്തുന്നുണ്ട്. അസമിലെ പത്തോളം നദികൾ കരകവിഞ്ഞ് ഒഴുകുകയാണെന്നാണ് റിപ്പോർട്ട്.

പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതിനോടകം 80,000ത്തിലധം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. അസമിന്റെ ഉയർന്ന പ്രദേശങ്ങളിലേക്കുള്ള റോഡ് മാർഗ്ഗങ്ങൾ പൂർണമായും തടസപ്പെട്ട അവസ്ഥയിലാണ്. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജലഗതാഗത സംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇതുവരെ 183 ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്. 90000 ഹെക്ടർ കൃഷി ഇതിനോടകം നശിച്ചതായാണ് വിലയിരുത്തൽ. ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിൽ 380 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംസ്ഥാന സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്.

ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകയിതോടെയാണ് ഹിമാലയൻ താഴ്‌വരകളായ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാക്കിയത്. ബ്രഹ്മപുത്രക്ക് പുറമെ ജിൻജി റാം നദിയും കരകവിഞ്ഞതോടെ മേഘാലയയിലും സ്ഥിതി രൂക്ഷമാവുകയായിരുന്നു. 1.14 ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം ബാധിച്ചത്. 164 ഗ്രാമങ്ങളെയും പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP