Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചു; 16 ജഡ്ജിമാരിൽ 15 പേർക്കും ഇന്ത്യക്ക് അനുകൂലമായ നിലപാട്; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി; നീതിപൂർവമായ വിചാരണ വേണം; ഇന്ത്യൻ പ്രതിനിധികൾക്ക് ജാദവിനെ കാണാനും അനുമതി; വിധി വന്നത് രണ്ടുവർഷത്തെ വാദ-പ്രതിവാദങ്ങൾക്ക് ശേഷം; വധശിക്ഷ തടഞ്ഞത് ഇന്ത്യയുടെ ഉജ്ജ്വല നയതന്ത്ര വിജയം; വിധി സ്വാഗതം ചെയ്ത് മോദി സർക്കാർ

പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചു; 16 ജഡ്ജിമാരിൽ 15 പേർക്കും ഇന്ത്യക്ക് അനുകൂലമായ നിലപാട്; കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി; നീതിപൂർവമായ വിചാരണ വേണം; ഇന്ത്യൻ പ്രതിനിധികൾക്ക് ജാദവിനെ കാണാനും അനുമതി; വിധി വന്നത് രണ്ടുവർഷത്തെ വാദ-പ്രതിവാദങ്ങൾക്ക് ശേഷം; വധശിക്ഷ തടഞ്ഞത് ഇന്ത്യയുടെ ഉജ്ജ്വല നയതന്ത്ര വിജയം; വിധി സ്വാഗതം ചെയ്ത് മോദി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ  ഇന്ത്യക്ക് ഉജ്ജ്വല നയതന്ത്ര വിജയം. വധശിക്ഷ പുനഃ പരിശോധിക്കാൻ പാക്കിസ്ഥാനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷൺ ജാദവിനെ കാണാനും അനുമതി കിട്ടി. പാക്കിസ്ഥാൻ വിയന്ന ഉടമ്പടി ലംഘിച്ചുവെന്നാണ് കോടതി വിലയിരുത്തിയത്.

16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസിൽ വിധിപറഞ്ഞത്. ഇതിൽ 15 പേരും ഇന്ത്യക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നുമുള്ള ജഡ്ജിമാരും ബഞ്ചിലുണ്ട്. സമാനമായ കേസുകളിൽ അന്താരാഷ്ട്ര കോടതിയിൽനിന്നുണ്ടായിട്ടുള്ള വിധികൾ പരിശോധിച്ചാൽ ഇന്ത്യയ്ക്ക് അനുകൂലമായ വിധിയുണ്ടായേക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നു.

വിധി കുൽഭൂഷൺ ജാദവിന് ആശ്വാസമായെങ്കിലും ഇന്ത്യയിലേക്ക് ഉടൻ മടങ്ങാൻ കഴിയില്ല. വധശിക്ഷ സസ്‌പെൻഡ് ചെയ്യാനും പുനഃ പരിശോധിക്കാനുമാണ് കോടതി ആവശ്യപ്പെട്ടത്. 2016 ൽ ജാദവ് അറസ്റ്റിലായ ശേഷം ഇന്ത്യ ആവശ്യപ്പെട്ടിരുന്ന വലിയൊരു ആവശ്യമാണ് കോടതി അനുവദിച്ചത്: നയതന്ത്ര പ്രതിനിധികൾക്ക് ജാദവിനെ കാണാനുള്ള അനുമതി. ഇത് പാക്കിസ്ഥാന് വലിയ തിരിച്ചടിയായി. എന്നാൽ, ജാദവിന് ശിക്ഷ വിധിച്ച സൈനിക കോടതി തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹത്തെ സുരക്ഷിതമായി ഇന്ത്യയിലേക്ക് വിട്ടയയ്ക്കണമെന്നുമുള്ള ആവശ്യങ്ങൾ കോടതി അംഗീകരിച്ചത്.

വിയന്ന ഉടമ്പടി ലംഘനം

തടവിലിരിക്കെ, കുൽഭൂഷൺ ജാദവിനെ കാണാനും സംസാരിക്കാനും പാക്കിസ്ഥാൻ ഇന്ത്യക്ക് അനുമതി നിഷേധിച്ചു. അതുവഴി നിയമപ്രതിനിധിയെ നിയോഗിക്കുന്നതിനും സൗകര്യം നൽകിയില്ല. ഇതോടെ, വിയന്ന ഉടമ്പടിയാണ് പാക്കിസ്ഥാൻ ലംഘിച്ചത്. ഇന്ത്യക്ക് നയതന്ത്രബന്ധം നിഷേധിച്ചതിലൂടെ ആർട്ടിക്കിൾ 36(1) പാക്കിസ്ഥാൻ ലംഘിച്ചുവെന്ന് കോടതി വിലയിരുത്തി. ഒന്നിനെതിരെ 15 വോട്ടുകൾക്കാണ് കോടതി ഇന്ത്യക്ക് അനുകൂലമായ വിധി പറഞ്ഞത്.

ഇത് ഇന്ത്യയുടെ ഉജ്ജ്വല വിജയമെന്ന് മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വിഷയം എത്തിക്കാൻ മുൻകൈയെടുത്ത് മോദിജിക്ക് അവർ നന്ദിയും രേഖപ്പെടുത്തി. നെതർലന്റ്‌സിലെ ഹേഗിൽ പ്രവർത്തിക്കുന്ന പീസ് പാലസിൽ കോടതി പ്രസിഡന്റ് കൂടിയായ ജഡ്ജ് അബ്ദുൾഖാവി അഹമദ് യൂസഫാണ് വിധി പ്രസ്താവിച്ചത്. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് 16 അംഗ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. ചാരവൃത്തി ആരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലിൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ മെയ് മാസത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

ഇന്ത്യ-പാക് വാദങ്ങൾ

കുൽഭൂഷൺ ജാദവിന്റെ കേസിൽ പാക് കോടതി നടപടികൾ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു. മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു.

ഇറാനിലെ ചാംബഹാറിൽ കച്ചവടം നടത്തുന്ന കുൽഭൂഷൺ അവിടെനിന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കവേ 2016 മാർച്ച് മൂന്നിന് അതിർത്തിയിൽ പിടിയിലായി എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇത് സമ്മതിക്കുന്ന കുൽഭൂഷണിന്റെ കുറ്റസമ്മതമെന്ന് വിശേഷിപ്പിച്ച സിഡിയും പുറത്തുവിട്ടിരുന്നു. ബലൂചിസ്താനിൽ പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഇന്ത്യൻ ചാരനാണ് എന്നാരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ തൂക്കി കൊല്ലാൻ പാക് പട്ടാള കോടതി വിധിച്ചത്. ഇതുകൂടാതെ പ്രവിശ്യയിൽ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം നാവിക സേനയിൽനിന്നും വിരമിച്ച ഇദ്ദേഹത്തിന് ബിസിനസ്സിൽ താൽപര്യമുണ്ടായിരുന്നുവെന്നും ഇതോടനുബന്ധിച്ചാണ് ഇറാനിലെത്തിയതെന്നും ഇന്ത്യ വാദിച്ചു. വ്യാപാര ആവശ്യത്തിനായി ഇറാനിലെത്തിയ കുൽഭൂഷണെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി.

കേസിൽ 1963-ൽ ഇന്ത്യ-പാക്കിസ്ഥാൻ ഒപ്പിട്ട വിയന്ന ഉടമ്പടിയിലെ വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചതായി ഇന്ത്യ ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കുക മാത്രമല്ല, അദ്ദേഹത്തിന് അഭിഭാഷകനെക്കൂടി പാക്കിസ്ഥാൻ നൽകിയിരുന്നില്ല. നയതന്ത്ര സഹായം കുൽഭൂഷൺ ജാദവിന് നൽകാനുള്ള ഇന്ത്യയുടെ അപേക്ഷകൾ 14 തവണ പാക്കിസ്ഥാൻ നിരസിച്ചു. തികച്ചും ഏകപക്ഷീയമായ ഒരു നിലപാടാണ് പാക്കിസ്ഥാൻ പട്ടാളക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വിയന്ന കൺവൻഷന്റെ ലംഘനമാണെന്നും അതിനാൽ കുൽഭൂഷനെതിരായ പാക് പട്ടാളക്കോടതി വിധി റദ്ദാക്കണമെന്നുമാണ് ഇന്ത്യ ഉന്നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP