Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുകച്ചുതള്ളുന്നവരും കച്ചവടക്കാരും കരുതിയത് ഒറിജിനൽ ബീഡിയെന്ന്; 12 കെട്ട് ബീഡിയുള്ള പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ; ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ അന്വേഷണത്തിൽ വലയിലായത് കോടീശ്വരനായ വിരുതൻ; വ്യാജ ബീഡി നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ ഗോഡൗണിൽ കണ്ടെടുത്തത് ലക്ഷങ്ങളുടെ ബീഡി ശേഖരം

പുകച്ചുതള്ളുന്നവരും കച്ചവടക്കാരും കരുതിയത് ഒറിജിനൽ ബീഡിയെന്ന്;  12 കെട്ട് ബീഡിയുള്ള പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ; ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ അന്വേഷണത്തിൽ വലയിലായത് കോടീശ്വരനായ വിരുതൻ; വ്യാജ ബീഡി നിർമ്മാണ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ ഗോഡൗണിൽ കണ്ടെടുത്തത് ലക്ഷങ്ങളുടെ ബീഡി ശേഖരം

രഞ്ജിത്ത് ബാബു

 കണ്ണൂർ: സംഘം ചേർന്ന് ശക്തമായിരുന്ന കേരള ദിനേശ് ബീഡിയെ കുത്തുപാളയെടുപ്പിച്ച് കോടീശ്വരനായ വിരുതനെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലും, കർണാടകത്തിലും വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് വിൽപ്പന നടത്തുന്ന സംഘത്തിന്റെ തലവനായ രാമന്തളി കുന്നരുവിലെ വള്ളുവക്കണ്ടി രാജീവ (55) നെയാണ് തളിപ്പറമ്പ് പൊലീസ് മൂവാറ്റുപുഴയിൽ വെച്ച് അറസ്റ്റ് ചെയ്തത്. വ്യാജ ബീഡി നിർമ്മാണ കേന്ദ്രമായ ഒളിസങ്കേതം റെയ്ഡ് ചെയ്താണ് തളിപ്പറമ്പ് എസ്‌ഐ കെ.പി ഷൈൻ ഇയാളെ അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്‌പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, എം.വി രമേശൻ, കെ.പ്രിയേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ബീഡി ശേഖരവും പിടികൂടി. കഴിഞ്ഞ 35 വർഷമായി വ്യാജ ദിനേശ് ബീഡി നിർമ്മിച്ച് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന സംഘത്തിന്റെ തലവനാണ് രാജീവനെന്ന് പൊലീസ് പറഞ്ഞു. നിരവധി തവണ ശ്രമിച്ചിട്ടും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. പ്രതിയെ തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ഇയാളുടെ സംഘത്തിൽപെട്ട എരുവാട്ടി സ്വദേശിയും വായാട്ടുപറമ്പിൽ ഏത്തക്കാട്ട് ക്വാർട്ടേഴ്സിൽ താമസക്കാരനുമായ അലകനാൽ ഷാജി ജോസഫ് (38), പുതിയതെരു അരയമ്പത്തെ കരിമ്പിൻകര കെ. പ്രവീൺ (43) എന്നിവരെ കഴിഞ്ഞ മാസം 26ന് തളിപ്പറമ്പ് ഡി.വൈ.എസ്‌പി ടി.കെ രത്നകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിതിരുന്നു.

ചെമ്പന്തൊട്ടി, ചപ്പാരപ്പടവ്, ആലക്കോട്, നടുവിൽ, കരുവഞ്ചാൽ, ചെറുപുഴ, നല്ലോമ്പുഴ, ചിറ്റാരിക്കാൽ, കമ്പല്ലൂർ, പാലാവയൽ പ്രദേശങ്ങളിൽ ദിനേശ് ബീഡിയുടെ വിൽപ്പന വലിയ തോതിൽ കുറഞ്ഞതോടെ മാർക്കറ്റിങ് മാനേജർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇവിടങ്ങളിലെല്ലാം പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ബീഡി വിൽപ്പന നന്നായി നടക്കുന്നുണ്ടെങ്കിലും ദിനേശ് ബീഡി സംഘത്തിൽ നിന്നുള്ള ബീഡി പേരിന് പോലും ഇവിടങ്ങളിലെ ഒരു കടകളിലും ഉണ്ടായിരുന്നില്ല. ദിനേശ് ബീഡിയുടെ അതേ രീതിയിലുള്ള പാക്കിങ്ങിൽ വ്യാജ ബീഡിയായിരുന്നു വിറ്റിരുന്നത്. തുടർന്ന് കേന്ദ്ര സംഘം ഡയറക്ടർ എം.ദാസൻ ഡി.വൈ.എസ്‌പി ടി.കെ രത്നകുമാറിനെ നേരിൽ കണ്ട് പരാതി നൽകുകയായിരുന്നു. ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് നേരത്തെ രണ്ട് പേർ അറസ്റ്റിലായത്.

ഇവർ അറസ്റ്റിലായതറിഞ്ഞതോടെ പാലക്കാട്ടെ പ്രധാന വ്യാജ ബീഡി നിർമ്മാണ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ രാജീവൻ മൂവാറ്റുപുഴയിലെ ഗോഡൗണിൽ ഒളിവിലായിരുന്നു. തമിഴ്‌നാട് അതിർത്തിയിലും കുമളി, മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിലും വെച്ച് വ്യാജ ബീഡി നിർമ്മിക്കുന്ന സംഘത്തിലെ ഭൂരിഭാഗം ആളുകളും ദിനേശ് ബീഡിയിൽ നിന്ന് വിരമിച്ചവരാണെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ നടത്തിപ്പുകാരൻ രാജീവൻ വ്യാജ ബീഡി നിർമ്മാണത്തിലൂടെ കോടികളുടെ ആസ്തിയുണ്ടാക്കിയിട്ടുണ്ട്. ഇയാൾക്ക് തമിഴ്‌നാട്ടിലെ തേനി, കമ്പം പ്രദേശങ്ങളിൽ ഫാം ഹൗസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. നൂറിലേറെ ഏജന്റുമാരും ഇയാളുടെ കീഴിൽ ബീഡി വിപണന രംഗത്തുണ്ട്. 12 കെട്ട് ബീഡി അടങ്ങിയ പാക്കറ്റിന് വിൽപ്പന നടത്തുന്ന ഏജന്റിന് മാത്രം 100 രൂപയിലേറെ കമ്മീഷൻ ലഭിക്കുന്നുണ്ട്

എന്നാൽ വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാർ ഇത് ഒറിജിനൽ ബീഡി തന്നെയാണെന്ന് വിശ്വസിച്ചാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP