Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങൾക്കെതിരേ പോപുലർ ഫ്രണ്ട് കാംപയിൻ

ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക; ഹിന്ദുത്വ അതിക്രമങ്ങൾക്കെതിരേ പോപുലർ ഫ്രണ്ട് കാംപയിൻ

ന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരേ രാജ്യത്ത് വ്യാപകമായി ക്കൊണ്ടിരിക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കുമെതിരേ ഒന്നിച്ചണിചേരേണ്ടതിന്റെ ആവശ്യകത ഉയർത്തി, ദേശവ്യാപകമായി കാംപയിൻ സംഘടിപ്പിക്കുമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു. 'ഭയപ്പെടരുത്, അന്തസ്സോടെ ജീവിക്കുക' എന്നതാണ് കാംപയിന്റെ പ്രമേയം.

ന്യൂനപക്ഷങ്ങളുടെ ഭീതിയകറ്റാനും അവരുടെ വിശ്വാസം നേടാനും പുതിയ ചുവടുവയ്‌പ്പുകൾ ഉണ്ടാവുമെന്ന് തെരഞ്ഞെടുപ്പ് വിജയത്തിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. 'സബ്കാ സാത്ത്, സബ്കാ വിശ്വാസ്' എന്നാണ് അദ്ദേഹം സ്വയം അതിനെ വിശേഷിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഉറപ്പുകൾ വെറും പൊള്ളയായ പ്രസ്താവന മാത്രമായിരുന്നുവെന്നും ബിജെപി, ആർ.എസ്.എസ് പ്രവർത്തകർ അതിന് യാതൊരു വിലയും നൽകിയിട്ടില്ലെന്നും അധികം വൈകാതെ തന്നെ വ്യക്തമായിരിക്കുകയാണ്.

പാർലമെന്റ് മുതൽ തെരുവുകളിൽ വരെ അവർ 'ജയ്ശ്രീ റാം' വിളിക്കാൻ മറ്റുള്ളവരെ നിർബന്ധിക്കുകയാണ്. ബിജെപി എംപിമാർ പാർലമെന്റിനുള്ളിൽ ശ്രീരാമന്റെ പേര് അപകീർത്തിപ്പെടുത്തിയപ്പോൾ, ചെറുപട്ടണങ്ങളും കുഗ്രാമങ്ങളുമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുത്വ ഗുണ്ടകൾക്ക് അത് ആവർത്തിക്കാനുള്ള പ്രേരണയായി. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം രാജ്യത്തുടനീളം മുസ്ലിംകൾക്കും ദലിതർക്കുമെതിരേ നിരവധി ആക്രമണങ്ങളാണ് റിപോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മുസ്ലിംകളോ, ദലിതരോ, നിസ്സാര കാരണങ്ങളുടെ പേരിൽ രാജ്യത്തിന്റെ ഏതു ഭാഗത്തു വച്ചും ഏതുസമയത്തും ക്രൂരമായി ആക്രമിക്കപ്പെടുന്നത് ദിനംപ്രതി നടക്കുന്ന പതിവു സംഭവമായിരിക്കുന്നു. മത, വംശീയ ഭ്രാന്ത് മൂത്ത ആൾക്കൂട്ടങ്ങൾ പിഞ്ചുകുട്ടികളെയും വൃദ്ധജനങ്ങളെയും പോലും ഒഴിവാക്കാൻ കൂട്ടാക്കുന്നില്ല.

ജീവിക്കാനുള്ള അവകാശം ജന്മാവകാശമാണ്. ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശമാണിത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഭരണകൂടത്തിന്റെ പ്രാഥമിക ബാധ്യതയാണ്. ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെടുമ്പോൾ, സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാൻ അനിവാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ ഇന്ത്യൻ ശിക്ഷാനിയമം 96 മുതൽ 106 വരെയുള്ള വകുപ്പുകൾ പൗരന് അനുമതി നൽകുന്നുണ്ട്. ആൾക്കൂട്ട ആക്രമണങ്ങൾ തടയാൻ പുതിയ നിയമനിർമ്മാണം നടത്തുന്നതടക്കം, 2018 ൽ സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നൽകിയ നിർദ്ദേശങ്ങളിൽ ഫലപ്രദമായ തുടർനടപടികൾ ഉണ്ടായിട്ടില്ല.

ഇരകളാക്കപ്പെടുന്ന വിഭാഗങ്ങൾ ഭയം വെടിയുകയും സമ്മർദ്ദങ്ങൾക്ക് വഴിപ്പെടാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ, ഇത്തരം അതിക്രമങ്ങളെ തടയാൻ കഴിയുകയുള്ളു. അന്തസ്സിനെ കുറിച്ചുള്ള ബോധമാണ് മനുഷ്യ ജീവിതത്തിന് വിലനൽകുന്നത്. സാമൂഹ്യസുരക്ഷിതത്വം എന്നത് കൂട്ടായ ഉത്തരവാദിത്തമാണ്. തങ്ങളുടെ പ്രദേശങ്ങൾ സുരക്ഷിതവും സമാധാനപരവുമാകാൻ എല്ലാ വിഭാഗങ്ങളും രംഗത്തുവരണം. ഇതനുസരിച്ച്, പഞ്ചായത്തുകളും റസിഡന്റ് അസോസിയേഷനുകളും മഹല്ലുകമ്മിറ്റികളും അടക്കമുള്ള സംവിധാനങ്ങൾക്ക് അവരുടെ പരിധിയിൽപ്പെടുന്ന ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താൻ ബാധ്യതയുണ്ട്.

സാധ്യമായ എല്ലാ മേഖലകളിലും ഇതുസംബന്ധിച്ച അവബോധം സൃഷ്ടിക്കാനാണ് ഓഗസ്റ്റ് 31 വരെ നീണ്ടുനിൽക്കുന്ന കാംപയിൻ ലക്ഷ്യമിടുന്നത്. പോസ്റ്റർ പ്രചാരണം, ലഘുലേഖ വിതരണം, ജനകീയ കൂട്ടായ്മകൾ, സെമിനാറുകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികൾ കാംപയിൻ കാലയളവിൽ സംഘടിപ്പിക്കും. പോപുലർ ഫ്രണ്ട് ഭാരവാഹികളും പ്രവർത്തകരും സമുദായ, രാഷ്ട്രീയ നേതാക്കളെ സന്ദർശിച്ച് സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ അവരുടെ പങ്കിനെ കുറിച്ച് ഓർമ്മപ്പെടുത്തും. പ്രാദേശിക ഭരണകൂടങ്ങളും പൊലീസുമായി ഏകോപനവും സഹകരണവും സാധ്യമാക്കാനുള്ള നീക്കങ്ങളും നടത്തും. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും കാംപയിനെ പിന്തുണക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.

ചെയർമാൻ ഇ അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം മുഹമ്മദാലി ജിന്ന, ഇ എം അബ്ദുറഹ്മാൻ, ഒ എം എ സലാം, അബ്ദുൽ വാഹിദ് സേട്ട്, കെ എം ശരീഫ് യോഗത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP