Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ കേസുകൾ അന്വേഷിക്കാം; വിചാരണയ്ക്കായി പ്രത്യേക കോടതികളെ നേരിട്ട് നിയമിക്കാനും സാധിക്കും; വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളിലും അന്വേഷിക്കാൻ അധികാരം; രാജ്യത്തെവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും അവസരം; ലോക്‌സഭയും രാജ്യസഭയും കടന്ന എൻഐഎ ഭേഗതി ബില്ലിൽ ഉള്ളതെന്ത്? അമിത്ഷാ അതിവേഗം തയ്യാറാക്കിയ ബില്ലിനെ കുറിച്ച് അറിയാം..

മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ കേസുകൾ അന്വേഷിക്കാം; വിചാരണയ്ക്കായി പ്രത്യേക കോടതികളെ നേരിട്ട് നിയമിക്കാനും സാധിക്കും; വിദേശ രാജ്യങ്ങളിൽ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകളിലും അന്വേഷിക്കാൻ അധികാരം; രാജ്യത്തെവിടെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്കും അവസരം; ലോക്‌സഭയും രാജ്യസഭയും കടന്ന എൻഐഎ ഭേഗതി ബില്ലിൽ ഉള്ളതെന്ത്? അമിത്ഷാ അതിവേഗം തയ്യാറാക്കിയ ബില്ലിനെ കുറിച്ച് അറിയാം..

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്ക് വിപുല അധികാരങ്ങൾ നൽകി കൊണ്ട് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ കൊണ്ടുവന്ന എൻ.ഐ.എ ഭേദഗതി ബിൽ ലോക്‌സഭയും രാജ്യസഭയും പാസാക്കിയിരുന്നു. അതേസമയം ഈ ബില്ലിനെ ചൊല്ലി മലയാളം സൈബർ ഇടങ്ങളിൽ ചർച്ച നടക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ വേട്ടയാടാൻ ലക്ഷ്യമിട്ടാണ് എൻഐഎക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം കൊണ്ടുവന്നത് എന്നതാണ് പ്രധാനമായി ഉയരുന്ന വിമർശനം. അതേസമയം ഈ വിഷയത്തിൽ രാജ്യത്തെ പൊലീസ് രാജ് കൊണ്ടുവരാനുള്ള നീക്കമാണെന്ന് കോൺഗ്രസും വിമർശിക്കുന്നു. എന്നാൽ, ബില്ലിനെ എതിർത്ത് വോട്ടു രേഖപ്പെടുത്താൻ കോൺഗ്രസ് തയ്യാറായതുമില്ല.

ബില്ലിലെ പ്രധാന ഭേദഗതികൾ എന്തൊക്കെ?

നിലവിലെ അന്വേഷണ പരിധിയിലുള്ള കുറ്റകൃത്യങ്ങൾക്ക് പുറമെ മനുഷ്യക്കടത്ത്, കള്ളനോട്ട്, നിരോധിത ആയുധങ്ങളുടെ വിൽപന, സൈബർ ഭീകരവാദം തുടങ്ങിയ സംഭവങ്ങൾ കൂടി അന്വേഷിക്കാനുള്ള അധികാരവും നിലവിലെ നിയമസംവിധാനങ്ങളെ മറികടന്ന് പ്രത്യേക വിചാരണാ കോടതികളെ നേരിട്ട് നിയമിക്കാനുള്ള സംവിധാനവും എൻഐഎക്ക് നൽകുന്നതാണ് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിൽ പ്രധാനമായ ഭേദഗതി.

രാജ്യത്തിനകത്തും വിദേശത്തെ ഇന്ത്യൻ സ്ഥാപനങ്ങളുടെ നേർക്കുമുള്ള ഭീകര ചെയ്തികളെക്കുറിച്ച അന്വേഷണം നടന്നാതും ദേശീയ അന്വേഷണ ഏജൻസിക്ക് അധികാരം ലഭിക്കും. ഭീകര വാദ കേസുകൾ അന്വേഷിക്കാനും പ്രോസിക്യൂട്ട് ചെയ്യാനും ഇതോടെ ഏജൻസിക്ക് അധികാരം ലഭിക്കും. എൻഐഎ ഉദ്യോഗസ്ഥർക്കും കൂടുതൽ അധികാരം ലഭിക്കും. രാജ്യത്തിന്റെ ഏതൊരു ഭാഗത്തും അന്വേഷണം നടത്താനും ഏജൻസികൾക്ക് അധികാരമുണ്ടാകും.

ബില്ലിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ

എൻഐഎ ഭേദഗതി ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട് ഏറ്റവും വിവാദം ഉണ്ടായത് കേരളത്തിലാണ്. ബില്ലിനെ എതിർത്ത് പാർലമെന്റിൽ വോട്ടു ചെയ്ത ഏക മലയാളി എം പി എ എം ആരിഫായിരുന്നു. മുസ്ലിംലീഗ് എംപിമാർ അടക്കം ബഹിഷ്‌ക്കരിക്കുകയും ചെയ്തു. കോൺഗ്രസ് നിരയിൽ ആകട്ടെ ഇതേക്കുറിച്ച് ആശയക്കുഴപ്പവും ഉണ്ടായി. ഇതോടെ സൈബർ ഇടത്തിൽ അടക്കം ആരിഫിനെ പുകഴ്‌ത്തി സഖാക്കളെത്തി. എന്നാൽ, രാജ്യസഭയിൽ ഇന്നലെ ഐക്യകണ്‌ഠേന ബിൽ പാസാക്കിയപ്പോൾ ആരും എതിർത്തില്ലെന്നത് ശ്രദ്ധേയമായി. ഇടതു എംപിമാർ എന്തുകൊണ്ട് ലോക്‌സഭയിലെ നിലപാട് രാജ്യസഭയിൽ കൈക്കൊണ്ടില്ല എന്ന ചോദ്യത്തോടെ ഈ വിഷയത്തിൽ ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് ബോധ്യമാകും.

എൻ.ഐ.എ ഭേദഗതി ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന ഇന്നലെയാണ് പാസാക്കുകയുണ്ടായി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം മുസ്‌ലിം ലീഗും ഇറങ്ങിപ്പോക്ക് നടത്തിയപ്പോൾ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എസ്‌പി, ബി.എസ്‌പി അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യത്തിലാണ് വോട്ടെടുപ്പു പോലും ആവശ്യമില്ലാതെ സർക്കാർ ബിൽ പാസാക്കിയെടുത്തത്.

ശക്തമായ വിമർശനം ഉന്നയിച്ച ശേഷമാണ് ബിൽ പാസാക്കാൻ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ മൗനാനുമതി നൽകിയത്. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ ഒടുവിൽ ശബ്ദവോട്ടിനിടുന്ന സമയത്ത് ഐകകണ്‌ഠ്യേന പാസാക്കുകയല്ലേ എന്ന് ചോദിച്ചപ്പോൾ സഭയിലുണ്ടായിരുന്ന പ്രതിപക്ഷ അംഗങ്ങൾ എതിർപ്പില്ലാതെ അംഗീകരിച്ചു. തുടർന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺസിങ് ബിൽ പാസാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു.

ലോക്‌സഭയിൽ എതിർത്തു വോട്ടുചെയ്ത ഇടതുപക്ഷവും വിട്ടുനിന്ന മുസ്‌ലിംലീഗും രാജ്യസഭയിൽ ഒരുമിച്ച് ഇറങ്ങിപ്പോയി. ബിൽ പാർലമന്റെിന്റെ പുനഃപരിശോധനക്ക് വിധേയമാക്കണമെന്നും അതിനായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഎമ്മിലെ രംഗരാജനാണ് ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്നുള്ള സിപിഎം എംപിമാരായ എളമരം കരീമും കെ.കെ. രാഗേഷും സിപിഐയുടെ ബിനോയ് വിശ്വവും രംഗരാജന് പിന്തുണയുമായി എഴുന്നേറ്റു. സെലക്ട് കമ്മിറ്റിക്ക് വിടണമെങ്കിൽ നേരത്തേ നോട്ടീസ് നൽകണമായിരുന്നുവെന്നും ഇപ്പോൾ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞതോടെ ഉപാധ്യക്ഷനും അതിനെ പിന്തുണച്ചു.

രാവിലെ കൊണ്ടുവന്ന ബിൽ വൈകുന്നേരം തന്നെ പാസാക്കാൻ ശ്രമിച്ചതുകൊണ്ടാണ് നോട്ടീസ് നൽകാൻ കഴിയാതിരുന്നതെന്നും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സിപിഐ നേതാവ് ഡി. രാജ പറഞ്ഞു. എങ്കിൽ സെലക്ട് കമ്മിറ്റിക്ക് വിടുന്ന കാര്യം വോട്ടിനിടാമെന്ന് അമിത് ഷാ പറഞ്ഞപ്പോൾ തങ്ങൾ ഇറങ്ങിപ്പോകുകയാണെന്ന് രംഗരാജനും രാജയും അറിയിക്കുകയായിരുന്നു. ഇറങ്ങിപ്പോകുയായിരുന്ന സിപിഐ, സിപിഎം അംഗങ്ങൾക്കൊപ്പം ഇടതുപക്ഷത്തിന്റെ ഭാഗമായ ലോക്താന്ത്രിക് ജനതാദളിന്റെ കേരളത്തിൽനിന്നുള്ള എംപി. വീരേന്ദ്ര കുമാറും ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിന്റെ ഏക എംപി പി.വി. അബ്ദുൽ വഹാബും ചേർന്നു.

അതേസമയം എൻ.ഐ.എ നിയമം ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ദുരുപയോഗം ചെയ്യുമെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളുകയാണ് സർക്കാർ ചെയ്തത്. ഭീകരത ഇല്ലാതാക്കുക മാത്രമാണ് ഏകലക്ഷ്യമെന്നാണ് സർക്കാർ വിശദീകരിച്ചത്. നടപടി എടുക്കുമ്പോൾ പ്രതിയുടെ സമുദായം നോക്കരുതെനന്നും ഷാ പറഞ്ഞു. അതേസമയം പാർലമെന്റിൽ 278 അംഗങ്ങൾ അനുകൂലിച്ചപ്പോൾ ആറു പേർ മാത്രമാണ് എതിർത്തത്. ബിൽ പിന്നീട് ശബ്ദവോട്ടോടെ പാസാക്കിയത്. സർക്കാർ രാഷ്ട്രീയ ആയുധമാക്കി മാറ്റിയതുവഴി സിബിഐ, എൻ.ഐ.എ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർന്നതായി മുസ്‌ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടുകയുണ്ടായി. സിബിഐയെ കൂട്ടിലിട്ട തത്ത എന്നാണ് കോടതി വിശേഷിപ്പിച്ചതെങ്കിൽ എൻ.ഐ.എ അതിലപ്പുറമാണ്. മാലേഗാവ് സ്ഫോടനത്തിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പ്രവർത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയത് പബ്ലിക് പ്രോസിക്യൂട്ടറാണ്. കരിനിയമ ദുരുപയോഗം വഴി ജയിലിൽ കഴിയുന്ന ബഹുഭൂരിപക്ഷം ആളുകളും ദലിത്-പിന്നാക്ക വിഭാഗക്കാരാണെന്നും ബഷീർ പറഞ്ഞു.

മനുഷ്യാവകാശങ്ങൾക്കു മേൽ കടന്നു കയറുന്നതാണ് പുതിയ ഭേദഗതിയെന്ന് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിച്ച കോൺഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തിയത്. രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് എൻഐഎക്ക് അമിതാധികാരം നൽകുന്നത് അഭികാമ്യമല്ല. എൻഐഎ ആക്ടിന്റെ ഭരണഘടനാ സാധുത വിവിധ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കേ അതിൽ ഭേദഗതി പാടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡിഎംകെ നേതാവ് എ രാജ കുറ്റപ്പെടുത്തുകയുണ്ടായി.

2009ൽ 166 പേർ കൊല്ലപ്പെട്ട മുംബൈ ആക്രമണത്തിന്റെ മറപിടിച്ചാണ് യുപിഎ സർക്കാർ എൻഐഎക്ക് രൂപം നൽകിയത്. സംസ്ഥാനങ്ങളുടെ പ്രത്യേക അനുമതി ഇല്ലാതെ തന്നെ രാജ്യത്തെവിടെയും നടക്കുന്ന ഭീകര പ്രവർത്തന കേസുകൾ അന്വേഷിക്കാൻ അധികാരമുള്ളതായിരുന്നു ഈ ഏജൻസി. എന്നാൽ, ഹിന്ദുത്വർ പ്രതിസ്ഥാനത്തുള്ള മലേഗാവ് പോലുള്ള കേസുകളിൽ പ്രതികൾക്ക് അനുകൂലമായി എൻഐഎ നിലപാടെടുക്കുന്നതായി എൻഐഎ അഭിഭാഷക രോഹിണി സാല്യൻ വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP